താമരശേരി: സ്വകാര്യ അപ്പാർട്മെന്റില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 11.465 ഗ്രാം എംഡിഎംഎയുമായി യുവതി അറസ്റ്റിലായി. തിരുവമ്പാടി സ്വദേശിനി എ.കെ. സാക്കിറ ആണ് പിടിയിലായത്. പരിശോധനയ്ക്കിടെ അക്രമാസക്തയായ യുവതി വനിതാ സിവില്‍ എക്സൈസ് ഓഫിസറെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു.ചൊവ്വാഴ്ച താമരശേരി കെടവൂർ വെണ്ടേക്കുമുക്കിലെ സ്വകാര്യ അപ്പാർട്മെന്റില്‍ നടത്തിയ പരിശോധനയിലാണ് ഇവരില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തത്. താമരശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.ജെ. സജിൻ, ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.നിരവധി ലഹരിമരുന്ന് കേസുകളില്‍ പ്രതിയായ സാക്കിറ നേരത്തെയും മെത്താംഫെറ്റമിനുമായി പിടിയിലായിട്ടുള്ളയാളാണ്. കാളികാവ് എക്സൈസ് റേഞ്ചില്‍ 265 ഗ്രാം മെത്താംഫെറ്റമിൻ പിടികൂടിയ കേസിലും കല്‍പ്പറ്റ എക്സൈസ് റേഞ്ചില്‍ 3.06 ഗ്രാം മെത്താംഫെറ്റമിൻ കൈവശം വച്ച കേസിലും ഇവര്‍ പ്രതിയാണ്. ഈ കേസുകളില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും എംഡിഎംഎയുമായി എക്സൈസിന്റെ പിടിയിലാകുന്നത്.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) പി.സി. മനോജ് കുമാർ, എസ്.ബി. അജീബ്, പ്രിവന്റീവ് ഓഫിസർമാരായ ടി.ബി. അജീഷ്, ജി. ബൈജു, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) സി.പി. ഷാജു, സിവില്‍ എക്സൈസ് ഓഫിസർമാരായ ജിത്തു, പി. അജിത്, സി. അമല്‍ നാഥ്, വനിതാ സിവില്‍ എക്സൈസ് ഓഫിസർമാരായ ബി.എസ്. മഹിത, അഷ്മില ഷെറിൻ, സിവില്‍ എക്സൈസ് ഓഫിസർ ഡ്രൈവർ ബവിൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.






