കോഴിക്കോട് : നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ഒരു എ.ഐ. ക്യാമറയിൽ ഒരുമാസം പതിയുന്നത് ആറായിരത്തോളം നിയമലംഘനങ്ങൾ. ക്യാമറസ്ഥാപിച്ച ആദ്യകാലങ്ങളിൽ വാഹനയാത്രക്കാർ കാണിച്ച ജാഗ്രത ഇപ്പോൾ കുറഞ്ഞിട്ടുണ്ടെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ആർ.ടി.ഒ. വൃത്തങ്ങൾ പറഞ്ഞു.53-ക്യാമറകളാണ് നഗരത്തിന്റെ വിവിധഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ ഒന്നുമാത്രമേ നിലവിൽ പ്രവർത്തിക്കാത്തള്ളൂ. കടൽക്കാറ്റേറ്റ് ഫ്രെയിം ഇളകിയതുകൊണ്ട് ബീച്ച്‌റോഡിൽ സ്ഥാപിച്ച ക്യാമറ റിപ്പയറിലാണ്. അടുത്തുതന്നെ അതും പ്രവർത്തനസജ്ജമാവും.
ട്രാഫിക് നിയമലംഘനം നടത്തുന്നവർക്ക് നിയമപരമായി നോട്ടീസയയ്ക്കാൻ അത് നിയന്ത്രിക്കുന്ന കെൽട്രോൺ കാലതാമസം വരുത്തുന്നുണ്ട്. അവർക്ക് ലഭിക്കേണ്ട തുക കുടിശ്ശികയായതാണ് കാരണം. അതുകൊണ്ട് പിഴ സമയത്തിന് ഈടാക്കാനും കാലതാമസം വരുന്നു. ക്യാമറകൾ ശരിയായി പ്രവർത്തിക്കാത്തതു കൊണ്ടല്ല പിഴത്തുകയിൽ കുറവുവരുന്നതെന്നും ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
മഴയ്ക്കുശേഷം പല ക്യാമറകളും ശരിയായി പ്രവർത്തിക്കുന്നില്ല എന്ന മട്ടിലുള്ള പ്രചാരണം നടന്നിരുന്നു. അത് ശരിയല്ലെന്നും കൺട്രോൾ റൂമുമായി ബന്ധമുള്ള 52 ക്യാമറകൾക്ക് ഇപ്പോൾ യാതൊരു തകരാറുമില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.കെൽട്രോൺ വഴിയുള്ള എ.ഐ. ക്യാമറയിൽ നിയമലംഘകർക്ക് നോട്ടീസ് കിട്ടാൻ വൈകുന്നത് സിസ്റ്റത്തിന്റെ തകരാറായിക്കണ്ട് അയഞ്ഞ സമീപനം കൈകൊള്ളുന്ന വാഹന ഓട്ടക്കാർ കൂടിയിട്ടുണ്ടെന്നും അവരൊക്കെ അപ്പപ്പോൾ ക്യാമറയിൽ കുടുങ്ങുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനുപുറമേ മോേട്ടാർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പിറകിൽനിന്ന് ഫോട്ടോ എടുത്ത് നിയമലംഘകരെ പിടികൂടുന്നുണ്ട്. ഹെൽമറ്റില്ലാതെ സഞ്ചരിക്കുന്നവരാണ് ഇതിൽ ഏറെയും കുടുങ്ങുന്നത്






