കൂരാച്ചുണ്ട്: മലയോര മേഖലയിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നു. കക്കയം വനമേഖലയിൽനിന്ന് ഇറിഗേഷൻ ജലാശയം നീന്തിക്കടന്നെത്തുന്ന കാട്ടാനക്കൂട്ടങ്ങൾ ജനവാസ മേഖലയിൽ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. മൃഗശല്യത്തിന് പുറമെ വളം വിലവർധനവ് അടക്കമുള്ള പ്രതിസന്ധികൾക്കിടയിലാണ് ഏക്കറുകണക്കിന് കൃഷിഭൂമി വന്യമൃഗങ്ങൾ കവർന്നെടുക്കുന്നത്.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കർഷകരുടെ സുരക്ഷയ്ക്കായി കൃഷിവകുപ്പ് 1.60 കോടി രൂപയുടെ ഫെൻസിങ് പദ്ധതി തയ്യാറാക്കുകയും വനംവകുപ്പ് ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ടും പദ്ധതി നിർവഹണം നടപ്പിലായിട്ടില്ല. ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലൂടെ ഫെൻസിങ് സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. അനുമതിക്കായി കഴിഞ്ഞ സെപ്റ്റംബർ 24-ന് തിരുവനന്തപുരത്തേക്ക് ഫയൽ അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.കാട്ടാനകൾക്ക് പുറമെ മയിൽ, കുരങ്ങ്, കാട്ടുപന്നി എന്നിവയുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിക്കാനോ നഷ്ടപരിഹാരം തിട്ടപ്പെടുത്താനോ റവന്യൂ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ കൃഷിവകുപ്പും കൈമലർത്തുകയാണ്.പ്രദേശത്ത് നേരിട്ട് സന്ദർശനം നടത്തി കർഷകരുടെ പരാതികൾ കേട്ടതായി എൽ.ഡി.എഫ് കൺവീനറും മുതിർന്ന നേതാവുമായ ടി.പി. രാമകൃഷ്ണൻ അറിയിച്ചു. കർഷകർക്ക് അടിയന്തര സാമ്പത്തിക സഹായം ഉറപ്പാക്കണമെന്നും സൗരവേലി സ്ഥാപിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്യമൃഗങ്ങൾ ജലാശയം നീന്തിക്കടന്ന് ജനവാസ മേഖലയിലെത്തുന്നത് തടയാൻ വനം, ഇറിഗേഷൻ വകുപ്പുകളും തദ്ദേശ ഭരണകൂടവും സംയുക്തമായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.






