ശബരിമല: ആദ്യത്തെ നാലുദിവസത്തിൽനിന്ന് വ്യത്യസ്തമായി, ദർശനത്തിനെത്തുന്ന തീർഥാടകരുടെ എണ്ണം കൂടുന്നതായി സൂചന. 16-ന് നടതുറന്നശേഷം ഇതുവരെയുള്ള ദിനങ്ങളിൽ കൂടുതൽ ഭക്തരെത്തിയത് വെള്ളിയാഴ്ചയാണ്-60,635 പേർ. വെർച്വൽ ക്യൂവഴി 64,000 പേരാണ് വെള്ളിയാഴ്ച ബുക്കുചെയ്തിരുന്നത്.ശനിയാഴ്ച നാലുമണിക്കുള്ള കണക്കനുസരിച്ച് 46,266 പേരെത്തി.തുടർന്നുള്ള ദിവസങ്ങളിൽ, എല്ലാവർഷത്തെയുംപോലെ പ്രതിദിനം 70,000-ത്തിനും 80,000-ത്തിനും ഇടയിൽ തീർഥാടകരെത്തുമെന്നാണ് ദേവസ്വത്തിന്റെ പ്രതീക്ഷ.വെർച്വൽ ക്യൂവഴി ബുക്കുചെയ്തതിനനുസരിച്ച് ആളുകളെത്താത്തത് ആദ്യനാലുദിവസവും ചർച്ചയായിരുന്നു. വൃശ്ചികം ഒന്നിന് 58,697 പേരാണ് വെർച്വൽ ക്യൂവഴി ബുക്കുചെയ്തതെങ്കിലും, പോലീസിന്റെ കണക്കനുസരിച്ച് ദർശനത്തിനെത്തിയത് 40,000-ത്തിൽ താഴെയായിരുന്നു.വെള്ളിയാഴ്ചയോടെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നതായാണ് സൂചന. വെർച്വൽ ക്യൂവിൽ പ്രതിദിനം 5000 സ്ലോട്ടുകൂടി അനുവദിച്ചതോടെ, ഇപ്പോൾ പ്രതിദിനം 85,000 പേർക്ക് ദർശനത്തിന് അവസരമുണ്ടാകും.ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും വിരൽത്തുമ്പിലെത്തിക്കുന്നതിനായി വനം-വന്യജീവി വകുപ്പ് വികസിപ്പിച്ച ‘അയ്യൻ 4.0’ മൊബൈൽ ആപ്ലിക്കേഷൻ വനംവകുപ്പുമന്ത്രി ഷിബു ബേബി ജോൺ പ്രകാശനംചെയ്തു.ശബരിമലയിലെ പ്രധാന തീർഥാടനപാതകൾ, ദൂരവിവരങ്ങൾ, പാർക്കിങ് സൗകര്യങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, ക്ഷേത്രദർശനസമയം, കാലാവസ്ഥാ മുന്നറിയിപ്പുകൾ, ഗതാഗതസൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ആപ്പിലൂടെ ലഭ്യമാകും.






