മാവൂർ : ചാലിയാർ പ്രധാന ജലസ്രോതസ്സായി ജില്ലയിലെ 13 പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കുന്ന പദ്ധതി യാഥാർഥ്യത്തിലേക്ക്. കേന്ദ്രസർക്കാർ സഹായത്തോടെ 262.17 കോടി രൂപ ചെലവിട്ടു നിർമിക്കുന്ന ബൃഹദ് പദ്ധതിയുടെ 90% പ്രവൃത്തികളും പിഎച്ച്ഇഡിക്കു സമീപം പൂർത്തിയായിക്കഴിഞ്ഞു. ഇലക്ട്രിക്കൽ വർക്കുകളും മെക്കാനിക്കൽ വർക്കുകളും കൂടി പൂർത്തിയായാൽ അടുത്തവർഷം അവസാനത്തോടെ ഉദ്ഘാടനം ചെയ്യും. പദ്ധതി നടത്തിപ്പിനായി താന്നിക്കോട്ട് മലയിൽ 106.43 സെന്റ് സ്ഥലത്ത് 70 ലക്ഷം ലീറ്റർ വെള്ളം സംഭരിക്കുന്നതിനുള്ള ടാങ്കിന്റെ നിർമാണപ്രവൃത്തി തുടങ്ങിയിട്ടുണ്ട്.ചാത്തമംഗലം, മടവൂർ, കിഴക്കോത്ത്, ഉണ്ണികുളം, താമരശ്ശേരി, കോടഞ്ചേരി, പുതുപ്പാടി, കട്ടിപ്പാറ, ഓമശ്ശേരി, കൊടിയത്തൂർ, കാവനൂർ, തിരുവമ്പാടി, കൂടരഞ്ഞി എന്നീ പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനൊപ്പം രൂക്ഷമായ കുടിവെള്ള ക്ഷാമമുള്ള ചാത്തമംഗലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിന് 5 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള ടാങ്കിന്റെ പ്രവൃത്തിയും തുടങ്ങി. പ്രതിദിനം 100 എംഎൽഡി വെള്ളം ശുദ്ധീകരിക്കുന്നതിന് ആധുനിക സംവിധാനങ്ങളോടു കൂടിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റ്, പമ്പിങ് സ്റ്റേഷൻ, കിണർ എന്നിവ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ചു കഴിഞ്ഞു.റോ വാട്ടർ വിഭാഗത്തിലെ കിണറുകളിൽ നിന്നുള്ള വെള്ളം ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിക്കുന്നതിനുള്ള സംവിധാനം, എയറേറ്റർ, ക്ലാരി ഫയർ, റാപ്പിഡ് ഗ്രാവിറ്റി ഫിൽറ്ററുകൾ, ക്ലോറിൻ കോൺടാക്ട് ടാങ്ക്, ശുദ്ധീകരിച്ച വെള്ളം സംഭരിക്കുന്നതിനുള്ള സംവിധാനം, ഫിൽറ്റർ ബിൽഡിങ്, ക്ലോറിൻ ബിൽഡിങ്, കെമിക്കൽ ബിൽഡിങ്, യൂസ്ഡ് വാഷ് വാട്ടർ ടാങ്ക്, ജലത്തിലെ ചെളി ശേഖരിക്കുന്നതിനുള്ള ടാങ്ക്, ചെളി സംസ്കരണ സംവിധാനം, ഭരണ നിർവഹണ ഓഫിസ് എന്നിവയുടെ നിർമാണ പ്രവൃത്തിയാണ് പൂർത്തിയായത്.ജലവിതരണത്തിന് പമ്പിങ് മെയിനിൽ 1200 എംഎം വ്യാസമുള്ള എൽഎസ് പൈപ്പ് മുതൽ 200 എംഎം വ്യാസമുള്ള ഡിഐ പൈപ്പ് വരെയാണ് സ്ഥാപിക്കുന്നത്. ടാങ്കിൽ നിന്നു വിവിധ പഞ്ചായത്തുകളിലെ വീടുകളിലേക്ക് 224 കിലോമീറ്റർ പൈപ്‌ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയും ഏതാണ്ട് പൂർത്തിയായി. കെഎസ്ഇബിയുടെ അമ്പലപ്പറമ്പ് 66 കെവി സബ്സ്റ്റേഷൻ 110 കെവി ആയി ഉയർത്തുന്ന പ്രവൃത്തിയും നടക്കുന്നുണ്ട്. ഇതിനു പുറമേ പമ്പിങ് സ്റ്റേഷനു സമീപം മിനി സബ് സ്റ്റേഷനും സ്ഥാപിക്കുന്നുണ്ട്






