മലപ്പുറം: തിരൂരങ്ങാടിയിൽ 14കാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതുജനങ്ങളോട് മാപ്പ് പറഞ്ഞ് കെഎസ്ഇബി. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.തിരൂരങ്ങാടി ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം നടത്തും. അപകടത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.
ഇതിനിടെ, സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ വെന്നിയൂർ കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്.അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്തെ വൈദ്യുതി ലൈനുകളിൽ പരിശോധനയും പട്രോളിങ്ങും ശക്തമാക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അപകടസാധ്യതകൾ കണ്ടെത്തി അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.ഫേസ്ബുക്കിന്റെ പൂർണരൂപംമലപ്പുറം തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറിൽ നിന്നും ഷോക്കേറ്റ് 14 വയസ്സുള്ള ജുനൈദ് എന്ന കുട്ടിക്ക് ജീവഹാനിയുണ്ടായത് വളരെ സങ്കടകരമാണ്. ഒരിക്കലും സംഭവിക്കരുതാത്തതാണ് സംഭവിച്ചത്. പൊതുജനസമക്ഷം മാപ്പ് പറയുന്നു.
പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ അതിപ്രധാനമായാണ് കെ എസ് ഇ ബി പരിഗണിക്കുന്നത്. ഇത്തരം അപകടങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കാര്യക്ഷമമായ നടപടികൾ ഉണ്ടാകും.അപകടമുണ്ടാകാനുണ്ടായ സാഹചര്യം നിഷ്പക്ഷമായും കൃത്യമായും തിരൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ അന്വേഷിച്ച് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി ഉണ്ടാകും.എല്ലാ ലൈനുകളും പട്രോളിംഗ് നടത്തി അപകടസാധ്യത കണ്ടെത്തി ഒഴിവാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കും .ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിൻ വൈദ്യുതി സംബന്ധമായ അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയും വിശദാംശങ്ങളും 94 96 01 01 01 എന്ന നമ്പരിൽ വാട്സാപ് ചെയ്ത് മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഇനിയൊരിക്കൽക്കൂടി ഇത്തരമൊരു അപകടം ആവർത്തിക്കാതെയിരിക്കാൻ വേണ്ട എല്ലാ നടപടികളും ആത്മാർത്ഥമായി സ്വീകരിക്കും.ജുനൈദിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.കെ എസ് ഇ ബി മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും പേരിൽ ജുനൈദിന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും പൊതുജനങ്ങളുടെയും മുമ്പാകെ ഒരിക്കൽക്കൂടി മാപ്പ് പറയുന്നു.






