കൽപ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കൽപ്പറ്റയിൽ നിർമിക്കുന്ന ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി തണലൊരുങ്ങുന്നു. ഫേസ് രണ്ട് എ, ഫേസ് രണ്ട് ബി, അപ്പീൽ പട്ടികയിൽ ഉൾപ്പെട്ട ദുരന്ത ബാധിതർക്കാണ് വീടുകൾ നൽകുന്നത്. വീടുകളുടെ നറുക്കെടുപ്പ് ഇന്ന് നടത്തി.എംഎസ്എ ഓഡിറ്റോറിയത്തിൽ റവന്യൂ മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൃഷി മന്ത്രി ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു.ടൗൺഷിപ്പിൽ സോൺ ഒന്നിൽ 23, സോൺ മൂന്നിൽ ആറ്, സോൺ നാലിൽ 14, സോൺ അഞ്ചിൽ 106 എന്നിങ്ങനെയാണ് രണ്ടാം ഘട്ടത്തിൽ വീടുകൾ പണിയുന്നത്. നവംബറിൽ വീടുകൾ കൈമാറും.പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിൽ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ നാശനഷ്ടം സംഭവിച്ച വാണിജ്യ കെട്ടിട ഉടമകൾക്കും ലൈസൻസുള്ള വ്യാപാരികൾക്കും നഷ്ടപരിഹാരമായി 7.19 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നാണ് തുക അനുവദിച്ചത്. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ 48 പേരുടെ ഉടമസ്ഥതയിലുള്ള 128 വാണിജ്യ കടമുറികൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് 5,14,50,000 രൂപയാണ് അനുവദിച്ചത്. ഇതിൽ 16 എണ്ണം നോഗോ സോണിൽ ഉൾപ്പെടുന്നതും ചൂരൽമല പാലം നിർമാണവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കൽ പരിധിയിൽ വരുന്നതുമാണ്. ദുരന്തബാധിത പ്രദേശത്തെ ലൈസൻസുള്ള 28 വ്യാപാര-വാണിജ്യ സംരംഭകർക്ക് നഷ്ടപരിഹാരമായി 2,05,49,400 രൂപ നൽകും.






