തൊടുപുഴ: അരുമയായി വളർത്തിയ 13 കന്നുകാലികൾ കൺമുന്നിൽ ചത്തുവീണതിന്റെ സങ്കടക്കടലിലാണ് ഈ കുട്ടിക്കർഷകൻ. വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു ബെന്നി (15) എന്ന പത്താംക്ലാസുകാരൻ വളർത്തിയ പശുവും കിടാവും മൂരിയും ഉൾപ്പെടെ 13 കന്നുകാലികളാണു ഭക്ഷ്യവിഷബാധ മൂലം ചത്തത്. അമ്മ ഷൈനിയും ചേട്ടൻ ജോർജും അനുജത്തി റോസ്മേരിയും ഉൾപ്പെട്ട കുടുംബത്തിന്റെ ഏക ഉപജീവനമാർഗവുമായിരുന്നു ഈ കന്നുകാലികൾ.
അത്യാഹിതം കണ്ടു തളർന്നു വീണ മാത്യുവിനെയും ഷൈനിയെയും റോസ്മേരിയെയും ഞായറാഴ്ച രാത്രി മൂലമറ്റത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. ഇന്നലെ ഇവർ വീട്ടിലേക്കു മടങ്ങി. മൂന്നു വർഷം മുൻപു പിതാവ് ബെന്നിയുടെ മരണശേഷമാണ് മാത്യു കന്നുകാലികളുടെ പരിപാലനം ഏറ്റെടുത്തത്. തീറ്റയായി നൽകിയ കപ്പത്തൊണ്ടിലെ സയനൈഡ് വിഷമാണു കന്നുകാലികളുടെ മരണകാരണമെന്നു ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ജെസി സി.കാപ്പന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിൽ സ്ഥിരീകരിച്ചു.
ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കന്നുകാലികൾക്കു കപ്പത്തൊണ്ട് (കപ്പയുടെ തൊലി) തീറ്റയായി നൽകിയത്. അരമണിക്കൂറിനുള്ളിൽ അവ തൊഴുത്തിൽ തളർന്നു വീണു. പരവേശം കാണിച്ച കന്നുകാലികളെ തൊഴുത്തിൽനിന്ന് അഴിച്ചുവിട്ടു. ഇറങ്ങിയോടിയവ സമീപത്തെ റബർ മരങ്ങളുടെ ചുവട്ടിലും തോട്ടിലും ബാക്കിയുള്ളവ തൊഴുത്തിലുമായി ചത്തുവീണു. 2 പശുക്കൾ ഗുരുതരാവസ്ഥയിലാണ്.
സഹായവുമായി ജയറാമും മമ്മൂട്ടിയും പൃഥ്വിരാജും
ഭക്ഷ്യ വിഷബാധയേറ്റ് 13 കന്നുകാലികൾ നഷ്ടമായ കുട്ടിക്കർഷകന് സഹായവുമായി സുമനസുകൾ. നടൻ മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകുമെന്നും അറിയിച്ചു. പി.ജെ.ജോസഫ് എംഎൽഎ ഒരു പശുവിനെ നൽകുമെന്നും അറിയിച്ചു. അബ്രഹാം ഓസ് ലര്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരും നടന്‍ ജയറാമും സഹായം നല്‍കുമെന്ന് രാവിലെ അറിയിച്ചിരുന്നു. ഇതനുസരിച്ച് പത്താം ക്ലാസ് വിദ്യാർഥിയായ വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യുബെന്നിയെയും കുടുംബത്തെയും സന്ദർശിച്ച ജയറാം ചെക്ക് കൈമാറി.
ഇവർ അനുഭവിച്ച സമാന അനുഭവം ആറ് വർഷം മുമ്പ് അനുഭവിച്ചതാണെന്ന് ജയറാം പറഞ്ഞു. ‘‘ ഒരു ദിവസം പെട്ടെന്ന് ഒരു കിടാവ് വീണു വയറ് വീർത്തു ചത്തു. 22 പശുക്കളാണ് രാവിലെ മുതൽ വൈകിട്ടു വരെയുള്ള സമയത്തിൽ ചത്തത്. വിഷമുള്ള യാതൊരു ഭക്ഷണവും പശുക്കൾക്ക് കൊടുത്തിരുന്നില്ല. അതിനാൽ എങ്ങനെയാണ് സംഭവിച്ചതെന്ന് അറിയില്ല. വിഷാംശമാണ് മരണകാരണമെന്നാണ് പരിശോധനാ ഫലങ്ങളിൽ നിന്ന് കണ്ടെത്തി. പശുക്കളെ ഞാനും ഭാര്യയും മക്കളും നേരിട്ട് പോയി കണ്ടാണ് വാങ്ങിയിരുന്നത്. അവയ്ക്കെല്ലാം പേരിട്ടത് എന്റെ മോളും മോനുമാണ്. 22 പശുക്കളെയും ജെസിബി കൊണ്ടുവന്ന് കുഴിച്ചുമൂടുന്ന സമയത്താണ് ഞാനും എന്റെ ഭാര്യയും ഏറ്റവും കൂടുതൽ കരഞ്ഞത്. ഈ രണ്ട് മക്കളുടെ കാര്യവും അതാണ്. രാവിലെ പത്രം തുറന്നപ്പോൾ സഹിക്കാൻ പറ്റിയില്ല.
‘‘അബ്രഹാം ഓസ്‌ലർ സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ചെയ്യാനിരുന്നത് നാളെയാണ്. പൃഥ്വിരാജായിരുന്നു ലോഞ്ച് ചെയ്യാനിരുന്നത്. രാവിലെ ഞാൻ പൃഥ്വിരാജിനെയും നിർമാതാവിനെയും സംവിധായകനെയും വിളിച്ചു. നാളെത്തെ പരിപാടി മാറ്റിയാൽ ഒരു അഞ്ച് ലക്ഷം രൂപ മാറ്റിവയ്ക്കാനാകും. ആ തുക ഉപയോഗിച്ച് ഈ കുട്ടികൾക്ക് ഒരു പത്ത് പശുവിനെ എങ്കിലും മേടിക്കാൻ സാധിച്ചാൽ വലിയ കാര്യമാണ്. ആ തുക കൈമാറാനാണ് വന്നത്. എല്ലാം ശരിയാകും. ഇവിടെ തന്നെ ഒരു നൂറ് പശുക്കളെ വളർത്താനുള്ള തൊഴുത്ത് ദൈവം ഉണ്ടാക്കിത്തരും. കൃഷ്ണഗിരിക്ക് വരികയാെണങ്കിൽ ഞാനും കൂടെ വരാം. ഞാൻ അവിടെ നിന്നാണ് പശുക്കളെ എടുക്കുന്നത്. ഇവിടെ 70,000 രൂപ വരുന്ന എച്ച്എഫ് പശുവിനെ അവിടെ 40,000 രൂപയ്ക്ക് കിട്ടും’’. ജയറാം പറഞ്ഞു. തുടർന്ന് ചെക്കും കൈമാറിയശേഷമാണ് അദ്ദേഹം മടങ്ങിയത്.






