spot_img
Thursday, July 2, 2026
Home Blog Page 195

സർക്കാർ ഹയർസെക്കന്ററി സ്‌കൂൾ അധ്യാപകരുടെ ഓൺലൈൻ സ്ഥലംമാറ്റ പ്രക്രിയ ഇന്നുമുതൽ  ആരംഭിക്കും : മന്ത്രി വി ശിവൻകുട്ടി

0
സൗജന്യ സ്‌കൂൾ യുണിഫോം പദ്ധതി മിനിമം മാർക്ക്

സർക്കാർ ഹയർസെക്കന്ററി സ്‌കൂൾ അധ്യാപരുടെ ഓൺലൈൻ സ്ഥലമാറ്റ പ്രക്രിയ ഇന്ന്, 2025 ഏപ്രിൽ 7 മുതൽ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിനായി അധ്യാപരുടെ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യാനും ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ അത് വെരിഫൈ ചെയ്യാനും കൃത്യമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും ഹയർസെക്കന്ററി ട്രാൻസ്ഫർ പോർട്ടലിൽ ഈ വർഷം പുതിയ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രിൻസിപ്പൽമാർ വളരെ കൃത്യമായി പരിശോധിച്ച് വേണം വിവരങ്ങൾ നൽകേണ്ടത്. ജനറൽ ട്രാൻസ്ഫർ പ്രക്രിയ ജൂൺ 1 ന് മുൻപ് പൂർത്തീകരിക്കാൻ കഴിയുമെന്നും ഇതിനുള്ള സർക്കുലർ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു. കൈറ്റിന്റെ (KITE) സാങ്കേതിക സഹായത്തോടെയാണ് ഓൺലൈൻ സ്ഥലമാറ്റ നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് പൂർത്തിയാക്കുന്നത്.

തെറ്റായ വിവരങ്ങൾ നൽകുന്ന അധ്യാപകർക്കും അത് കൃത്യമായി പരിശോധിക്കാതെ കൺഫേം ചെയ്യുന്ന പ്രിൻസിപ്പൽമാർക്കും എതിരെ 02.03.2019 ലെ സ.ഉ.(സാധാ) നം. 838/2019/പൊ.വി.വ. നമ്പർ സർക്കാർ ഉത്തരവിലെ 8 (VIII) നിർദേശപ്രകാരം കർശന നടപടികൾ സ്വീകരിക്കും. 2025 ജൂൺ 1ന് മുൻപ് ജനറൽ ട്രാൻസ്ഫർ പ്രക്രിയ വിജയകരമായി പൂർത്തിയാക്കാനുള്ള തീവ്രശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

സൗജന്യ സ്‌കൂൾ യുണിഫോം പദ്ധതി

സൗജന്യ പാഠപുസ്തകം, സൗജന്യ യൂണിഫോം, സൗജന്യ ഉച്ചഭക്ഷണം എന്നിവ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ അവകാശമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.  സൗജന്യ യൂണിഫോം പദ്ധതി ആദ്യമായി ആരംഭിച്ചത് 2013-14 അധ്യയന വർഷത്തിലാണ്. 82  കോടിയുടെ പദ്ധതിയായാണ് ഇതിന് തുടക്കം കുറിച്ചത്.  സംസ്ഥാന സർക്കാർ സ്‌കൂളുകളിലെ 1 മുതൽ  8 വരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ പെൺകുട്ടികൾക്കും എ.പി.എൽ വിഭാഗം ഒഴികെയുള്ള ആൺകുട്ടികൾക്കുമാണ് സൗജന്യ യൂണിഫോം പദ്ധതിക്കായി കേന്ദ്ര സർക്കാർ പദ്ധതി വിഹിതം അനുവദിച്ച് തുടങ്ങിയത്.

2014-15 വർഷം മുതൽ കേന്ദ്ര സർക്കാർ പദ്ധതി വിഹിതം നൽകാത്ത സർക്കാർ സ്‌കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിലെ എ.പി.എൽ വിഭാഗം ആൺകുട്ടികൾക്കും അതോടൊപ്പം എയ്ഡഡ്  സ്‌കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിലെ ആൺ / പെൺ വ്യത്യാസമില്ലാതെ എ.പി.എൽ /  ബി.പി.എൽ വ്യത്യാസമില്ലാതെ മുഴുവൻ കുട്ടികൾക്കും സൗജന്യ യൂണിഫോം പദ്ധതിക്കായി പദ്ധതി വിഹിതം സംസ്ഥാന സർക്കാർ അനുവദിച്ചു തുടങ്ങി. ഈ ഘട്ടത്തിൽ നാനൂറ് രൂപയായിരുന്ന യൂണിഫോം വാങ്ങുന്നതിനുള്ള അലവൻസ് സ്‌കൂളുകളിൽ നേരിട്ട് അലോട്ട്മെന്റ് ആയി നൽകാൻ തീരുമാനിച്ചു. കൈത്തറി മേഖലയുടെ ഉന്നമനത്തിനായി സർക്കാരിന്റെ നയപരമായ തീരുമാനത്തെ തുടർന്ന് 2016-17 വർഷം സ്‌കൂളുകളിൽ കൈത്തറി യൂണിഫോം വിതരണം ചെയ്യാൻ തീരുമാനിച്ചു.

2017-18 അധ്യയന വർഷത്തിൽ കൈത്തറി യൂണിഫോം  ആദ്യമായി വിതരണം ചെയ്തപ്പോൾ രണ്ടര ലക്ഷം കുട്ടികളായിരുന്നു ആദ്യ ഘട്ടത്തിലെ ഗുണഭോക്താക്കൾ. 2018-19 ൽ ഗവൺമെന്റ് യു.പി. സ്‌കൂളുകളിൽ കൂടി പദ്ധതി നടപ്പിലാക്കിയപ്പോൾ നാലര ലക്ഷം കുട്ടികൾ  ഗുണഭോക്താക്കളായി. 2019-20 വർഷത്തിൽ എയ്ഡഡ് മേഖലയിലെ എൽ.പി. സ്‌കൂളുകളെ കൂടി പദ്ധതിയുടെ കീഴിൽ കൊണ്ടു വന്നതോടെ നിലവിൽ ഏകദേശം പത്ത് ലക്ഷം കുട്ടികളാണ് 2023-24 ൽ കൈത്തറി യൂണിഫോമിന്റെ ഗുണഭോക്താക്കൾ. 2023-24 സാമ്പത്തിക വർഷത്തിൽ 140 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ആകെ എൺപത്തിയേഴ് കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം രൂപ അഞ്ച് ഘട്ടങ്ങളിലായി കൈത്തറി വകുപ്പിന് അനുവദിക്കുകയും ചെയ്തു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈത്തറി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സൗജന്യ യൂണിഫോം പദ്ധതി രണ്ട് ഘടകങ്ങളായാണ് നടപ്പിലാക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിൽ വരുന്ന സൗജന്യ യൂണിഫോം പദ്ധതിയും സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയും. സംസ്ഥാനത്തെ സ്റ്റാൻഡ് എലോൺ എൽ.പി, യു.പി  സർക്കാർ സ്‌കൂളുകളിലും, 1 മുതൽ 4 വരെയുള്ള എയ്ഡഡ് എൽ.പി സ്‌കൂളുകളിലും കൈത്തറി വകുപ്പ് വഴി കൈത്തറി യൂണിഫോം നൽകിവരുന്നു. യൂണിഫോം ലഭിക്കാത്ത 1 മുതൽ 8 വരെയുള്ള ഗവ ഹൈസ്‌കൂളിലെ എ.പി.എൽ വിഭാഗം ആൺകുട്ടികൾക്കും, 1 മുതൽ 8 വരെയുള്ള എയ്ഡഡ് സ്‌കൂളുകളിലെ മുഴുവൻ കുട്ടികൾക്കും ഇതോടൊപ്പം 1 മുതൽ  5 വരെയുള്ള എയ്ഡഡ് എൽ പി സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണിഫോമിന് അറുന്നൂറ് രൂപ നിരക്കിൽ അലവൻസ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും നൽകിവരുന്നു. 2024-25  സാമ്പത്തിക വർഷം സ്‌കൂൾ യൂണിഫോം അലവൻസ് പദ്ധതിക്കായ് എൺപത് കോടി മുപ്പത്തി നാല് ലക്ഷം രൂപ (80,34,00,000) അനുവദിച്ചു.

അലവൻസ് ഇനത്തിൽ 1 മുതൽ  8 വരെയുള്ള പതിമൂന്ന് ലക്ഷത്തി പതിനാറായിരത്തി തൊള്ളായിരത്തി ഇരുപത്തിയൊന്ന് (13,16,921) കുട്ടികൾക്ക് അറുന്നൂറ് രൂപ ക്രമത്തിൽ എഴുപത്തിയൊമ്പത് കോടി ഒരു ലക്ഷത്തി അമ്പത്തി രണ്ടായിരത്തി അറുന്നൂറ് (79,01,52,600) രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

മിനിമം മാർക്ക്

സംസ്ഥാനത്തെ 2,541 സ്‌കൂളുകളിൽ നിന്നുള്ള എട്ടാം ക്ലാസ്സിന്റെ ഫലം ലഭ്യമായിട്ടുണ്ട്. ഏറ്റവും കൂടുതൽ വിഷയങ്ങൾക്ക് ഇ ഗ്രേഡ് ലഭിച്ചിരിക്കുന്നത് വയനാട് ജില്ലയിലാണ്. (6.3 ശതമാനം) ഏറ്റവും കുറവ് വിഷയങ്ങൾക്ക് ഇ ഗ്രേഡ് ലഭിച്ചിരിക്കുന്നത് കൊല്ലം ജില്ലയിലാണ്. (4.2 ശതമാനം) സംസ്ഥാനത്ത് മൂവായിരത്തി ഒരുന്നൂറ്റി മുപ്പത്തിയാറ് സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലായാണ് എട്ടാം ക്ലാസിൽ പരീക്ഷ നടത്തിയിട്ടുള്ളത്. 595 സ്‌കൂളിൽ നിന്നും പരീക്ഷാ ഫലം സംബന്ധിച്ച വിവരം ലഭ്യമാകാനുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് രണ്ട് ലക്ഷത്തി ഇരുപത്തി നാലായിരത്തി ഒരുന്നൂറ്റി എഴുപത്തിയഞ്ച് ഇ ഗ്രേഡുകളാണ് വിവിധ വിഷയങ്ങൾക്ക് ലഭ്യമായത്. ഏറ്റവും കൂടുതൽ കുട്ടികൾക്ക് ഇ ഗ്രേഡ് ലഭിച്ചത് ഹിന്ദിയിലാണ് – നാൽപത്തിരണ്ടായിരത്തി എണ്ണൂറ്റി പത്ത് (12.69 ശതമാനം). ഏറ്റവും കുറവ് കുട്ടികൾക്ക് ഇ ഗ്രേഡ് ലഭിച്ചത് ഇംഗ്ലീഷിനാണ് – ഇരുപത്തി നാലായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റി രണ്ട് (7.6 ശതമാനം). എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ ഏപ്രിൽ 7 ന് രക്ഷകർത്താക്കളെ അറിയിക്കുകയും പ്രസ്തുത കുട്ടികൾക്ക് ഏപ്രിൽ 8 മുതൽ 24 വരെ അധിക പിന്തുണാ ക്ലാസ്സുകൾ നടത്തുവാൻ നിശ്ചയിച്ചിട്ടുമുണ്ട്. ഇത്തരം ക്ലാസ്സുകൾ രാവിലെ 9.30 മുതൽ 12.30 വരെയായിരിക്കും. നിശ്ചിത മാർക്ക് നേടാത്ത വിഷയത്തിൽ / വിഷയങ്ങളിൽ മാത്രം വിദ്യാർത്ഥികൾ അധിക പിന്തുണാ ക്ലാസ്സുകളിൽ പങ്കെടുത്താൽ മതിയാകും.

ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ അടക്കമുള്ള ഏവരുടെയും സഹായസഹകരണങ്ങൾ  അധിക പിന്തുണാ പരിശീലനത്തിനായി ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.

ഈ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് സംസ്ഥാനതലത്തിൽ നിർവ്വഹണ ഉദ്യോഗസ്ഥരുടെ യോഗം ഏപ്രിൽ 7 ന് രാവിലെ 11 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വിളിച്ചു ചേർത്തിട്ടുണ്ട്. അതിനോട് അനുബന്ധമായി ജില്ലാതല ഉദ്യോഗസ്ഥരുടെയും, ബി.ആർ.സി., സി.ആർ.സി. കളെയും യോഗം കൂടി അന്നേ ദിവസം വൈകുന്നേരം 5 മണിക്ക് നടക്കും.

അടുത്ത ക്ലാസിലേക്ക് പ്രമോഷൻ നേടുന്നതിന് മുമ്പായി തന്നെ അതത് ക്ലാസ്സിൽ കുട്ടികൾ നേടേണ്ട അടിസ്ഥാന ശേഷികൾ ആർജ്ജിച്ചു എന്ന് ഉറപ്പാക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ഇത്തരത്തിൽ അധിക പിന്തുണ ക്ലാസ്സുകൾ നൽകുന്നത് നിരീക്ഷിക്കുന്നതിനും എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനും ജില്ലാതലത്തിൽ മോണിട്ടറിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി

0

കൊച്ചി: പെരുമ്പാവൂർ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം ഇന്ന്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. അക്യുപഞ്ചർ ചികിത്സയിലൂടെ പ്രസവമെടുക്കുമ്പോഴായിരുന്നു മുപ്പത്തിയഞ്ചുകാരിയായ അസ്മ മരിച്ചത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടികളിലേക്ക് കടക്കും. മതിയായ ചികിത്സ ലഭിക്കാത്തിനാലാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. 

ഇത്രയും ക്രൂരത ചെയ്ത മകനെ കാണാൻ താൽപ്പര്യമില്ലെന്ന് അഫാൻ്റെ മാതാവ്; ‘ഫർസാനയുടെ കുടുംബം കാണാൻ സമ്മതിച്ചില്ല’

0

സംഭവദിവസം നടന്ന കാര്യങ്ങൾ മുഴുവനും ഓർമ്മയില്ലെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ്റെ മാതാവ് ഷെമി. രാവിലെ ഇളയ മകനെ സ്കൂളിൽ വിട്ട ശേഷം തിരിച്ചു വന്ന് താൻ സോഫയിൽ ഇരുന്നു. അപ്പോൾ ഉമ്മ ക്ഷമിക്കണം എന്ന് പറഞ്ഞ് അഫാൻ ഷോൾ കൊണ്ട് കഴുത്ത് മുറുക്കി. ഫർസാനയെ വിളിച്ചുകൊണ്ട് വരാമെന്ന് പറഞ്ഞ് പോയി. പിന്നീട് പോലീസ് ജനൽ ചവിട്ടി പൊളിക്കുമ്പോഴാണ് തനിക്ക് ബോധം വരുന്നതെന്നും അഫാൻ്റെ ഉമ്മ പറഞ്ഞു. അഫാൻ്റെ ആക്രമണത്തിൽ പരിക്കേറ്റ ഉമ്മ സംഭവം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. 

ഇത്രയും ക്രൂരത കാട്ടിയ മകനെ കാണാൻ താല്പര്യമില്ല. ഓൺലൈൻ ആപ്പുകളിൽ നിന്ന് ഉൾപ്പെടെ മകൻ വായ്പ എടുത്തിരുന്നു. 25 ലക്ഷം രൂപയ്ക്ക് മുകളിൽ ബാധ്യതയുണ്ട്. പണം ആവശ്യപ്പെട്ട് കടക്കാർ തലേദിവസവും അന്നും നിരന്തരം വിളിച്ചിരുന്നു. തലേദിവസം 50,000 രൂപ ആവശ്യപ്പെട്ട് വീട്ടിൽ അഫ്ഫാനുമൊത്ത് ബന്ധു വീട്ടിൽ പോയിരുന്നു. എന്നാൽ പണം ലഭിച്ചില്ല. കടം വാങ്ങിയതെല്ലാം ഭർത്താവിനെ അറിയിച്ചിട്ടുണ്ടെന്നും ഉമ്മ പറഞ്ഞു. 

മകനെ കാണാൻ എനിക്കും താല്പര്യമില്ലെന്ന് പിതാവ് റഹീം പ്രതികരിച്ചു. ഇത്രയും ക്രൂരത കാട്ടിയ അവനോട് പൊറുക്കാൻ കഴിയില്ല. ഫർസാനയുടെ കുടുംബത്തെ കാണാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ കാണാൻ താല്പര്യമില്ലെന്നായിരുന്നു ഫർസാനയുടെ കുടുംബം അറിയിച്ചത്. ഇത്രയും വലിയൊരു ബാധ്യത കുടുംബത്തിനുള്ള കാര്യം തനിക്ക് അറിയില്ലായിരുന്നു. ചികിത്സയ്ക്ക് പണമില്ലാതെ വലിയ ബുദ്ധിമുട്ടിൽ ആണ് ഇപ്പോൾ. ആരും സഹായിക്കാനില്ലെന്നും റഹീം പറഞ്ഞു. 

‘അസ്മ വേദനകൊണ്ട് പുളഞ്ഞിട്ടും അവഗണിച്ചു, രാത്രി ചോരക്കുഞ്ഞുമായി പെരുമ്പാവൂരിലേക്ക്’; സിറാജുദ്ദീന്‍റെ ക്രൂരത

0

മലപ്പുറത്ത് വീട്ടിലെ പ്രസവത്തെത്തുടർന്ന് രക്തംവാര്‍ന്ന് 35കാരി മരിച്ചതില്‍ നടുങ്ങി കേരളം. പെരുമ്പാവൂര്‍ സ്വദേശിനി അസ്മയുടെ മരണത്തില്‍ ഭര്‍ത്താവ് സിറാജുദ്ദിന്‍റെ ക്രൂരത തുറന്നുപറഞ്ഞ് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും രംഗത്തുവന്നിരിക്കുകയാണ്. പ്രസവവേദനകൊണ്ട് പുളഞ്ഞിട്ടും യുവതിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും  ഗുരുതരാവസ്ഥയിലായിട്ടും നോക്കിനിന്നുമാണ് ബന്ധുക്കളുടെ ആരോപണം. ചോരകുഞ്ഞുമായി മൃതദേഹത്തിനൊപ്പം മണിക്കൂറികള്‍ യാത്രചെയ്തുവെന്നും ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു.

സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തതിനെ തുടർന്ന് അസ്മയുടെ ഭർത്താവ് സിറാജുദ്ദിന്‍ ചികിത്സയിലാണ്. പെരുമ്പാവൂര്‍ സ്വദേശിനി അസ്മ, അന്തവിശ്വാസത്തിന്‍റെയും നടുക്കുന്ന ക്രൂരതകളുടെയും ഒടുവിലത്തെ ഇരയാണെന്നാണ് പുറത്ത് വരുന്ന വിവരം. 35 വയസിനിടെ അസ്മയുടെ അഞ്ചാം പ്രസവമായിരുന്നു ഇന്നലെ. അതും ആശുപത്രിയിലല്ല, മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടില്‍. അസ്മ ആശുപത്രിയില്‍ പ്രസവിക്കുന്നത് ഭര്‍ത്താവ് സിറാജുദ്ദിന് താൽപ്പര്യമുണ്ടായിരുന്നില്ല. അസ്മയുടെ ആദ്യ രണ്ട് പ്രസവങ്ങൾ ആശുപത്രിയിലായിരുന്നു. മൂന്നാമത്തെയും നാലാമത്തെയും കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍ അസ്മ പ്രസവവേദന വീടിലുള്ളില്‍ തന്നെ കടിച്ചമര്‍ത്തി. അന്നൊന്നും സിറാജുദ്ദിന്‍ അനങ്ങിയില്ല. ഒടുവില്‍ അഞ്ചാം പ്രസവത്തിന് വീട്ടിലെ മുറി തന്നെ ഒരുക്കി സിറാജുദ്ദിന്‍.

ഇന്നലെ ഉച്ച മുതല്‍ പ്രസവവേദനകൊണ്ട് പുളഞ്ഞ അസ്മയുടെ നിലവിളി സിറാജുദ്ദിന്‍ അവഗണിച്ചു. വീട്ടില്‍ മറ്റ് നാല് കുട്ടികളും സിറാജുദ്ദിനും മാത്രമായിരുന്നു ആ സമയം. ആറ് മണിയോടെ അഞ്ചാമത്തെ കുഞ്ഞിന് അസ്മ ജന്‍മം നല്‍കി. പ്രസവത്തെ തുടർന്ന് രക്തം വാര്‍ന്നിട്ടും സിറാജുദ്ദിന്‍ അനങ്ങിയില്ല, പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയ ചോരകു‍ഞ്ഞിനെ അസ്മക്കൊപ്പം തന്നെ കിടത്തി. മൂന്ന് മണിക്കൂറോളം വേദന തിന്ന അസ്മ ഒടുവില്‍ മരണത്തിന് കീഴടങ്ങി. ആ സമയവും വീട്ടിലുണ്ടായിരുന്നത് സിറാജുദ്ദിന്‍ മാത്രമായിരുന്നു. ഒടുവില്‍ അസ്മയുടെ ജീവൻ അപകടത്തിലാകുമെന്ന് കണ്ടതോടെ പരിചയക്കാരെ വിളിച്ചുവരുത്തി അസ്മയെ ആംബുലന്‍സില്‍ കയറ്റി പെരുമ്പാവൂരേക്ക് തിരിച്ചു.

നവജാത ശിശുവിനെയും കയ്യിലെടുത്ത് മണിക്കൂറുകള്‍ നീണ്ട യാത്രക്കൊടുവിൽ  പെരമ്പാവൂരിലെത്തിയത് അര്‍ധരാത്രിയാണ്. അപ്പോഴാണ് അസ്മയുടെ മരണവിവരം പെരുമ്പാവൂരിലെ ബന്ധുക്കള്‍ അറിയുന്നത്. ജനിച്ചപാടുള്ള യാത്രയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ഒടുവില്‍ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ക്രുരത പുറത്തുവന്നതോടെ സിറാജുദ്ദിനെ പെരുമ്പാരിലെ അസ്മയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്തെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ നാട്ടുകാര്‍ ചോദ്യം ചെയ്യുന്ന വീഡിയോയും പുറത്തുവന്നു.
 
നിലവില്‍ സിറാജുദ്ദിന്‍ പെരുമ്പാവൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒന്നരവർഷം മുൻപാണ് സിറാജുദ്ദീനും അസ്മയും മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടിൽ താമസം തുടങ്ങിയത്. അയല്‍വാസികള്‍ക്കുപോലും സിറാജുദ്ദിനെ അറിയില്ലെന്നാണ് മലപ്പുറത്ത് ഇവരുടെ അയൽവാസികൾ പറയുന്നത്.  സിറാജുദ്ദിന്‍ അറിയപ്പെടാത്ത ആളെണെങ്കിലും മടവൂര്‍ ഖാഫിലയെന്ന യൂട്യൂബ് ചാനല്‍ കുറേ പേർക്ക് അറിയാം. 63000 ത്തിൽ അധികം  സബ്സ്ക്രൈബേര്‍സുള്ള ചാനവിന്‍റെ ഉടമയാണ് സിറാജുദ്ദിന്‍.  ചാനലിലൂടെ മന്ത്രവാദ ചികിത്സയും അന്ധവിശ്വാസങ്ങളും നട്ടാല്‍ കുരുക്കാത്ത നുണകളുമാണ് ഇയാൾ പ്രചരിപ്പിച്ചിരുന്നത്.

എറണാകുളത്ത് 7 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിനികൾ പിടിയിൽ

0

കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന 7 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികളായ രണ്ടു യുവതികൾ എറണാകുളത്ത് പോലീസ് പിടിയിലായി. സ്വർണലത, ഗീതാഞ്ജലി ബഹ്‌റ എന്നിവരെയാണ് പുലർച്ചെ നാലു മണിയോടെ കാലടിയിൽ നിന്നും പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു ഇരുവരും. പെരുമ്പാവൂർ എഎസ്പി യുടെ പ്രത്യേക അന്വേഷണ സംഘവും, കാലടി പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

നാലു വയസുള്ള ആൺകുട്ടിയും പിടിയിലാകുമ്പോൾ ഇവർക്കൊപ്പമുണ്ടായിരുന്നു. ഒഡിഷയിൽ നിന്നും പ്രത്യേകം പൊതിഞ്ഞ് ബാഗിലാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്. നേരത്തെയും ഇവർ കഞ്ചാവ് കൊണ്ടു വന്നിട്ടുള്ളതായി പോലീസ് പറഞ്ഞു. കഞ്ചാവിൻ്റെ ഉറവിടത്തെ കുറിച്ചും ഇവരിൽ നിന്നും കഞ്ചാവ് വാങ്ങുന്നവരെ കുറിച്ചും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ; സിറാജിന് യുവതിയുടെ കുടുംബത്തിൻ്റെ മർദനം, അസ്വാഭാവിക മരണത്തിന് കേസ്

0

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വീട്ടിൽ പ്രസവം നടന്നത് ഇന്നലെ വൈകുന്നേരം 6 മണിക്കാണ്. യുവതി മരിച്ചു എന്നറിഞ്ഞത് ഒൻപതു മണിക്കുമായിരുന്നു. യുവതി മരിച്ചു എന്ന് പിന്നീട് ഭർത്താവ് വീട്ടുകാരെ വിളിച്ചറിയിക്കുകയായിരുന്നു. മൃതദേഹവുമായി വീട്ടിലെത്തിയപ്പോൾ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, ഇൻക്വസ്റ്റ് നടപടികൾ പുരോ​ഗമിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം തുടർനടപടികളുണ്ടാവുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ആംബുലൻസ് ഡ്രൈവറോട് സിറാജ് യുവതിക്ക് ശ്വാസംമുട്ടൽ ആണെന്നാണ് പറഞ്ഞതെന്നും പുറത്തുവരുന്നുണ്ട്. അതേസമയം, സിറാജുദ്ദീനെ യുവതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്തിട്ടുണ്ടെന്നാണ് വിവരം. സിറാജുദ്ദീൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീട്ടിൽ പ്രസവിക്കുന്നതിനിടെയാണ് യുവതി മരിക്കുന്നത്. 

പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടു പോയില്ലെന്ന് അസ്മയുടെ വീട്ടുകാർ പൊലീസിനോട് പറഞ്ഞു. ഭർത്താവ് സിറാജുദ്ദീനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. യു ട്യൂബ് ചാനൽ നടത്തുന്ന സിറാജുദ്ദീൻ നിരവധി പ്രഭാഷണങ്ങളും നടത്തിയിരുന്നു. പുറം ലോകവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലെന്നും അഞ്ചാമത്തെ പ്രസവമാണ് അസ്മയുടേതെന്ന് അറിഞ്ഞത് ഇപ്പോഴാണെന്നും നാട്ടുകാർ പറയുന്നു.

മലപ്പുറം ചട്ടിപ്പറമ്പിൽ അസ്മയാണ് വീട്ടിലെ പ്രസവത്തിൽ മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. മൃതദേഹം ഭർത്താവ് സിറാജുദ്ദീൽ പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. പൊലീസ് എത്തി ഇടപെട്ട് മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചട്ടി പറമ്പിൽ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. 

വരനും വധുവും ഒരു സ്ഥലത്ത് വേണമെന്നില്ല; ലോകത്തെവിടെ ഇരുന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം

0

വരനും വധുവിനും ലോകത്തെവിടെ ഇരുന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് മന്ത്രി എം ബി രാജേഷ്. രണ്ടുപേരും ഒരു സ്ഥലത്ത് വേണമെന്നില്ല, ഒരേ സമയത്ത് ഓണ്‍ലൈനില്‍ വരണമെന്ന് പോലുമില്ല. വിവാഹം ഓണ്‍ലൈനായി വീഡിയോ കെവൈസി വഴി രജിസ്റ്റര്‍ ചെയ്യാന്‍ കെ സ്മാര്‍ട്ടില്‍ സംവിധാനമുണ്ടെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

രാജ്യത്ത് ആദ്യമായി വീഡിയോ കെവൈസിയിലൂടെ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാക്കിയത് കെ സ്മാര്‍ട്ടിലൂടെ കേരളമാണ്. നഗരങ്ങളില്‍ 2024 ജനുവരി മുതല്‍ ഈ മാര്‍ച്ച് 31 വരെ നടന്ന 63001 വിവാഹ രജിസ്‌ട്രേഷനില്‍ 21344 ഉം ഈ ഓണ്‍ലൈന്‍ സാധ്യത പ്രയോജനപ്പെടുത്തിയാണ് നടന്നിട്ടുള്ളത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വരനും വധുവിനും ലോകത്തെവിടെ ഇരുന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം. രണ്ടുപേരും ഒരു സ്ഥലത്ത് വേണമെന്നില്ല, ഒരേ സമയത്ത് ഓണ്‍ലൈനില്‍ വരണമെന്ന് പോലുമില്ല. വിവാഹം ഓണ്‍ലൈനായി വീഡിയോ കെവൈസി വഴി രജിസ്റ്റര്‍ ചെയ്യാന്‍ കെ സ്മാര്‍ട്ടില്‍ സംവിധാനമുണ്ട്.

രാജ്യത്ത് ആദ്യമായി വീഡിയോ കെവൈസിയിലൂടെ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാക്കിയത് കെ സ്മാര്‍ട്ടിലൂടെ കേരളമാണ്. നഗരങ്ങളില്‍ 2024 ജനുവരി മുതല്‍ ഈ മാര്‍ച്ച് 31 വരെ നടന്ന 63001 വിവാഹ രജിസ്‌ട്രേഷനില്‍ 21344 ഉം ഈ ഓണ്‍ലൈന്‍ സാധ്യത പ്രയോജനപ്പെടുത്തിയാണ് നടന്നിട്ടുള്ളത്. വിവാഹ രജിസ്‌ട്രേഷന് നഗരസഭാ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരുന്നില്ല. പ്രവാസികള്‍ക്ക് മാത്രമല്ല, നാട്ടില്‍ ജീവിക്കുന്നവര്‍ക്കും ഈ സേവനം ഏറെ പ്രയോജനപ്രദമാണ്. ഇതുള്‍പ്പെടെയുള്ള കെ സ്മാര്‍ട്ട് സേവനങ്ങളാണ് ഏപ്രില്‍ 10 മുതല്‍ ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നത്. കെ സ്മാര്‍ട്ടിലൂടെ കേരളം ഡബിള്‍ സ്മാര്‍ട്ടാവുകയാണ്

സി പി ഐ എമ്മിനെ നയിക്കാന്‍ ഇനി എം എ ബേബി

0

സി പി ഐ എം ദേശീയ ജനറല്‍ സെക്രട്ടറിയായി മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ എം എ ബേബി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അത് ബേബിക്കുള്ള ജന്മദിന സമ്മാനം കൂടിയാവുകയാണ്. 1954 ഏപ്രില്‍ അഞ്ചിനാണ് എം എ ബേബിയുടെ ജനനം.

സി പി ഐ എം 24 -ാം പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിച്ച അന്നു മുതല്‍ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നവരില്‍ ഒരാള്‍ എം എ ബേബി ആയിരുന്നു. സിപിഐഎമ്മിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി എം എ ബേബി തിരിഞ്ഞെടുക്കപ്പെടുമ്പോള്‍ അത് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണ്. പശ്ചിമബംഗാളിലും ത്രിപുരയിലും പാര്‍ട്ടി ശോഷിക്കുകയും എംഎല്‍എമാര്‍പോലും ഇല്ലാത്ത അവസ്ഥയിലേക്ക് പാര്‍ട്ടി തകരുകയും ചെയ്തപ്പോഴും പാര്‍ട്ടിക്ക് വലിയ പോറലില്ലാതെ സംരക്ഷിക്കുകയാണ് കേരളീയര്‍. രാജ്യത്ത് സിപിഐഎമ്മിന് ഭരണമുള്ള ഏക സംസ്ഥാനം കേരളം മാത്രമായി. കേരളത്തില്‍ രണ്ടാം വട്ടവും അധികാരം ലഭിച്ചതും പാര്‍ട്ടി ഇപ്പോഴും കെട്ടുറപ്പോടെ നില്‍ക്കുന്നുവെന്നതും എം എ ബേബിക്ക് ജന.സെക്രട്ടറി സ്ഥാനത്തെത്താനുള്ള വഴിയായി മാറുകയായിരുന്നു.

എസ് എഫ് ഐയിലൂടെ വളര്‍ന്ന നേതാവാണ് എം എ ബേബി. വിദ്യാർഥികളുടെ അവകാശ സമരപോരാട്ടത്തിലൂടെ വളര്‍ന്ന ബേബി പിന്നീട് കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയായി എന്നത് മറ്റൊരു ചരിത്രം. ഇപ്പോഴിതാ രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്ത് എത്തിയിരിക്കയാണ് കൊല്ലത്ത് നിന്നുള്ള നേതാവ്. എസ്എഫ്ഐയുടെയും ഡി വൈ എഫ് ഐയുടെയും ദേശീയ സമിതികളില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തുമായാണ് എം എ ബേബി സി പി ഐ എമ്മിന്റെ നേതൃനിരയിലെത്തുന്നത്. 2012 മുതല്‍ പൊളിറ്റ് ബ്യൂറോ അംഗമായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന നേതാവാണ് ബേബി.

സംഘപരിവാര്‍ രാജ്യത്ത് വന്‍ ശക്തിയായി വളര്‍ന്നുകൊണ്ടിക്കുമ്പോൾ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിക്കുകയെന്ന ഭാരിച്ച ചുമതലയാണ് ബേബിയില്‍ വന്നു ചേര്‍ന്നിരിക്കുന്നത്. ബി ജെ പി ബദല്‍ രാഷ്ട്രീയ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തില്‍ സി പി ഐ എം തുടരുമോ എന്നത് പ്രധാന ചോദ്യമാണ്. പശ്ചിമ ബംഗാള്‍, ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ തിരികെ കൊണ്ടുവരിക, കേരളത്തില്‍ ഭരണ തുടര്‍ച്ചയുണ്ടാക്കുക തുടങ്ങിയവയാണ് പുതിയ ജനറൽ സെക്രട്ടറിയ്ക്ക് മുന്നിലുള്ള വെല്ലുവിളികള്‍.

യെച്ചൂരിയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന കേരള നേതാവായിരുന്നു ബേബി. യെച്ചൂരി ഇന്ത്യാ സഖ്യത്തിനായി ഏറെ പ്രയത്‌നിച്ച ജനറൽ സെക്രട്ടറിയായിരുന്നു. കോണ്‍ഗ്രസുമായുള്ള ബന്ധം ശക്തമായതും യെച്ചൂരി ലൈനിന്റെ ഭാഗമായിരുന്നു. കേരളത്തിലെ മുഖ്യശത്രു എന്ന നിലയില്‍ കോണ്‍ഗ്രസിനോടുള്ള നിലപാട് എന്താവും എന്നതാണ് മുഖ്യവിഷയം. കേരളത്തിലെ സി പി ഐ എം നേതാക്കളില്‍ ഭൂരിപക്ഷം പേരും കോണ്‍ഗ്രസ് ബന്ധം തുടരേണ്ടതില്ലെന്ന നിലപാടുകാരാണ്. കേരളത്തില്‍ നിന്നുള്ള ബേബി ജനറൽ സെക്രട്ടറിയായി വരുമ്പോള്‍ നിലപാടുകളില്‍ മാറ്റം വരുമോ എന്നാണ് കോണ്‍ഗ്രസ് നേതൃത്വവും ഉറ്റുനോക്കുന്നത്.

സമാനതകളില്ലാത്ത രാഷ്ട്രീയ ചരിത്രമാണ് സി പി ഐ എമ്മിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം എ ബേബിയുടേത്. കമ്യൂണിസ്റ്റ് പശ്ചാത്തലമില്ലാത്തൊരു ക്രൈസ്തവ കുടുംബത്തിലായിരുന്നു ബേബിയുടെ ജനനം. അധ്യാപകനായിരുന്ന കുന്നത്ത് അലക്‌സാണ്ടറുടേയും ലില്ലിയുടേയും എട്ടുമക്കളില്‍ എട്ടാമനായാണ് ബേബി. വിദ്യാര്‍ത്ഥിയായിരിക്കെതന്നെ പുസ്തകവായനയോടായിരുന്നു താല്പര്യം. കലയും സാഹിത്യവും ഇഷ്ടവിഷയങ്ങളായിമാറിയ ബേബിയെ കമ്യൂണിസ്റ്റ് ആശയങ്ങളും സ്വാധീനിച്ചിരുന്നു. പിതാവ് അധ്യാപകനായിരുന്നതിനാല്‍ പഠനത്തില്‍ ശ്രദ്ധിക്കുകയെന്ന പിതാവിന്റെ നിര്‍ദേശം ശിരസാവഹിച്ച അച്ചടക്കമുള്ളൊരു വിദ്യാര്‍ഥിയായിരുന്നു ബേബി. പഠനത്തില്‍ മിടുക്കനായിരുന്നതിനാല്‍ അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും പ്രിയങ്കരന്‍. എന്നാല്‍ ബേബി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ആകൃഷ്ടനാവുകയും കൊല്ലം എസ് എന്‍ കോളജിലെ എസ് എഫ് ഐ നേതാവാകുകയും ചെയ്തത് വളരെ കുറഞ്ഞകാലംകൊണ്ടായിരുന്നു.

പ്രാക്കുളത്തെ പഞ്ചായത്ത് എല്‍ പി സ്‌കൂളിലായിരുന്നു പ്രൈമറി സ്‌കൂള്‍ പഠനം. എന്‍ എസ് എസ് ഹൈസ്‌കൂളില്‍ നിന്നും എസ് എസ് എല്‍ സി പാസായതിന് ശേഷം പ്രിഡിഗ്രി പഠനത്തിനായാണ് കൊല്ലം എസ് എന്‍ കോളജിലെത്തുന്നത്. പ്രാക്കുളത്തുനിന്നും കൊല്ലം നഗരത്തിലെത്തിയതോടെ ബേബിയുടെ ലോകവും വിപുലമായി. എസ് എന്‍ കോളജിലെ പഠനകാലമാണ് എം എ ബേബിയെന്ന രാഷ്ട്രീയക്കാരനെ പാകപ്പെടുത്തിയതും നേതാവാക്കിമാറ്റിയതും. പഠിക്കുക പോരാടുക എന്നതായിരുന്നു എസ് എഫ് ഐയുടെ പ്രധാന മുദ്രാവാക്യം. പഠിക്കുകയും പോരാടുകയും ചെയ്താണ് ബേബി നേതാവായി വളര്‍ന്നത്. താഴേത്തട്ടില്‍ സമരങ്ങളും പോരാട്ടങ്ങളും നടത്തി വളര്‍ന്ന് പാര്‍ട്ടിയുടെ ഏറ്റവും ഉന്നതമായ പദവിയിലെത്തുകയെന്നതാണ് ബേബിയുടെ രാഷ്ട്രീയ ചരിത്രം.

കോളജ് പഠനകാലത്തുതന്നെ ബേബി എസ് എഫ് ഐയുടെ ദേശീയ നേതൃത്വത്തിലേക്ക് എത്തിയിരുന്നു. പരന്ന വായനയും സംഘടനാ രംഗത്തെ നേതൃപാഠവവുമായിരുന്നു ബേബിയെ നേതാവാക്കി വളര്‍ത്തിയത്. പ്രസംഗത്തിലും സംഘാടനത്തിലും മികവു പുലര്‍ത്തിയ ബേബി വിദ്യാർഥികള്‍ക്കിടയില്‍ പ്രിയങ്കരനായിരുന്നു. കമ്യൂണിസത്തിലും വര്‍ഗസിദ്ധാന്തങ്ങളിലും ആഴത്തിലുള്ള അറിവാണ് മറ്റു വിദ്യാര്‍ഥി നേതാക്കളില്‍ നിന്നെല്ലാം ബേബിയെ വ്യത്യസ്തനാക്കിയത്. വിദ്യാര്‍ഥി രാഷ്ട്രീയത്തോടൊപ്പം കലാ- സാംസ്‌കാരിക രംഗത്തും സജീവ സാന്നിദ്ധ്യമാണ് ബേബി.

1974 ല്‍ എസ് എഫ് ഐ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു ബേബി. 1975 ല്‍ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റായി. 1977 ല്‍ സി പി ഐ (എം) കൊല്ലം ജില്ലാ കമ്മിറ്റി അംഗമായി. ജില്ലാ കമ്മിറ്റി അംഗമായിരിക്കെയാണ് 1979 ല്‍ എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്.
1978 ല്‍ ഹവാനയില്‍ നടന്ന ലോകയുവജന വിദ്യാര്‍ത്ഥിമേളയില്‍ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുക്കാനുള്ള അവസരവും ബേബിയെതേടിയെത്തി. നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ബേബി പലതവണ ജയില്‍വാസം അനനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ക്രൂരമായ പൊലീസ് മര്‍ദ്ദനവും ജയില്‍വാസവും അനുഭവിച്ചു.

എസ് എഫ് ഐയുടെ ദേശീയ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന ഒരാള്‍ അമ്പതാം വര്‍ഷം തികയുമ്പോള്‍ പാര്‍ട്ടിയുടെ തലപ്പത്ത് എത്തുന്നുവെന്ന ചരിത്രവും എം എ ബേബി കുറിച്ചിരിക്കയാണ്. എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രസ്ഥാനങ്ങളുടെ നേതാവായിരിക്കെ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളുമായി അടുത്തിടപെടാനും സംവദിക്കാനും, ആശയങ്ങള്‍ പങ്കുവെക്കാനും ബേബിക്ക് അവസരങ്ങള്‍ ലഭിച്ചിരുന്നു. ഇ എം എസ്, ഹര്‍കിഷന്‍സിംഗ് സുര്‍ജിത്ത്, പ്രകാശ് കാരാട്ട്, സീതാറാം യച്ചൂരി എന്നിവരുമായും വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായും ബേബിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി മുതല്‍ താഴേത്തട്ടില്‍ നിന്നും വളര്‍ന്ന് പൊളിറ്റ് ബ്യൂറോയിലും പാര്‍ട്ടിയുടെ ജനറൽ സെക്രട്ടറി പദത്തിലും എത്തുമ്പോൾ 55 വര്‍ഷക്കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കരുത്താണ് എം എ ബേബിയെന്ന നേതാവിനെ ശക്തനാക്കുന്നത്. ഇത്രയേറെ സംഘടനാ ബന്ധവും അനുഭവസമ്പത്തുള്ള നേതാക്കള്‍ കുറവാണെന്നു പറയാം. ദീര്‍ഘകാലം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നേരത്തെതന്നെ അവസരം ലഭിച്ച കേരളത്തില്‍ നിന്നുള്ള നേതാവാണ് എം എ ബേബി. ഇതാണ് ദേശീയ നേതാവിലേക്കുള്ള ബേബിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ലളിത ജീവിതത്തിന് ഉടമകൂടിയാണ് ബേബി.

1983 ല്‍ ഡി വൈ എഫ് ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതും പിന്നീട് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും ബേബിയുടെ പൊളിറ്റിക്കല്‍ കരിയറില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. 1984 ല്‍ സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം. 1986 ല്‍ രാജ്യസഭായിലെത്തുമ്പോള്‍ ഒരു ചരിത്രവും ബേബിയുടെ പേരില്‍ കുറിക്കപ്പെട്ടു. രാജ്യസഭയിലെ ബേബിയായിരുന്നു എം എ ബേബി. 1998 വരെ രാജ്യസഭാംഗം. 1987 ല്‍ ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്. 1989 ല്‍ കേന്ദ്രകമ്മിറ്റിയംഗം. 1992 ല്‍ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം, 1997 ല്‍ യു എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കാനുള്ള അവസരം ലഭിച്ചു. 2006 ല്‍ കുണ്ടറയില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വി എസ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ -സാംസ്‌കാരിക വകുപ്പുമന്ത്രിയായിരുന്നു. 2011 ല്‍ കുണ്ടറയില്‍നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ആര്‍ എസ് പിയിലെ എന്‍ കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടതോടെ എം എ ബേബി പാര്‍ലമെന്ററി രംഗത്തോട് വിടപറയുകയായിരുന്നു. 2012 മുതല്‍ പാര്‍ട്ടിയുടെ പരമോന്നത ഘടകമായ പൊളിറ്റ്ബ്യൂറോയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുമായാണ് പുതിയ ദൗത്യം ഏറ്റെടുക്കുന്നത്.

രണ്ടുതവണ രാജ്യസഭയിലേക്കും രണ്ടു തവണ അസംബ്ലിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഒരുതവണ മന്ത്രിയുമായിയിരുന്നു എം എ ബേബി.കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയായി അംഗീകരിച്ചു. കൊച്ചി മുസിരിസ് ബിനാലെക്കു തുടക്കം കുറിച്ചു. കലാകാര ക്ഷേമനിധി നിയമം പാസാക്കി. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയമനിര്‍മ്മാണത്തിലൂടെ സ്ഥാപിച്ചു. 2013 ല്‍ സാംസ്‌കാരിക രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് അഭിനവ് രംഗമണ്ഡല്‍ ഏര്‍പ്പെടുത്തിയ പ്രഥമ അര്‍ജ്ജുന്‍ സിങ് അവാര്‍ഡിനര്‍ഹനായിരുന്നു.

ആശുപത്രിയിൽ പോവുന്നതിന് ഭർത്താവ് എതിര്; വീട്ടിൽ വച്ച് പ്രസവിച്ച യുവതി മരിച്ചു

0

മലപ്പുറം∙ കോഡൂരിൽ വീട്ടില്‍ വച്ച് പ്രസവിച്ച യുവതി മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശിനിയായ അസ്മയാണു മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണു യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ചട്ടിപ്പറമ്പിലെ വാടക വീട്ടിലായിരുന്നു യുവതിയുടെ പ്രസവം. ആശുപത്രിയിൽ പോയി പ്രസവിക്കുന്നതിന് ഭർത്താവ് സിറാജ് എതിരായതോടെയാണു യുവതിക്ക് വീട്ടിൽ പ്രസവിക്കേണ്ടി വന്നത്. പെരുമ്പാവൂർ അമ്പലപ്പുഴ സ്വദേശിനിയാണ് മരിച്ച അസ്മ.

അതിനിടെ, അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലെത്തിച്ച് സംസ്‌കരിക്കാനുള്ള നീക്കം പെരുമ്പാവൂർ പൊലീസ് ഇടപെട്ട് തടഞ്ഞു. സംശയം തോന്നിയ ആംബുലൻസ് ഡ്രൈവർ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് മൃതദേഹം സംസ്കരിക്കാനുള്ള നീക്കം തടഞ്ഞത്. പൊലീസ് എത്തി അസ്മയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം പൊലീസ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്

ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പിന്റെ നോട്ടിസ്

0

കൊച്ചി∙ എമ്പുരാൻ സംവിധായകൻ പൃഥ്വിരാജിനു പിന്നാലെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പ് നോട്ടിസ്. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്. ‘എമ്പുരാനു’മായി നോട്ടിസിനു ബന്ധമില്ലെന്നാണ് ഐ.ടി. വൃത്തങ്ങള്‍ പറയുന്നത്. 2022ല്‍ നടന്ന റെയ്ഡിന്റെ തുടര്‍ച്ചയായാണ് നടപടി എന്നും ഉദ്യോഗസ്ഥർ പറയുന്നു. ഓവര്‍സീസ് റൈറ്റ്, താരങ്ങള്‍ക്ക് നല്‍കിയ പ്രതിഫലം എന്നീ കാര്യങ്ങളാണ് ആന്റണി പെരുമ്പാവൂരിനോട് ആദായ നികുതി വകുപ്പ് പ്രധാനമായും ചോദിച്ചത്

2019 മുതല്‍ 2022 വരെയുള്ള കാലയളവിലെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട വിവരങ്ങളായിരുന്നു 2022ലെ റെയ്ഡില്‍ ഐ.ടി. വകുപ്പ് പരിശോധിച്ചത്. നേരത്തേ കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ തേടിയായിരുന്നു പൃഥ്വിരാജിന് ഐ.ടി നോട്ടിസ് നൽകിയത്. അതിനിടെ ‘എമ്പുരാൻ’ നിര്‍മാതാവ് ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുകയും കോഴിക്കോടും ചെന്നൈയിലുമുള്ള ധനകാര്യ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. 1.5 കോടി രൂപയും സാമ്പത്തിക രേഖകളുമാണ് ഇ.ഡി പിടിച്ചെടുത്തത്. വിദേശ നാണയ വിനിമയ ചട്ടങ്ങളുടെ (ഫെമ) ലംഘനത്തിന്റെ പേരിലായിരുന്നു റെയ്ഡ്