spot_img
Thursday, April 16, 2026

വനം, വന്യജീവി നിയമം കാലോചികമായി പരിഷ്‌ക്കരിക്കണം: യു.ഡി.എഫ്



കല്‍പ്പറ്റ: വയനാട്ടിലെ കർഷകരുടെ ജീവനും സ്വത്തിനും രക്ഷ നല്‍കാൻ നിലവിലെ വനം വന്യജീവി നിയമം കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് ജില്ലാ യു.ഡി.എഫ് കണ്‍വീനർ കെ കെ വിശ്വനാഥൻ ആവശ്യപ്പെട്ടു.

ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ വനം വന്യജീവി നിയമമാണ് ഇപ്പോഴും നിലവിലുള്ളത്. വന്യമൃഗങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധന അന്നത്തേക്കാള്‍ എത്രയോ ഇരട്ടിയാണ്. കർഷകരുടെ സ്വൈര്യജീവിതം ഉറപ്പാക്കാനും, അവരുടെ ജീവനും സ്വത്തിനും രക്ഷ നല്‍കാനുമുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്റേതാണ്. കേന്ദ്രത്തെ കുറ്റം പറഞ്ഞ് സർക്കാരിന് ഇതില്‍ നിന്നും രക്ഷപ്പെടാനാവില്ല.

അടുത്തകാലത്താണ് ഒരാളുടെ ജീവനെടുത്ത കാട്ടാനയെ ഷിമോഗയിലും, പന്തല്ലൂരിനടുത്ത് ഒരു കുട്ടിയുടെ ജീവനെടുത്ത കടുവയെയും അതാത് സർക്കാരുകള്‍ വെടിവച്ച്‌ കൊന്നത്. മൃഗങ്ങളുടെ ജീവൻ രക്ഷിക്കാൻ എല്ലാ പഴുതുകളും നോക്കുന്ന സർക്കാർ മനുഷ്യജീവന് അല്‍പ്പം പോലും വില കല്‍പ്പിക്കാത്തത് കാടത്തമാണ്.

വയനാട്ടിലെ കർഷകർ വന്യമൃഗശല്യം മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒന്നും കൃഷി ചെയ്യാൻ കഴിയുന്നില്ലെന്ന് മാത്രമല്ല, കുലയ്ക്കാറായ തെങ്ങും കമുകും മുഴുവൻ കാട്ടാനകള്‍ പിഴുതെറിയുകയാണ്.കിഴങ്ങുവർഗങ്ങളാണെങ്കില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെയെത്തി നശിപ്പിക്കുകയാണ്.

ഇതിനൊപ്പം മാൻ, കുരങ്ങ്, മയില്‍ എന്നിങ്ങനെയുള്ളവയും കൃഷിയിടത്തില്‍ ശല്യക്കാരാണ്. ആനയെയും കടുവയെയും കാട്ടുപോത്തിനെയും ഭയന്ന് കുട്ടികളെ സ്‌കൂളിലയക്കാൻ പോലും ഭയമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും രൂക്ഷമായ പ്രശ്നങ്ങള്‍ ജില്ലയിലുണ്ടായിട്ടും ജില്ലയുടെ ചുമതലക്കാരൻ കൂടിയായ വനം മന്ത്രിയും മുഖ്യമന്ത്രിയും അനാഥരായ കുടുംബങ്ങളെ കാണാനോ ആശ്വസിപ്പിക്കാനോ തയ്യാറാകാത്തത് അപലപനീയമാണ്.

ആദിവാസികള്‍ക്ക് ഭൂമി നല്‍കാൻ എന്ന പേരില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കാട് വെട്ടിതെളിച്ചത് മൂലമുണ്ടായ വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയില്‍ വന്ന മാറ്റവും കാട്ടാനയുള്‍പ്പെടെയുള്ള മൃഗങ്ങള്‍ ജനവാസകേന്ദ്രത്തിലേക്കും കൃഷിയിടത്തിലേക്കും ഇറങ്ങാൻ കാരണമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായി യു ഡി എഫ് കർഷകസംഘടനകളുമായി ചേർന്ന് അതിശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഇതിന്റെ ഭാഗമായി നാളെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles