spot_img
Saturday, June 27, 2026

എബോള ; വിദേശത്തു നിന്നെത്തുന്നവർക്ക് ഡിജിറ്റൽ ഹെൽത്ത് ഫോം നിർബന്ധം



ന്യൂഡല്‍ഹി: ആഫ്രിക്കയിലെ ചില ഭാഗങ്ങളില്‍ എബോള രോഗബാധ പടരുന്ന പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുടെ ആരോഗ്യ നിരീക്ഷണം ശക്തമാക്കാന്‍ ഇന്ത്യ. ഇതിന്റെ ഭാഗമായി ‘എയര്‍ സുവിധ 2.0’ പുറത്തിറക്കി. പൂര്‍ണ്ണമായും ഡിജിറ്റലായും സമ്പര്‍ക്കരഹിതമായും പ്രവര്‍ത്തിക്കുന്ന ഒരു പാസഞ്ചര്‍ ഹെല്‍ത്ത് ഡിക്ലറേഷന്‍ പ്ലാറ്റ്ഫോമാണിത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിലെ എബോള വൈറസ് രോഗബാധയെ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വ്യോമയാന മന്ത്രാലയം ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡുമായി സഹകരിച്ച് പരിഷ്‌കരിച്ച പോര്‍ട്ടല്‍ അവതരിപ്പിച്ചത്. പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയുന്നതിന് അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കുന്നതില്‍ വലിയ പങ്കുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.ആഗോള യാത്രകള്‍ രോഗവ്യാപന സാധ്യത വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍, എയര്‍ സുവിധ പോലുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ പൊതുജനാരോഗ്യ സുരക്ഷയില്‍ നിര്‍ണായകമാണെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുന്നതോടൊപ്പം തന്നെ, രോഗസാധ്യതയുള്ളവരെ വേഗത്തില്‍ തിരിച്ചറിയാന്‍ ഈ പുതിയ പ്ലാറ്റ്ഫോം അധികൃതരെ സഹായിക്കും.മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയറിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസുമായി സഹകരിച്ചാണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര യാത്രക്കാര്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സിന് മുമ്പായി നിര്‍ബന്ധമായും ഓണ്‍ലൈന്‍ ഹെല്‍ത്ത് സെല്‍ഫ് ഡിക്ലറേഷന്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

കഴിഞ്ഞ 21 ദിവസത്തെ യാത്രാ ചരിത്രം, രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ടോ എന്ന വിവരങ്ങള്‍ എബോള അണുബാധയുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോ എന്നി വിവരങ്ങളാണ് സമര്‍പ്പിക്കേണ്ടത്. ഇന്ത്യയില്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് വരെ ഈ ഫോം പൂരിപ്പിക്കാന്‍ സാധിക്കും. വെബ് ചെക്ക്-ഇന്‍ സമയത്ത് തന്നെ ഇത് സമര്‍പ്പിക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫോം പൂരിപ്പിച്ച ശേഷം ലഭിക്കുന്ന ‘സെല്‍ഫ് ഡിക്ലറേഷന്‍ ഫോം’ അന്താരാഷ്ട്ര ട്രാവല്‍ ഹെല്‍ത്ത് ഡെസ്‌കിലോ ഇമിഗ്രേഷന്‍ കൗണ്ടറിലോ കാണിച്ചാല്‍ മതിയാകും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles