spot_img
Monday, June 29, 2026
Home Blog Page 155

നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ പരിമിതിയുണ്ട്, ദയാധനം സ്വീകരിക്കാതെ മറ്റ് ചര്‍ച്ചകളില്‍ കാര്യമില്ല: കേന്ദ്രം സുപ്രിംകോടതിയില്‍

0

നിമിഷപ്രിയയുടെ വധശിക്ഷ തീയതി നീട്ടിവയ്ക്കാന്‍ കേന്ദ്രം യെമനോട് ആവശ്യപ്പെട്ടതായി അറ്റോണി ജനറല്‍ സുപ്രിംകോടതിയില്‍. യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തത് ഉള്‍പ്പെടെ വലിയ പ്രതിസന്ധിയാണെന്നും വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. വധശിക്ഷ ഒഴിവാക്കാന്‍ കേന്ദ്രം പരമാവധി ശ്രമിക്കുന്നുണ്ട്. പ്രൊസിക്യൂട്ടറിന് കേന്ദ്രസര്‍ക്കാര്‍ കത്ത് അയയ്ക്കുകയും ഒരു ഷെയ്ഖ് വഴി ചര്‍ച്ച നടത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ദയാധനം സ്വീകരിക്കാന്‍ മരിച്ചയാളുടെ കുടുംബം തയ്യാറാകാതെ മറ്റ് ചര്‍ച്ചകളില്‍ കാര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിഷയത്തില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി.

കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദയാധനം നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ വധശിക്ഷ നീട്ടിവയ്ക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ യെമനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബുധനാഴ്ചയാണ് വധശിക്ഷ നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രിംകോടതി പരിഗണിച്ച പശ്ചാത്തലത്തിലായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം. ദയാധനം എത്രയാണെങ്കിലും നല്‍കാന്‍ തയ്യാറാണെന്ന് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ കോടതിയില്‍ അറിയിച്ചു. ജസ്റ്റിസ് വിക്രം നാഥിന്റേയും സന്ദീപ് മേത്തയുടേയും ബെഞ്ചിലാണ് ഹര്‍ജി എത്തിയത്. വിഷയം വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും.

കൊല്ലപ്പെട്ട യെമന്‍പൗരന്‍ തലാല്‍ അബു മഹ്ദിയുടെ കുടുംബവുമായി ചര്‍ച്ചകള്‍ തുടരുകയാണ്. 2017 ജൂലായിലായിരുന്നു നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് അബ്ദുമഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചത്. ഈ കേസിലാണ് യുവതി വധശിക്ഷ നേരിടുന്നത്

സിനിമയുടെ ചിത്രീകരണത്തിനിടെ അപകടം; സ്റ്റണ്ട് മാസ്റ്റര്‍ക്ക് ദാരുണാന്ത്യം

0

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റര്‍ മരിച്ചു. കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റര്‍ എസ് എം രാജു എന്ന മോഹന്‍ രാജ് ആണ് മരിച്ചത്.

പാ. രഞ്ജിത്തിന്റെ വേട്ടുവം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം ഉണ്ടായത്. ഇന്നലെയാണ് അപകടം ഉണ്ടായത്. ആര്യ നായകനായുള്ള സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

കാര്‍ ചെയ്സ് ഷൂട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് എസ് യുവി മറിയുകയായിരുന്നു. റാമ്പില്‍ കയറി ചാടുന്ന സീന്‍ ചിത്രീകരിക്കുന്നതിനിടെ, റാമ്പില്‍ കയറുന്നതിന് മുന്‍പ് നിയന്ത്രണം വിട്ട് കാര്‍ കീഴ്മേല്‍ മറിയുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

രാജുവിനൊപ്പം പ്രവര്‍ത്തിച്ച നടന്‍ വിശാല്‍ വാര്‍ത്ത സ്ഥിരീകരിച്ചു. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സ്റ്റണ്ട് സില്‍വയും രാജുവിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.

”എനിക്ക് രാജുവിനെ വര്‍ഷങ്ങളായി അറിയാം, എന്റെ സിനിമകളില്‍ അദ്ദേഹം നിരവധി അപകടകരമായ സ്റ്റണ്ടുകള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം വളരെ ധീരനായ വ്യക്തിയായിരുന്നു. എന്റെ അഗാധമായ അനുശോചനം, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. രാജുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കും. ”- വിശാല്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

ഗോവയ്ക്ക് പുതിയ ഗവർണറെ നിയമിച്ച് രാഷ്ട്രപതി ഭവൻ

0

ഗോവയ്ക്ക് പുതിയ ഗവർണറെ നിയമിച്ച് രാഷ്ട്രപതി ഭവൻ. പശുപതി അശോക് ഗജപതിയാണ് ​ഗോവയുടെ പുതിയ ​ഗവർണർ. ശ്രീധരൻപിള്ളയെ മാറ്റിയാണ് പുതിയ ​ഗവർണറെ നിയമിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവനിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറങ്ങിയത്. നിലവിൽ മൂന്നിടങ്ങളിലെ ​ഗവർ‌ണർമാരെ മാറ്റിയിട്ടുണ്ട്.

 ഹരിയാനയിൽ പുതിയ ​ഗവർണറായി അസിം കുമാർ ഘോഷ്, ​ഗോവയിൽ പശുപതി അശോക് ഗജപതി രാജു, ലഡാക്കിൻ്റെ ലെഫ്റ്റനൻ്റ് ​ഗവർണറായി കബീന്ദ്ര സിം​ഗ് എന്നിങ്ങനെയാണ് പുതിയ നിയമനം. മുൻ സിവിൽ വ്യോമയാന മന്ത്രിയാണ് പശുപതി ​ഗജപതി രാജു. ചെന്നൈയിലായിരുന്നു പശുപതി അശോക് ഗജപതി ജനിച്ചത്. 2014 മുതൽ 2018 വരെ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ശ്രീധരൻ പിള്ളയ്ക്ക് മറ്റൊരിടത്തും പകരം ചുമതല നൽകിയിട്ടില്ല. നേരത്തെ, മിസോറാം ഗവർണറായി ശ്രീധരൻ പിള്ള സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതിന് ശേഷമായിരുന്നു ഗോവ ഗവർണറായുള്ള നിയമനം.

നിമിഷ പ്രിയയുടെ മോചനം: നിർണായക ഇടപെടലുമായി കാന്തപുരം, യമനിലെ മത പുരോഹിതനുമായി ചർച്ച നടത്തി

0

കോഴിക്കോട്: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇടപെടലുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. യമനിലെ ഒരു മത പുരോഹിതനുമായി ബന്ധപ്പെട്ടാണ് കാന്തപുരം ഇടപെടൽ നടത്തുന്നത്. കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായും കാന്തപുരം സംസാരിച്ചു. ചാണ്ടി ഉമ്മൻ എംഎൽഎയും വിഷയത്തിൽ കാന്തപുരത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.

സെയ്ദ് ഉമർ ഹഫീസ് എന്ന യമൻ സുന്നി പണ്ഡിതൻ മുഖേനെയാണ് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായി സംസാരിക്കാൻ നിമിഷപ്രിയ മോചന സഹായ സമിതിക്ക് അവസരം ഒരുക്കിയത്. എന്നാൽ ചർച്ചയിൽ കൂടുതൽ പുരോഗതി ഉണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സഹായികൾ അറിയിച്ചു. തലാലിന്റെ കുടുംബവുമായി ബന്ധപ്പെടുവാൻ നേരത്തെ നിയമസഹായ സമിതിക്ക് കഴിഞ്ഞിരുന്നില്ല. തലാലിന്റെ സഹോദരനുമായി സംസാരിക്കാൻ കഴിഞ്ഞതിൽ പ്രതീക്ഷയുണ്ടെന്നും ചർച്ച തുടരുകയാണെന്നും കാന്തപുരം വിഭാ​ഗം അറിയിച്ചു.

അതിനിടെ, നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നുവെന്നും ഉടൻ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഈ മാസം 16ന് നിമിഷ പ്രിയയുടെ ശിക്ഷ നടപ്പിലാക്കുമെന്നാണ് ജയിൽ അധികൃതർക്ക് ലഭിച്ചിരിക്കുന്ന വിവരം. അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ നിർത്തിവെയ്പ്പിക്കാൻ സജീവ ശ്രമം തുടരുകയാണ്. കൂടിക്കാഴ്ച്ചകൾക്കായി സനായിലെത്തിയ നിമിഷപ്രിയയുടെ അമ്മയും സാമൂഹ്യപ്രവർത്തകൻ സാമുവൽ ജെറോണും അവിടെ തുടരുകയാണ്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ഇടപെടുന്നുണ്ടെന്നാണ് സൂചന. യെമനിൽ ബിസിനസ് ബന്ധമുള്ളവർ വഴി അനൗദ്യോഗിക ചർച്ചകൾക്കും ശ്രമിക്കുന്നുണ്ട്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന്റെയോ ഗോത്രവുമായി ബന്ധപ്പെട്ട തലവന്മാരുടെയോ വ്യക്തമായ നിലപാട് ലഭിക്കാത്തതാണ് പ്രതിസന്ധി. ദയാധനം സംബന്ധിച്ച് ഉറപ്പ് നൽകാനും ശ്രമം നടക്കുന്നുണ്ട്.

ജൂലായ് 16ന് നിമിഷയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തിൽ നിമിഷപ്രിയുടെ ജീവൻ രക്ഷിക്കാൻ അടിയന്തരമായ ഇടപെടൽ വേണം. കേന്ദ്രസർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെമാത്രമേ ഇത് സാധ്യമാകൂ. ഇതിന് സുപ്രീംകോടതി നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ സുപ്രീംകോടതിയിൽ ഹർജി നല്‍കി. നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് കെസി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് ഇനി മൂന്ന് ദിവസം മാത്രമാണ് മുന്നിലുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൂടുതൽ കാര്യക്ഷമമായി വിഷയത്തെ കാണണമെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു.

വയനാട്ടിൽ ആറം​ഗ കവർച്ചാസംഘം പിടിയിൽ; മഹാരാഷ്ട്രയിൽ നിന്ന് തട്ടിയത് ഒന്നരക്കോടി

0

മഹാരാഷ്ട്രയിൽ ഒന്നര കോടിയോളം രൂപ കവർച്ച നടത്തി കേരളത്തിലേക്ക് കടന്ന പാലക്കാട് സ്വദേശികളെ അതിസാഹസികമായി പിടികൂടി മഹാരാഷ്ട്ര പൊലീസിന് കൈമാറി വയനാട് പൊലീസ്. കവർച്ചാ സംഘത്തിലെ നന്ദകുമാർ(32) അജിത്കുമാർ (27), സുരേഷ് (47), വിഷ്ണു(29), ജിനു(31), കലാധരൻ(33) എന്നിവരെയാണ് ഹൈവേ പൊലീസും കൽപ്പറ്റ പൊലീസും സ്ക്വാഡും ചേർന്ന് പിടികൂടിയത്.

സ്‌കോർപിയയിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന ഇവരെ ഇന്നലെ രാത്രിയിൽ കൈനാട്ടിയിൽ വെച്ച് പിടികൂടുകയായിരുന്നു. പിടിയിലായവരെല്ലാം കവർച്ച, വധശ്രമം, ലഹരിക്കടത്ത് എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ടവരാണ്. പിടികൂടിയ ഇവരെ വൈദ്യ പരിശോധനക്ക് ശേഷം മഹാരാഷ്ട്ര പോലീസിന് കൈമാറി.

മഹാരാഷ്ട്രയിലെ സത്തരാ ജില്ലയിലെ ബുഞ്ച് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതികളാണിവർ. ഇവർ വയനാട് ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി എം എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളെയും അലർട്ട് ചെയ്യുകയും ഇവരുടെ വാഹനം കൈനാട്ടിയിൽ വച്ച് പിന്തുടർന്ന് പിടികൂടുകയുമായിരുന്നു.

ട്രെയിനുകളിലും ഇനി സിസിടിവി; ഒരു കോച്ചിൽ 4 ക്യാമറ

0

ദില്ലി: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ ട്രെയിനുകളിലും സിസിടിവികൾ സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ. രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയത് വന്‍ വിജയമാണെന്നും റെയിൽവേ അറിയിച്ചു. ഒരു കോച്ചിൽ നാലും എഞ്ചിനിൽ 6 ഉം ക്യാമറകൾ വീതം ഘടിപ്പിക്കും.

രാജ്യമെമ്പാടുമുള്ള 74000 കോച്ചുകളിലും 15000 എഞ്ചിനുകളിലും ക്യാമറ ഘടിപ്പിക്കാൻ റെയിൽവേ മന്ത്രാലയം അനുമതി നൽകി. എല്ലാ വശത്തെ ദൃശ്യങ്ങളും പകർത്താൻ കഴിയുന്ന 360 ഡി​ഗ്രി ഡോം ക്യാമറകളാണ് ഘടിപ്പിക്കുക. കുറഞ്ഞ വെളിച്ചത്തിലും, നൂറ് കിമീ വേ​ഗതിയിലും ഈ ക്യാമറകൾ പ്രവർത്തിക്കും. കോച്ചുകളിൽ വാതിലിനടുത്തും കോമൺ ഏരിയയിലാണും ക്യാമറകള്‍ ഘടിപ്പിക്കുക. യാത്രക്കാരുടെ സ്വകാര്യത ഉറപ്പാക്കുമെന്നും റെയിൽവേ വ്യക്തമാക്കി. 

കോച്ചുകളിൽ നാല് വാതിലിനും അടുത്തായി യാത്രക്കാരുടെ സ്വകാര്യ ഉറപ്പാക്കിക്കൊണ്ടാണ് ക്യാമറ സ്ഥാപിക്കുകയെന്നും റെയിൽവേ പ്രസ്താവനയിലൂടെ അറിയിച്ചു. ക്യാമറകളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങൾ പരിശോധിക്കാനടക്കം എഐ സാങ്കേതിക വിദ്യ ഉപയോ​ഗിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.

കരിയാത്തുംപാറ പുഴയോരം അപകട മേഖലയാകുന്നു; കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും

0

കക്കയം: വിനോദസഞ്ചാരികൾ അശ്രദ്ധമായി പുഴയിലിറങ്ങുന്നത് ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തുന്നു. കരിയാത്തും പാറക്കടുത്ത് കക്കയം 30ാം മൈലിലെ പുഴയിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാര സംഘത്തിൽപ്പെട്ട കിനാലൂർ സ്വദേശിയായ യുവാവ് ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. പുറത്തുനിന്ന് വരുന്ന സഞ്ചാരികൾക്ക് ഇവിടുത്തെ പുഴയെയോ ഭൂമിശാസ്ത്രമോ അറിയില്ല. നാട്ടുകാർ അപകട മുന്നറിയിപ്പ് സൂചിപ്പിച്ചാലും സഞ്ചാരികൾ ഗൗരവത്തിലെടുക്കാറില്ല.

കക്കയം, കരിയാത്തുംപാറ പുഴയിൽ മണൽ വാരിയതിനെ തുടർന്നുള്ള കുഴികൾ യഥേഷ്ടമുണ്ട്. വെള്ളത്തിലേക്ക് ഇറങ്ങുമ്പോൾ മുട്ടിനു താഴെ മാത്രം വെള്ളം കാണുമെങ്കിലും പിന്നെയും മുന്നോട്ടുനീങ്ങുമ്പോൾ ഇത്തരം കുഴികളിലേക്ക് വഴുതിവീഴുകയാണ് ചെയ്യുന്നത്. പുഴ പുറമെ ശാന്തമാണെങ്കിലും അടിയൊഴുക്ക് ശക്തമായിരിക്കും. മുങ്ങിപ്പോകുന്നവർ പെട്ടെന്നുതന്നെ മുന്നോട്ടൊഴുകി മറ്റു കുഴികളിലേക്ക് താണുപോവുകയും ചെയ്യും.

ഗൈഡുമാരുടെ സാന്നിധ്യമില്ലാത്ത പുഴക്കരകളിൽ കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ കൂരാച്ചുണ്ട് പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ലാത്ത ഭാഗത്താണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ കോട്ടയം സ്വദേശിയായ യുവാവ് മുങ്ങിമരിച്ചതും പ്രവേശനമില്ലാത്ത ഭാഗത്തായിരുന്നു.

പ്രവേശനമുള്ള കരിയാത്തുംപാറയിലെതന്നെ പാറക്കടവ് മണൽക്കയം ഭാഗത്ത് ഇതിനകം 12ഓളം വിനോദസഞ്ചാരികൾ മുങ്ങിമരിച്ചിട്ടുണ്ട്. ഇവിടെ ഇപ്പോൾ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മഴ പെയ്തു തുടങ്ങിയതോടെ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഇതു കാരണം സഞ്ചാരികൾ നിയന്ത്രണങ്ങളില്ലാത്ത കക്കയം പഞ്ചവടി, 30ാം മൈൽ, കരിയാത്തുംപാറ ഭാഗങ്ങളിലേക്ക് എത്തി പുഴയിലിറങ്ങുന്നതും പതിവായിട്ടുണ്ട്.

മഴ വീണ്ടും കനക്കുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും കനത്തേക്കും. ഇന്ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. 16-ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. കേരളാ തീരത്ത് ഇന്ന് 60 കി മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കാണ്.


പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശം

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.


കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.


മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/…/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലർട്ടുകളെ മനസിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2024 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/…/Orange-Book-of-Disaster… ഈ ലിങ്കിൽ ലഭ്യമാണ്.കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കുക.

തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

0

ഹൈദരാബാദ്∙ പ്രശസ്ത തെലുങ്ക് ചലച്ചിത്ര നടനും ബിജെപി മുൻഎംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. ഹൈദരാബാദ് ജൂബിലി ഹിൽസിലെ ഫിലിംനഗറിലുള്ള വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു.

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കങ്കിപാടുവിൽ ജനിച്ച റാവു 1978ൽ പുറത്തിറങ്ങിയ ‘പ്രാണം ഖരീദു’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി 750 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. വില്ലൻ വേഷങ്ങളിലൂടെയും സ്വഭാവ നടനായും അദ്ദേഹം പ്രശസ്തനായി. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് 2015 ൽ പത്മശ്രീ ലഭിച്ചു. 1999 മുതൽ 2004 വരെ വിജയവാഡ ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ നിന്ന് ബിജെപി എംഎൽഎയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

വാഹനങ്ങൾ കെട്ടിവലിക്കൽ :മോട്ടോർ വാഹന വകുപ്പ് നൽകുന്ന നിർദ്ദേശം

0

സാധാരണയായി ഒരു അപകടം സംഭവിച്ചതോ, ഏതെങ്കിലും യാന്ത്രിക തകരാറുകളളതോ ആയ വാഹനങ്ങളാണ് റിപ്പയർ ചെയ്യുന്നതിന് അടുത്ത വർക്ക്ഷോപ്പിലേക്ക് എത്തിക്കുന്നതിനായി കെട്ടി വലിക്കേണ്ടി വരുന്നത്.

കൂടാതെ നിയമപരമായി ടാക്സ് ഇളവിന് അപേക്ഷിച്ച് നിർത്തിയിട്ട വാഹനം കൃത്യമായ അനുമതിയോടെ മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടി വരുമ്പോഴും കെട്ടിവലിക്കേണ്ടി വരാറുണ്ട്.

2017 ലെ മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് റെഗുലേഷൻ വകുപ്പ് 30 പ്രകാരം കെട്ടി വലിക്കേണ്ടി വരുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പ് വരുത്തേണ്ടതുണ്ട്.

1. ഒരു ഇരുചക്രവാഹനം മറ്റൊരു വാഹനത്തിൽ കെട്ടിവലിക്കാൻ പാടില്ല.

2. കെട്ടി വലിക്കുമ്പോൾ പരമാവധി വേഗപരിധി 25 kmph ൽ കൂടാൻ പാടില്ല.

3. കെട്ടിവലിക്കുന്ന വാഹനവും കെട്ടി വലിക്കപ്പെടുന്ന വാഹനവും തമ്മിലുളള ദൂരം 5 മീറ്ററിൽ കൂടാൻ പാടില്ല.

4. കെട്ടി വലിക്കാൻ ഉപയോഗിക്കുന്ന കയറോ, ചെയിനോ മറ്റു റോഡുപയോക്താക്കൾക്ക് സ്പഷ്ടമായി കാണാൻ സാധിക്കുന്നതായിരിക്കണം.

5. 10 സെൻ്റിമീറ്റർ ഉയരവും, 2 സെ.മീ വീതിയും, 2 സെ.മീ അക്ഷരങ്ങൾക്കിടയിൽ വിടവുമുള്ള റിട്രോറിഫ്ളക്റ്റീവ് ” ON TOW ” അടയാളം കെട്ടി വലിക്കുന്ന വാഹനത്തിൻ്റെ മുന്നിലും, കെട്ടി വലിക്കപ്പെടുന്ന വാഹനത്തിൻ്റെ പിറകിലും പ്രദർശിപ്പിക്കേണ്ടതാണ്.അതു പോലെ അപകട മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തിക്കാതെ രാത്രിയിലോ ഇരുട്ടത്തോ, മോശം കാലാവസ്ഥയിലോ ഡ്രൈവർ ഒരു വാഹനം കെട്ടി വലിക്കരുത്.

കെട്ടി വലിക്കപ്പെടുന്ന വാഹനത്തിൻ്റെ അപകട മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തനരഹിതമാണെങ്കിൽ കെട്ടിവലിക്കുന്ന വാഹനത്തിൻ്റെ അപകട മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തിപ്പിക്കാതെ കെട്ടിവലിക്കരുത്.

മാത്രമല്ല നിയമത്തിൽ പ്രത്യേകിച്ച് പറഞ്ഞില്ലെങ്കിലും ഇങ്ങനെ വലിക്കപ്പെടുമ്പോൾ ഏതെങ്കിലും ജംഗ്ഷനിൽ മറ്റൊരു റോഡിലേക്ക് തിരിയൽ, യു ടേൺ തിരിയൽ പോലുള്ള സന്ദർഭങ്ങളിൽ പ്രത്യേകിച്ച് മറ്റൊരു റോഡിനു കുറുകേ പോകേണ്ട സമയങ്ങളിൽ അത്യന്തം ശ്രദ്ധയോടെ നിങ്ങേണ്ടതും പറ്റുമെങ്കിൽ ഒരാളുടെ സഹായത്താൽ മറ്റു വശങ്ങളിൽ നിന്നുള്ള വാഹനങ്ങനെ നിയന്ത്രിച്ചു കൊണ്ട് മാത്രം മുന്നോട്ടു പോകുക.

#towing#mvdkerala