spot_img
Wednesday, April 22, 2026

വിവാഹത്തിലും ഖബറടക്കത്തിലും സഹകരിക്കില്ല; ലഹരിക്കേസുകളിൽ വടിയെടുത്ത് മഹല്ല് കമ്മിറ്റി



കാസർകോട്: ലഹരിക്കടത്ത് കേസിൽ ഉൾപ്പെടുന്നവരെ സമുദായവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിൽ നിന്നും വിലക്കാൻ തീരുമാനമെടുത്ത് മഹല്ല് കമ്മിറ്റി. കാസർകോട് പടന്നക്കാട് അൻസാറുൽ ഇസ്‍ലാം ജമാഅത്ത് മഹല്ല് കമ്മിറ്റിയാണ് മുന്നറിയിപ്പുമായി രം​ഗത്തെത്തിയത്. ലഹരിയുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ പിടിപ്പിക്കപ്പെടുന്നവരുടെ വിവാഹം, ഖബറടക്കം തുടങ്ങി എല്ലാ പരിപാടികളിലും സഹകരിക്കില്ലെന്ന് മഹല്ല് കമ്മിറ്റി വ്യക്തമാക്കി. ഇത്തരം കേസുകളിൽ ഉൾപ്പെടുന്നവരെ മഹല്ല് കമ്മിറ്റിയിൽനിന്ന് പുറത്താക്കുകയും ചെയ്യും. 

അവിവാഹിതരായ ചെറുപ്പക്കാരാണ് പിടിക്കപ്പെടുന്നതെങ്കിൽ ഇവരുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ലെന്ന് അറിയിച്ചു. വീട്ടുകാർക്ക് മഹല്ല് കമ്മറ്റി ലഭ്യമാക്കുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റും നൽകില്ല. പുറമെ, മഹല്ലിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കുകയും ചെയ്യും. കേസിൽ ഉൾപ്പെട്ടവർ മരിച്ചാൽ ഖബറടക്കത്തിനുശേഷമുള്ള ചടങ്ങുകളിൽ മഹല്ലുമായി ബന്ധപ്പെട്ട് ആരും പങ്കെടുക്കില്ല. യുവാക്കൾ രാത്രി പത്തിനുശേഷം കാരണമില്ലാതെ ടൗണുകളിൽ കൂട്ടംകൂടി നിൽക്കരുതെന്നും കമ്മിറ്റി വിലക്കി. കുട്ടികളുടെ രാത്രി സഞ്ചാരം രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും കുട്ടികൾ എങ്ങോട്ട്, ആരുടെ കൂടെ പോകുന്നു തുടങ്ങി എല്ലാ കാര്യങ്ങളും രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും മഹല്ല് കമ്മിറ്റി നിർദേശിച്ചു. 

ലഹരിക്കേസുകളിൽ യുവാക്കൾ കൂടുതലായി ഉൾപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പടന്നക്കാട് അൻസാറുൽ ഇസ്‍ലാം ജമാഅത്ത് കമ്മിറ്റിശക്​തമായ നിലപാടുമായി രംഗത്തുവന്നത്. മുമ്പ് 2018 മാർച്ചിലും ലഹരിക്കേസുകളിൽ ഉൾപ്പെടുന്നവർക്കെതിരെ നടപടിയെടുത്തിരുന്നു. അന്ന് മഹല്ലിലെ രണ്ട് പേർക്കെതിരെ കമ്മിറ്റി നടപടിയെടുത്തു. 580 വീടുകളാണ് കമ്മിറ്റിക്കു കീഴിലുള്ളത്. 

വീണ്ടും ലഹരി മാഫിയ സജീവമായതോടെയാണ് മഹല്ല് കമ്മിറ്റി വീണ്ടും രം​ഗത്തെത്തിയത്. കുറച്ച് ദിവസം മുമ്പ് നാലുപേരെ മഹല്ലിലെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കുകയും ചെയ്തു. ലഹരിക്കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് നടപടിയെടുത്തത്.  ഇതുവരെ പത്തോളം പേർക്കെതിരെ നടപടിയെടുത്തു. മഹല്ല് കമ്മിറ്റിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് വിവിധ സംഘടനകൾ രംഗത്തെത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി കമ്മിറ്റിയെ അനുമോദിച്ചു. കമ്മിറ്റിയുടേത് മാതൃകാപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. 



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles