കൽപ്പറ്റ: വന്യമൃഗ ശല്യം രൂക്ഷമായ ജനവാസ പ്രദേശങ്ങൾ ഹോട്ട്‌സ് പോട്ടാക്കി നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കളക്ടറേറ്റില്‍ നടന്ന ഉന്നതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജനവാസ മേഖലകളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ തിരിച്ചറിയാന്‍ അന്തര്‍ സംസ്ഥാന ഫോഴ്‌സുകളുടെ സഹകരണത്തോടെ കൂട്ടായ നടപടി സ്വീകരിക്കുമെന്നും അന്തര്‍ സംസ്ഥാനത്തെ മന്ത്രിതല കൗണ്‍സില്‍ യോഗം അടിയന്തരമായി ചേരുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു. വന മേഖലയിലെ നിരീക്ഷണം ശക്തിപ്പെടുത്താന്‍ വനം, പൊലീസ്, സന്നദ്ധസേന വോളണ്ടിയര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി ശക്തിപ്പെടുത്തും. പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവക്കായുള്ള തെരച്ചിലിന് എട്ടുപേര്‍ അടങ്ങുന്ന 10 ടീമുകളിലായി 80 പേരാണ് രാവും പകലും പട്രോളിങ് നടത്തുന്നത്. പ്രശ്‌ന ബാധിത സ്ഥലങ്ങളില്‍ വന്യജീവികളുടെ സഞ്ചാരം നിരീക്ഷിക്കാന്‍ പെരിയാര്‍ കടുവാ സങ്കേതത്തില്‍ നിന്നും നിരീക്ഷണ ക്യാമറകള്‍ എത്തിക്കും. ജില്ലയില്‍ കടുവാക്രമണത്തില്‍ മരണപ്പെട്ട രാധയുടെ ആശ്രിതര്‍ക്ക് താത്ക്കാലിക ജോലിക്കായുള്ള നിയമന കത്ത് മന്ത്രി നേരിട്ടെത്തി കൈമാറി. ഫെബ്രുവരി ഒന്നിന് ജോലിയില്‍ പ്രവേശിപ്പിക്കും വിധമാണ് നിയമനം നല്‍കുക. കുടുംബത്തിനുള്ള ധനസഹായ തുകയില്‍ അഞ്ച് ലക്ഷം രൂപ ജനുവരി 29 ന് കൈമാറുമെന്ന് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ജില്ലാതല മോണിറ്റിങ് കമ്മിറ്റി അടിയന്തരമായി ചേര്‍ന്ന് ആര്‍ആര്‍ടി, പിആര്‍ടി ടീമുകള്‍ വിപുലപ്പെടുത്തി നിരീക്ഷണം ശക്തമാക്കും. ഉന്നതതല യോഗത്തില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, അഡിഷണല്‍ ചീഫ് സെക്രട്ടറി ജോതിലാല്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എന്‍.കൗശികന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ശീറാംസാംബശിവ റാവും, നോര്‍ത്ത് സോണ്‍ ഐ.ജി രാജ്പാല്‍ മീറ, കെ.എസ്.ഡി.എം.എ മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു. മന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.പുകഴേന്തി, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമധാരി, ചീഫ് വൈഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് കൃഷ്ണന്‍, സിസിഎഫുമാരായ ജസ്റ്റിന്‍ മോഹന്‍, വിജയനന്ദന്‍, കെ.എസ് ദീപ, ഡിഎഫ്ഒമാര്‍, വനംവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു
8 പവൻ സ്വർണം, 15000 രൂപ, സിസിടിവി ദൃശ്യങ്ങൾ സാക്ഷി, 8 വീടുകളില്‍ കവർച്ച; താമരശ്ശേരിയിൽ മോഷണ പരമ്പര
താമരശ്ശേരിയില്‍ രാത്രിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തി. 8 പവൻ സ്വർണവും 15,000 രൂപയും നഷ്ടപ്പെട്ടു. മോഷ്ടാവിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഒന്നര മാസത്തിനിടെ സമീപത്തെ എട്ടു വീടുകളിലാണ് മോഷണം നടന്നത്.താമരശ്ശേരി കോരങ്ങാട് പരുവിങ്ങൽ ഷംസുദ്ദീൻ്റെ വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ മോഷണം നടന്നത്. ഷംസുദ്ദീന്റെ പിതാവിന് അസുഖമായതിനാൽ വീട്ടുകാരെല്ലാം മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിഞ്ഞത്. അലമാരയിൽ സൂക്ഷിച്ച 8 പവൻ സ്വർണവും 15000 രൂപയും നഷ്ടപ്പെട്ടു. മുഖം മൂടിയ മോഷ്ടാവിന്റെ സിസി ടിവി ദൃശങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പുലര്‍ച്ചെ രണ്ട് മണിക്കും മൂന്നരയ്ക്കും ഇടയിലുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. ഡോഗ് സ്ക്വാഡും ഫിംഗര്‍ പ്രിന്റ് വിദ്ഗധരും വീട്ടില്‍ പരിശോധനകള്‍ നടത്തി.കഴിഞ്ഞ ഒന്നര മാസത്തിനിടെ എട്ട് വീടുകളില്‍ സമാനമായ തരത്തില്‍ മോഷണം നടന്നിടരുന്നു. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തു വന്നിട്ടും മോഷ്ടാവിനെ ഇതുവരെയായിട്ടും പിടികൂടാനായിട്ടില്ല. പ്രദേശത്തെക്കുറിച്ച് നല്ല ധാരണയുള്ള ആളാണ് മോഷണപരമ്പരയ്ക്ക് പിന്നിലെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം വ്യാപാരിയെ തടഞ്ഞു നിർത്തി 20,000 രൂപയും ഫോണും സമീപ പ്രദേശത്ത് കവർന്നിരുന്നു. ഏതാനും ദിവസം മുമ്പ് പട്ടാപ്പകൽ ചുങ്കത്തെ ബാറ്ററി കടയിൽ നിന്നും സാധനങ്ങള്‍ കളവ് പോയിരുന്നു. തുടര്‍ച്ചയായുള്ള മോഷണങ്ങളില്‍ ആശങ്കയിലും ഭീതിയിലുമാണ് ജനങ്ങള്‍.
തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് സ്ത്രീകളടക്കം നാലു പേര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് പയ്യോളി തിക്കോടിയിൽ കടലിൽ ഇറങ്ങിയ രണ്ട് സ്ത്രീകളടക്കം നാലു പേര്‍ തിരയിൽപ്പെട്ട് മരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ടോടെ പയ്യോളി തിക്കോടി കല്ലകത്ത് ബീച്ചിലാണ് സംഭവം. അപകടത്തിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്‍പ്പറ്റയിലെ ജിമ്മിൽ ഒരുമിച്ച് പരിശീലനം നടത്തുന്നവരാണ് അപകടത്തിൽപ്പെട്ടത്.
ജിമ്മിലെ വനിത ട്രെയിനര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്. മുണ്ടേരി സ്വദേശി ഫൈസൽ, കല്‍പ്പറ്റ നോര്‍ത്ത് സിപിഎം ലോക്കൽ കമ്മിറ്റി അംഗം വിനീഷ് (40), അനീസ (35), വാണി (32) എന്നിവരാണ് മരിച്ചത്. ജിൻസി എന്ന സ്ത്രീയെ പരിക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടോടെ തിക്കോടി കല്ലകത്ത് ബീച്ചിലാണ് ദാരുണാപകടം ഉണ്ടായത്. അവധി ദിവസമായ ഞായറാഴ്ച ഇവര്‍ രാവിലെയാണ് കോഴിക്കോട്ടേക്ക് ടൂര്‍ പോയതായിരുന്നു. വയനാട്ടിലേക്ക് തിരികെ വരുമ്പോൾ ബീച്ചിൽ കയറിയപ്പോൾ ആയിരുന്നു അപകടം. അവധിയായതിനാൽ ബീച്ചിൽ നല്ല തിരക്കുണ്ടായിരുന്നു.
ബീച്ചിലേക്കിറങ്ങിയപ്പോള്‍ അഞ്ചുപേരും തിരയിൽപെടുകയായിരുന്നുവെന്നാണ് വിവരം. ഇവരെ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല. വയനാട് കല്‍പ്പറ്റയിലെ ജിമ്മിൽ പരിശീലനം നടത്തുന്നവരും ട്രെയിനേഴ്സും അടക്കം 26 അംഗം സംഘമാണ് ടെംപോ ട്രാവലറിൽ തിക്കോടി കല്ലകത്ത് ബീച്ചിലെത്തിയത്. വിനോദ യാത്രക്ക് വന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ച അനീസ, വാണി, വിനീഷ് എന്നിവരുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച ഫൈസലിന്‍റെ മൃതദേഹം കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. കുളിക്കാനിറങ്ങിയതല്ലെന്നും അഞ്ചുപേരും കൈപിടിച്ച് കടലിൽ ഇറങ്ങുകയായിരുന്നുവെന്നും കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു.
അഞ്ചുപേരും ഇറങ്ങിയതിനിടെ ഒരാള്‍ വീണു. കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തിരയിൽപെടുകയായിരുന്നു. ഇതോടെയാണ് നാലു പേരും തിരയിൽപ്പെട്ടത്. ഒരാള്‍ വീഴാതെ രക്ഷപ്പെടുകയായിരുന്നു.26 അംഗം സംഘം രാവിലെ അകലാപ്പുഴയിലും സന്ദര്‍ശനം നടത്തിയിരുന്നു. രാവിലെ ഏഴുമണിയോടെയാണ് വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചത്. കല്‍പ്പറ്റയിലെ ബോഡി ഷേപ്പ് എന്ന പേരിലുള്ള ജിമ്മിലുള്ളവരാണ് അപകടത്തിൽപ്പെട്ടത്. വയനാട് കല്‍പറ്റ സ്വദേശി ഷറഫുവിന്‍റേതാണ് ജിം. ഷറഫു ഉള്‍പ്പെടെയുള്ളവരാണ് വിനോദ യാത്രയ്ക്ക് പോയത്. അഞ്ച് പേർ ഒരുമിച്ച് കൈപിടിച്ചാണ് കടലിൽ ഇറങ്ങിയതെന്നും ഇതിനിടെ തിര അടിച്ച് വീഴുകയായിരുന്നുവെന്നും അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിന്‍സി പറഞ്ഞു. കയ്യിലെ പിടിത്തം വിട്ട് വീഴുകയായിരുന്നുവെന്നും തന്‍റെ ബോധം പോയെന്നും ജിന്‍സി പറഞ്ഞു.
വീണ്ടും മഴ, 30ന് രണ്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്; യെല്ലോ അലർട്ട്
തിരുവനന്തപുരം: ഈ മാസം 30ന് രണ്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് 10 ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്.
ഇന്നും നാളെയും ഒരു ജില്ലയിലും മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. 28ന് തിരുവനന്തപുരത്തും കൊല്ലത്തും നേരിയതോ മിതമായതോ ആയ അളവിൽ മഴയ്ക്ക് സാധ്യതയുണ്ട്. ജനുവരി 29ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മിതമായ മഴ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.ഇന്ന് തെക്കൻ ആൻഡമാൻ കടൽ, അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും അറിയിപ്പുണ്ട്. എന്നാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.
പഞ്ചാരക്കൊല്ലിയിലെ കടുവ നരഭോജി; സുപ്രധാന ഉത്തരവിറക്കി സർക്കാർ
മാനന്തവാടി: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ ഒടുവിൽ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.
കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ തീരുമാനമാണിത്. കടുവാ ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് നിര്‍ണായക തീരുമാനം. അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. തുടര്‍ച്ചയായ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചതെന്നും ഇതിനാൽ ആളുകളടെ ജീവന് ഭീഷണിയായി മാറിയ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്നും നിയമ തടസമുണ്ടാകില്ലെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.കടുവയെ പിടികൂടാൻ നല്ല പ്രവർത്തനമാണ് നടക്കുന്നത്. എന്നാൽ, അത് ജനങ്ങളെ തൃപ്തിപ്പെടുത്തുന്നില്ല എന്ന് വന്നപ്പോഴാണ് ഉന്നതതല യോഗം വിളിച്ചത്. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഉന്നതതല യോഗത്തിൽ പങ്കെടുത്തു. പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവ തന്നെയാണ് ഇന്ന് തെരച്ചിലിനിടെ ആര്‍ആര്‍ടി ഉദ്യോഗസ്ഥനായ ജയസൂര്യയെയും ആക്രമിച്ചത്.
തുടർച്ചയായി ആക്രമണം വന്നതിനാൽ ആണ് നരഭോജി എന്ന പ്രഖ്യാപനം. കാടിനോട് ചേർന്നുള്ള മേഖലകളിലെ അടിക്കാടുകൾ വെട്ടാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. മേഖലയിൽ നിരീക്ഷണം ശക്തിപ്പെടുത്തും. അഡ്വക്കറ്റ് ജനറൽ ഉള്‍പ്പെടെയുള്ളവരിൽ നിന്ന് നിയമോപദേശം തേടിയശേഷമാണ് തീരുമാനം. മുഖ്യമന്ത്രിയും തീരുമാനത്തെ പിന്തുണച്ചു. വന്യജീവി ആക്രമണത്തിൽ കേന്ദ്ര സർക്കാരിനെതിരെയും വനം മന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വനവുമായി ബന്ധപ്പെട്ട് ഒരു പിന്തുണയും സർക്കാരിൽ നിന്ന് ലഭിക്കുന്നില്ല.പുതിയ സംഭവ വികാസങ്ങൾ കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്നും അറിയിച്ചിട്ടും വലിയ കാര്യമില്ലെന്നും എകെ ശശീന്ദ്രൻ കുറ്റപ്പെടുത്തി. വിളിച്ചാൽ ഒരു ഫോൺ കോൾ നഷടം എന്നത് മാത്രമാണ്. എങ്കിലും കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. 100 ക്യാമറകൾ വയനാട്ടിൽ പുതിയതായി സ്ഥാപിക്കും. വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാനും നിരീക്ഷണം ശക്തമാക്കാനും സംസ്ഥാനത്ത് 400 ക്യാമറകൾ സ്ഥാപിക്കുമെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.വിഡി സതീശന്‍റെ യാത്രയെയും വനം മന്ത്രി വിമര്‍ശിച്ചു. കേന്ദ്ര നിയമങ്ങളെ കുറിച്ച് വിഡി സതീശൻ ഒരു അക്ഷരം പറയുന്നില്ലെന്നും ബോധ പൂർവം ആണോ അല്ലയോ എന്ന് അറിയില്ലെന്നും എകെ ശശീന്ദ്രൻ കുറ്റപ്പെടുത്തി. കേരളത്തെ എട്ടോളം കേന്ദ്ര നിയമങ്ങൾ കൊണ്ട് വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. പുരാണത്തിലേത് പോലെ മാംസം അറുത്ത് എടുത്തോളു ഒരു തുള്ളി ചോര പൊടിയരുത് എന്നതാണ് കേന്ദ്ര നയം. കൽപ്പറ്റ പെരുന്തട്ടയിൽ ഒരു തള്ളക്കടുവയും മൂന്ന് കുഞ്ഞു കടുവകളും ഉണ്ട്. കുഞ്ഞു കടുവകൾ സ്വന്തമായി ടെറിട്ടറി ഉണ്ടാക്കുകയാണെന്നും വനം മന്ത്രി പറഞ്ഞു.
സ്‍മാർട്ട്‌ഫോണുകൾ അങ്ങനെയൊന്നും എളുപ്പം പൊട്ടിത്തെറിക്കില്ല; അപകടം എങ്ങനെ തടയാം?
നിലവിൽ സ്മാർട്ട്‌ഫോൺ നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാണ്. സ്‌മാർട്ട്‌ഫോണുകൾ നമ്മളെ പല ദൈനംദിന ജോലികൾക്കും സഹായിക്കുന്നു. സ്‌മാർട്ട്‌ഫോൺ പൊട്ടിത്തെറിക്കുന്ന സംഭവങ്ങൾ നമ്മള്‍ കേട്ടിട്ടുണ്ട്. ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നതിനുള്ള ചില കാരണങ്ങളും അവ ഒഴിവാക്കാനുള്ള വഴികളും അറിയാം.
വ്യാജ ബാറ്ററികളുടെ ഉപയോഗം
സ്മാർട്ട്ഫോണിൽ യഥാർഥ ബാറ്ററി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. വ്യാജ ബാറ്ററികൾ ശരിയായ വോൾട്ടേജ് ഫോണിന് നൽകുന്നില്ല. ഇക്കാരണത്താൽ ഫോൺ പൊട്ടിത്തെറിക്കാനുള്ള സാധ്യത വർധിക്കും.
ബാറ്ററി അമിതമായി ചൂടാകുന്നത്
സ്മാർട്ട്‌ഫോൺ ബാറ്ററികളിൽ ലിഥിയം അയൺ ഉപയോഗിക്കുന്നു. ലിഥിയം-അയോണിന് ഉയർന്ന ചൂട് താങ്ങാനാവില്ല. ഫോൺ ദീർഘനേരം ചാർജ് നിലനിൽക്കുകയോ ഗെയിമിംഗിനോ മറ്റ് ആവശ്യങ്ങൾക്കോ ഫോൺ അമിതമായി ഉപയോഗിക്കുകയോ ചെയ്താൽ, ഒരുപക്ഷേ ബാറ്ററി പൊട്ടിത്തെറിക്കാൻ കാരണമാകും.
അമിത ചാർജിംഗ് അല്ലെങ്കിൽ ഡിസ്ചാർജ്
ഫോൺ അമിതമായി ചാർജ് ചെയ്യുന്നതുമൂലം ബാറ്ററി തകരാര്‍ സംഭവിക്കാം. ഇതുകൂടാതെ, ഫോണിന്‍റെ ബാറ്ററി ആവർത്തിച്ച് ചാർജ് ചെയ്യുന്നതും ഒഴിവാക്കണം. അമിത ചാർജ്ജിംഗ് കാരണം, ബാറ്ററിയിൽ അധിക ചൂട് ഉത്പാദിപ്പിക്കാൻ തുടങ്ങും. അങ്ങനെ ബാറ്ററി പൊട്ടിത്തെറിക്കുന്നതിന് കാരണമായേക്കാം.
ബാറ്ററി നിലവാരം
ഫോണിൽ സ്ഥാപിച്ചിരിക്കുന്ന ബാറ്ററിയുടെ ഗുണനിലവാരവും ഇത്തരം സംഭവങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നു. ഗുണനിലവാരം കുറഞ്ഞതോ വ്യാജമോ ആയ ബാറ്ററികൾ പലപ്പോഴും സുരക്ഷിതമല്ല. ബാറ്ററിക്ക് മോശം നിർമ്മാണ സാമഗ്രികളോ രൂപകൽപ്പനയോ ഉണ്ടെങ്കിൽ, അത് അമിതമായി ചൂടാകുകയും ഒടുവിൽ പൊട്ടിത്തെറിക്കുകയും ചെയ്യും.
നിങ്ങളുടെ ഫോൺ എവിടെ സൂക്ഷിക്കുന്നു എന്നതും ശ്രദ്ധിക്കുക
ദീർഘനേരം ഫോൺ ചാർജ് ചെയ്യുമ്പോൾ ഫോൺ ചൂടാകാൻ തുടങ്ങും. അത്തരമൊരു സാഹചര്യത്തിൽ, ഒരു പുതപ്പിനടിയിലോ മെത്തയിലോ വച്ച് ഫോൺ ചാർജ് ചെയ്യുകയാണെങ്കിൽ, വായുസഞ്ചാരത്തിന്‍റെ അഭാവം കാരണം ഫോണിന്‍റെ താപനില അതിവേഗം വർധിക്കാൻ തുടങ്ങും. ഈ അധിക ചൂട് ബാറ്ററിക്ക് ഹാനികരമാകുകയും പൊട്ടിത്തെറിക്ക് കാരണമാവുകയും ചെയ്യും.
മോശം ചാർജർ
ബാറ്ററിയുടെ ഗുണനിലവാരം കൂടാതെ, ചാർജറിന്‍റെ ഗുണനിലവാരവും ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നു. നിങ്ങൾ ഒരു നോൺ-സ്റ്റാൻഡേർഡ് ചാർജർ ഉപയോഗിക്കുമ്പോൾ അത് ബാറ്ററിക്ക് കൂടുതൽ കറന്‍റോ വോൾട്ടേജോ നൽകാം. ഇത് ബാറ്ററിയിൽ കൂടുതൽ താപം സൃഷ്ടിക്കും. ഇതുമൂലം ബാറ്ററി പൊട്ടിത്തെറിയുടെ സാധ്യത വർധിക്കുന്നു. അതുകൊണ്ടാണ് ഫോൺ ചാർജ് ചെയ്യാൻ എപ്പോഴും ഒറിജിനൽ ചാർജർ ഉപയോഗിക്കണമെന്ന് പറയുന്നത്.
ഫോൺ പൊട്ടിത്തെറിക്കുന്നത് തടയാൻ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടത്?
ഒറിജിനൽ ചാർജറും ബാറ്ററിയും ഉപയോഗിക്കുക.
ദീർഘനേരം ഫോൺ ചാർജ് ചെയ്യുന്നത് ഒഴിവാക്കുക.
ബാറ്ററി വീർക്കുകയാണെങ്കിൽ റിസ്‍ക് എടുക്കരുത്, ഉടൻ തന്നെ അത് മാറ്റുക.
വയനാട്ടിൽ തെരച്ചിലിനിറങ്ങിയ ദൗത്യ സംഘത്തെ കടുവ ആക്രമിച്ചു; ആർആർടി സംഘാംഗത്തിന് പരിക്ക്
മാനന്തവാടി : പഞ്ചാരകൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെ കടുവാ ആക്രമണം. ഒരു ആർആർടി സംഘാംഗത്തിന് പരിക്കേറ്റു. മാനന്തവാടി ആർആർടി അംഗം ജയസൂര്യക്കാണ് പരിക്കേറ്റത്. ഉൾക്കാട്ടിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തെ കാടിന് പുറത്തേക്ക് കൊണ്ടുവരാൻ ശ്രമം തുടരുകയാണ്. തറാട്ട് ഭാഗത്ത് കടുവാ തെരച്ചിലിന് ഇറങ്ങിയ സംഘാംഗത്തിനാണ് പരിക്കേറ്റത്. സ്ഥലത്ത് കടുവയെ കണ്ടുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘമിവിടെയെത്തിയത്. വന്യജീവി ആക്രമണമുണ്ടായതായി മന്ത്രി എ കെ ശശീന്ദ്രൻ സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 3 വെറ്റിനറി ഡോക്ടർമാരുടെ കീഴിലുളള മയക്കുവെടി സംഘമടക്കം 7 ടീമുകളാണ് കടുവയുടെ കൽപ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ തേടിയാണ് തെരച്ചിൽ നടക്കുന്നത്. എട്ടു പേരടങ്ങുന്ന സംഘമായി തിരിഞ്ഞായിരുന്നു പരിശോധന. അതിനിടയിലാണ് ആക്രമണം ഉണ്ടായത്.
‘എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി’; ആശുപത്രിയിൽ നിന്ന് ഓൺലൈനായി പൊതുപരിപാടിയിൽ പങ്കെടുത്ത് ഉമ തോമസ്
കൊച്ചി: കലൂരിലെ അപകടത്തിന് ശേഷം ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്ത് ഉമ തോമസ് എംഎൽഎ. ആശുപത്രിയിൽ നിന്ന് ഓൺലൈനായാണ് പരിപാടിയിൽ പങ്കെടുത്തത്. കാക്കനാട് എം എ അബൂബക്കർ മെമ്മോറിയൽ സ്കൂൾ വികസനത്തിന്‍റെ ഭാഗമായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായാണ് എംഎൽഎ പങ്കെടുത്തത്. “വലിയൊരു അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ചികിത്സയിലാണ്. ഈ തിരിച്ചുവരവിന് നിങ്ങളുടെയെല്ലാം പ്രാർത്ഥനയുണ്ടായിരുന്നുവെന്ന് ഞാൻ വളരെ നന്ദിയോടെ ഓർക്കുന്നു. ആ പ്രാർത്ഥന തന്നെയാണ് എന്നെ തിരിച്ചുകൊണ്ടുവന്നത്. അപകടത്തിന് ശേഷം ആദ്യമായാണ് പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. സ്കൂളിന് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച ബസ് ഏതാനും ദിവസത്തിനുള്ളിൽ കൈമാറാൻ സാധിക്കുമെന്ന സന്തോഷ വാർത്ത കൂടി ഈ അവസരത്തിൽ പങ്കുവയ്ക്കുന്നു”- എംഎൽഎ പറഞ്ഞു. കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ വിഐപി ഗ്യാലറിയിൽ നിന്ന് വീണ് ഉമ തോമസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തലച്ചോറിനും ശ്വാസകോശത്തിനും ഉൾപ്പെടെ പരിക്കേറ്റു. എംഎൽഎയുടെ മനോധൈര്യം പ്രശംസനീയമാണെന്ന് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. വെന്‍റിലേറ്ററിൽ നിന്ന് മാറ്റി രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ ‘ഐ ആം ഓകെ’ എന്ന് ഉമ തോമസ് പറഞ്ഞു. മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമ തോമസ് തന്നെ സന്ദർശിച്ച മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. ഇത് തന്‍റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എല്ലാവരും ഒപ്പമുണ്ടായിരുന്നുവെന്ന് ഉമാ തോമസ് പറഞ്ഞു. നാട് ഒന്നാകെ തന്നെ ഉണ്ടായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി
സംസ്ഥാനത്ത് മദ്യത്തിന് നാളെ മുതൽ വില കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടും. സ്പിരിറ്റ് വില വർദ്ധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ബെവ്കോയാണ് തീരുമാനമെടുത്തത്. ചില ബ്രാൻ്റ് മദ്യത്തിന് മാത്രമാണ് വില വർധന. 10 രൂപ മുതൽ 50 രൂപ വരെയാണ് വില വർധിക്കുക. പുതുക്കിയ മദ്യ വില വിവരപ്പട്ടിക ബെവ്കോ പുറത്തിറക്കി. 62 കമ്പനികളുടെ 341 ബ്രാൻ്റുകൾക്ക് വില വർധിക്കും. അതേസമയം വില കുറയ്ക്കാനും തീരുമാനമുണ്ട്. 45 കമ്പനികളുടെ 107 ബ്രാന്റുകൾക്കാണ് വില കുറയുക. സംസ്ഥാനത്ത് 15 മാസത്തിന് ശേഷമാണ് മദ്യത്തിൻ്റെ വില വർധിപ്പിച്ച് കൊണ്ടുള്ള തീരുമാനം വരുന്നത്.
നിയമപരമായ മുന്നറിയിപ്പ്:മദ്യപാനം ആരോഗ്യത്തിന് ഹാനികരം
സംവിധായകൻ ഷാഫി അന്തരിച്ചു
ജനപ്രിയ സിനിമകളിലൂടെ മലയാളിയുടെ മനം കവര്‍ന്ന കലാകാരന് വിട
കൊച്ചി: ജനപ്രിയ സിനിമകളിലൂടെ മലയാളിയെ ചിരിപ്പിച്ച സംവിധായകൻ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം. മൃതദേഹം പുലർച്ചയോടെ കൊച്ചിയിലെ വീട്ടിൽ എത്തിക്കും. രാവിലെ 10 മുതൽ കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് നാല് മണിക്ക് കലൂർ കറുകപ്പള്ളി ജുമ മസ്ജിദ് ഖബരിസ്ഥാനിൽ നടക്കും. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ 7 ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം.
കല്യാണരാമൻ, ചട്ടമ്പിനാട്, മായാവി, തൊമ്മനും മക്കളും തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കലാകാരനാണ് വിടവാങ്ങുന്നത്. വൺ മാൻ ഷോ ആണ് ആദ്യ ചിത്രം. ഷാഫി, റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ പിറന്നത് ഹിറ്റ് ചിത്രങ്ങളായിരുന്നു. ദശമൂലം ദാമു, മണവാളൻ, സ്രാങ്ക് തുടങ്ങി മലയാളികൾ എന്നും ഓര്‍മിക്കുന്ന ഹാസ്യ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു.



