കോഴിക്കോട്: വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന വിളനാശം കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി. 2026 ഖാരിഫ് സീസൺ മുതൽ പ്രധാനമന്ത്രി ഫസൽ ബീമ യോജനയ്ക്ക് (പിഎംഎഫ്ബിവൈ) കീഴിൽ വന്യജീവി ആക്രമണം മൂലമുള്ള വിളനാശം അധിക ഇൻഷുറൻസ് പരിരക്ഷയായി ഉൾപ്പെടുത്താൻ കേന്ദ്ര കൃഷിമന്ത്രാലയം അനുമതി നൽകിയ സാഹചര്യത്തിലാണ് ഈ നീക്കം.പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക രൂപരേഖ സംയുക്തമായി തയ്യാറാക്കാൻ വനം, കൃഷി വകുപ്പുകൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വനം, കൃഷി വകുപ്പുകളിലെയും അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡിലെയും പ്രതിനിധികൾ ഉൾപ്പെടുന്ന സമിതി മൂന്നാഴ്ചയ്ക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.പദ്ധതിയുടെ പ്രധാന സവിശേഷതകൾ:നിലവിലെ പോരായ്മകൾക്ക് പരിഹാരം: നിലവിൽ വനംവകുപ്പ് നൽകുന്ന നഷ്ടപരിഹാരം യഥാർത്ഥ നഷ്ടത്തേക്കാൾ കുറവും ഏറെ കാലതാമസം നേരിടുന്നതുമാണ്. ഇത് പരിഹരിച്ച് സമയബന്ധിതമായി അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ ക്രമീകൃതമായ വിള ഇൻഷുറൻസ് അനിവാര്യമാണെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഒക്ടോബറിൽ സർക്കാരിന് കത്ത് നൽകിയിരുന്നു.വിജ്ഞാപനവും ആഡ്-ഓൺ കവറും: പദ്ധതി പ്രാവർത്തികമാകുന്നതിനായി ആന, കാട്ടുപന്നി, മാൻ, കുരങ്ങ് തുടങ്ങി കൃഷി നശിപ്പിക്കുന്ന വന്യജീവികളുടെ പട്ടികയും വന്യജീവിശല്യം രൂക്ഷമായ ജില്ലകളും സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്യണം. വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശങ്ങളിലെ കർഷകർക്ക് നിശ്ചിത തുക അധിക പ്രീമിയം നൽകി വന്യജീവി ശല്യത്തിനുള്ള ‘ആഡ്-ഓൺ കവർ’ തിരഞ്ഞെടുക്കാം. ഇതിന് സംസ്ഥാന സർക്കാരിന് പ്രീമിയം സബ്സിഡി അനുവദിക്കാനുമാകും.നഷ്ടപരിഹാര നടപടിക്രമങ്ങൾ: വിളനാശം സംഭവിച്ച് 72 മണിക്കൂറിനുള്ളിൽ കർഷകർ ക്രോപ്പ് ഇൻഷുറൻസ് ആപ്പ് വഴി ജിയോ ടാഗ് ചെയ്ത ഫോട്ടോകൾ സഹിതം വിവരം റിപ്പോർട്ട് ചെയ്യണം. തുടർന്ന് ഇൻഷുറൻസ് കമ്പനി പ്രതിനിധി, കൃഷി, വനം വകുപ്പ് ഉദ്യോഗസ്ഥർ, കർഷകൻ എന്നിവരടങ്ങുന്ന സംയുക്ത സംഘം കൃഷിയിടം സന്ദർശിച്ച് നാശനഷ്ടം തിട്ടപ്പെടുത്തും.സാങ്കേതികവിദ്യയുടെ സഹായത്തോടെ കർഷകർക്ക് സമയബന്ധിതമായി നഷ്ടപരിഹാരം ഉറപ്പാക്കാൻ ഈ പുതിയ വിള ഇൻഷുറൻസ് സംവിധാനം വഴിയൊരുക്കും.






