spot_img
Friday, May 1, 2026

5 വയസ്സുകാരിക്ക് വേദനയോടെ യാത്രാമൊഴി; കണ്ണീരണിഞ്ഞ് ജനാവലി



ആലുവ : കേരളത്തിനാകെ നൊമ്പരമായി ക്രൂരമായ പീഡനങ്ങൾക്കു വിധേയയായി കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിക്ക് വേദനയോടെ വിടചൊല്ലാൻ നാട്. കുട്ടി ഒന്നാം ക്ലാസിൽ പഠിച്ചിരുന്ന തായിക്കാട്ടുകര എൽപി സ്കൂളിൽ പൊതുദർശനം പൂര്‍ത്തിയായി. ഹൃദയഭേദകമായ നിമിഷങ്ങൾക്കാണ് സ്കൂൾ അങ്കണം സാക്ഷിയായത്. സഹപാഠികളും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. അമ്മമാർ അലറിക്കരഞ്ഞു. അൽപസമയത്തിനകം മൃതദേഹം കീഴ്മാട് പൊതുശ്മശാനത്തില്‍ സംസ്കരിക്കും.

അറസ്റ്റിലായ പ്രതി ബിഹാർ പരാരിയ സ്വദേശി അസഫാക് ആലത്തെ (28) രാവിലെ 11 മണിക്ക് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും. ഇയാൾക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ കുറ്റങ്ങൾക്കു പുറമേ ‘പോക്സോ’ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. ആലുവ തായിക്കാട്ടുകരയിൽനിന്നു വെള്ളിയാഴ്ച വൈകിട്ടു കാണാതായ ബിഹാർ സ്വദേശിയായ 5 വയസ്സുകാരിയെ ഇന്നലെ രാവിലെയാണ് ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ആലുവ മാർക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിനോടു ചേർന്ന് പുഴയോരത്തു ചാക്കിട്ടുമൂടി കല്ലുകൾ കയറ്റിവച്ച നിലയിലായിരുന്നു മൃതദേഹം. തായിക്കാട്ടുകര ഗാരിജിനു സമീപം ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടമായി കഴിയുന്ന കെട്ടിടത്തിലാണ് പെൺകുട്ടി മാതാപിതാക്കളും മൂന്നു സഹോദരങ്ങളുമൊത്തു താമസിച്ചിരുന്നത്.

2 ദിവസം മുൻപ് ഇവിടെ താമസിക്കാനെത്തിയ പ്രതി വെള്ളിയാഴ്ച പകൽ മൂന്നോടെയാണു കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ഇക്കാര്യം സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയതിനെത്തുടർന്ന് രാത്രി ഒൻപതിന് ആലുവ തോട്ടയ്ക്കാട്ടുകരയിൽനിന്നു പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, ഇയാളുടെ മൊഴികൾ പരസ്പരവിരുദ്ധമായിരുന്നു. കുട്ടിയെ ആർക്കെങ്കിലും കൈമാറിയിരിക്കാമെന്ന നിഗമനത്തിൽ സംസ്ഥാനത്തിന് പുറത്തും അന്വേഷണം വ്യാപിപ്പിച്ചു.

പണം വാങ്ങി സക്കീർ ഹുസൈൻ എന്നൊരാൾക്കു കുട്ടിയെ കൈമാറിയതായി ഇന്നലെ രാവിലെ പ്രതി പറഞ്ഞു. ഇയാളുടെ 2 സുഹൃത്തുക്കളെ കൂടി കസ്റ്റഡിയിലെടുത്തു. ഇതിനിടെ പൊലീസിനു ലഭിച്ച ഫോ‍ൺ കോൾ വഴിത്തിരിവായി. വെള്ളിയാഴ്ച കുട്ടിയെ പ്രതിക്കൊപ്പം കണ്ടതായി ആലുവ മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയാണ് അറിയിച്ചത്. പകൽ 11.45നു മാർക്കറ്റ് പരിസരത്ത് പെരിയാറിന്റെ തീരത്തോടു ചേർന്നു മൃതദേഹം കണ്ടെത്തി. കൊലപ്പെടുത്തിയതായി അതിനുശേഷമാണു പ്രതി സമ്മതിച്ചത്



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles