spot_img
Wednesday, November 25, 2026

സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞു; 19 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്ന സ്ഥിതിയാണ് നിലവിലുള്ളത്- മുഖ്യമന്ത്രി.



തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരികയാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. എൽപിഎസ്ടി സമരക്കാർ ആവശ്യപ്പെടുന്ന 1:25 എന്ന അനുപാതം അംഗീകരിക്കാൻ നിർവാഹമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് സാമ്പത്തിക ബാധ്യത വരുമെങ്കിലും അവർ ഉന്നയിച്ച മറ്റു നാല് ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.1:25 ആക്കിയാലും അധ്യാപക തസ്തിക കൂടില്ല. 1:30 ആണ് ചട്ടമെങ്കിലും നിലവിൽ തന്നെ സംസ്ഥാനത്ത് ശരാശരി 1:19 ആയി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ‘കേരളത്തിലെ സർക്കാർ എൽപി സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം 349000 ആണ്. അധ്യാപകരുടെ എണ്ണം 18856 ആണ്. സർക്കാർ ചട്ടപ്രകാരം നിലവിലെ അധ്യാപക-വിദ്യാർഥി അനുപാതം 1:30 ആണ്. എന്നാൽ നിലവിൽസംസ്ഥാനത്തുള്ള അധ്യാപകരുടെയും വിദ്യാർഥികളുടെ എണ്ണം എടുത്താൽ അത് 1:19 ആയി മാറിയിട്ടുണ്ട്. പല ജില്ലകളിലേയും കണക്കുകൾ എടുത്താൽ ഇതിനേക്കാൾ ഞെട്ടും. ഏറ്റവും കൂടുതൽ അനുപാതമുള്ളത് മലപ്പുറത്താണ്.അവിടെപോലും 1:25 ഉണ്ട് നിലവിൽ തന്നെ. പത്തനംതിട്ടയിൽ 11 കുട്ടികൾക്കാണ് ഒരു അധ്യാപകൻ. കോട്ടയത്തും 11 കുട്ടികൾക്ക് ഒരു അധ്യാപകൻ ആണ്. ഇടുക്കിയിൽ 1:12, കണ്ണൂരിൽ 1:14 ആണ്’ മുഖ്യമന്ത്രി വിശദീകരിച്ചു.ഈ യാഥാർഥ്യം സമരക്കാർ മനസ്സിലാക്കണം. ഇല്ലാത്ത വേക്കൻസികളിലേക്കാണ് കഴിഞ്ഞ സർക്കാർ പട്ടിക പ്രസിദ്ധീകരിച്ചത്. ഒന്നാം റാങ്കുകാർക്ക് പോലും ജോലി കൊടുക്കാൻ സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സമരം പിൻവലിക്കുമെന്ന ധാരണയിലെത്തിയാൽ മറ്റു നാലു ആവശ്യങ്ങൾ അംഗീകരിച്ച് ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles