പന്തീരാങ്കാവ്: പാലാഴിയിലും പെരുമണ്ണയിലും വിവിധ കവർച്ച കേസുകളിൽ മൂന്നു പേരെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. പാലാഴി പാലക്ക് സമീപം ഹൈലൈറ്റ് മാൾ ജീവനക്കാരൻ താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. വീട് കുത്തിത്തുറന്ന് അലമാരി പൊളിച്ച് സ്വർണനാണയങ്ങളും രണ്ട് മൊബൈൽ ഫോണുകളും 3000 രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.പാലാഴിയിൽ വീട്ടിൽ കവർച്ച നടത്തിയ കുറ്റിക്കാട്ടൂർ കരിക്കണ്ടി മീത്തൽ പി. അജുൽ (20), പാലാഴി വടക്കേച്ചാലിൽ വി.സി. അഭിനവ് (23) എന്നിവരാണ് പിടിയിലായത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.പന്തീരാങ്കാവ് എസ്.ഐ ടി.വി ധനഞ്ജയദാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി. ശ്രീജിത്ത്, പി. പ്രമോദ് തുടങ്ങിയവരുൾപ്പെടുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
പെരുമണ്ണയിൽ മൊബൈൽ ഷോപ്പിലും വീട്ടിലും ആരാധനാലയങ്ങളിലുമാണ് മോഷണം നടന്നത്. തിങ്കളാഴ്ച പുലർച്ച നാലോടെ പെരുമണ്ണ വെള്ളായിക്കോട് റോഡിലുള്ള മാളിയക്കൽ ഷിജിലാസിന്റെ ഉടമസ്ഥതയിലുള്ള മാളിയക്കൽ ഡിജിറ്റൽസ് മൊബൈൽ ഷോപ്പിന്റെ മുൻവശത്തെ കൗണ്ടറിന്റെ ഗ്ലാസ് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 25000 ത്തോളം രൂപ നഷ്ടമായി.
കൗണ്ടറിലെ സി.സി.ടി.വി കാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. കടയുടെ ഷട്ടർ തുറക്കാതെ മോഷ്ടാവ് തിരിച്ചുപോവുകയായിരുന്നു. അറത്തിൽ പറമ്പ് പീടികണ്ടി ഷാഹിതയുടെ വീട്ടിൽ ജനൽ പാളിയിലൂടെ കൈയിട്ടു ചാർജ് ചെയ്യാൻ വെച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ചിട്ടുണ്ട്. പേഴ്സിലുണ്ടായിരുന്ന പണവും കവർന്നു.
ഈ വീടിന് തൊട്ടടുത്ത് അമ്പലക്കണ്ടി മുരളീധരന്റെ വീട്ടിൽ ഒരാഴ്ച മുമ്പാണ് വീട്ടിലേക്ക് കയറി അകത്തിരുന്ന കുഞ്ഞിന്റെ കൈയിൽനിന്നും മൊബൈൽ തട്ടിപ്പറിച്ച് ഓടിയത്. അറത്തിൽപറമ്പ് പള്ളിയിലെ നേർച്ചപ്പെട്ടിയും കഴിഞ്ഞദിവസം നഷ്ടപ്പെട്ടിരുന്നു. പൊയിൽ താഴത്ത് പള്ളിയിലും വെള്ളായിക്കോട് ജുമാഅത്ത് പള്ളിയിലും കഴിഞ്ഞ ദിവസം പകൽ നടന്ന മോഷണങ്ങളിൽ പണം നഷ്ടമായിട്ടുണ്ട്.മൊബൈൽ കടയിലെ മോഷണത്തിൽ പെരുമണ്ണ തെക്കേപ്പാടം സ്വദേശി വായോളി സൽമാ(24)നെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. എസ്.ഐ പി. സൂരജിന്റെ നേതൃത്വത്തിൽ അരുൺ, രഞ്ജിഷ്, വിഷ്ണു, സബീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.






