spot_img
Saturday, June 27, 2026
Home Blog Page 151

തദ്ദേശതിരഞ്ഞെടുപ്പ് : കരട് വോട്ടർപട്ടിക ജൂലൈ 23ന് പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

0

തദ്ദേശസ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട് ജൂലൈ 23 നും അന്തിമപട്ടിക ആഗസ്റ്റ് 30 നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ പറഞ്ഞു. 2025 ലെ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിശദീകരിക്കുന്നതിനായി തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടത്തിയ  രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷണർ.

ത്രിതലപഞ്ചായത്തുകളിലും നഗരസഭകളിലും വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇ.വി.എം) ഫസ്റ്റ് ലെവൽ ചെക്കിങ്  ( FLC) ജൂലൈ 25 മുതൽ ആഗസ്റ്റ് 25 നകം പൂർത്തിയാക്കുമെന്നും കമ്മീഷൻ അറിയിച്ചു. കുറ്റമറ്റ രീതിയിൽ വോട്ടർപട്ടിക തയ്യാറാക്കുന്നതിനും ഇ.വി.എമ്മുകളുടെ ക്ഷമതാപരിശോധന പൂർത്തിയാക്കുന്നതിനും എല്ലാ രാഷ്ട്രീയപാർട്ടികളുടെയും സഹകരണം കമ്മീഷണർ അഭ്യർത്ഥിച്ചു.

കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജൂലൈ 23 മുതൽ ആഗസ്റ്റ് 7 വരെ ഓൺലൈനായി നൽകാം. യോഗ്യതാ തീയതിയായ 2025 ജനുവരി ഒന്നിനോ അതിന് മുൻപോ18 വയസ്സ് പൂർത്തിയായവർക്കാണ് പട്ടികയിൽ പേരു ചേർക്കാൻ അർഹതയുള്ളത്.

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിലേയ്ക്കാണ് ഈ വർഷം പൊതുതിരഞ്ഞെടുപ്പ് നടത്തുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലും 86 മുനിസിപ്പാലിറ്റികളിലും 6 കോർപ്പറേഷനുകളിലും 152 ബ്‌ളോക്ക് പഞ്ചായത്തുകളിലും 14 ജില്ലാപഞ്ചായത്തുകളിലുമാണ് പൊതുതിരഞ്ഞെടുപ്പ്. മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ കാലാവധി 2027 സെപ്തംബർ 10ന് മാത്രമേ  അവസാനിക്കുകയുള്ളൂ.

യോഗത്തിൽ രാഷ്ട്രീയപാർട്ടികളെ പ്രതിനിധീകരിച്ച് എം.വിജയകുമാർ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)), എം.ലിജു (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), അഡ്വ.ജെ.ആർ.പത്മകുമാർ (ഭാരതീയ ജനതാപാർട്ടി)  പി.കെ.ഷറഫുദ്ദീൻ (ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗ്), ഡോ.ബെന്നി കക്കാട് (കേരളകോൺകോൺഗ്രസ്(എം), പൂജപ്പുര രാധാകൃഷ്ണൻ, (കേരളകോൺകോൺഗ്രസ്(ബി)), ജോസഫ്‌ ജോൺ (വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ), റോയി അറയ്ക്കൽ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ), ജോയ്എബ്രഹാം (കേരളകോൺകോൺഗ്രസ്), കെ.കെ.നായർ (ബി.ജെ.കെ.പി), , അഡ്വ. കൊല്ലങ്കോട് രവീന്ദ്രൻനായർ (ജനതാദൾ (എസ്)), അഡ്വ. റ്റി.മനോജ്കുമാർ (ആൾ ഇൻഡ്യ ഫോർവേർഡ് ബ്‌ളോക്ക്),കല്ലട നാരായണപിള്ള (ജനാധിപത്യകേരള കോൺഗ്രസ്), കെ.ജയകുമാർ (റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി), ജോയ് ആർ. തോമസ്  (ബഹുജൻ സമാജ് പാർട്ടി), തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ബി.എസ്.പ്രകാശ്, കമ്മീഷനിലെ മറ്റുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’വിടവാങ്ങി

റിയാദ്: സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെട്ടിരുന്ന അൽവലീദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ (36) അന്തരിച്ചു. മരണത്തിനും ജീവിതത്തിനുമിടയിൽ 20 വർഷത്തോളമാണ് കണ്ണുപോലും തുറക്കാതെ കോമയിൽ കിടന്നത്. സൗദി പ്രസ് ഏജൻസിയാണ് മരണവിവരം അറിയിച്ചത്.

2005ൽ ലണ്ടനിൽ പഠനത്തിനിടെയാണ് അൽവലീദ് ബിൻ ഖാലിദിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. അപകടത്തിനുശേഷം ഒരിക്കൽ പോലും കണ്ണുതുറന്നില്ല. ഇതോടെയാണ് രാജകുടുംബാംഗമായ അൽവലീദ് ബിൻ ഖാലിദ് ഉറങ്ങുന്ന രാജകുമാരൻ എന്നറിയപ്പെട്ടത്. അന്നുമുതൽ ഈ 20 വർഷവും കോമയിലായിരുന്നു.

ഒരു പ്രതീക്ഷയും ഇല്ലാതിരുന്നിട്ടും ജീവൻ രക്ഷാ സംവിധാനങ്ങൾ മാറ്റി മരണത്തിന് വിട്ടു കൊടുക്കാൻ പിതാവ് ഖാലിദ് ബിൻ തലാൽ തയാറായില്ല. പകരം എല്ലാം വീട്ടിലൊരുക്കി മകൻ ദൈവം വിളിക്കുമ്പോൾ പോകട്ടെയെന്ന് അൽ സൗദ് കുടുംബം നിലപാടെടുത്തു. മുറി മനോഹരമായി അലങ്കരിച്ചു. കണ്ണുകൾ തുറക്കാതിരിക്കുമ്പോഴും സ്നേഹ പരിചരണത്താൽ രാജകുമാരൻ എപ്പോഴും ഭംഗിയോടെ കാണപ്പെട്ടു.

ഖാലിദ് ബിൻ തലാൽ തന്നെയാണ് മരണവിവരം സൗദി പ്രസ് ഏജന്‍സിയോട് സ്ഥീരീകരിച്ചത്. ലോകമാകെ ആർദ്രമായി ഉറ്റുനോക്കിയ ജീവിതമാണ് അവസാനിച്ചത്. ലോകത്ത് അപൂർവമായൊരു ജീവിത മാതൃകയും. ഇന്ന് സൗദിയിലെങ്ങും പ്രാർത്ഥനകൾ നടക്കും.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാലിന് 36 വയസ് തികഞ്ഞത്. 20 വർഷമായി ഇദ്ദേഹത്തിന്‍റെ ആരോഗ്യനിലയിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെങ്കിലും കുടുംബം പ്രതീക്ഷയോടെ ചികിത്സയും പ്രാര്‍ത്ഥനയും തുടരുകയായിരുന്നു. വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

കോമയിലായതോടെ ജീവിതത്തിലേക്ക് ഇനി ഒരിക്കലും തിരിച്ചുവരാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് വെന്റിലേറ്ററിൽ നിന്ന് മാറ്റാം എന്ന് തീരുമാനിച്ചെങ്കിലും അൽ വലീദ് രാജകുമാരന്‍റെ പിതാവ് തടയുകയായിരുന്നു. 2019ൽ അദ്ദേഹത്തിന്‍റെ വിരലുകൾ ചലിച്ചിരുന്നു. തലയും ചെറുതായി ചലിച്ചു. എന്നാൽ, പിന്നീട് വീണ്ടും യാതൊരു പുരോഗതിയും ആരോഗ്യനിലയിൽ ഉണ്ടായില്ല

ലോകത്തെ വലിയ കോടീശ്വരന്മാരിൽ ഒരാളായ ഖാലിദ് ബിൻ തലാൽ അൽ സഊദ് രാജകുമാരന്‍റെയും റീമ ബിൻത് തലാൽ രാജകുമാരിയുടെയും മകനാണ് അൽ വലീദ്. ലോകത്ത് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ചികിത്സയാണ് അൽ വലീദിനായി നൽകിയിരുന്നത്.

റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലാണ് രാജകുമാരനെ ആദ്യം പരിചരിച്ചിരുന്നത്. പിന്നീട് ആശുപത്രിയിലെ എല്ലാ ജീവൻ രക്ഷാ സംവിധാനങ്ങളും വീട്ടിലൊരുക്കുകയായിരുന്നു. ട്യൂബ് വഴിയാണ് ഭക്ഷണം നൽകി വന്നിരുന്നത്.ദൈവം തന്‍റെ മകന് മരണം കൽപ്പിച്ചിരുന്നെങ്കിൽ അന്നത്തെ അപകടത്തിൽ തന്നെ അവന് ജീവൻ നഷ്ടപ്പെടുമായിരുന്നു എന്നാണ് അൽ വലീദ് രാജകുമാരന്റെ പിതാവ് പറഞ്ഞിരുന്നത്.

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

0

തിരുവനന്തരപുരം: സംസ്ഥാനത്ത് കനത്ത മഴ സാധ്യത തുടരുന്നു. 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ഇന്ന് (ജുലൈ 20) എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളാ തീരത്ത് 50 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാനും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മീൻപിടിത്തതിനുള്ള വിലക്ക് തുടരുകയാണ്. മലയോര മേഖലകളിൽ അതീവ ജാഗ്രത വേണമെന്നും തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകൾ കണക്കിലെടുക്കണമെന്നും അധികൃതർ നിർദേശിച്ചു.

കാസർകോട് ജില്ലയിൽ ഇന്ന് അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് മദ്രസകൾക്കും ട്യൂഷൻ സെന്ററുകൾക്കും ഉൾപ്പെടെ ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മതപഠന കേന്ദ്രങ്ങൾ സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ അറിയിച്ചു.

നിപ: കോഴിക്കോട്ട് 96 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; 19 പേരെ ഒഴിവാക്കി

0

കോഴിക്കോട്:സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ 581 പേരാണുള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ജില്ലയില്‍ 96, മലപ്പുറം 63, പാലക്കാട് 420, എറണാകുളം 1, തൃശൂര്‍ 1 എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍. ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ കോഴിക്കോട് ജില്ലയിലെ 19 പേരെയും മലപ്പുറത്തെ 47 പേരെയും പാലക്കാട്ടെ ഒരാളെയും സമ്പര്‍ക്കപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. മലപ്പുറത്ത് 14 പേരും പാലക്കാട് 13 പേരും ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് 29 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 78 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. കണ്ടൈന്‍മെന്റ് സോണ്‍ സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡിനോട് തീരുമാനം അറിയിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ഐസിഎംആര്‍ ടീം എന്നിവര്‍ പങ്കെടുത്തു

മിന്നൽ റെയ്ഡ്; നോട്ടുകെട്ട് പുറത്തേക്കെറിഞ്ഞ് ഉദ്യോഗസ്ഥർ; തപ്പിയെടുത്ത് വിജിലൻസ്

0

മലപ്പുറം: സംസ്ഥാനത്തെ വിവിധ ആര്‍ടിഒ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. നിലമ്പൂര്‍ ജോ.ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് പരിശോധന നടക്കുമ്പോള്‍ നോട്ടുകെട്ട് പുറത്തേക്ക് വലിച്ചെറിഞ്ഞതായി കണ്ടെത്തി. പുറത്തേക്കെറിഞ്ഞ നോട്ടുകള്‍ വിജിലന്‍സ് ഉദ്യോഗസ്ഥർ കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്ന്‌ കണ്ടെടുത്തു. നോട്ടുകള്‍ പുറത്തേക്കെറിഞ്ഞ ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

49,300 രൂപയാണ് ഓഫീസിന്റെ കെട്ടിട വളപ്പില്‍ നിന്ന് കണ്ടെടുത്തത്. ഒരു ഏജന്റിന്റെ കയ്യില്‍ നിന്ന് 4500 രൂപയും വിജിലന്‍സ് പിടികൂടി. നിലമ്പൂരില്‍ രാത്രിയിലും പരിശോധന തുടര്‍ന്നു.

തിരൂര്‍ ജോയന്റ് ആര്‍ടിഒ ഓഫീസില്‍ മലപ്പുറം വിജിലന്‍സ് സി.ഐ കെ.റഫീഖിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഓഫീസില്‍ ഡ്യൂട്ടിയിലുണ്ടാവേണ്ട നാല് ഉദ്യോഗസ്ഥരെ പരിശോധനക്കെത്തിയപ്പോള്‍ തിരൂരിലെ ഓഫീസില്‍ കണ്ടില്ല. ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ സിസിടിവി ക്യാമറ പ്രവര്‍ത്തിക്കുന്നില്ല. ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ ഒപ്പിട്ടിട്ടില്ല തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തി.

പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന വാഹന രജിസ്‌ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ്, ഫിറ്റ്‌നസ് എന്നിങ്ങനെ ചെറുതും വലുതുമായ ആവശ്യങ്ങള്‍ക്ക് ഓരോരുത്തരില്‍ നിന്നും ഇടനിലക്കാര്‍ വഴി കൈക്കൂലി വാങ്ങുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് മിന്നല്‍ പരിശോധന നടത്തിയത്.

വ്യാജനമ്പരിൽ നിന്നുള്ള സന്ദേശത്തിൽ വഞ്ചിതരാകരുത് : പൊത്യവിദ്യാദ്യാസ ഡയറക്ടർ

0


പൊത്യവിദ്യാദ്യാസ ഡയറക്ടറായ ഷാനവാസ് എസിന്റെ പേരും, ഫോട്ടോയും ഉപയോഗിച്ച് +84 77 997 0059 എന്ന നമ്പരിൽ വാട്ട്‌സ് ആപ്പ് ബിസിനസ് അക്കൗണ്ട് വ്യാജമായി നിർമ്മിച്ച് എന്റെ കോണ്ടാക്ട് ലിസ്റ്റിലുള്ളവർക്കും മറ്റ് ചില വ്യക്തികൾക്കും പണം ആവശ്യപ്പെട്ട് കൊണ്ട് മെസേജുകൾ പോകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതിന് സ്റ്റേറ്റ് പോലീസ് ചീഫിനും, സൈബർ സെല്ലിനും പരാതി നൽകിയതായും ഇത്തരത്തിൽ വ്യാജമായി വരുന്ന മെസേജുകളിൽ പൊതുജനങ്ങൾ വഞ്ചിതരാകരുതെന്നും പൊത്യവിദ്യാദ്യാസ ഡയറക്ടർ ഷാനവാസ് എസ് അറിയിച്ചു.

മീഡിയേഷന്‍ ഫോര്‍ ദി നേഷന്‍’ ക്യാമ്പയിന് തുടക്കം

0

കോഴിക്കോട്:കോടതികളുടെ പരിഗണനയിലുള്ള കേസുകള്‍ മധ്യസ്ഥത വഴി തീര്‍പ്പാക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയ നിയമ സേവന അതോറിറ്റിയും സുപ്രീം കോടതിയുടെ മീഡിയേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ പ്രോജക്റ്റ് കമ്മിറ്റിയും ചേര്‍ന്ന് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന 90 ദിവസത്തെ ‘മീഡിയേഷന്‍ ഫോര്‍ ദി നേഷന്‍’ ക്യാമ്പയിന് ജില്ലയില്‍ തുടക്കം.
വിവാഹസംബന്ധമായ തര്‍ക്കങ്ങള്‍, വാഹനാപകട നഷ്ടപരിഹാരങ്ങള്‍, ഗാര്‍ഹിക പീഡനക്കേസുകള്‍, ചെക്ക്, കൊമേഴ്‌സ്യല്‍, സ്വത്ത്, ഉപഭോക്ത്യ സേവന കേസുകള്‍, സിവില്‍, കോമ്പൗണ്ടബിള്‍ ക്രിമിനല്‍ കേസുകള്‍ എന്നിവയാണ് മധ്യസ്ഥതയിലൂടെ പരിഹരിക്കുക.

ജൂലൈ 31 വരെ മീഡിയേഷന് അനുയോജ്യമായ കേസുകള്‍ തെരഞ്ഞെടുക്കുകയും കക്ഷികളെ അറിയിച്ച ശേഷം മധ്യസ്ഥ കേന്ദ്രങ്ങള്‍ക്ക് കൈമാറുകയും പരിചയസമ്പന്നരായ മുതിര്‍ന്ന അഭിഭാഷകര്‍, റിട്ട. ജഡ്ജിമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള മീഡിയേറ്റര്‍മാരുടെ മധ്യസ്ഥതയില്‍ തീര്‍പ്പാക്കല്‍ ശ്രമം നടത്തുകയും ചെയ്യും. നേരിട്ട് ഹാജരാകാന്‍ പ്രയാസമുള്ള കക്ഷികള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനവും ഉപയോഗപ്പെടുത്തും.

സേവനങ്ങള്‍ സൗജന്യമായിരിക്കും. മധ്യസ്ഥത വഴി തീരുന്ന കേസുകളില്‍ അടച്ച കോടതിഫീസ് പൂര്‍ണമായും തിരികെ നല്‍കും. ജൂലൈ ഒന്നിന് ആരംഭിച്ച ക്യാമ്പയിന്‍ സെപ്റ്റംബര്‍ 30ന് അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കോടതിയിലെ മീഡിയേഷന്‍ സെന്ററുമായി ബന്ധപ്പെടാം

വൻ ജനാവലി, ഓടിക്കളിച്ച സ്കൂളിൽ നിശ്ചലനായി അവനെത്തി, മൃതദേഹം സ്കൂളിൽ പൊതുദർശനത്തിന് വെച്ചു

0

കൊല്ലം: കൊല്ലം തേവലക്കര സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന് യാത്രാമൊഴി നൽകി നാട്. പൊതുദർശനത്തിനായി മൃതദേഹം സ്കൂളിൽ എത്തിച്ചു. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കും. തുടർന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ എത്തിക്കും. നിരവധി പേരാണ് മിഥുനെ അവസാന നോക്ക് കാണാൻ എത്തിയിരിക്കുന്നത്. സ്കൂളിന് പുറത്തേക്കും ആളുകളുടെ വലിയ നിരയാണുള്ളത്. തുർക്കിയിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങിയ അമ്മ സുജ പോലീസ് വാഹനത്തിൻറെ അകമ്പടിയിൽ കൊല്ലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ റെഡ് അലെർട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയെത്തുടർന്ന് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നവധിയാണ്. കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് അവധി. വടകര താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ വടക്കൻ മേഖലയിൽ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. വടകര താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

ഉയർന്ന തിരമാല ജാഗ്രതാ നിർദേശം

തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ വരെ) കണ്ണൂർ-കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ 20-ന് വൈകുന്നേരം 5.30 വരെയും കന്യാകുമാരി തീരത്ത് (നീരോടി മുതൽ ആരോക്യപുരം വരെ) 20-ന് പകൽ 8.30 വരെയും 3.0 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും: ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗം സൂക്ഷിച്ചുമാത്രം

0

ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്ന് പലരുടെയും ജീവിതത്തിന്റെ ഭാഗമാണ്. സൗകര്യപ്രദമാണെന്ന് തോന്നാമെങ്കിലും, ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കില്‍ ഇവ വലിയ സാമ്പത്തിക കെണികളൊരുക്കും. പലപ്പോഴും ആളുകള്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ആകര്‍ഷകമായ വാഗ്ദാനങ്ങളില്‍ മയങ്ങി അമിതമായി പണം ചെലവഴിക്കുകയും പിന്നീട് തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഒന്നിലേറെ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ ഒരു കാര്‍ഡില്‍ നിന്ന് പണം പിന്‍വലിച്ച് മറ്റൊരു കാര്‍ഡിന്റെ ബില്‍ അടയ്ക്കുന്നത് പതിവാണ്. ചിലപ്പോള്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഡിജിറ്റല്‍ വാലറ്റില്‍ പണം നിറച്ച് അതുപയോഗിച്ച് മറ്റൊരു കാര്‍ഡിന്റെ ബില്‍ അടയ്ക്കുന്നതും ചിലര്‍ ചെയ്യാറുണ്ട്. പണം പിന്‍വലിക്കുമ്പോള്‍ ഏകദേശം 2.5% ചാര്‍ജ് ഈടാക്കിയിട്ട് പോലും മറ്റു വഴികളില്ലാത്തതിനാല്‍ ഇത് തുടരേണ്ടി വരുന്നു.

ഓട്ടോപേയും അബദ്ധങ്ങളും കൂടുതല്‍ ആളുകളും ഒടിടി / മീഡിയ / പോഡ്കാസ്റ്റ് സബ്സ്‌ക്രിപ്ഷനുകള്‍ പോലുള്ള വിവിധ പ്ലാറ്റ്ഫോമുകളില്‍ കാര്‍ഡുകള്‍ ലിങ്ക് ചെയ്യാറുണ്ട്. എന്നാല്‍, പിന്നീട് തുടരാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അണ്‍സബ്സ്‌ക്രൈബ് ചെയ്യാന്‍ മറന്നുപോകുന്നു. അങ്ങനെ വരുമ്പോള്‍ പ്രതിമാസ ബില്ലിംഗ് ഓട്ടോമാറ്റിക്കായി തുടരും. ഇത് പലപ്പോഴും മാസങ്ങള്‍ക്കുശേഷമാണ് ആളുകള്‍ തിരിച്ചറിയാറുള്ളത്, അപ്പോഴേക്കും വലിയ തുക നഷ്ടപ്പെട്ടിട്ടുണ്ടാകും.

കൃത്യമായി അടച്ചില്ലെങ്കില്‍?

അതുപോലെ, പലരും ബില്ലുകള്‍ കൃത്യസമയത്ത് അടയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിലും ചിലപ്പോള്‍ മറന്നുപോകാറുണ്ട്. അങ്ങനെയുള്ളവര്‍ ബാങ്ക് അക്കൗണ്ടുകള്‍ ക്രെഡിറ്റ് കാര്‍ഡുകളുമായി ലിങ്ക് ചെയ്യുകയോ ഓട്ടോപേ സംവിധാനം തിരഞ്ഞെടുക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ കുടിശ്ശികയുള്ള തുകയ്ക്ക് വലിയ ചാര്‍ജുകള്‍ നല്‍കേണ്ടി വരും. കൂടാതെ, വൈകി പണമടയ്ക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെയും ബാധിക്കും, കുടിശ്ശിക ഇല്ലെങ്കില്‍ പോലും ഇത് സംഭവിക്കാം. ഹോം ലോണിനോ വ്യക്തിഗത ലോണിനോ അപേക്ഷിക്കുമ്പോള്‍ മോശം ക്രെഡിറ്റ് സ്‌കോര്‍ കാരണം അപേക്ഷ നിരസിക്കപ്പെടുമ്പോഴാണ് പല കാര്‍ഡ് ഉടമകളും ഇത് തിരിച്ചറിയുന്നത്.

റിവാര്‍ഡുകളും അപകടസാധ്യതകളും

ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ അമിതമായി പണം ചെലവഴിക്കാനുള്ള പ്രവണതയുണ്ട്, കാരണം പണം ബാങ്കില്‍ ഇല്ലെങ്കിലും സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുന്നു. റിവാര്‍ഡ് പോയിന്റുകള്‍, എയര്‍ മൈലുകള്‍, കാഷ്ബാക്ക് എന്നിവയെക്കുറിച്ച് ഒരുപാട് പറയാറുണ്ടെങ്കിലും, റിവാര്‍ഡ് പോയിന്റുകള്‍ക്ക് വളരെ കുറഞ്ഞ മൂല്യമേ ഉള്ളൂ. ചിലപ്പോള്‍ ചെലവഴിക്കുന്ന തുകയുടെ 0.5-1 ശതമാനം മാത്രമാണ് ഉപയോക്താവിന് തിരികെ ലഭിക്കുന്നത്. മികച്ച കണ്‍വേര്‍ഷന്‍ നിരക്കുകളുള്ള റിവാര്‍ഡ് പോയിന്റുകള്‍ കാര്‍ഡ് നല്‍കുന്ന കമ്പനിയുടെ സ്വന്തം പ്ലാറ്റ്ഫോമില്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. വിമാനത്താവളത്തിലെ ലോഞ്ചുകളില്‍ സൗജന്യ ഭക്ഷണം കഴിക്കാന്‍ കാര്‍ഡ് ഉപയോഗിക്കുന്നതിനും വലിയ പ്രചാരമുണ്ട്. എന്നാല്‍ ഇപ്പോള്‍ ചില ഡെബിറ്റ് കാര്‍ഡുകളും ഈ സൗകര്യം നല്‍കുന്നുണ്ട്. അഥവാ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡിന് ഈ സൗകര്യമില്ലെങ്കില്‍ പോലും, വിമാനത്താവളത്തില്‍ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുന്നതാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ വരുന്ന പല ചെലവുകളേക്കാളും ലാഭകരം.

ക്രെഡിറ്റ് കാര്‍ഡ് ഒരു സൗകര്യമാണ്, അത് ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ ഗുണകരമാണ്. എന്നാല്‍, അശാസ്ത്രീയമായി ഉപയോഗിച്ചില്ലെങ്കില്‍ അത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടാറുമുണ്ട്.