കോഴിക്കോട്: സമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ആകർഷകമായ ഓഫറുകളുടെ പേരിൽ സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. വെറും 399 രൂപയ്ക്ക് ഒരു വർഷത്തെ മൊബൈൽ റീചാർജ് പോലുള്ള വമ്പൻ വാഗ്ദാനങ്ങൾ നൽകി ഉപയോക്താക്കളെ കുരുക്കിലാക്കുന്ന വ്യാജ സംഘങ്ങൾ സജീവമാണെന്ന് അധികൃതർ വ്യക്തമാക്കി.കുറഞ്ഞ തുകയ്ക്ക് വലിയ ആനുകൂല്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ വ്യാജ പരസ്യങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് പണമടയ്ക്കുന്നവരാണ് വലിയ തട്ടിപ്പിനിരയാകുന്നത്. വ്യാജ വെബ്‌സൈറ്റുകൾ, ദുരൂഹമായ ലിങ്കുകൾ, ക്യുആർ കോഡുകൾ എന്നിവ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം ചോർത്തുന്ന രീതിയാണ് സംഘങ്ങൾ അവലംബിക്കുന്നത്.സൈബറിടങ്ങളിൽ പാലിക്കേണ്ട പ്രധാന ജാഗ്രതാ നിർദ്ദേശങ്ങൾ: * അപരിചിതമായ വെബ്‌സൈറ്റുകളിലെയും സോഷ്യൽ മീഡിയയിലെയും അവിശ്വസനീയമായ ഓഫറുകൾ യാതൊരു കാരണവശാലും വിശ്വസിക്കരുത്. * സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ക്യുആർ കോഡുകൾ സ്കാൻ ചെയ്യുകയോ ചെയ്യരുത്. * റീചാർജ് ഓഫറുകൾ ടെലികോം കമ്പനികളുടെ ഔദ്യോഗിക ആപ്പുകൾ വഴിയോ വെബ്‌സൈറ്റുകൾ വഴിയോ മാത്രം പരിശോധിച്ച് ഉറപ്പുവരുത്തുക. * ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒടിപി (OTP), പിൻ നമ്പർ, പാസ്‌വേഡ് എന്നിവ ആരുമായും പങ്കുവെക്കരുത്.ഒരുക്കിവെച്ച കെണികളിൽ പെട്ട് ഏതെങ്കിലും തരത്തിലുള്ള സൈബർ തട്ടിപ്പിനിരയായാൽ ഒട്ടും വൈകാതെ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയോ ഉടൻ തന്നെ പരാതി നൽകേണ്ടതാണ്. ജാഗ്രതയാണ് സൈബർ സുരക്ഷയുടെ ആദ്യപടിയെന്ന് പൊലീസ് ഓർമ്മിപ്പിക്കുന്നു.






