മലപ്പുറം: മലപ്പുറത്ത് വ്യാപക പരിശോധന തുടർന്ന എൻഫോഴ്സ്മെന്റ് നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്ന് 30 ഓളം സ്കൂൾ ബസുകൾക്കെതിരെ കേസെടുക്കുകയും 87,000 രൂപ പിഴയടക്കാൻ നിർദേശിക്കുകയും ചെയ്തു. മലപ്പുറം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പി.എ. നസീറിന്റെ നിർദേശത്തെ തുടർന്നാണ് തുടർച്ചയായ രണ്ടാം ദിവസവും തിരൂർ, പൊന്നാനി, തിരൂരങ്ങാടി, ഏറനാട്, പെരിന്തൽമണ്ണ, നിലമ്പൂർ താലൂക്കുകളിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 10 ഓളം സ്കൂളുകൾ കേന്ദ്രീകരിച്ച് മലപ്പുറം എൻഫോഴ്സ്മെന്റ് വിഭാഗം തിരൂർ, പൊന്നാനി, തിരൂരങ്ങാടി, പെരിന്തൽമണ്ണ, ഏറനാട് സ്ക്വാഡുകൾ സംയുക്തമായി സ്കൂൾ ബസുകൾ പരിശോധിച്ചത്.
ഫിറ്റ്നസില്ലാതെ സർവിസ് നടത്തിയ നാല് സ്കൂൾ ബസുകളും ടാക്സ് അടക്കാത്ത 15 സ്കൂൾ ബസുകളും അഗ്നിശമന ഉപകരണമില്ലാത്ത നാല് വാഹനങ്ങൾ ഉൾപ്പടെ 30 ഓളം സ്കൂൾ ബസുകൾക്കെതിരെയാണ് മോട്ടോർ വാഹന നിയമപ്രകാരം നടപടി എടുത്തത്.കഴിഞ്ഞ ആറു മാസമായി നികുതി അടക്കാതെയും പെർമിറ്റ് ഇല്ലാതെയും സർവിസ് നടത്തിയ രണ്ട് സ്വകാര്യ ബസുകൾ പാണ്ടിക്കാട് ബസ് സ്റ്റാൻഡിൽനിന്ന് പെരിന്തൽമണ്ണ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി കസ്റ്റഡിയിലെടുത്തു.
രണ്ട് ലക്ഷത്തോളം രൂപ നികുതി കൂടിശ്ശിക ഈ വാഹനങ്ങൾക്കുണ്ട്. വാഹന പരിശോധനകൾക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ബിനോയ് കുമാർ, അരുൺ, അസൈൻ, ജയചന്ദ്രൻ, പ്രമോദ് ശങ്കർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ അബിൻ ചാക്കോ, പ്രേംകുമാർ, അബ്ദുൽ കരീം, രാജേഷ്, അജീഷ്, സലീഷ്, വിജേഷ്, ഡിബിൻ, മനോഹരൻ, ഷൂജ, വിഷ്ണു എന്നിവർ നേതൃത്വം നൽകി.






