സനാ: നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. വധശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്ന ആക്ഷൻ കൗൺസിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് നന്ദി അറിയിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കം കുറിച്ചത്. യമനിലെ പ്രമുഖ സൂഫി ഗുരുവായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോഗിക ചർച്ചകൾ കഴിഞ്ഞ ദിവസം യമനിൽ ആരംഭിച്ചത്. ഗോത്ര നേതാക്കളും, തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അംഗങ്ങളും, കുടുംബാംഗങ്ങളും ചർച്ചകളിൽ പങ്കാളികളായിരുന്നു. ഹബീബ് അബ്ദുൾ റഹ്മാൻ മഹ്ഷൂസിൻ്റെ നേതൃത്വത്തിലുള്ള ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുല്ലിൻ്റെ ഉന്നതതല സംഘം തലാലിൻ്റെ ജന്മനാടായ ഉത്തര യമനിലെ ദമാറിലാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്.
നിമിഷപ്രിയയുടെ മോചനം; കാന്തപുരത്തിന്റെ ഇടപെടലിന് പിന്നാലെ യെമനില്‍ അടിയന്തര യോഗം; തലാലിന്റെ സഹോദരനും യോഗത്തിൽ
കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം. യെമനില്‍ സൂഫി പണ്ഡിതന്‍ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കൊലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയുടെ സഹോദരനും യോഗത്തില്‍ പങ്കെടുക്കുന്നതായാണ് വിവരം. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിന് പിന്നാലെയാണ് യെമനില്‍ യോഗം ചേരുന്നത്. വിഷയത്തില്‍ വൈകിട്ടോടെ വ്യക്തത വരുമെന്നാണ് വിവരം.
നോര്‍ത്ത് യെമനിലാണ് യോഗം നടക്കുന്നത്. ശൈഖ് ഹബീബ് ഉമറിനും തലാലിന്റെ സഹോദരനും പുറമേ യെമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ബ്ലഡ് മണി സ്വീകരിച്ച് തലാലിന്റെ കുടുംബം നിമിഷപ്രിയക്ക് മാപ്പ് നല്‍കണം എന്നാണ് ചര്‍ച്ചയിലെ ആവശ്യം. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി മോചനം സാധ്യമാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ഇന്നലെയായിരുന്നു കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ വിഷയത്തില്‍ ഇടപെട്ടത്. യെമന്‍ ഭരണകൂടവുമായി കാന്തപുരം ചര്‍ച്ച നടത്തിയെന്നുള്ള വിവരം പുറത്തുവന്നിരുന്നു. യെമന്‍ പൗരന്റെ ബന്ധുക്കളുമായും ആശയവിനിമയം നടന്നതായും വിവരമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് യെമനില്‍ അടിയന്തരയോഗം വിളിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ ജൂണ്‍ പതിനാറിന് നടത്തുമെന്നായിരുന്നു പുറത്തുവന്ന വിവരം. ഇതിനിടെയാണ് വിഷയത്തില്‍ നിര്‍ണായ നീക്കങ്ങളുമായി കാന്തപുരം അടക്കമുള്ളവര്‍ രംഗത്തെത്തിയത്.
ജയലളിതയുടെയും എംജിആറിന്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി
ന്യൂഡൽഹി: തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ എംജിആറിന്റെയും ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് യുവതി സുപ്രീംകോടതിയെ സമീപിച്ചു. തൃശൂർ കാട്ടൂർ സ്വദേശി കെ.എം.സുനിതയാണ് കോടതിയെ സമീപിച്ചത്. ജയലളിതയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ഇവർ കത്തും നൽകി
ഇത്രയുംനാൾ തനിക്ക് രഹസ്യമായി ജീവിക്കേണ്ട സാഹചര്യമായിരുന്നെന്ന് ചീഫ് ജസ്റ്റിസിനു നൽകിയ കത്തിൽ പറയുന്നു. താൻ ജനിച്ചതിനുശേഷം എംജിആറിന്റെ വീട്ടുജോലിക്കാരൻ രഹസ്യമായി കേരളത്തിലേക്കു മാറ്റി. സുനിതയെന്ന പേരു നൽകിയതും ജോലിക്കാരനാണ്. 18 വയസ്സ് പൂർത്തിയായപ്പോൾ അമ്മ ജയലളിത ഡിഎൻഎ പരിശോധന നടത്തിയശേഷം മകളായി അംഗീകരിച്ചു. പോയസ് ഗാർഡനിലെ വസതിയിലെത്തി ഇടയ്ക്കിടെ അമ്മയെ കാണാറുണ്ടായിരുന്നു. താൻ മകളാണെന്ന് വെളിപ്പെടുത്തി 2016 െസപ്റ്റംബർ 22ന് വാർത്താ സമ്മേളനം വിളിക്കാൻ പോവുകയാണെന്ന് അമ്മ പറഞ്ഞിരുന്നു.
അന്നു രാവിലെ എട്ടു മണിക്ക് പോയസ് ഗാർഡനിലെത്തിയ താൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളാണ്. അമ്മയായ ജയലളിത ബോധരഹിതയായി കിടക്കുകയായിരുന്നു. തോഴിയായ ശശികല ജയലളിതയുടെ മുഖത്ത് അടിക്കുന്നുണ്ടായിരുന്നു. അവരുടെ ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. ഒരു ജീവനക്കാരൻ എന്നെ ബലപ്രയോഗത്തിലൂടെ പുറത്താക്കി. കൊല്ലുമെന്ന ഭയത്താൽ താൻ കേരളത്തിലേക്കു മടങ്ങി. ഭയത്താലാണ് ഇത്രയും കാലം ഒന്നും തുറന്നു പറയാതിരുന്നത്. അമ്മ തനിക്ക് സാമ്പത്തിക സഹായം നൽകിയിരുന്നതായും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് പരാതി നൽകാൻ ശ്രമിക്കുന്നുണ്ടെന്നും സുനിത പറഞ്ഞു.
നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ പരിമിതിയുണ്ട്, ദയാധനം സ്വീകരിക്കാതെ മറ്റ് ചര്‍ച്ചകളില്‍ കാര്യമില്ല: കേന്ദ്രം സുപ്രിംകോടതിയില്‍
നിമിഷപ്രിയയുടെ വധശിക്ഷ തീയതി നീട്ടിവയ്ക്കാന്‍ കേന്ദ്രം യെമനോട് ആവശ്യപ്പെട്ടതായി അറ്റോണി ജനറല്‍ സുപ്രിംകോടതിയില്‍. യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തത് ഉള്‍പ്പെടെ വലിയ പ്രതിസന്ധിയാണെന്നും വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. വധശിക്ഷ ഒഴിവാക്കാന്‍ കേന്ദ്രം പരമാവധി ശ്രമിക്കുന്നുണ്ട്. പ്രൊസിക്യൂട്ടറിന് കേന്ദ്രസര്‍ക്കാര്‍ കത്ത് അയയ്ക്കുകയും ഒരു ഷെയ്ഖ് വഴി ചര്‍ച്ച നടത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ദയാധനം സ്വീകരിക്കാന്‍ മരിച്ചയാളുടെ കുടുംബം തയ്യാറാകാതെ മറ്റ് ചര്‍ച്ചകളില്‍ കാര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിഷയത്തില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദയാധനം നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ വധശിക്ഷ നീട്ടിവയ്ക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ യെമനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബുധനാഴ്ചയാണ് വധശിക്ഷ നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രിംകോടതി പരിഗണിച്ച പശ്ചാത്തലത്തിലായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം. ദയാധനം എത്രയാണെങ്കിലും നല്‍കാന്‍ തയ്യാറാണെന്ന് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ കോടതിയില്‍ അറിയിച്ചു. ജസ്റ്റിസ് വിക്രം നാഥിന്റേയും സന്ദീപ് മേത്തയുടേയും ബെഞ്ചിലാണ് ഹര്‍ജി എത്തിയത്. വിഷയം വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും.
കൊല്ലപ്പെട്ട യെമന്‍പൗരന്‍ തലാല്‍ അബു മഹ്ദിയുടെ കുടുംബവുമായി ചര്‍ച്ചകള്‍ തുടരുകയാണ്. 2017 ജൂലായിലായിരുന്നു നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് അബ്ദുമഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചത്. ഈ കേസിലാണ് യുവതി വധശിക്ഷ നേരിടുന്നത്
സിനിമയുടെ ചിത്രീകരണത്തിനിടെ അപകടം; സ്റ്റണ്ട് മാസ്റ്റര്‍ക്ക് ദാരുണാന്ത്യം
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റര്‍ മരിച്ചു. കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റര്‍ എസ് എം രാജു എന്ന മോഹന്‍ രാജ് ആണ് മരിച്ചത്.
പാ. രഞ്ജിത്തിന്റെ വേട്ടുവം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം ഉണ്ടായത്. ഇന്നലെയാണ് അപകടം ഉണ്ടായത്. ആര്യ നായകനായുള്ള സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.
കാര്‍ ചെയ്സ് ഷൂട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് എസ് യുവി മറിയുകയായിരുന്നു. റാമ്പില്‍ കയറി ചാടുന്ന സീന്‍ ചിത്രീകരിക്കുന്നതിനിടെ, റാമ്പില്‍ കയറുന്നതിന് മുന്‍പ് നിയന്ത്രണം വിട്ട് കാര്‍ കീഴ്മേല്‍ മറിയുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
രാജുവിനൊപ്പം പ്രവര്‍ത്തിച്ച നടന്‍ വിശാല്‍ വാര്‍ത്ത സ്ഥിരീകരിച്ചു. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സ്റ്റണ്ട് സില്‍വയും രാജുവിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.
”എനിക്ക് രാജുവിനെ വര്‍ഷങ്ങളായി അറിയാം, എന്റെ സിനിമകളില്‍ അദ്ദേഹം നിരവധി അപകടകരമായ സ്റ്റണ്ടുകള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം വളരെ ധീരനായ വ്യക്തിയായിരുന്നു. എന്റെ അഗാധമായ അനുശോചനം, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. രാജുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കും. ”- വിശാല്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
ഗോവയ്ക്ക് പുതിയ ഗവർണറെ നിയമിച്ച് രാഷ്ട്രപതി ഭവൻ
ഗോവയ്ക്ക് പുതിയ ഗവർണറെ നിയമിച്ച് രാഷ്ട്രപതി ഭവൻ. പശുപതി അശോക് ഗജപതിയാണ് ഗോവയുടെ പുതിയ ഗവർണർ. ശ്രീധരൻപിള്ളയെ മാറ്റിയാണ് പുതിയ ഗവർണറെ നിയമിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവനിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറങ്ങിയത്. നിലവിൽ മൂന്നിടങ്ങളിലെ ഗവർണർമാരെ മാറ്റിയിട്ടുണ്ട്.
ഹരിയാനയിൽ പുതിയ ഗവർണറായി അസിം കുമാർ ഘോഷ്, ഗോവയിൽ പശുപതി അശോക് ഗജപതി രാജു, ലഡാക്കിൻ്റെ ലെഫ്റ്റനൻ്റ് ഗവർണറായി കബീന്ദ്ര സിംഗ് എന്നിങ്ങനെയാണ് പുതിയ നിയമനം. മുൻ സിവിൽ വ്യോമയാന മന്ത്രിയാണ് പശുപതി ഗജപതി രാജു. ചെന്നൈയിലായിരുന്നു പശുപതി അശോക് ഗജപതി ജനിച്ചത്. 2014 മുതൽ 2018 വരെ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ശ്രീധരൻ പിള്ളയ്ക്ക് മറ്റൊരിടത്തും പകരം ചുമതല നൽകിയിട്ടില്ല. നേരത്തെ, മിസോറാം ഗവർണറായി ശ്രീധരൻ പിള്ള സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതിന് ശേഷമായിരുന്നു ഗോവ ഗവർണറായുള്ള നിയമനം.
നിമിഷ പ്രിയയുടെ മോചനം: നിർണായക ഇടപെടലുമായി കാന്തപുരം, യമനിലെ മത പുരോഹിതനുമായി ചർച്ച നടത്തി
കോഴിക്കോട്: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇടപെടലുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. യമനിലെ ഒരു മത പുരോഹിതനുമായി ബന്ധപ്പെട്ടാണ് കാന്തപുരം ഇടപെടൽ നടത്തുന്നത്. കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായും കാന്തപുരം സംസാരിച്ചു. ചാണ്ടി ഉമ്മൻ എംഎൽഎയും വിഷയത്തിൽ കാന്തപുരത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.
സെയ്ദ് ഉമർ ഹഫീസ് എന്ന യമൻ സുന്നി പണ്ഡിതൻ മുഖേനെയാണ് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായി സംസാരിക്കാൻ നിമിഷപ്രിയ മോചന സഹായ സമിതിക്ക് അവസരം ഒരുക്കിയത്. എന്നാൽ ചർച്ചയിൽ കൂടുതൽ പുരോഗതി ഉണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സഹായികൾ അറിയിച്ചു. തലാലിന്റെ കുടുംബവുമായി ബന്ധപ്പെടുവാൻ നേരത്തെ നിയമസഹായ സമിതിക്ക് കഴിഞ്ഞിരുന്നില്ല. തലാലിന്റെ സഹോദരനുമായി സംസാരിക്കാൻ കഴിഞ്ഞതിൽ പ്രതീക്ഷയുണ്ടെന്നും ചർച്ച തുടരുകയാണെന്നും കാന്തപുരം വിഭാഗം അറിയിച്ചു.
അതിനിടെ, നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നുവെന്നും ഉടൻ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഈ മാസം 16ന് നിമിഷ പ്രിയയുടെ ശിക്ഷ നടപ്പിലാക്കുമെന്നാണ് ജയിൽ അധികൃതർക്ക് ലഭിച്ചിരിക്കുന്ന വിവരം. അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ നിർത്തിവെയ്പ്പിക്കാൻ സജീവ ശ്രമം തുടരുകയാണ്. കൂടിക്കാഴ്ച്ചകൾക്കായി സനായിലെത്തിയ നിമിഷപ്രിയയുടെ അമ്മയും സാമൂഹ്യപ്രവർത്തകൻ സാമുവൽ ജെറോണും അവിടെ തുടരുകയാണ്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ഇടപെടുന്നുണ്ടെന്നാണ് സൂചന. യെമനിൽ ബിസിനസ് ബന്ധമുള്ളവർ വഴി അനൗദ്യോഗിക ചർച്ചകൾക്കും ശ്രമിക്കുന്നുണ്ട്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന്റെയോ ഗോത്രവുമായി ബന്ധപ്പെട്ട തലവന്മാരുടെയോ വ്യക്തമായ നിലപാട് ലഭിക്കാത്തതാണ് പ്രതിസന്ധി. ദയാധനം സംബന്ധിച്ച് ഉറപ്പ് നൽകാനും ശ്രമം നടക്കുന്നുണ്ട്.
ജൂലായ് 16ന് നിമിഷയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തിൽ നിമിഷപ്രിയുടെ ജീവൻ രക്ഷിക്കാൻ അടിയന്തരമായ ഇടപെടൽ വേണം. കേന്ദ്രസർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെമാത്രമേ ഇത് സാധ്യമാകൂ. ഇതിന് സുപ്രീംകോടതി നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ സുപ്രീംകോടതിയിൽ ഹർജി നല്‍കി. നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് കെസി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് ഇനി മൂന്ന് ദിവസം മാത്രമാണ് മുന്നിലുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൂടുതൽ കാര്യക്ഷമമായി വിഷയത്തെ കാണണമെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു.
വയനാട്ടിൽ ആറംഗ കവർച്ചാസംഘം പിടിയിൽ; മഹാരാഷ്ട്രയിൽ നിന്ന് തട്ടിയത് ഒന്നരക്കോടി
മഹാരാഷ്ട്രയിൽ ഒന്നര കോടിയോളം രൂപ കവർച്ച നടത്തി കേരളത്തിലേക്ക് കടന്ന പാലക്കാട് സ്വദേശികളെ അതിസാഹസികമായി പിടികൂടി മഹാരാഷ്ട്ര പൊലീസിന് കൈമാറി വയനാട് പൊലീസ്. കവർച്ചാ സംഘത്തിലെ നന്ദകുമാർ(32) അജിത്കുമാർ (27), സുരേഷ് (47), വിഷ്ണു(29), ജിനു(31), കലാധരൻ(33) എന്നിവരെയാണ് ഹൈവേ പൊലീസും കൽപ്പറ്റ പൊലീസും സ്ക്വാഡും ചേർന്ന് പിടികൂടിയത്.
സ്‌കോർപിയയിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന ഇവരെ ഇന്നലെ രാത്രിയിൽ കൈനാട്ടിയിൽ വെച്ച് പിടികൂടുകയായിരുന്നു. പിടിയിലായവരെല്ലാം കവർച്ച, വധശ്രമം, ലഹരിക്കടത്ത് എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ടവരാണ്. പിടികൂടിയ ഇവരെ വൈദ്യ പരിശോധനക്ക് ശേഷം മഹാരാഷ്ട്ര പോലീസിന് കൈമാറി.
മഹാരാഷ്ട്രയിലെ സത്തരാ ജില്ലയിലെ ബുഞ്ച് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതികളാണിവർ. ഇവർ വയനാട് ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി എം എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളെയും അലർട്ട് ചെയ്യുകയും ഇവരുടെ വാഹനം കൈനാട്ടിയിൽ വച്ച് പിന്തുടർന്ന് പിടികൂടുകയുമായിരുന്നു.
ട്രെയിനുകളിലും ഇനി സിസിടിവി; ഒരു കോച്ചിൽ 4 ക്യാമറ
ദില്ലി: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ ട്രെയിനുകളിലും സിസിടിവികൾ സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ. രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയത് വന്‍ വിജയമാണെന്നും റെയിൽവേ അറിയിച്ചു. ഒരു കോച്ചിൽ നാലും എഞ്ചിനിൽ 6 ഉം ക്യാമറകൾ വീതം ഘടിപ്പിക്കും.
രാജ്യമെമ്പാടുമുള്ള 74000 കോച്ചുകളിലും 15000 എഞ്ചിനുകളിലും ക്യാമറ ഘടിപ്പിക്കാൻ റെയിൽവേ മന്ത്രാലയം അനുമതി നൽകി. എല്ലാ വശത്തെ ദൃശ്യങ്ങളും പകർത്താൻ കഴിയുന്ന 360 ഡിഗ്രി ഡോം ക്യാമറകളാണ് ഘടിപ്പിക്കുക. കുറഞ്ഞ വെളിച്ചത്തിലും, നൂറ് കിമീ വേഗതിയിലും ഈ ക്യാമറകൾ പ്രവർത്തിക്കും. കോച്ചുകളിൽ വാതിലിനടുത്തും കോമൺ ഏരിയയിലാണും ക്യാമറകള്‍ ഘടിപ്പിക്കുക. യാത്രക്കാരുടെ സ്വകാര്യത ഉറപ്പാക്കുമെന്നും റെയിൽവേ വ്യക്തമാക്കി.
കോച്ചുകളിൽ നാല് വാതിലിനും അടുത്തായി യാത്രക്കാരുടെ സ്വകാര്യ ഉറപ്പാക്കിക്കൊണ്ടാണ് ക്യാമറ സ്ഥാപിക്കുകയെന്നും റെയിൽവേ പ്രസ്താവനയിലൂടെ അറിയിച്ചു. ക്യാമറകളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങൾ പരിശോധിക്കാനടക്കം എഐ സാങ്കേതിക വിദ്യ ഉപയോഗിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.

കരിയാത്തുംപാറ പുഴയോരം അപകട മേഖലയാകുന്നു; കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും
കക്കയം: വിനോദസഞ്ചാരികൾ അശ്രദ്ധമായി പുഴയിലിറങ്ങുന്നത് ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തുന്നു. കരിയാത്തും പാറക്കടുത്ത് കക്കയം 30ാം മൈലിലെ പുഴയിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാര സംഘത്തിൽപ്പെട്ട കിനാലൂർ സ്വദേശിയായ യുവാവ് ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. പുറത്തുനിന്ന് വരുന്ന സഞ്ചാരികൾക്ക് ഇവിടുത്തെ പുഴയെയോ ഭൂമിശാസ്ത്രമോ അറിയില്ല. നാട്ടുകാർ അപകട മുന്നറിയിപ്പ് സൂചിപ്പിച്ചാലും സഞ്ചാരികൾ ഗൗരവത്തിലെടുക്കാറില്ല.
കക്കയം, കരിയാത്തുംപാറ പുഴയിൽ മണൽ വാരിയതിനെ തുടർന്നുള്ള കുഴികൾ യഥേഷ്ടമുണ്ട്. വെള്ളത്തിലേക്ക് ഇറങ്ങുമ്പോൾ മുട്ടിനു താഴെ മാത്രം വെള്ളം കാണുമെങ്കിലും പിന്നെയും മുന്നോട്ടുനീങ്ങുമ്പോൾ ഇത്തരം കുഴികളിലേക്ക് വഴുതിവീഴുകയാണ് ചെയ്യുന്നത്. പുഴ പുറമെ ശാന്തമാണെങ്കിലും അടിയൊഴുക്ക് ശക്തമായിരിക്കും. മുങ്ങിപ്പോകുന്നവർ പെട്ടെന്നുതന്നെ മുന്നോട്ടൊഴുകി മറ്റു കുഴികളിലേക്ക് താണുപോവുകയും ചെയ്യും.
ഗൈഡുമാരുടെ സാന്നിധ്യമില്ലാത്ത പുഴക്കരകളിൽ കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ കൂരാച്ചുണ്ട് പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ലാത്ത ഭാഗത്താണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ കോട്ടയം സ്വദേശിയായ യുവാവ് മുങ്ങിമരിച്ചതും പ്രവേശനമില്ലാത്ത ഭാഗത്തായിരുന്നു.
പ്രവേശനമുള്ള കരിയാത്തുംപാറയിലെതന്നെ പാറക്കടവ് മണൽക്കയം ഭാഗത്ത് ഇതിനകം 12ഓളം വിനോദസഞ്ചാരികൾ മുങ്ങിമരിച്ചിട്ടുണ്ട്. ഇവിടെ ഇപ്പോൾ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മഴ പെയ്തു തുടങ്ങിയതോടെ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഇതു കാരണം സഞ്ചാരികൾ നിയന്ത്രണങ്ങളില്ലാത്ത കക്കയം പഞ്ചവടി, 30ാം മൈൽ, കരിയാത്തുംപാറ ഭാഗങ്ങളിലേക്ക് എത്തി പുഴയിലിറങ്ങുന്നതും പതിവായിട്ടുണ്ട്.



