spot_img
Thursday, October 29, 2026

68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളകായിക കുതിപ്പിന് കരുത്തേകി പഴയിടത്തിന്റെ മേല്‍നോട്ടത്തിലെ ഭക്ഷണവിരുന്ന്.



കോഴിക്കോട് : സംസ്ഥാന സ്‌കൂള്‍ കായികമേള അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോഴും മാറ്റുരയ്ക്കുന്ന വരുംകാല കായികതാരങ്ങള്‍ക്ക് അതേ ഊര്‍ജ്ജവും ഉന്മേഷവും പകര്‍ന്ന് മേളയിലെ പ്രത്യേക പോഷകാഹാര വിരുന്ന്. മേളയുടെ ആദ്യദിനം മുതല്‍ ഒരു തടസ്സവുമില്ലാതെ, ഗുണനിലവാരത്തിലും ശുചിത്വത്തിലും ഒട്ടും വിട്ടുവീഴ്ച ചെയ്യാതെയാണ് ഭക്ഷണവിതരണം മുന്നേറുന്നത്. കലാ, കായികമേളകളില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള പാചകവിദഗ്ദ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ആയിരക്കണക്കിന് കായികപ്രതിഭകള്‍ക്കും സംഘാടകര്‍ക്കും മേളയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ദിവസവും രുചികരവും ആരോഗ്യദായകവുമായ ഭക്ഷണം ഒരുങ്ങുന്നത്.കലാമേളകളില്‍ നിന്ന് വ്യത്യസ്തമായി, കായികതാരങ്ങളുടെ ശരീരത്തിന് ആവശ്യമായ കലോറിയും പ്രോട്ടീനും കൃത്യ അളവില്‍ ഉറപ്പുവരുത്തുന്ന സര്‍ക്കാരിന്റെ പ്രത്യേക മെനുവാണ് ഇക്കഴിഞ്ഞ അഞ്ച് ദിവസങ്ങളിലും വിളമ്പിയത്. പാല്‍, മുട്ട, ചിക്കന്‍, ബീഫ് തുടങ്ങിയ പോഷകസമ്പുഷ്ടമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മെനുവാണ് താരങ്ങള്‍ക്ക് സമയാസമയങ്ങളില്‍ വിളമ്പുന്നത്. പ്രതിദിനം 8,000 മുതല്‍ 10,000 വരെ ആളുകളാണ് വിവിധ വേദികളിലായി ഭക്ഷണം കഴിക്കുന്നത്. ഇതിനായി നൂറോളം വരുന്ന വിദഗ്ദ്ധ ജീവനക്കാരാണ് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ 24 മണിക്കൂറും പാചകപ്പുരയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. 2001-ല്‍ എറണാകുളത്ത് നടന്ന കായികമേള മുതല്‍ തുടര്‍ച്ചയായി മേളകളില്‍ സ്വാദിന്റെ വിസ്മയം തീര്‍ക്കുന്ന പഴയിടം, കൃത്യമായ മാനേജ്മെന്റിലൂടെയാണ് കഴിഞ്ഞ നാല് ദിവസങ്ങളായി ആയിരങ്ങളുടെ മനസ്സും വയറും നിറയ്ക്കുന്നത്.പത്ത് വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ക്കായി രണ്ടിടങ്ങളിലാണ് പ്രധാനമായും പാചകപ്പുരകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്ന് തയ്യാറാക്കുന്ന ഭക്ഷണമാണ് മറ്റ് വേദികളിലേക്ക് കൃത്യസമയത്ത് എത്തിച്ചുനല്‍കുന്നത്. മേളയുടെ ആദ്യ ദിനം മുതല്‍ തന്നെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തോടൊപ്പം തന്നെ പരിപൂര്‍ണ്ണമായ ശുചിത്വത്തിനും വന്‍ പ്രാധാന്യമാണ് സര്‍ക്കാരും ഭക്ഷണക്കമ്മിറ്റിയും നല്‍കുന്നത്. പാചകപ്പുരയും കലവറയും പൂര്‍ണ്ണമായും വൃത്തിയായും സൂക്ഷിക്കുന്നതില്‍ സംഘാടകര്‍ തുടക്കം മുതല്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, ഭക്ഷണക്കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം നാട്ടുകാരും പൂര്‍ണ്ണ പിന്തുണയുമായി മുന്നിട്ടിറങ്ങിയതോടെ കായികമേളയിലെ ഭക്ഷണവിതരണം വന്‍ വിജയകരമായി നാലാം ദിനവും പിന്നിടുകയാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles