പാലക്കാട് : ദീർഘദൂര സർവീസ് നടത്തുന്ന കല്ലട ട്രാവൽസിന്റെ ബസ് പാലക്കാട് നിയന്ത്രണം വിട്ട് മറിഞ്ഞു. തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. അപകട സമയത്ത് 38 പേർ ബസിലുണ്ടായിരുന്നു. ഇവരിൽ രണ്ട് മരണം സ്ഥിരീകരിച്ചു.
മലപ്പുറം എടയത്തൂർ സ്വദേശി സൈനബാ ബീവിയാണ് മരിച്ച ഒരാൾ. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് സമീപത്തെ ആശുപത്രികളിലെത്തിക്കുകയായിരുന്നു.ചെർപ്ലശേരിക്ക് അടുത്തുള്ള സ്ഥലമാണ് തിരുവാഴിയോട്. ഇവിടെ ഇറക്കത്തിൽ വച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡിന് നടുവിൽ തന്നെ മറിയുകയായിരുന്നു. ഒരു സ്ത്രീയും പുരുഷനും ബസിനടിയിൽ പെട്ട് ഗുരുതരമായി പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് വിവരം






