കൊടുവള്ളി : അമിതമായി എംഡിഎംഎ ഉപയോഗിച്ച് വാഹനമോടിച്ച യുവാവ് അപകടത്തിൽപെട്ടു. കാക്കൂർ പുന്നൂർ ചെറുപാലം കണ്ടോത്ത്പാറ മലയിൽതൊടുകയിൽ മുഹമ്മദ് ഷഫാൻ (36) ആണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് മുന്നോടെ കൊടുവള്ളിക്കടുത്ത നെല്ലാങ്കണ്ടിയിലാണ് സംഭവം. കൊടുവള്ളിയിൽ നിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന മുഹമ്മദ് ഷഫാൻ ഓടിച്ച കാർ, നിർത്തിയിട്ട കാറിൽ ഇടിച്ച ശേഷം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമെത്തി ഇടിച്ചുനിന്നു. നാട്ടുകാർ ഓടിയെത്തിയപ്പോൾ ഷഫാൻ കാറിനുള്ളിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനായി കാറിനുള്ളിൽ കയറിയപ്പോഴാണ് ഡാഷ് ബോർഡിൽ എംഡിഎംഎയുടെ കവർ ശ്രദ്ധിച്ചത്. തുടർന്ന് കൊടുവള്ളി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ പൊലീസ് മുഹമ്മദ് ഷഫാനെ കസ്റ്റഡിയിലെടുത്തു. ബാലുശ്ശേരി, കോഴിക്കോട് ടൗൺ, എലത്തൂർ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ലഹരി കേസുകളുള്ളതായി പൊലീസ് പറഞ്ഞു. നിർത്തിയിട്ട കാറിലിരിക്കുകയായിരുന്ന ആവിലോറ സ്വദേശി സിനാന് നിസാര പരിക്കേറ്റു.






