കൽപറ്റ: സംഗീതമേഖലയിൽ തിളങ്ങിനിൽക്കെ അകാലത്തിൽ വിടപറഞ്ഞ നിസാർ വയനാടിന്റെ കുടുംബത്തിന് കൈത്താങ്ങാവുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘നിസാർ വയനാട് ഷോ’യുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 20-ന് (വെള്ളിയാഴ്ച) വൈകീട്ട് 5.30 മുതൽ കൽപറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിലാണ് പരിപാടി. നിസാർ വയനാട് സ്മാരക കലാസമിതിയാണ് പരിപാടിയുടെ സംഘാടകർ.വയനാടിന്റെ കലാചരിത്രത്തിലെ ഏറ്റവും വലിയ മെഗാ ഷോയ്ക്കാണ് കൽപറ്റ വേദിയാകുന്നത്. ചലച്ചിത്ര, പിന്നണിഗാന, മിമിക്രി മേഖലകളിലെ പ്രമുഖരായ നാദിർഷ, അനുശ്രീ, ഹരീഷ് കണാരൻ, കണ്ണൂർ ഷെരീഫ്, കണ്ണൂർ സീനത്ത്, ഷാഫി കൊല്ലം, താജുദ്ദീൻ വടകര, വ്യത്യസ്ത ശബ്ദങ്ങളിലെ ഗാനാലാപനത്തിലൂടെ ശ്രദ്ധേയനായ മുസ്തഫ എന്നിവരടക്കം മുപ്പതിലധികം പ്രശസ്ത താരങ്ങൾ പരിപാടിയിൽ അണിനിരക്കും.പരിപാടിയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ജനപ്രതിനിധികളായ അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ, കെ.എം. ഷാജി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. ദേശീയതലത്തിൽ ശ്രദ്ധനേടിയ കലാകാരി മിൻഹ ഫാത്തിമയ്ക്കുള്ള നിസാർ വയനാട് സ്മാരക കലാസമിതിയുടെ പ്രഥമ പുരസ്കാരവും വേദിയിൽ വെച്ച് സമ്മാനിക്കും.സംഘാടക സമിതി ചെയർമാനും കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ വി.പി. യൂസഫ്, ഭാരവാഹികളായ സി. രവീന്ദ്രൻ, താരീഖ് അൻവർ കടവൻ, ഇ. ഹൈദ്രു, നയീം, ഫർഷാദ്, ഷമീർ, നിസാർ, കബീർ, ബഷീർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.






