ഓമശ്ശേരി: എസ്എംഎ (സ്പൈനൽ മസ്കുലാർ അട്രോഫി) ബാധിച്ച കുരുന്നുകളുടെ ചികിത്സയ്ക്കായി കേരളം ഒന്നിച്ചേറ്റെടുത്ത ധനസമാഹരണം നിർണായക ഘട്ടത്തിലേക്ക്. ചികിത്സയ്ക്കാവശ്യമായ ലക്ഷ്യത്തിലേക്ക് എത്താൻ ഇനി 12 ദിവസം മാത്രം ശേഷിക്കേ ഏകദേശം 20 കോടി രൂപകൂടി സമാഹരിക്കേണ്ടതുണ്ട്. സമയപരിധി അടുത്തെത്തിയതോടെ സഹായത്തിനായി നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കൂട്ടായ്മകളും വ്യക്തികളും വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്. വിവിധ ചലഞ്ചുകളിലൂടെയും സന്നദ്ധ കൂട്ടായ്മകളിലൂടെയും ഇതിനകം വലിയ പിന്തുണയാണു ലഭിച്ചുകൊണ്ടിരിക്കുന്നത്. കല്ലുരുട്ടിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ചികിത്സാ സഹായ കമ്മിറ്റി ഓഫിസിലെത്തിയും നിരവധി പേർ സഹായം കൈമാറുന്നുണ്ട്. വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കരുത്അതേസമയം, ചികിത്സയ്ക്കാവശ്യമായ മുഴുവൻ തുകയും സമാഹരിച്ചുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നു ചികിത്സാ സഹായ കമ്മിറ്റി വ്യക്തമാക്കി. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കാതെ യാഥാർഥ്യം തിരിച്ചറിഞ്ഞ് അവസാന ഘട്ടത്തിലും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കമ്മിറ്റി അഭ്യർഥിച്ചു. സന്ദർശകർക്ക് നിയന്ത്രണംസഹായവുമായി കമ്മിറ്റി ഓഫിസിലെത്തുന്ന പലരും കുഞ്ഞുങ്ങളെ നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ, രോഗം ബാധിച്ച കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സന്ദർശകർക്കു നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമാണുള്ളത്. സാധാരണ കുട്ടികളിലേതുപോലെ പ്രതിരോധശേഷിയില്ലാത്തതിനാൽ ചെറിയ അണുബാധ പോലും ഇവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം. അണുബാധയുണ്ടായാൽ അത് ഭേദമാകാൻ മാസങ്ങളോളം വേണ്ടിവരുന്ന സാഹചര്യവുമുണ്ട്. ഇത് ചികിത്സ വൈകാനും സമയബന്ധിതമായി മരുന്ന് നൽകുന്നതിന് തടസമാകാനും സാധ്യതയുണ്ട്. അതിനാൽ കുഞ്ഞുങ്ങളെ നേരിൽ കാണണമെന്ന ആഗ്രഹം മാറ്റിവച്ച് കമ്മിറ്റി ഓഫിസുമായി സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി കൈകോർത്ത ഓരോരുത്തർക്കും മാതാപിതാക്കൾ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ഇനി ശേഷിക്കുന്ന 12 ദിവസങ്ങളിൽ കൂടി നാടിന്റെ മുഴുവൻ പിന്തുണയും ഉറപ്പാക്കാനായാൽ മാത്രമേ ഈ വലിയ ദൗത്യം ലക്ഷ്യത്തിലെത്തിക്കാനാകൂ. സഹായം അയക്കേണ്ട ബാങ്ക് വിവരങ്ങൾ:പേര്: അരുൺ പി.ഡി. അക്കൗണ്ട് നമ്പർ: 21360100162505 ബാങ്ക്: ഫെഡറൽ ബാങ്ക് (ശാഖ: ഓമശ്ശേരി) ഐഎഫ്എസ്‌സി (IFSC): FDRL0002136 യുപിഐ (UPI): arunpd2@fbl.






