കാന്തപുരം: അക്കാദമിക-പാഠ്യേതര രംഗങ്ങളിൽ തിളക്കമാർന്ന നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ച് കാന്തപുരം ജി.എം.എൽ.പി സ്കൂൾ. 2025-26 അധ്യയന വർഷത്തെ എൽ.എസ്.എസ് പരീക്ഷയിൽ വിജയികളായ 10 വിദ്യാർത്ഥികൾക്കും, സബ്ജില്ലാ ശാസ്ത്ര, കലാ, കായിക മേളകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകൾക്കുമാണ് സ്കൂളിൽ വെച്ച് അനുമോദനവും ഉപഹാര വിതരണവും സംഘടിപ്പിച്ചത്.ബാലുശ്ശേരി എം.എൽ.എ വി.ടി സൂരജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്റ്റേജിന് മുകളിൽ പുതിയ ക്ലാസ് മുറി നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം പി.ടി.എ ഭാരവാഹികൾ ചടങ്ങിൽ എം.എൽ.എയ്ക്ക് കൈമാറി.അതിഥികൾക്കായി രക്ഷിതാക്കൾ വീടുകളിൽ തയ്യാറാക്കി കൊണ്ടുവന്ന വൈവിധ്യമാർന്ന നാടൻ പലഹാരങ്ങൾ വിളമ്പിയത് ചടങ്ങിന് വേറിട്ട അനുഭവവും സ്നേഹോഷ്മളമായ വരവേൽപ്പുമായി മാറി.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാസ്റ്റർ, വാർഡ് മെമ്പർ ആതിര മാധവൻ, ബാലുശ്ശേരി ബി.പി.സി ശർമിള എൻ, മുൻ ഹെഡ്മിസ്ട്രസ് പാത്തുമ്മ ടീച്ചർ, എൻ.എച്ച് റഫീഖ്, അജി മാസ്റ്റർ, അഹമ്മദ് കുട്ടി ഉണ്ണികുളം എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. നിരവധി രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു. പ്രധാനാധ്യാപകൻ ജലീൽ മാസ്റ്റർ സ്വാഗതവും ഖമറുന്നിസ ടീച്ചർ നന്ദിയും പറഞ്ഞു.






