തിരുവനന്തപുരം: കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷാ ഫീസും, പെർമിറ്റ് ഫീസും അധികമായി അടച്ചവർക്ക് പണം തിരിച്ചുവാങ്ങാൻ ഡിസംബർ 31 വരെ അവസരം. റീഫണ്ടിന് അപേക്ഷിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി തദ്ദേശ വകുപ്പ് ഉത്തരവിറക്കി. 2023 ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ ഉണ്ടായിരുന്ന നിരക്കിൽ അപേക്ഷാ ഫീസും പെർമിറ്റ് ഫീസും അടച്ചവർക്കാണ് ആനുകൂല്യം. 2024 ഓഗസ്റ്റ് ഒന്നിന് പ്രാബല്യത്തിൽ വന്ന നിരക്കുകൾപ്രകാരം അധികമായി ഈടാക്കിയ തുകയാണ് തിരികെ ലഭിക്കുക. നേരത്തേ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ റീഫണ്ടിന് അപേക്ഷിക്കാൻ കഴിയാത്തവരുണ്ടെന്ന് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സർക്കാരിനെ അറിയിച്ചിരുന്നു. റീഫണ്ട് അനുവദിക്കുന്നതിന് തദ്ദേശ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ഡിസംബർ 31ന് ശേഷം അപേക്ഷിക്കാനാകില്ലെന്നും ഉത്തരവിലുണ്ട്.






