spot_img
Thursday, May 14, 2026

വി.ഡി. സതീശൻ കേരള മുഖ്യമന്ത്രി



ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമം. വിഡി സതീശന്‍ കേരള മുഖ്യമന്ത്രി. എംഎല്‍എമാരുടെ പിന്തുണയ്ക്കപ്പുറം സംസ്ഥാനത്തിന്റെ ജനഹിതം കൂടി കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് തീരുമാനം. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് ഇക്കാര്യം ‍ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്.മുഖ്യമന്ത്രിയുട‌െ സത്യപ്രതിജ്ഞ ഞായറാഴ്ചയുണ്ടാവുമെന്നാണു സൂചന. തീരുമാനം കെ.സി. വേണുഗോപാലിനെ രാഹുൽ ഗാന്ധി അറിയിച്ചതായാണ് വിവരം. തൊട്ടുപിന്നാലെ രമേശ് ചെന്നിത്തലയ്ക്കും രാഹുലിന്റെ ഫോൺകോളെത്തി. കൊച്ചിയിൽ നിന്നും രാവിലെ യാത്ര തിരിച്ച വി.ഡി. സതീശൻ നിലവിൽ‌ കൊല്ലം പിന്നിട്ടു. രമേശ് ചെന്നിത്തല വീട്ടിനുള്ളിലെ മുറിയിലാണ്. അദ്ദേഹത്തിനൊപ്പം ജ്യോതികുമാർ ചാമക്കാലയും അൻവർ സാദത്ത് എംഎൽഎയും ഉണ്ട്. ഇന്ന് രാവിലെ ന്യൂഡൽഹിയിൽവച്ച് രാഹുൽ ഗാന്ധിയുമായി കെ.സി.വേണുഗോപാൽ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുലിന്റെ വസതിയിൽവച്ച് ഒന്നര മണിക്കൂറോളം ഇരുവരും ചർച്ച നടത്തി

ചാർട്ടേഡ് വിമാനത്തിൽ കേന്ദ്ര നിരീക്ഷകരും ദീപാദാസ് മുൻഷിയും തിരുവനന്തപുരത്തെത്തും. വിമാനം 4 മണിക്കാണ് തിരുവനന്തപുരത്ത് എത്തുന്നത്. കെ.സി.വേണുഗോപാൽ അതിലുണ്ടാവില്ലെന്നാണു വിവരം. വിമാനം ലാൻഡ് ചെയ്യാൻ എയർപോർട്ട് അധികൃതരോട് അനുവാദം ചോദിച്ചു. ഇതോടെ നിയമസഭാ കക്ഷി യോഗം നീളുമെന്ന് ഉറപ്പായി. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം അറിയിക്കാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഗവർണറോട് സമയം ചോദിച്ചു. എപ്പോൾ വേണമെങ്കിലും എത്താമെന്നും ലോക്ഭവനിൽ ഉണ്ടാകുമെന്നുമായിരുന്നു ഗവർണറുടെ മറുപടി.

തീരുമാനം അംഗീകരിക്കുന്നു; സതീശന് അഭിനന്ദനം: കെ.സിഹൈക്കമാൻഡിന്റെ തീരുമാനം ശിരസാവഹിക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ. ‘‘ഞാൻ അടിയുറച്ച കോൺഗ്രസുകാരനാണ്. ഈ സർക്കാരിന് എല്ലാവിധ പിന്തുണയും കൊടുക്കും. പല സംസ്ഥാനങ്ങളിലും ഇത്തരം തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നയാളാണ് ഞാൻ. കേരളം ആയതുകൊണ്ടാണ് ഞാൻ മാറിനിൽക്കുന്നത്. നേതൃത്വം എല്ലാ വശങ്ങളും ആലോചിച്ചായിരിക്കും തീരുമാനം എടുത്തിട്ടുണ്ടാകുക. കോൺഗ്രസിൽ ഒരു പ്രശ്നം ഉണ്ടാക്കാൻ ആർക്കുമാകില്ല. സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനം’’ – കെ.സി. വേണുഗോപാൽ ഡൽഹിയിൽ അറിയിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles