തിരുവനന്തപുരം : സൈബർ സുരക്ഷയുള്ള കേരളം കെട്ടിപ്പടുക്കാൻ പൊലീസിന്റെ ‘ക്ലിക്ക്’ പദ്ധതിയ്ക്ക് സാധിക്കട്ടെയെന്ന് ആശംസിച്ച് ജനപ്രിയ താരം മമ്മൂട്ടി. കേരള പൊലീസിന്റെ സൈബർ സുരക്ഷാ പദ്ധതിയായ ‘ക്ലിക്ക്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു താരം.സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പൊതുജനങ്ങളിൽ ജാഗ്രതയുണ്ടാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.എഐ കാലത്തെ തട്ടിപ്പിൽ ജാഗ്രത വേണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സംശയകരമായത് ശ്രദ്ധയിൽപ്പെട്ടാൽ അപ്പോൾ തന്നെ പൊലീസുമായി ബന്ധപ്പെടാൻ പൊതുജനങ്ങൾ തയാറാകണമെന്നും സൈബർ സെല്ലിന്റെ സഹായത്തോടെ ഇത്തരം കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.പദ്ധയ്ക്ക് എല്ലാവിധ പിന്തുണയും താരം ആശംസിച്ചു. ബിടെക്, എംടെക് വിദ്യാർത്ഥികളുടെ അറിവും സാങ്കേതികമികവും സൈബർ സുരക്ഷിതമായ കേരളം കെട്ടിപ്പടുക്കാൻ സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വേദിയിൽ അദ്ദേഹത്തിന് ഉപഹാരം നൽകി ആദരിച്ചു.






