കോഴിക്കോട് :ബൈക്കു യാത്രക്കാരനെ കുത്തിപ്പരുക്കേൽപിച്ച് ഓടി മറഞ്ഞ പ്രതിയെ 2 മണിക്കൂറിനകം പൊലീസ് പിടികൂടി. ഇന്നലെ രാവിലെ 9നു പാവമണി റോഡിൽ കല്ലായി ഇരുനിലം ജംഷീറിനെ കുത്തിപ്പരുക്കേൽപിച്ച എടക്കാട് പാറമ്മൽ സ്വദേശി പ്രമോദിനെ (44)യാണു കസബ ഇൻസ്പെക്ടർ വിനോദ്, എസ്ഐ അബ്ദുൽ റസാഖ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുധർമൻ, സിപിഒ വിഷ്ണു പ്രഭ എന്നിവർ ചേർന്നു പിടികൂടിയത്.
ജംഷീർ സഞ്ചരിച്ച ബൈക്കിന്റെ കണ്ണാടി പ്രമോദിന്റെ ദേഹത്തു തട്ടിയെന്നാരോപിച്ചു തുടങ്ങിയ വാക്തർക്കത്തിനിടെ യാണു പ്രമോദ് കത്തിയെടുത്തു ജംഷീറിനെ കുത്തിയത്.ജംഷീറിനെ ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സംഘം പരിസരങ്ങളിൽ തിരച്ചിൽ നടത്തിയാണു പാവമണി റോഡിനു സമീപം മാക്കോലത്തു ലൈനിന് അടുത്തുള്ള ഒഴിഞ്ഞ വീട്ടിൽ ഒളിച്ചിരുന്ന പ്രമോദിനെ പിടികൂടിയത്. കുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. കലക്ടറുടെ കാറിന്റെ ചില്ല് അടിച്ചു പൊളിച്ചത്, പാളയത്തു പൊലീസുകാരനെ തലയ്ക്കടിച്ചു പരുക്കേൽപിച്ചത്, 2019 ലെ തിരഞ്ഞെടുപ്പു വേളയിൽ വോട്ടിങ് മെഷീൻ എടുത്ത് എറിഞ്ഞത് തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതിയാണു പ്രമോദ്.






