spot_img
Saturday, August 1, 2026

റെഡ് അലര്‍ട്ട്, കോഴിക്കോട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക് പ്രഖ്യാപിച്ച്‌ കളക്ടറുടെ ഉത്തരവ്, ജലാശയങ്ങളിലും ജാഗ്രത



കോഴിക്കോട്: അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്കേർപ്പെടുത്തി ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി ഉത്തരവിറക്കി.ശക്തമായ മഴ തുടരുകയും ജലാശയങ്ങളില്‍ ജലനിരപ്പും നീരൊഴുക്കും അപകടകരമായി ഉയരുകയും ചെയ്ത സാഹചര്യത്തില്‍ കക്കയം, കരിയാത്തുംപാറ ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ജലാശയങ്ങളിലേക്കും വിനോദസഞ്ചാരികളുടെയും പൊതുജനങ്ങളുടെയും പ്രവേശനം വിലക്കിയാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കളക്ടര്‍ ഉത്തരവിറക്കിയത്. ജില്ലയില്‍ തുടര്‍ച്ചയായി രണ്ട് ദിവസം ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിക്കുന്നതുവരെ വിലക്ക് തുടരുമെന്നും എം എസ് മാധവിക്കുട്ടിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.ജലാശയങ്ങളില്‍ ജാഗ്രതപുഴകള്‍, അരുവികള്‍, തടയണകള്‍, ജലാശയങ്ങള്‍ എന്നിവയില്‍ ഇറങ്ങുന്നതും മീന്‍പിടിത്തം, കുളി, നീന്തല്‍, ട്രക്കിങ് തുടങ്ങിയ അപകടസാധ്യതയുള്ള പ്രവര്‍ത്തനങ്ങളും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവേശന കവാടങ്ങള്‍ അടച്ചിടാനും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ പൊലീസിനും വനം വകുപ്പിനും ഡി ടി പി സിക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും ബന്ധപ്പെട്ട മറ്റു നിയമങ്ങള്‍ പ്രകാരവും നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.താമരശ്ശേരിയില്‍ നിയന്ത്രണംഅതേസമയം വയനാട് ജില്ലയിലെ ലക്കിടി, വൈത്തിരി മേഖലകളില്‍ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് കര്‍ശന നിയന്ത്രണവും കോഴിക്കോട് കളക്ടർ ഏര്‍പ്പെടുത്തി. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, പാറകള്‍ അടര്‍ന്നുവീഴല്‍ എന്നിവക്കുള്ള സാധ്യത കണക്കിലെടുത്താണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി ഗതാഗത നിയന്ത്രണ ഉത്തരവിറക്കിയത്. താമരശ്ശേരി ചുരം വഴി ഹെവി വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ ലോറികള്‍, ട്രെയിലറുകള്‍, ഭാരവാഹനങ്ങള്‍ എന്നിവയുടെ ഗതാഗതം നിരോധിച്ചു. ഇത്തരം വാഹനങ്ങള്‍ കുറ്റ്യാടി ചുരം അല്ലെങ്കില്‍ നാടുകാണി ചുരം വഴി പോകണം. വിനോദസഞ്ചാര വാഹനങ്ങള്‍, അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങള്‍ എന്നിവക്ക് താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കുള്ള പ്രവേശനവും താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്. അതേസമയം കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങള്‍, ആംബുലന്‍സുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്, സിവില്‍ ഡിഫന്‍സ്, പൊലീസ് വാഹനങ്ങള്‍, അവശ്യദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നേരിട്ട് നിയോഗിച്ചിട്ടുള്ള വാഹനങ്ങള്‍ എന്നിവക്ക് നിയന്ത്രണം ബാധകമല്ല. തുടര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ നിയന്ത്രണം തുടരും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles