മഞ്ചേരി: വസ്ത്രവ്യാപാരിയാണെന്ന് വിശ്വസിപ്പിച്ച് ആളൊഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ച് തുടർച്ചയായി മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് പൊലീസിന്റെ പിടിയിലായി. തേഞ്ഞിപ്പലം 14-ാം മൈൽ കിഴക്കേക്കോട്ടായി സൈനുദ്ദീനെയാണ് (43) മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ ജില്ലകളിലായി നൂറോളം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പകൽ സമയങ്ങളിൽ ആഡംബര കാറുകളിൽ കറങ്ങിനടന്ന് ആളില്ലാത്ത വീടുകൾ കണ്ടെത്തുന്നതായിരുന്നു പ്രതിയുടെ രീതി. തുടർന്ന് അർധരാത്രി ഇരുചക്രവാഹനത്തിൽ മുഖം മറച്ചെത്തി വീട് കുത്തിത്തുറന്ന് കവർച്ച നടത്തും. തെളിവുകൾ പൂർണ്ണമായും നശിപ്പിച്ച ശേഷമാണ് ഇയാൾ അടുത്ത മോഷണം ആസൂത്രണം ചെയ്തിരുന്നത്. മോഷണമുതൽ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചിരുന്ന പ്രതി, ഒരു പ്രദേശത്ത് കവർച്ച നടത്തിയ ശേഷം മറ്റൊരു ജില്ലയിലേക്ക് താമസം മാറുകയാണ് പതിവ്. പ്രതിയും സഹോദരിയും കുടുംബവും മഞ്ചേരി, രാമൻകുളം, കാവനൂർ എന്നിവിടങ്ങളിൽ വീടുകൾ വാടകയ്ക്കെടുത്താണ് താമസിച്ചിരുന്നത്. കാവനൂരിന് സമീപം ഇയാൾ കോടികൾ വിലമതിക്കുന്ന ആഡംബര വീട് നിർമിച്ചുവരികയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. പാലക്കാട് ജില്ലയിലടക്കം നിരവധി കേസുകളിൽ പ്രതിയായ സൈനുദ്ദീൻ 2024-ലാണ് ജാമ്യത്തിലിറങ്ങിയത്. മോഷണം നടന്ന പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സമാനരീതിയിൽ മുൻപ് മോഷണം നടത്തിയവരുടെ വിവരങ്ങൾ ശേഖരിച്ചും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. മഞ്ചേരി ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ശിശിര ശശികുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഉബൈദുല്ല, സാലിം, സിപിഒമാരായ ധനേഷ്, ബിജു, മുജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.






