കൊച്ചി: സിനിമ റിവ്യൂ ബോംബിങ് തടയാന്‍ കടുത്ത നടപടികളുമായി നിര്‍മാതാക്കളുടെ സംഘടനയും ഫെഫ്കയും. സിനിമയുടെ റിവ്യുവില്‍ പരാതിയുള്ളവര്‍ക്കെല്ലാം നിയമസഹായം നല്‍കുമെന്ന് ഫെഫ്ക അറിയിച്ചു. റിവ്യൂവിന്‍റെ പേരിലുള്ള ക്രിമിനല്‍ പ്രവര്‍ത്തികള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അതേസമയം, റിവ്യൂകള്‍ക്ക് വിലക്കോ സമയപരിധിയോ ഏര്‍പ്പെടുത്താന്‍ ഉദ്ദേശമില്ലെന്നും ഈ രംഗത്തെ അനാരോഗ്യകരമായ പ്രവണതകള്‍ തടയുക മാത്രമാണ് ലക്ഷ്യമെന്നുമാണ് ഫെഫ്ക വ്യക്തമാക്കുന്നത്. സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിനുശേഷം സിനിമ റിവ്യൂ സംബന്ധിച്ച പരാതികളില്‍ നിയമസഹായം ഉള്‍പ്പെടെ നല്‍കുന്നതിനായി സംയുക്ത സമിതി രൂപവത്കരിക്കാനും തീരുമാനിച്ചു.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്തുള്ളവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യാനും നിര്‍മാതാക്കളുടെ സംഘടനയുടെ അക്രെഡിറ്റേഷന്‍ നിര്‍ബന്ധമാക്കാനും ഇരു സംഘടനകളും തീരുമാനിച്ചു. റിവന്യൂ ബോംബിങിന്‍റെ പശ്ചാത്തലത്തില്‍ സിനിമകളുടെ പ്രമോഷനടക്കം പ്രോട്ടോക്കോള്‍ കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് നടപടി. സിനിമ റിവ്യൂവിന്‍റെ പേരില്‍ ചിലര്‍ ഓരോ സിനിമയുടെയും പരാജയങ്ങള്‍ക്ക് വഴിയിടുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ പ്രോട്ടോക്കോളിന് നിര്‍മാതാക്കള്‍ രൂപം നല്‍കുന്നത്. ഇതുപ്രകാരം ഓണ്‍ലൈന്‍ സിനിമ പ്രമോട്ട് ചെയ്യുന്നവരെ നിര്‍മാതാക്കളുടെ സംഘടന ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും.
നിര്‍മാതാക്കളുടെ സംഘടനയുടെ അക്രഡിറ്റേഷന്‍ ഇവര്‍ക്ക് നിര്‍ബന്ധമാക്കും. മികവും അംഗീകാരവും പ്ലാറ്റ്ഫോമുകളുടെ റീച്ചും ഉള്‍പ്പെടെ കണക്കാക്കിയാകും അക്രഡിറ്റേഷന്‍ നല്‍കുക. ഇവരെ മാത്രമായിരിക്കും സിനിമ പ്രമോഷനില്‍ സഹകരിപ്പിക്കുക.അതേസമയം, സിനിമ റിവ്യൂകള്‍ക്ക് വിലക്കോ, സമയപരിധിയോ ഏര്‍പ്പെടുത്തുന്ന ജനാധിപത്യ വിരുദ്ധ നിലപാടിനോട് യോജിപ്പില്ലെന്നും എന്നാല്‍, റിവ്യൂവിന്‍റെ പേരില്‍ വ്യക്തിപരമായ അധിക്ഷേപവും ജാതീയവും വംശീയവും ലിംഗഭേദപരവുമായ ആക്ഷേപങ്ങള്‍ നടത്തുന്നതും മറ്റു ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ഫെഫ്കയും നിര്‍മാതാക്കളുടെ സംഘടനയും വ്യക്തമാക്കി.






