spot_img
Thursday, July 2, 2026
Home Blog Page 196

ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പിന്റെ നോട്ടിസ്

0

കൊച്ചി∙ എമ്പുരാൻ സംവിധായകൻ പൃഥ്വിരാജിനു പിന്നാലെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പ് നോട്ടിസ്. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്. ‘എമ്പുരാനു’മായി നോട്ടിസിനു ബന്ധമില്ലെന്നാണ് ഐ.ടി. വൃത്തങ്ങള്‍ പറയുന്നത്. 2022ല്‍ നടന്ന റെയ്ഡിന്റെ തുടര്‍ച്ചയായാണ് നടപടി എന്നും ഉദ്യോഗസ്ഥർ പറയുന്നു. ഓവര്‍സീസ് റൈറ്റ്, താരങ്ങള്‍ക്ക് നല്‍കിയ പ്രതിഫലം എന്നീ കാര്യങ്ങളാണ് ആന്റണി പെരുമ്പാവൂരിനോട് ആദായ നികുതി വകുപ്പ് പ്രധാനമായും ചോദിച്ചത്

2019 മുതല്‍ 2022 വരെയുള്ള കാലയളവിലെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട വിവരങ്ങളായിരുന്നു 2022ലെ റെയ്ഡില്‍ ഐ.ടി. വകുപ്പ് പരിശോധിച്ചത്. നേരത്തേ കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ തേടിയായിരുന്നു പൃഥ്വിരാജിന് ഐ.ടി നോട്ടിസ് നൽകിയത്. അതിനിടെ ‘എമ്പുരാൻ’ നിര്‍മാതാവ് ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുകയും കോഴിക്കോടും ചെന്നൈയിലുമുള്ള ധനകാര്യ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. 1.5 കോടി രൂപയും സാമ്പത്തിക രേഖകളുമാണ് ഇ.ഡി പിടിച്ചെടുത്തത്. വിദേശ നാണയ വിനിമയ ചട്ടങ്ങളുടെ (ഫെമ) ലംഘനത്തിന്റെ പേരിലായിരുന്നു റെയ്ഡ്

വാട്ടര്‍ കണക്ഷന്‍ ഫോണ്‍ നമ്ബരുമായി ബന്ധിപ്പിച്ചോ? ഇല്ലെങ്കില്‍ വെള്ളമില്ല, മുന്നറിയിപ്പുമായി ജല അതോറിറ്റി.

0

തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റിയില്‍ സ്പോട്ട് ബില്ലിംഗ് സമ്ബ്രദായം നടപ്പിലാക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ നിലവിലുള്ള ഫോണ്‍ നമ്ബര്‍ നല്‍കണമെന്നും ഫോണ്‍ നമ്ബറുമായി ബന്ധിപ്പിക്കാത്ത കണക്ഷനുകള്‍ നിലനിര്‍ത്തില്ലെന്നും അധികൃതര്‍.ഇതിനൊപ്പം വെള്ളക്കര കുടിശ്ശികയുള്ളതും മീറ്റര്‍ പ്രവര്‍ത്തിക്കാത്തതും മീറ്റര്‍ ഇല്ലാതെ ജലമെടുക്കുന്നതും കാലാകാലങ്ങളായി വെള്ളം എടുക്കാതിരിക്കുന്നതുമായ കണക്ഷനുകള്‍ ഇനിയൊരറിയിപ്പില്ലാതെ വിഛേദിക്കുമെന്നും മുന്നറിയിപ്പുണ്ട്. മീറ്റര്‍ ഇല്ലാത്ത കണക്ഷനുകള്‍ അതോറിറ്റി ഓഫീസുമായി ബന്ധപ്പെട്ട് നിയമാനുസൃത കണക്ഷന്‍ ആക്കണം. ഉപഭോക്താക്കള്‍ വെളളക്കര കുടിശ്ശിക അടച്ചുത്തീര്‍ത്ത് നടപടികള്‍ ഒഴിവാക്കണം.കടുത്ത വേനല്‍കാലമായതിനാല്‍ ജലത്തിന്റെ ദുരുപയോഗം തടയുന്നതിനായി സ്‌ക്വാഡിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചിട്ടുണ്ട്

സുഹൃത്തിന്റെ വീട്ടിലെന്ന് കള്ളം, ലോഡ്ജിൽ മുറിയെടുത്ത് ദിവസങ്ങളായി ലഹരി ഉപയോഗം; ലഹരി മരുന്നുമായി 4 പേർ പിടിയിൽ

0

തളിപ്പറമ്പ് :ദിവസങ്ങളായി ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിച്ചിരുന്ന രണ്ടു യുവാക്കളെയും രണ്ടു യുവതികളെയും പറശ്ശിനിക്കടവിൽ എക്സൈസ് അധികൃതർ പിടികൂടി. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ്‌ ജെംഷിൽ (37) , ഇരിക്കൂർ സ്വദേശി റഫീന (24) , കണ്ണൂർ സ്വദേശി ജസീന (22) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 490 മില്ലി ഗ്രാം എംഡിഎംഎയും ടെസ്റ്റ് ട്യൂബുകളും സിറിഞ്ചുകളും പിടികൂടി.

സുഹൃത്തിന്റെ വീട്ടിലാണ് എന്നാണ് യുവതികൾ മാതാപിതാക്കളോട് പറഞ്ഞിരുന്നതെന്നും പല സ്ഥലങ്ങളിലായി മുറി എടുത്ത് ദിവസങ്ങളായി തുടർച്ചയായി ലഹരി ഉപയോഗിച്ച് വരികയായിരുന്നുവെന്നും എക്സൈസ് അധികൃതർ പറഞ്ഞു. വീട്ടിൽനിന്നു വിളിക്കുമ്പോൾ പരസ്പരം ഫോൺ കൈമാറി കബളിപ്പിക്കുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ വിളിക്കുമ്പോഴാണ് ഇവർ ലോഡ്ജിൽ ആയിരുന്നെന്ന് വീട്ടുകാർ അറിഞ്ഞത്

നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്, പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി

0

കൊച്ചി: നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിൻ്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ നൽകണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചിത്രങ്ങളിൽ അഭിനേതാവെന്ന നിലയിൽ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാൽ സഹനിർമാതാവെന്ന നിലയിൽ 40 കോടിയോളം രൂപ പൃഥ്വിരാജ് സ്വന്തമാക്കിയെന്നാണ് കണ്ടെത്തൽ. നിർമാണ കമ്പനിയുടെ പേരിൽ പണം വാങ്ങിയതിൽ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. സ്വാഭാവിക നടപടിയാണെന്നാണ് ആദായ നികുതി വകുപ്പിൻ്റെ വിശദീകരണം.മാർച്ച് 29 നാണ് കൊച്ചി ആദായ നികുതി വകുപ്പ് ഓഫീസിൽ നിന്ന് പൃഥ്വിരാജിന് നോട്ടീസ് അയച്ചത്. വരുന്ന ഏപ്രിൽ 29-നകം വിശദീകരണം നൽകണമെന്നാണ് നിർദേശം.അഭിനേതാവെന്ന നിലയിൽ പണം വാങ്ങുമ്പോൾ അതിന് നികുതി കൂടുതലാണ്. എന്നാൽ പാതി നിർമാതാവ് എന്ന നിലയിൽ പണം വാങ്ങുമ്പോൾ നികുതി താരതമ്യേന കുറവാണ്. മൂന്ന് സിനിമകളിലായി 40 കോടിയോളം രൂപ പൃഥ്വിരാജിന് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് വിശദീകരണം തേടിയത്.വിശദീകരണം ചോദിച്ചിരിക്കുന്ന മൂന്ന് സിനിമകളും 2022 ൽ പുറത്തിറങ്ങിയവയാണ്. ഈ ചിത്രങ്ങളിലെ വരുമാനവുമായി ബന്ധപ്പെട്ട് മുമ്പും വിശദീകരണം തേടിയിട്ടുണ്ടെന്നാണ് ഐ.ടി. വകുപ്പിൽ നിന്നുള്ള വിശദീകരണം. മാർച്ചിൽ ഒരു സാമ്പത്തിക വർഷം അവസാനിക്കുന്നതിൻ്റെ ഭാഗമായാണ് വീണ്ടും ഇക്കാര്യത്തിൽ വിശദീകരണം തേടിയതെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്. ഇ-മെയിൽ വഴിയാണ് നോട്ടീസ് അയച്ചത്. നേരിട്ടോ അല്ലാതെയോ മറുപടി നൽകാനാണ് നിർദേശം.

നടന്‍ രവികുമാര്‍ അന്തരിച്ചു

0

ചെന്നൈ: എഴുപതുകളിലും എൺപതുകളിലും മലയാള സിനിമയിലെ ശ്രദ്ധേയ നായകതാരമായിരുന്ന രവികുമാർ (71) അന്തരിച്ചു. അർബുദരോഗബാധിതനായിരുന്ന അദ്ദേഹത്തെ ബുധനാഴ്ച ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നു രാവിലെ ഒൻപതു മണിയോടെ അവിടെവച്ചായിരുന്നു അന്ത്യം. നൂറിലേറെ മലയാളം, തമിഴ് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. ഭൗതികശരീരം ഇന്ന് ചെന്നൈ വൽസരവാക്കത്തെ വസതിയിലെത്തിക്കും സംസ്കാരം നാളെ

തൃശൂർ സ്വദേശികളായ കെ.എം.കെ.മേനോന്റെയും ആർ.ഭാരതിയുടെയും മകനായ രവികുമാർ ചെന്നൈയിലാണ് ജനിച്ചത്. 1967 ൽ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976 ൽ റിലീസ് ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്. ലിസ, അവളുടെ രാവുകൾ, അങ്ങാടി, സർ‌പ്പം, തീക്കടൽ, അനുപല്ലവി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ

ഇന്ത്യയിൽ ഒരു കോടിയോളം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്‌തു;

0

പ്ലാറ്റ്‌ഫോമിന്‍റെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ച 97 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ 2025 ഫെബ്രുവരി മാസം ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തതായി മെറ്റയുടെ അറിയിപ്പ്. രാജ്യത്ത് സൈബര്‍ തട്ടിപ്പുകളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗവും വര്‍ധിച്ചുവരുന്ന സാഹചര്യത്തിന് തടയിടാന്‍ ലക്ഷ്യമിട്ടാണ് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‍സ്ആപ്പ് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചത്. പ്ലാറ്റ്‌ഫോമിന്‍റെ ദുരുപയോഗം ആപ്പ് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മിക്ക വാട്സ്ആപ്പ് അക്കൗണ്ടുകളും പൂട്ടിച്ചത്. 

റിപ്പോര്‍ട്ട് ചെയ്താല്‍ നടപടി 

ഇന്ത്യയിൽ വാട്സ്ആപ്പിന് 50 കോടിയിലധികം ഉപയോക്താക്കൾ ഉണ്ടെന്നാണ് കണക്കുകൾ. എന്നാല്‍ ഇവയത്രയും നിയമവിധേയമായി പ്രവര്‍ത്തിക്കുന്നവയല്ല. വാട്സ്ആപ്പിനെ സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. പ്ലാറ്റ്ഫോമിന്‍റെ ദുരുപയോഗവും ചട്ടലംഘനവും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 2025 ഫെബ്രുവരിയില്‍ മാത്രം 97 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ മെറ്റ ബ്ലോക്ക് ചെയ്തു. 2021-ലെ ഐടി നിയമങ്ങൾ അനുസരിച്ച് ഉപയോക്താക്കൾ തന്നെ റിപ്പോർട്ട് ചെയ്ത അക്കൗണ്ടുകൾക്കെതിരെയാണ് കൂടുതലും നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് വാട്സ്ആപ്പ് അറിയിച്ചു. ഒരു ഉപയോക്താവും പരാതി പോലും നൽകാതെതന്നെ 1.4 ദശലക്ഷത്തിലധികം അക്കൗണ്ടുകൾ കമ്പനി പൂട്ടിക്കുകയും ചെയ്തു. 

വർഷങ്ങളായി വാട്സ്ആപ്പ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ വലിയ നിക്ഷേപം നടത്തിവരികയാണ്. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടുള്ളതാണ് മെറ്റയുടെ എഐ പദ്ധതികള്‍. സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടെത്തുന്ന ഒരു ഓട്ടോമേറ്റഡ് ഡിറ്റക്ഷൻ സിസ്റ്റം വാട്സ്ആപ്പിനുണ്ടെന്ന് കമ്പനി അറിയിച്ചു. സൈബര്‍ കുറ്റവാളികള്‍ ആപ്പ് ദുരുപയോഗം ചെയ്യുന്നതായി എഐ ടൂളുകള്‍ വഴി വാട്സ്ആപ്പിന്‍റെ ഡാറ്റ സയന്‍റിസ്റ്റുകള്‍ തിരിച്ചറിയുന്ന അക്കൗണ്ടുകള്‍ മെറ്റ ഓരോ മാസവും ബ്ലോക്ക് ചെയ്തുവരികയാണ്. 

വാട്സ്ആപ്പിന് പരാതിപ്രളയം 

വാട്സ്ആപ്പിന് ലഭിക്കുന്ന പരാതികളിൽ ഭൂരിഭാഗവും സ്പാമിംഗുമായും തേർഡ് പാർട്ടി ആപ്പുകളുമായും മറ്റും ബന്ധപ്പെട്ടതാണ്. ഇതിന് പുറമെ, തങ്ങളുടെ അനുവാദമില്ലാതെ വിവിധ ഗ്രൂപ്പുകളിൽ ചേർത്ത ചില കേസുകളെക്കുറിച്ചും ആളുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പരാതികളെല്ലാം വാട്സ്ആപ്പ് അന്വേഷിക്കുകയും അത്തരം തെറ്റായ കാര്യങ്ങൾ ചെയ്യുന്ന അക്കൗണ്ടുകൾ നിരോധിക്കുകയും ചെയ്യുന്നു. 

അവധിക്കാല ക്ലാസുകൾക്ക് വിലക്ക്, ട്യൂഷൻ നിശ്ചിത സമയത്ത് മാത്രം: ബാലാവകാശ കമ്മിഷൻ

0

സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ 2024 -25 അധ്യായന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ അംഗം ഡോ.വിൽസൺ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കൃത്യമായി പരിശോധിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ ഹൈക്കോടതി വിധി നടപ്പാക്കുന്നു എന്ന് ബന്ധപ്പെട്ട റീജണൽ ഓഫീസർമാരും ചെയർമാനും ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്. 

ബാലാവകാശ കമ്മീഷന്റെ ഉത്തരവു പ്രകാരം സ്വകാര്യ ട്യൂഷൻ സെന്ററുകളുടെ സമയക്രമം രാവിലെ 7. 30 മുതൽ 10. 30 വരെ എന്നത് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷൻ നിർദ്ദേശം നൽകി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവ് നടപ്പാക്കി 15 ദിവസത്തിനകം കമ്മിഷന് റിപ്പോർട്ടു നൽകണമെന്നാണ് നിർദേശം.

സൗദിയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശികളായ രണ്ട് നേഴ്സുമാർ മരിച്ചു.

0

മദീന: വയനാട് സ്വദേശികളായ രണ്ട് നഴ്സുമാർ അടക്കം അഞ്ച് പേർ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. വയനാട് നടവയൽ നെയ്ക്കുപ്പ കാരിക്കൂട്ടത്തിൽ ബൈജു നിസി ദമ്പതികളുടെ മകൾ ടിന ബിജു(26), അമ്പലവയൽ ഇളയിടത്തുമഠത്തിൽ അഖിൽ അലക്സ്(27) എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളി നഴ്സുമാർ. അപകടത്തിൽ മരിച്ച മറ്റു മൂന്നുപേർ സൗദി പൗരന്മാരാണെന്നാണ് ലഭ്യമാകുന്ന വിവരം

മദീനയിലെ കാർഡിയാക് സെന്ററിൽ നിന്നും അൽ ഉല സന്ദർശനത്തിനായി പോവുന്നതിന് പോയ സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയാണ് അപകടമുണ്ടായത്. ജൂൺ 16ന് ടീനയും അഖിലും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരിക്കുക ആയിരുന്നു. കല്യാണവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് അപകടം.

വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസായി

0

ദില്ലി: വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. 288 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 232 പേർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. ബിൽ അവതരിപ്പിച്ച് ചർച്ചക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. 14 മണിക്കൂറിലേറെ നീണ്ട നടപടികൾക്ക് ശേഷമാണ് ബിൽ ലോക്സഭ കടന്നത്. പ്രതിപക്ഷ അംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളി. കെ.സി. വേണുഗോപാൽ, ഇ.ടി. മുഹമ്മദ് ബഷീർ, കെ. രാധാകൃഷ്ണൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരുടെ നിർദേശങ്ങളും വോട്ടിനിട്ട് തള്ളി. 2025 ഏപ്രിൽ മൂന്ന് വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെയാണ് ബിൽ പാസായത്. വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്ര സർക്കാർ ബിൽ അവതരിപ്പിച്ചത്. ബിൽ ഇന്നുതന്നെ രാജ്യസഭയിലും അവതരിപ്പിക്കും. ബിൽ പരിശോധിക്കാൻ രൂപീകരിച്ച സംയുക്ത പാർലമെന്ററി സമിതി തങ്ങളുടെ നിർദ്ദേശങ്ങൾ പരിഗണിച്ചില്ലെന്ന് പ്രതിപക്ഷം വാദിച്ചു. ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും സർക്കാർ ന്യൂനപക്ഷങ്ങളെ അപകീർത്തിപ്പെടുത്താനും അവകാശങ്ങൾ നിഷേധിക്കാനും ശ്രമിക്കുകയാണെന്നും ഭരണഘടനയ്‌ക്കെതിരെ ആക്രമണം നടത്തുകയാണെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു

ഓണ്‍ലൈന്‍ മരുന്ന് വില്‍പന: നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു

0

അനബോളിക് സ്റ്റിറോയ്ഡുകൾ ഉൾപ്പെടെയുള്ള അനധികൃതമായ മരുന്നുകൾ ഓൺലൈൻ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകൾ നടത്താനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയോട് കത്തിലൂടെയും നേരിട്ടും അഭ്യർത്ഥിച്ചു. അനധികൃത മരുന്നുകൾക്കെതിരെ കേരളം വലിയ പ്രവർത്തനമാണ് നടത്തുന്നത്. കേരളത്തിലെ ജിമ്മുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ അനധികൃത മരുന്നുകൾ കണ്ടെത്തിയിരുന്നു. ഏത് മരുന്നും ഓൺലൈനായി വാങ്ങാവുന്ന അവസ്ഥ തടയണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

അനബോളിക് സ്റ്റിറോയ്ഡുകളുടെ ഉപയോഗം തടയാനായി മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് കർശന നടപടികളാണ് സ്വീകരിക്കുന്നത്. ജിമ്മുകളിലെ അനധികൃത മരുന്നുകൾ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ഓപ്പറേഷൻ ശരീര സൗന്ദര്യയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകൾ നടത്തിയിരുന്നു. സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന നടത്തുകയും ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതൊന്നും തന്നെ മെഡിക്കൽ ഷോപ്പുകൾ വഴി ശേഖരിച്ചവയുമല്ല. ഓൺലൈനായാണ് വാങ്ങിച്ചത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിക്ക് കത്തയച്ചതും നേരിട്ട് അഭ്യർത്ഥിച്ചതും.

ഈ ജിമ്മുകൾക്കെതിരെ കേസെടുത്ത് കർശന നിയമ നടപടികൾ സ്വീകരിച്ച് വരുന്നു. ഇത്തരം മരുന്നുകൾ ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. അംഗീകൃത ഫാർമസികൾക്ക് മാത്രമേ വിൽക്കാനും അധികാരമുള്ളൂ. ഇവയുടെ ദുരുപയോഗം കൊണ്ട് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ജിമ്മുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമാക്കുന്നതാണ്. യുവജനങ്ങളിൽ ഇത്തരത്തിലുള്ള മരുന്നുകളുടെ ദൂഷ്യഫലങ്ങളെപ്പറ്റി ബോധവത്ക്കരണം നൽകാനായി അവബോധ ക്ലാസുകൾ നടത്താനും വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്.