spot_img
Saturday, June 27, 2026
Home Blog Page 150

തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടര്‍പട്ടിക: കോഴിക്കോട്ട് 24,80,032 വോട്ടര്‍മാര്‍

0

ആഗസ്റ്റ്ഏഴ് വരെ പട്ടികയില്‍ പേര് ചേര്‍ക്കാം

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക പ്രസിദ്ധീകരിച്ചു. കോഴിക്കോട് ജില്ലയില്‍ 24,80,032 വോട്ടര്‍മാരാണ് ആകെയുള്ളത്. 11,77,753 പുരുഷന്മാരും 13,02,256 സ്ത്രീകളും 23 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും അടങ്ങിയതാണ് ജില്ലയിലെ പട്ടിക. സംസ്ഥാനത്ത് 2,66,78,256 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,26,32,186 പുരുഷന്മാരും 1,40,45,837 വനിതകളും 233 ട്രാന്‍സ്ജന്‍ഡേഴ്‌സുമാണ്. 

അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും. 2024ല്‍ സംക്ഷിപ്ത പുതുക്കല്‍ നടത്തിയ വോട്ടര്‍പട്ടിക പുതിയ വാര്‍ഡുകളിലേക്ക് ക്രമീകരിച്ചാണ് കരട് പട്ടിക തയാറാക്കിയിട്ടുള്ളത്. 2020ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം നിലവിലുണ്ടായിരുന്ന വോട്ടര്‍പട്ടിക 2023 ഒക്ടോബറിലും 2024 ജൂലൈയിലും പുതുക്കിയിരുന്നു. 

കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും പരിശോധനക്ക് ലഭിക്കും. ആഗസ്റ്റ് ഏഴ് വരെ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പേര് ചേര്‍ക്കാം.

വോട്ടര്‍പട്ടികയില്‍ പുതുതായി പേരു ചേര്‍ക്കുന്നതിനും അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം.

ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹിയറിങ്ങിനുള്ള കമ്പ്യൂട്ടര്‍ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞ തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണം. വോട്ടര്‍പട്ടികയില്‍ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടില്‍ അപേക്ഷകനും ആ വാര്‍ഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കുകയും വേണം. ഓണ്‍ലൈന്‍ മുഖേന അല്ലാതെയും നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് അപേക്ഷിക്കാം.

ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോര്‍പ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണവകുപ്പ്ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകമാണ് അപ്പീല്‍ നല്‍കേണ്ടത്.

വിഎസിനെ അധിക്ഷേപിച്ചെന്ന പരാതി; രണ്ട് പേർ അറസ്റ്റില്‍

0

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ ഹമീദ് വാണിയമ്പലത്തിന്റെ മകന്‍ യസീന്‍ അഹമ്മദ് ആണ് ഒരാൾ വിഎസിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അവഹേളിച്ച നഗരൂര്‍ നെടുംപറമ്പ് സ്വദേശി വി. അനൂപാണ് മറ്റൊരാൾ.ഡിവൈഎഫ്ഐയുടെ പരാതിയിലാണ് പൊലീസ് നടപടി. നഗരൂര്‍ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.ആറ്റിങ്ങല്‍ ഗവണ്മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകന്‍ അനൂപ്. വി എസ്സിന്റെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ അധിക്ഷേപിച്ചു കൊണ്ടാണ് അനൂപ് വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.സാമൂഹിക മാധ്യമത്തിലൂടെയാണ് വിഎസിനെ യാസീൻ അഹമ്മദ് അധിക്ഷേപിച്ചത്.

റെഡ് സല്യൂട്ട്: തലസ്ഥാനത്തുനിന്ന് വിഎസ്സിന് തിരിച്ചുവരവില്ലാത്ത മടക്കം, ഇനി വിപ്ലവ മണ്ണിലേക്ക്

0

തിരുവനന്തപുരം: തലസ്ഥാനത്തുനിന്ന് വിഎസ്സിന് വിപ്ലവ മണ്ണിലേക്ക് മടക്കം. അനന്തപുരിയിൽ നിന്ന് ആലപ്പുഴയിലേക്കുള്ള വിഎസ്സിന്റെ അന്ത്യയാത്ര തുടങ്ങി. തൊണ്ടപൊട്ടി മുദ്രാവാക്യം മുഴക്കിയാണ് തങ്ങളുടെ പ്രിയ സഖാവിനെ യാത്രയാക്കാൻ സെക്രട്ടേറിയേറ്റ് പരിസരത്ത് ജനസാഗരം തടിച്ചുകൂടിയത്. നിരവധിപ്പേരാണ് റോഡിന്റെ ഇരുവശങ്ങളിലും വിഎസ്സിനെ കാണാൻ കാത്തുനിൽക്കുന്നത്.

ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്കാണ് വിലാപയാത്രയായി വിഎസിന്റെ ഭൗതികശരീരം കൊണ്ടുപോകുന്നത്. വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം നാളെ രാവിലെ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനം. ശേഷം വൈകിട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും.

കഴിഞ്ഞ ദിവസമാണ് വിഎസ് അച്യുതാനന്ദൻ വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസ്സിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വിഎസ്സിന്കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്‍. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്‍മ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വര്‍ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.

വി എസ്സിന്  കേരളത്തിന്റെ അന്ത്യാഞ്ജലി

0

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കേരളത്തിന്റെ അന്ത്യാഞ്ജലി. തിരുവനന്തപുരത്തെ വസതിയിലും സെക്രട്ടേറിയറ്റ് ദർബാർ ഹാളിലും സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. രാവിലെ 9 ന് ഭൗതിക ശരീരം ദർബാർ ഹാളിലേക്ക് എത്തിക്കുമ്പോൾ തന്നെ സെക്രട്ടേറിയറ്റിൽ ആയിരക്കണക്കിന് ആളുകൾ എത്തിയിരുന്നു.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ദർബാർ ഹാളിലെത്തി ആദരാഞ്ജലിയർപ്പിച്ചു. മന്ത്രിമാരായ കെ രാജൻ, വി. ശിവൻകുട്ടി, എ കെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, ഡോ. ആർ. ബിന്ദു, വി.എൻ. വാസവൻ, പി രാജീവ്, കെ ബി ഗണേഷ് കുമാർ, പി. പ്രസാദ്, ജി.ആർ. അനിൽ, എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി, പി.എ. മുഹമ്മദ് റിയാസ്, കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, ഒ ആർ കേളു, രാമചന്ദ്രൻ കടന്നപ്പള്ളി,  വീണാ ജോർജ് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സിപിഐ (എം) ദേശീയ സെക്രട്ടറി എം എ ബേബി, സി പി ഐ ദേശീയ സെക്രട്ടറി ഡി രാജ, സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ, കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എൽ എ, ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്,  വിജു കൃഷ്ണൻ, സി പി ഐ ദേശീയ കൗൺസിൽ അംഗം ആനിരാജ, എം എൽ എ മാരായ വി ജോയ്, ഒ എസ് അംബിക, എ പ്രഭാകരൻ, അഹമ്മദ് ദേവർ കോവിൽ, എം മുകേഷ്, രമേശ് ചെന്നിത്തല, കെ കെ ഷൈലജ, ദലീമ ജോജോ, പി കെ ബഷീർ, കടകംപള്ളി സുരേന്ദ്രൻ,  ആന്റണി രാജു, എച്ച് സലാം, സി ഹരീന്ദ്രൻ, എം എം മണി, എൽദോസ് കുന്നപ്പള്ളി, കെ എം സച്ചിൻ ദേവ്, കെ വി സുമേഷ്, ജോബ് മൈക്കിൾ, കെ ജെ മാക്സി, വി കെ പ്രശാന്ത്, പി സി വിഷ്ണുനാഥ്, മാണി സി കാപ്പൻ, കെ കെ രമ, എ വിജിൻ, കെ പി മോഹനൻ, ഐ ബി സതീഷ്, മാത്യു ടി തോമസ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മേയർ ആര്യാ രാജേന്ദ്രൻ, ഡപ്യൂട്ടി മേയർ പി കെ രാജു,  എം പി മാരായ കെ ശിവദാസൻ, എ എ റഹീം, ജോൺ ബ്രിട്ടാസ്, തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി, മുൻ എം പിമാരായ എ വിജയരാഘവൻ, പന്ന്യൻ രവീന്ദ്രൻ, എൻ എൻ കൃഷ്ണദാസ്, കെ കെ രാഗേഷ്, എസ് അജയകുമാർ, പി കരുണാകരൻ, എ സമ്പത്ത്, പി സതീദേവി, ബിനോയ് വിശ്വം മുൻമന്ത്രിമാരായ പി കെ ഗുരുദാസൻ, വി എസ് സുനിൽകുമാർ, സി ദിവാകരൻ, ടി എം തോമസ് ഐസക്, ജെ മേഴ്സിക്കുട്ടിയമ്മ, കെ മുരളീധരൻ, എസ് ശർമ, വി എം സുധീരൻ, കെ വിജയകുമാർ, എൻ ശക്തൻ, ഇ പി ജയരാജൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഷിബു ബേബി ജോൺ, മുൻ കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ, മുൻ എം എൽ എ മാരായ എ പദ്മകുമാർ, കെ കെ ജയചന്ദ്രൻ ,ടി വി രാജേഷ് ,രാജു എബ്രഹാം, ഒ രാജഗോപാൽ, ബേബി ജോൺ, ഡി എം കെ നേതാവും തമിഴ്നാട് മന്ത്രിയുമായ ദുരൈ മുരുഗൻ, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, സംസ്ഥാന സഹകരണ യൂണിയൻ പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻ നായർ, യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ വി കെ സനോജ്, ബാലവാകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ഐഎംജി ഡയറക്ടർ ഡോ. കെ ജയകുമാർ തുടങ്ങിയ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ആദരവർപ്പിച്ചു. കേരള പോലീസ് ഗാർഡ് ഓഫ് ഓണർ അർപ്പിച്ചതിനു ശേഷം മൃതദേഹം വിലാപയാത്രയായി ആലപ്പുഴക്ക് തിരിച്ചു.

പ്രഖ്യാപനവുമായി ജഗധീപ് ധൻകർ; ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചു

0

ദില്ലി: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവെച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. മെഡിക്കൽ ഉപദേശങ്ങൾ കൂടി കണക്കിലെടുത്താണ് രാജിവെക്കുന്നത് എന്നും അഭിമാനത്തോടെയാണ് പടിയിറങ്ങുന്നത് എന്നും രാജിക്കത്ത് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതി ദ്രൗപദി മുർമുവിനാണ് രാജിക്കത്ത് നൽകിയിരിക്കുന്നത്.

മുൻപ് പശ്ചിമ ബംഗാൾ ഗവർണറായിരുന്നു ഇദ്ദേഹം. 2022 ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. 2027 വരെ അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. എന്നാൽ മൂന്ന് വർഷം തികയും മുൻപാണ് രാജിപ്രഖ്യാപനം. ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായിരുന്നു.

ആരോഗ്യ കാരണങ്ങളാൽ കഴിഞ്ഞ മാർച്ച് മാസം മുതൽ അദ്ദേഹം ആശുപത്രിയിലായിരുന്നു. ഈ മാസമാണ് അദ്ദേഹം ചുമതലയിൽ തിരികെയെത്തിയത്. ഇന്നും അദ്ദേഹം പാർലമെൻ്റിൽ എത്തിയിരുന്നു. ഭരണഘടനയിലെ അനുച്ഛേദം 67 (a) പ്രകാരമാണ് രാജിയെന്ന് രാഷ്ട്രപതിക്ക് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ കത്താണ് അദ്ദേഹം എക്സിൽ പങ്കുവച്ചത്.

വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും, എമ്പാമിംഗ്‌ ഷാർജയിൽ പൂർത്തിയാക്കും

0

ഷാര്‍ജ: ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. എമ്പാമിംഗ്‌ നാളെ രാവിലെ 10ന് ഷാർജയിൽ നടക്കും. മൃതദേഹം നാളെ വൈകിട്ട് 5.40നുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുവരും.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ഷാർജയിലെ അല്‍ നഹ്ദയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ വിപഞ്ചികയുടെ മാതാവ് ഷൈലജ ഉൾപ്പെടെയുള്ള കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. സ്വകാര്യ കമ്പനിയിലെ എച്ച്.ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്. ഭർത്താവ് നിതീഷും യുഎഇയിലാണ് താമസിക്കുന്നത്.

വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിലാണ് സംസ്കരിച്ചത്. ജബൽ അലിയിലെ ന്യൂ സോനാപൂർ ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്. രണ്ട് കുടുംബങ്ങളും സംസ്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു.  ഹൈന്ദവ ആചാരപ്രകാരമുള്ള സംസ്കാരമാണ് നടന്നത്. തനിക്ക് യാത്രാ വിലക്കുള്ളതിനാല്‍ വൈഭവിയുടെ മൃതദേഹം യുഎഇയില്‍ സംസ്കരിക്കണമെന്നത് വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിന്‍റെ ആവശ്യമായിരുന്നു. ഇന്ത്യൻ കോൺസുലേറ്റ് ചർച്ചയിലാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്കെത്തിക്കാനും മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കാനും തീരുമാനമായത്. കുഞ്ഞിന്‍റെ മൃതദേഹം ഷാര്‍ജയില്‍ സംസ്കരിക്കണമെന്ന ഭർത്താവിന്‍റെ കുടുംബത്തിന്റെ ആവശ്യത്തിന് വിപഞ്ചികയുടെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. തർക്കത്തിൽ പെട്ട് സംസ്കാരം അനിശ്ചിതമായി നീളുന്നത് ഒഴിവാക്കാൻ കൂടിയായിരുന്നു തീരുമാനം

വിപ്ലവ നേതാവിന് വിട; മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു

0

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

വിഎസിന്റെ ജീവിത ചരിത്രമെന്നാൽ കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. 1923 ഒക്ടോബർ 20 നാണ് ആലപ്പുഴ വെന്തലത്തറ വീട്ടിൽ ശങ്കരൻ്റെയും അക്കാമ്മയുടെയും മകനായി വി എസ് അച്യുതാനന്ദൻ ജനിച്ചത്. നാലാം വയസിൽ അമ്മയും 11 വയസായപ്പോൾ അച്ഛനും മരിച്ചു. അനാഥത്വവും ദാരിദ്യവും വലച്ചെങ്കിലും പഠിക്കണമെന്ന മോഹം വി എസ് ഉപേക്ഷിച്ചില്ല. ജാതി വ്യവസ്ഥ കത്തിക്കാളി നിന്ന നാട്ടിൽ സവർണ കുട്ടികൾ ചോവച്ചെറുക്കനെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ വി എസ് ബൽറ്റൂരിയടിച്ചോടിച്ചു. അന്നേ വിഎസ് അച്യുതാനന്ദൻ വ്യവസ്ഥിതിയോട് കലഹം പ്രഖ്യാപിച്ചു. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായതോടെ ഏഴാം ക്ലാസിൽ പഠിപ്പവസാനിപ്പിച്ചു.

ചേട്ടൻ്റെ തയ്യൽക്കടയിലെ ചെറിയ ജോലി കൊണ്ട് വീട്ടിലെ വിശപ്പടക്കാൻ കഴിയാതായി. പതിനഞ്ചാം വയസിൽ ആസ്പിൻവാൾ കമ്പനിയിൽ ജോലിക്ക് കയറി. നടുവൊടിക്കുന്ന ജോലി, കുറഞ്ഞ കൂലി, മോശമായ തൊഴിൽ സാഹചര്യങ്ങൾ അവിടെയും അവൻ കലഹിച്ചു. മറ്റെന്തും സഹിക്കാം കൂലി കൂട്ടി ചോദിക്കാൻ അവൻ തൊഴിലാളികളോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ഒരു വർഷത്തിനിടെ ആ പതിനാറുകാരൻ തൊഴിലാളികളുടെ കണ്ണിലുണ്ണിയും മുതലാളിമാരുടെ കണ്ണിലെ കരടുമായി. പതിനേഴാം വയസിൽ വി എസിന് പാർട്ടി അംഗത്വം കിട്ടി. 1943ലെ കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനത്തിൽ ആ ചെറുപ്പക്കാരൻ പ്രതിനിധിയായി. അച്യുതാനന്ദനെന്ന യുവനേതാവ് അവിടെ ഉദിച്ചുയരുകയായിരുന്നു.

ദുരിത ജീവിതം മാത്രമറിയാവുന്ന തൊഴിലാളികൾക്ക് നിശ്ചയ ദാർഢ്യത്തിൻ്റെ കരുത്തും പ്രതീക്ഷയുമായി അയാൾ വളർന്നു. അയാളുടെ സംഘം പിന്നീട് കുട്ടനാട്ടിലെ കർഷക തൊഴിലാളികൾക്കിടയിലേക്കിറങ്ങി. പതിറ്റാണ്ടുകളായി ജന്മിമാർക്ക് മുന്നിൽ ഓച്ഛാനിച്ച് നിന്നിരുന്ന തൊഴിലാളികൾ കൂലി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് സമരം തുടങ്ങി. ഇൻക്വിലാബിൻറെ ഇടിമുഴക്കം കുട്ടനാടിൻറെ വയലേലകളിൽ കൊടുങ്കാറ്റായി. അച്യുതാനന്ദനെന്ന കമ്മ്യൂണിസ്റ്റ് തെമ്മാടിയെ വെട്ടിനുറുക്കി കൊല്ലാൻ ജന്മിമാർ ഉത്തരവിട്ടു. കൊടിയ മർദ്ദനങ്ങൾ, ചെറുത്ത് നിൽപുകൾ പ്രതിഷേധങ്ങൾ പിന്നെ ഐതിഹാസികമായ പുന്നപ്ര വയലാർ സമരം. ഒളിവ് ജീവിതം, അറസ്റ്റ്, ദിവസങ്ങൾ നീണ്ട പൊലീസ് മർദ്ദനം. മരിച്ചെന്ന് കരുതി കാട്ടിലേക്ക് വലിച്ചെറിഞ്ഞിടത്ത് നിന്നാണ് വിഎസ് തിരിച്ച് വന്നത്.

1957ൽ ആദ്യ സർക്കാർ വന്നതോടെ അച്യുതാനന്ദൻ സംസ്ഥാന നേതൃനിരയിലെ പ്രമുഖനായി. 1964ലെ പാർട്ടി പിളർപ്പ്, നയവ്യതിയാനങ്ങൾക്കെതിരെയുള്ള പോരാട്ടം, വെട്ടിപ്പിടിക്കലുകൾ, വെട്ടിനിരത്തലുകൾ കടുത്ത വിഭാഗീയ പോരാട്ടങ്ങൾ മാരാരിക്കുളം തോൽവി അങ്ങനെയങ്ങനെ കേരള രാഷ്ട്രീയം ആ മനുഷ്യൻ തനിക്കൊപ്പമാക്കി. വിഎസ് എന്ന രണ്ടക്ഷരം ലക്ഷോപലക്ഷങ്ങൾക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചമായി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കാരണവരായി. സീറ്റ് നിഷേധിച്ചവരോടും, പരിഹസിച്ചവരോടും ഒറ്റപ്പെടുത്തിയവരോടുമൊക്കെ അദ്ദേഹം വെടിയുണ്ടയുടെയും തൂക്കുമരത്തിൻറെയും വാരിക്കുന്തത്തിൻ്റെയും രക്തമിറ്റുന്ന കഥകൾ പറഞ്ഞു. ചെഞ്ചോര നിറമുള്ള ആ വിപ്ലവ ജീവിതം വിടപറയുമ്പോൾ പതിനായിരങ്ങൾ ഇന്നും ഏറ്റ് വിളിക്കുന്നത് കണ്ണേ… കരളേ….എസ്സേ.. എന്നാണ്.

തദ്ദേശതിരഞ്ഞെടുപ്പ് : കരട് വോട്ടർപട്ടിക ജൂലൈ 23ന് പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

0

തദ്ദേശസ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട് ജൂലൈ 23 നും അന്തിമപട്ടിക ആഗസ്റ്റ് 30 നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ പറഞ്ഞു. 2025 ലെ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിശദീകരിക്കുന്നതിനായി തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടത്തിയ  രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷണർ.

ത്രിതലപഞ്ചായത്തുകളിലും നഗരസഭകളിലും വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇ.വി.എം) ഫസ്റ്റ് ലെവൽ ചെക്കിങ്  ( FLC) ജൂലൈ 25 മുതൽ ആഗസ്റ്റ് 25 നകം പൂർത്തിയാക്കുമെന്നും കമ്മീഷൻ അറിയിച്ചു. കുറ്റമറ്റ രീതിയിൽ വോട്ടർപട്ടിക തയ്യാറാക്കുന്നതിനും ഇ.വി.എമ്മുകളുടെ ക്ഷമതാപരിശോധന പൂർത്തിയാക്കുന്നതിനും എല്ലാ രാഷ്ട്രീയപാർട്ടികളുടെയും സഹകരണം കമ്മീഷണർ അഭ്യർത്ഥിച്ചു.

കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജൂലൈ 23 മുതൽ ആഗസ്റ്റ് 7 വരെ ഓൺലൈനായി നൽകാം. യോഗ്യതാ തീയതിയായ 2025 ജനുവരി ഒന്നിനോ അതിന് മുൻപോ18 വയസ്സ് പൂർത്തിയായവർക്കാണ് പട്ടികയിൽ പേരു ചേർക്കാൻ അർഹതയുള്ളത്.

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിലേയ്ക്കാണ് ഈ വർഷം പൊതുതിരഞ്ഞെടുപ്പ് നടത്തുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലും 86 മുനിസിപ്പാലിറ്റികളിലും 6 കോർപ്പറേഷനുകളിലും 152 ബ്‌ളോക്ക് പഞ്ചായത്തുകളിലും 14 ജില്ലാപഞ്ചായത്തുകളിലുമാണ് പൊതുതിരഞ്ഞെടുപ്പ്. മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ കാലാവധി 2027 സെപ്തംബർ 10ന് മാത്രമേ  അവസാനിക്കുകയുള്ളൂ.

യോഗത്തിൽ രാഷ്ട്രീയപാർട്ടികളെ പ്രതിനിധീകരിച്ച് എം.വിജയകുമാർ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)), എം.ലിജു (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), അഡ്വ.ജെ.ആർ.പത്മകുമാർ (ഭാരതീയ ജനതാപാർട്ടി)  പി.കെ.ഷറഫുദ്ദീൻ (ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗ്), ഡോ.ബെന്നി കക്കാട് (കേരളകോൺകോൺഗ്രസ്(എം), പൂജപ്പുര രാധാകൃഷ്ണൻ, (കേരളകോൺകോൺഗ്രസ്(ബി)), ജോസഫ്‌ ജോൺ (വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ), റോയി അറയ്ക്കൽ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ), ജോയ്എബ്രഹാം (കേരളകോൺകോൺഗ്രസ്), കെ.കെ.നായർ (ബി.ജെ.കെ.പി), , അഡ്വ. കൊല്ലങ്കോട് രവീന്ദ്രൻനായർ (ജനതാദൾ (എസ്)), അഡ്വ. റ്റി.മനോജ്കുമാർ (ആൾ ഇൻഡ്യ ഫോർവേർഡ് ബ്‌ളോക്ക്),കല്ലട നാരായണപിള്ള (ജനാധിപത്യകേരള കോൺഗ്രസ്), കെ.ജയകുമാർ (റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി), ജോയ് ആർ. തോമസ്  (ബഹുജൻ സമാജ് പാർട്ടി), തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ബി.എസ്.പ്രകാശ്, കമ്മീഷനിലെ മറ്റുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’വിടവാങ്ങി

റിയാദ്: സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെട്ടിരുന്ന അൽവലീദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ (36) അന്തരിച്ചു. മരണത്തിനും ജീവിതത്തിനുമിടയിൽ 20 വർഷത്തോളമാണ് കണ്ണുപോലും തുറക്കാതെ കോമയിൽ കിടന്നത്. സൗദി പ്രസ് ഏജൻസിയാണ് മരണവിവരം അറിയിച്ചത്.

2005ൽ ലണ്ടനിൽ പഠനത്തിനിടെയാണ് അൽവലീദ് ബിൻ ഖാലിദിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. അപകടത്തിനുശേഷം ഒരിക്കൽ പോലും കണ്ണുതുറന്നില്ല. ഇതോടെയാണ് രാജകുടുംബാംഗമായ അൽവലീദ് ബിൻ ഖാലിദ് ഉറങ്ങുന്ന രാജകുമാരൻ എന്നറിയപ്പെട്ടത്. അന്നുമുതൽ ഈ 20 വർഷവും കോമയിലായിരുന്നു.

ഒരു പ്രതീക്ഷയും ഇല്ലാതിരുന്നിട്ടും ജീവൻ രക്ഷാ സംവിധാനങ്ങൾ മാറ്റി മരണത്തിന് വിട്ടു കൊടുക്കാൻ പിതാവ് ഖാലിദ് ബിൻ തലാൽ തയാറായില്ല. പകരം എല്ലാം വീട്ടിലൊരുക്കി മകൻ ദൈവം വിളിക്കുമ്പോൾ പോകട്ടെയെന്ന് അൽ സൗദ് കുടുംബം നിലപാടെടുത്തു. മുറി മനോഹരമായി അലങ്കരിച്ചു. കണ്ണുകൾ തുറക്കാതിരിക്കുമ്പോഴും സ്നേഹ പരിചരണത്താൽ രാജകുമാരൻ എപ്പോഴും ഭംഗിയോടെ കാണപ്പെട്ടു.

ഖാലിദ് ബിൻ തലാൽ തന്നെയാണ് മരണവിവരം സൗദി പ്രസ് ഏജന്‍സിയോട് സ്ഥീരീകരിച്ചത്. ലോകമാകെ ആർദ്രമായി ഉറ്റുനോക്കിയ ജീവിതമാണ് അവസാനിച്ചത്. ലോകത്ത് അപൂർവമായൊരു ജീവിത മാതൃകയും. ഇന്ന് സൗദിയിലെങ്ങും പ്രാർത്ഥനകൾ നടക്കും.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാലിന് 36 വയസ് തികഞ്ഞത്. 20 വർഷമായി ഇദ്ദേഹത്തിന്‍റെ ആരോഗ്യനിലയിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെങ്കിലും കുടുംബം പ്രതീക്ഷയോടെ ചികിത്സയും പ്രാര്‍ത്ഥനയും തുടരുകയായിരുന്നു. വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

കോമയിലായതോടെ ജീവിതത്തിലേക്ക് ഇനി ഒരിക്കലും തിരിച്ചുവരാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് വെന്റിലേറ്ററിൽ നിന്ന് മാറ്റാം എന്ന് തീരുമാനിച്ചെങ്കിലും അൽ വലീദ് രാജകുമാരന്‍റെ പിതാവ് തടയുകയായിരുന്നു. 2019ൽ അദ്ദേഹത്തിന്‍റെ വിരലുകൾ ചലിച്ചിരുന്നു. തലയും ചെറുതായി ചലിച്ചു. എന്നാൽ, പിന്നീട് വീണ്ടും യാതൊരു പുരോഗതിയും ആരോഗ്യനിലയിൽ ഉണ്ടായില്ല

ലോകത്തെ വലിയ കോടീശ്വരന്മാരിൽ ഒരാളായ ഖാലിദ് ബിൻ തലാൽ അൽ സഊദ് രാജകുമാരന്‍റെയും റീമ ബിൻത് തലാൽ രാജകുമാരിയുടെയും മകനാണ് അൽ വലീദ്. ലോകത്ത് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ചികിത്സയാണ് അൽ വലീദിനായി നൽകിയിരുന്നത്.

റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലാണ് രാജകുമാരനെ ആദ്യം പരിചരിച്ചിരുന്നത്. പിന്നീട് ആശുപത്രിയിലെ എല്ലാ ജീവൻ രക്ഷാ സംവിധാനങ്ങളും വീട്ടിലൊരുക്കുകയായിരുന്നു. ട്യൂബ് വഴിയാണ് ഭക്ഷണം നൽകി വന്നിരുന്നത്.ദൈവം തന്‍റെ മകന് മരണം കൽപ്പിച്ചിരുന്നെങ്കിൽ അന്നത്തെ അപകടത്തിൽ തന്നെ അവന് ജീവൻ നഷ്ടപ്പെടുമായിരുന്നു എന്നാണ് അൽ വലീദ് രാജകുമാരന്റെ പിതാവ് പറഞ്ഞിരുന്നത്.

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

0

തിരുവനന്തരപുരം: സംസ്ഥാനത്ത് കനത്ത മഴ സാധ്യത തുടരുന്നു. 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ഇന്ന് (ജുലൈ 20) എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളാ തീരത്ത് 50 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാനും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മീൻപിടിത്തതിനുള്ള വിലക്ക് തുടരുകയാണ്. മലയോര മേഖലകളിൽ അതീവ ജാഗ്രത വേണമെന്നും തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകൾ കണക്കിലെടുക്കണമെന്നും അധികൃതർ നിർദേശിച്ചു.

കാസർകോട് ജില്ലയിൽ ഇന്ന് അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് മദ്രസകൾക്കും ട്യൂഷൻ സെന്ററുകൾക്കും ഉൾപ്പെടെ ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മതപഠന കേന്ദ്രങ്ങൾ സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ അറിയിച്ചു.