തിരുവനന്തപുരം: സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡിയുള്ള13 അവശ്യസാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ ദിവസമാണ് സബ്സിഡി സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇതുസംബന്ധിച്ച ഉത്തരവിറങ്ങുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി അറിയിച്ചിരുന്നു.
ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വര്‍ധിക്കുക. എട്ട് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്.
പൊതു വിപണിയിലേതിന്‍റെ 35 ശതമാനം സബ്സിഡി നൽകുന്ന തരത്തിലാണ് വിലകൾ പുതുക്കി നിശ്ചയിച്ചത്. സബ്സിഡി വില 35 ശതമാനം കുറവിൽ നിജപ്പെടുത്തിയാൽ പൊതുവിപണിയിൽ 1446 രൂപയ്ക്ക് ലഭിക്കുന്ന സാധനങ്ങൾ 940 രൂപയ്ക്ക് ഗുണഭോക്താവിന് ലഭിക്കും. ഇതിലൂടെ 506 രൂപയുടെ സബ്സിഡി ആനുകൂല്യങ്ങൾ ഗുണഭോക്താവിന് ലഭിക്കും. ഈ സംവിധാനം സുസ്ഥിരവും ശാശ്വതവുമായി നിലനിർത്തുന്നതിന് സബ്സിഡി വിലകൾ ശാസ്ത്രീയമായും യുക്തിസഹമായും പരിഷ്കരിക്കേണ്ടത് അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
2014-ൽ ആണ് ഒടുവിൽ സബ്സിഡി സാധനങ്ങളുടെ വില പരിഷ്ക്കരിച്ചത്. അതിനുമുമ്പ് 2013 ഓഗസ്റ്റ്, 2014 ഓഗസ്റ്റ്, 2014 നവംബർ, 2014 ഡിസംബർ എന്നീ മാസങ്ങളിൽ വിലകൾ പുതുക്കി നിശ്ചയിക്കുകയുണ്ടായി. കഴിഞ്ഞ 10 വർഷക്കാലമായി പൊതുവിപണിയിൽ ഉണ്ടായ വില വ്യത്യാസത്തിന്റെ ഫലമായി നിലവിലുള്ള പൊതുവിപണി വിലയും സബ്സിഡി വിലയും തമ്മിൽ വലിയ വ്യത്യാസമാണുണ്ടായത്. ഇതുമൂലം ഭീമമായ ബാധ്യതയാണ് സപ്ലൈകോയ്ക്ക് വന്നത്.
പ്രതിമാസം ശരാശരി 35-40 ലക്ഷം കുടുംബങ്ങൾ സപ്ലൈകോയിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നുണ്ട്. വിപണി ഇടപെടൽ പ്രവർത്തനങ്ങളിലൂടെ സപ്ലൈകോയ്ക്ക് പ്രതിമാസം ശരാശരി 35 കോടി രൂപയുടെയും പ്രതിവർഷം ശരാശരി 425 കോടി രൂപയുടെയും സബ്സിഡി ബാധ്യതയാണ് ഉണ്ടാകുന്നത്.






