കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അജയ് അലക്സ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഫാം ടൂറിസം പദ്ധതിയായ കോഴിക്കോട് അഗ്രോ ഫാം ടൂറിസം (കാഫ്റ്റ്) പദ്ധതിയുടെ പ്രധാന ഘടകമായ ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ടിലെ തിരഞ്ഞെടുക്കപ്പെട്ട ഫാമുകൾ സന്ദർശിച്ചു. ഫാം ടൂറിസ രംഗത്തെ ഒരു നവീന ആശയമായ ക്ലസ്റ്റർ അധിഷ്ഠിത ടൂറിസം എന്ന ആശയം നേരിൽ കണ്ട് വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം നടത്തിയത്. കൊടുവള്ളി ബ്ലോക്ക് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പ്രിയ മോഹൻ, തിരുവമ്പാടി കൃഷി ഓഫീസർ വിഷ്ണു, കാഫ്റ്റ് കോഓർഡിനേറ്ററും ഇരവഞ്ഞിവാലി ഫാം ടൂറിസം സൊസൈറ്റി പ്രസിഡണ്ടുമായ അജു എമ്മാനുവൽ തുടങ്ങിയവർ ശ്രീ അജയ് അലക്സിനെ അനുഗമിക്കുകയും പദ്ധതി വിശദീകരിക്കുകയും ചെയ്തു. തിരുവമ്പാടി പഞ്ചായത്തിലെ ലെയ്ക് വ്യൂ ഫാം സ്റ്റേ, പുരയിടത്തിൽ ഗോട്ട് ഫാം, കാർമൽ അഗ്രോ ഫാം, തറക്കുന്നേൽ അഗ്രോ ഗാർഡൻ, താലോലം പ്രൊഡക്ട്സ്, കോടഞ്ചേരി പഞ്ചായത്തിലെ തുഷാര ഹണി സൊസൈറ്റി, ഏഡൻ ഗാർഡൻ, വിംഗ്സ് ലാൻഡ് എക്സോട്ടിക് പാർക്ക്, കൂടരഞ്ഞി പഞ്ചായത്തിലെ ഡ്രീം ഏക്കേഴ്സ് എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. സന്ദർശിച്ച ഫാമുകളുടെ ഗുണനിലവാരത്തിലും തനിമയിലും ക്ലസ്റ്റർ അധിഷ്ഠിത ടൂറിസം സർക്യൂട്ട് എന്ന ആശയത്തിലും മികച്ച സംതൃപ്തി രേഖപ്പെടുത്തിയ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ കർഷകർ തന്റെ മുൻപാകെ ഉയർത്തിയ പരാതികളിലും ആവശ്യങ്ങളിലും നിർദ്ദേശങ്ങളിലും അനുഭാവപൂർവ്വമുള്ള നിലപാടുകൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. സന്ദർശിച്ച ഫാമുകളിൽ നിലവിലുള്ള ഘടകങ്ങൾ ഓരോന്നും വിലയിരുത്തിയ അദ്ദേഹം അവയിൽ പലതുമായും ബന്ധപ്പെട്ട് കൃഷി വകുപ്പിൽ നിലവിലുള്ള സ്കീമുകൾ പ്രകാരം നൽകാൻ സാധിക്കുന്ന സഹായങ്ങൾ സംബന്ധിച്ച് , തന്നെ അനുഗമിച്ച അസിസ്റ്റൻ്റ് ഡയറക്ടർ, കൃഷി ഓഫീസർ തുടങ്ങിയവരുമായി ചർച്ച ചെയ്യുകയും അവ കർഷകർക്ക് കഴിവതും വേഗം ലഭ്യമാക്കാൻ അവരെ ചുമതലപ്പെടുത്തുകയും ചെയ്തു.






