കോഴിക്കോട്: ആംബുലൻസ് ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി മോട്ടർ വാഹന വകുപ്പ് ജില്ലയിൽ നടപടി തുടരുന്നു. ‘സേഫ്റ്റി ടു സേവ് ലൈഫി’ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 24 ആംബുലൻസുകൾക്കെതിരെ നിയമ നടപടിയെടുത്തു.ഇത്തരം വാഹനങ്ങളിൽ വിവിധ നിയമ ലംഘനത്തിന്റെ പേരിൽ 46,500 രൂപ പിഴ ഈടാക്കിയതായി മോട്ടർ എൻഫോഴ്സ്മെന്റ് ആർടിഒ ബി.ഷഫീഖ് അറിയിച്ചു. കഴിഞ്ഞ ദിവസം രാമനാട്ടുകരയിൽ മോട്ടർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഫിറ്റ്നസും ടാക്സും ഇല്ലാത്ത ആംബുലൻസുകൾ പിടികൂടിയിരുന്നു.
അമിത ലൈറ്റ് ഉപയോഗിക്കുന്നവയുടെയും നിയമവിരുദ്ധ രൂപ മാറ്റം നടത്തിയവയുടെയും ഫിറ്റ്നസ് റദ്ദ് ചെയ്യുമെന്നും ആർടിഒ പറഞ്ഞു. ഓട്ടോറിക്ഷ ഡ്രൈവർമാരുടെ മോശം പെരുമാറ്റം, അമിത നിരക്ക് ഈടാക്കൽ എന്നിവയുമായി ബന്ധപ്പെട്ട പരാതിയിൽ എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തി. ഫ െയർ മീറ്ററുകൾ വിഛേദിച്ചും അനാവശ്യ ലൈറ്റ് ഘടിപ്പിച്ചും അധിക ഹോൺ ഉപയോഗിച്ചും രൂപമാറ്റം വരുത്തിയ 38 ഓട്ടോറിക്ഷകൾക്കെതിരെ നടപടി എടുത്തു. 54,250 രൂപ പിഴ ഈടാക്കി. വെങ്ങാലി പാലത്തിൽ അപകടകരമായ രീതിയിൽ വാഹനങ്ങളെ മറികടന്ന ‘റമീസ്’ ബസ് ഡ്രൈവർ കെ.സുമേഷിന്റെയും കാൽനട യാത്രക്കാർക്ക് അപകടം വരുത്തും വിധം സീബ്രാ ലൈനിൽ നിർത്താതെ വാഹനം ഓടിച്ച ബസ് ഡ്രൈവർ എം.പ്രജീഷിന്റെയും ലൈസൻസ് 3 മാസം സസ്പെൻഡ് ചെയ്തു






