പുതുപ്പാടി: സ്കൂട്ടറിൽ യാത്ര ചെയ്യവേ ഷാൾ കഴുത്തിൽ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. പുതുപ്പാടിയിൽ ആണ് അപകടം ഉണ്ടായത്. വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ വിജയന്‍റെ ഭാര്യ സുധയാണ് മരണപ്പെട്ടത്.വെസ്റ്റ് കൈതപ്പൊയില്‍ പഴയ ചെക് പോസ്റ്റിന് സമീപത്ത് ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്.പുതുപ്പാടി സഹകരണ ബാങ്കിന്‍റെ അഗ്രി ഫാം ജീവനക്കാരിയാണ്.മക്കള്‍; സ്റ്റാലിന്‍ (സി.പി.എം ചെമ്മരംപറ്റ ബ്രാഞ്ച് സിക്രട്ടറി), മുംതാസ്.
വടകരയിൽ റോഡരികിൽ നിർത്തിയിട്ട കാരവനിൽ 2 മൃതദേഹങ്ങൾ
കോഴിക്കോട്: കോഴിക്കോട് വടകര കരിമ്പനപാലത്ത് റോഡരികിൽ നിർത്തിയിട്ട കാരവനിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് പുരുഷൻമാരെയാണ് വാഹനത്തിൻ്റ മുന്നിൽ സ്റ്റേപ്പിലും പിൻഭാഗത്തുമായി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുതൽ റോഡരികിൽ നിർത്തിയിട്ട നിലയിലായിരുന്നു വാഹനം. നാട്ടുകാർക്ക് സംശയം തോന്നി നോക്കിയപ്പോഴാണ് വാഹനത്തിനുള്ളിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മനോജ് മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജ്, കണ്ണൂർ പറശേരി സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ വിവാഹത്തിന് ആളെ എത്തിച്ച് മടങ്ങിയവരാണെന്ന് പൊലീസ് പറയുന്നു. ഇന്നലെ റോഡരികിൽ വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. എസി ഗ്യാസ് ലീക്കായതാകാം മരണ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ. പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്.
സുൽത്താൻബത്തേരി വഴി പോകുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ടൗണിൽ നാളെ ഗതാഗത നിയന്ത്രണം
സുൽത്താൻബത്തേരി ടൗണിൽ നാളെ ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.സി പി ഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പ്രകടനം നടക്കുന്നതിന്റെ ഭാഗമായാണ് ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
കൽപ്പറ്റ മാനന്തവാടി അമ്പലവയൽ ഭാഗത്തുനിന്ന് വരുന്ന ബസ്സുകൾ മാനിക്കുനി അഖില പെട്രോൾ പമ്പിന് സമീപം യാത്രക്കാരെ ഇറക്കി തിരിച്ചു പോകണം.
പുൽപ്പള്ളി ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ സുൽത്താൻബത്തേരി കെഎസ്ആർടിസി ഡിപ്പോ പരിസരത്ത് ആളുകളെ ഇറക്കണം.
വടക്കനാട് ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ കോളേജ് റോഡിൽ പെന്തകോസ്റ്റൽ ചർച്ചിന് സമീപവും
മുത്തങ്ങ ഭാഗത്തുനിന്നും വരുന്ന ബസ്സുകളും മറ്റു വാഹനങ്ങളും മൂലങ്കാവിൽ നിന്നും തിരിഞ്ഞ് തൊടുവട്ടി വഴി പുതിയ ബസ്റ്റാൻഡിൽ എത്തി യാത്രക്കാരെ ഇറക്കി തിരിച്ചു പോകണം.
ചീരാൽ ,നമ്പ്യാർകുന്ന് പാട്ടവയൽ ഭാഗത്തുനിന്ന് വരുന്ന ബസ്സുകൾ രണ്ടാമത്തെ എൻട്രൻസ് വഴി പുതിയ സ്റ്റാൻഡിൽ പ്രവേശിച്ച് ഒന്നാമത്തെ എൻട്രൻസ് വഴി യാത്രക്കാരെ ഇറക്കി തിരിച്ചു പോകണം.
ചുള്ളിയോട് ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ ഗാന്ധി ജംഗ്ഷൻ വഴി പഴയ ബസ്സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കി തിരിച്ചു പോകണം.
കൽപ്പറ്റ ഭാഗത്തുനിന്ന് മൈസൂർ ഭാഗത്തേക്ക് പോകുന്ന യാത്ര വാഹനങ്ങൾ പഴയ ലുലു ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് അമ്മായി പാലം വഴി പുത്തൻകുന്ന് -നമ്പിക്കൊല്ലി എത്തി മൈസൂർ ഭാഗത്തേക്ക് പോകണം.
മൈസൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മൂലങ്കാവിൽ നിന്ന് തിരിഞ്ഞ് തൊടുവെട്ടിയെത്തി കൈപ്പഞ്ചേരി ബൈപ്പാസ് വഴി അമ്മായി പാലം കുന്താണി റോഡിലൂടെ പൂമലയിൽ എത്തി കൊളഗപ്പാറയിലേക്ക് പോകണം.
കോഴിക്കോട് ഭാഗത്തുനിന്നും വരുന്ന ചരക്ക് ലോറി അടക്കമുള്ള വലിയ വാഹനങ്ങൾ കൊളഗപ്പാറ ജംഗ്ഷന് മുമ്പായും മൈസൂർ ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങൾ മൂലങ്കാവ് റോഡിലും അരിക് ചേർന്ന് നിർത്തിയിടണമെന്നും പോലീസ് അറിയിച്ചു
പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ നവ്യ ഹരിദാസ് ഹൈക്കോടതിയിൽ
കൊച്ചി ∙ വയനാട് ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സ്വത്തുവിവരങ്ങൾ മറച്ചുവച്ചു എന്നാരോപിച്ചു ഹൈക്കോടതിയിൽ ഹർജി നൽകി ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസ്. നാമനിർദേശപത്രികയിൽ പ്രിയങ്കയുടെയും കുടുംബത്തിന്റെയും സ്വത്തുവിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയെന്നാണു ഹർജിയിലെ പ്രധാന ആരോപണം. ശനിയാഴ്ചയാണു നവ്യ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ക്രിസ്മസ് അവധിക്കു ശേഷം നവ്യയുടെ ഹർജിയിൽ ഹൈക്കോടതി തീരുമാനമെടുക്കും
നവംബർ 13ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ 4 ലക്ഷത്തിലേറെ വോട്ടുകൾക്കാണു പ്രിയങ്കയുടെ വിജയം. പ്രിയങ്കയുടെ നാമനിർദേശ പത്രികയിലെ വിവരങ്ങള്‍ തെറ്റാണെന്നു ചൂണ്ടിക്കാട്ടി ബിജെപി നേരത്തേ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നെങ്കിലും പരാതി തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹർജിയിൽ നവ്യ ആവശ്യപ്പെടുന്നതെന്ന് അഭിഭാഷകൻ ഹരികുമാർ ജി.നായർ പറഞ്ഞു.
വരുന്നു ബിഎസ്എന്‍എല്‍ ഇ-സിം; ലോഞ്ച് 2025 മാര്‍ച്ചില്‍
രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഇ-സിം സൗകര്യം പുറത്തിറക്കാനൊരുങ്ങുന്നു. 2025 മാര്‍ച്ചിലാണ് ബിഎസ്എന്‍എല്ലിന്‍റെ ഇ-സിം സംവിധാനം ഔദ്യോഗികമായി ലോഞ്ച് ചെയ്യാന്‍ ആലോചിക്കുന്നത്. നിലവില്‍ സ്വകാര്യം ടെലികോം പ്രൊവൈഡര്‍മാരായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ (വിഐ) എന്നിവര്‍ ഇന്ത്യയില്‍ ഇ-സിം സൗകര്യം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.
സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍റെയും പുത്തന്‍ സേവനങ്ങള്‍ ആരംഭിക്കുന്നതിന്‍റെയും ഭാഗമായി പൊതുമേഖല ടെലികോം നെറ്റ്‌വര്‍ക്കായ ബിഎസ്എന്‍എല്‍ ഇ-സിം സൗകര്യം ആരംഭിക്കുകയാണ്. 2025 മാര്‍ച്ചില്‍ ബിഎസ്എന്‍എല്ലിന്‍റെ ഇ-സിം സൗകര്യം രാജ്യത്ത് ലോഞ്ച് ചെയ്യുമെന്ന് ബിഎസ്എന്‍എല്‍ കണ്‍സ്യൂമര്‍ മൊബിലിറ്റി ഡയറക്ടര്‍ സന്ദീപ് ഗോവില്‍ അറിയിച്ചു. രാജ്യത്തെ മറ്റെല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും ഇ-സിം സംവിധാനം നേരത്തെയുണ്ടായിരുന്നു.
ഇ-സിം സൗകര്യം പിന്തുണയ്ക്കുന്ന ഫോണുകള്‍ വളരെ കുറവായതിനാല്‍ ഇന്ത്യയിലെ ഇ-സിം ഉപഭോക്താക്കള്‍ പരിമിതമാണ്. ഐഫോണുകള്‍ അടക്കമുള്ള ഹൈ-എന്‍ഡ് ഫോണുകള്‍ക്കാണ് ഇ-സിം സൗകര്യം നിലവിലുള്ളത്. മൂന്ന് മാസത്തിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്ലിന്‍റെ ഇ-സിം സൗകര്യം ലഭിച്ചുതുടങ്ങും. 2025 ജൂണ്‍ മാസത്തോടെ 4ജി വിന്യാസം പൂര്‍ത്തീകരിക്കാനും ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നു. ഒരു ലക്ഷം 4ജി ടവറുകള്‍ എന്ന ലക്ഷ്യത്തിലേക്ക് ബിഎസ്എന്‍എല്‍ അടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനകം 60,000ത്തിലധികം 4ജി ടവറുകള്‍ ബിഎസ്എന്‍എല്‍ പൂര്‍ത്തീകരിച്ചു.
ക്രിസ്മസ്; കേരളത്തിലേക്ക് പത്ത് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
കേരളത്തിലേക്ക് പത്ത് സ്പെഷ്യൽ ട്രെയിൻ സവീസുകൾ റെയിൽവേ പ്രഖ്യാപിച്ചു. ക്രിസ്മസ് സീസണിലെ യാത്രാ തിരക്ക് കണക്കിലെടുത്താണിത്.
ശബരിമല തീർഥാടകർക്കായി 416 സ്പെഷ്യൽ സർവീസുകളും ഒരുക്കിയിട്ടുണ്ട്.
ക്രിസ്മസ് പ്രമാണിച്ച് ബെംഗളൂരുവിൽ നിന്നുള്ള സ്പെഷ്യൽ ട്രെയിൻ എസ്എംബിടി ടെർമിനലിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് സർവീസ് നടത്തും.23ന് രാത്രി 11ന് ബെംഗളുരുവിൽ നിന്ന് പുറപ്പെട്ട് 24ന് വൈകിട്ട് 4.30ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.ഈ മാസം 23നും 30നും ചെന്നൈയിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്കും സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ഉണ്ടാകും.
അതേസമയം കൊല്ലം- എറണാകുളം മെമുവിന് പുതിയ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. മെമുവിന്റെ സര്‍വ്വീസ് നേരത്തെ 6 മാസത്തേക്ക് നീട്ടിയപ്പോള്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന ആവശ്യങ്ങളും ഉയര്‍ന്നിരുന്നു. ചെറിയനാടാണ് പുതുതായി അനുവദിച്ചിരിക്കുന്ന സ്റ്റേഷന്‍. പാലരുവി എക്സ്പ്രസ്, വേണാട് എകസ്പ്രസ് തുടങ്ങിയ ട്രെയിനുകളിലെ തിരക്ക് കണക്കിലെടുത്താണ് മെമുവിന്റെ കാലാവധി നീട്ടിയത്.
തങ്ക അങ്കി രഥഘോഷയാത്ര ആരംഭിച്ചു
മണ്ഡല പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്തുന്നതിനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ആരംഭിച്ചു. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതലുണ്ടായിരുന്ന തങ്കയങ്കി ദര്‍ശനത്തിന് ശേഷമാണ് ഘോഷയാത്രക്ക് തുടക്കമായത്. മൂന്ന് ദിവസത്തെ യാത്ര പൂര്‍ത്തിയാക്കി 25 ന് വൈകിട്ടാവും തങ്ക അങ്കി സന്നിധാനത്ത് എത്തുക.അതിനിടെ, മണ്ഡല പൂജയ്ക്കുള്ള ഒരുക്കത്തിലാണ് ശബരിമല സന്നിധാനം. തങ്ക അങ്കിയെ വരവേല്‍ക്കാനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു.തീര്‍ത്ഥാടകരുടെ തിരക്ക് തുടരുകയാണ്.
തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ ശബരിമല നടയ്ക്കല്‍ സമര്‍പ്പിച്ചതാണ് 451 പവന്‍ തൂക്കം വരുന്ന തങ്കയങ്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അടക്കമുള്ളവര്‍ ഘോഷയാത്രയില്‍ പങ്കാളികളായി. മുൻകൂട്ടി നിശ്ചയിച്ച 27 കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചെത്തുന്ന രഥഘോഷയാത്ര ഒമല്ലൂര്‍ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിലാണ് ഇന്ന് അവസാനിക്കുക. നാളെ കോന്നിമുരിങ്ങമല മഹാദേവ ക്ഷേത്രത്തിലും മറ്റന്നാൾ പെരുനാട് ശാസ്താ ക്ഷേത്രത്തിലും അവസാനിക്കും. 25-ന് തങ്കയങ്കി സന്നിധാനത്തെത്തിക്കും. 26-ന് ഉച്ചയ്ക്ക് തങ്കയങ്കി ചാര്‍ത്തി മണ്ഡലപൂജ നടക്കും.പുലര്‍ച്ചെ അഞ്ച് മണി മുതല്‍ തന്നെ വിശ്വാസികള്‍ക്ക് തങ്കഅങ്കി
ദര്‍ശിക്കാനായുള്ള അവസരം ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നു. രാവിലെ ഏഴ് മണിയോടെ പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ കിഴക്കേ നടയില്‍ നിന്നും ശബരിമലയിലേക്കുള്ള പ്രയാണം
ആരംഭിക്കുകയായിരുന്നു.
വയനാട് ഉരുൾപൊട്ടൽ ദുരന്തം: പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. വൈകീട്ട് 3 മണിക്ക് ഓൺലൈനായാണ് യോഗം. വീട് നിർമ്മാണത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ യോഗവും ഉടൻ ചേരും. ടൗൺഷിപ്പ് നിർമ്മാണം എങ്ങനെ വേണം എന്നതിലും ആരെ ഏല്പിക്കുമെന്നതിലും തീരുമാനമെടുക്കും. വീടുകൾ നിർമ്മിക്കാൻ സന്നദ്ധത അറിയിച്ചവരുമായി സർക്കാർ അടുത്ത ദിവസം ചർച്ച നടത്തും.ചർച്ചകൾക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
വീട് നിർമ്മിക്കാൻ സർക്കാർ കണ്ടെത്തിയ നെടുമ്പാല എസ്റ്റേറ്റിന്റെയും എൽസ്റ്റോൺ എസ്റ്റേറ്റിൻറയും ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിലെ നിയമപരിഹാരം കണ്ടെത്തലിലും നാളെ വൈകീട്ട് മൂന്നരക്ക് ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. അതേസമയം, ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ പട്ടികയെ ചൊല്ലി വൻ വിവാദം. ഗുണഭോക്താക്കളുടെ പട്ടിക കൃത്യമല്ലന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ ആക്ഷൻ കൗൺസിൽ പ്രതിഷേധമുയർത്തി. ദുരന്തബാധിതരെ വേർതിരിച്ചുള്ള പുനരധിവാസം അംഗീകരിക്കില്ലെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പിഴവുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഡിഡിഎംഎ യോഗം ചേരാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. നാലര മാസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഗുണഭോക്താക്കളുടെ പട്ടിക സർക്കാർ പുറത്തിറക്കിയത്. 388 കുടുംബങ്ങളുള്ള പട്ടിക പുറത്തിറങ്ങിയതോടെ വിവാദവും തുടങ്ങി. മാനന്തവാടി സബ് കളക്ടറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പട്ടികയിൽ അടിമുടി പിഴവാണെന്ന് ദുരന്തബാധിതർ തന്നെ പറയുന്നത്
കോൺക്രീറ്റ് സ്ലാബിന് അടിയിൽ
കുടുങ്ങി തൊഴിലാളി മരിച്ചു
എളേറ്റിൽ:എളേറ്റിൽ വട്ടോളി തറോലിൽ
അന്യസംസ്ഥാന തൊഴിലാളി
കോൺക്രീറ്റ് സ്ലാബിന് അടിയിൽ
കുടുങ്ങി മരിച്ചു. കത്തറമ്മലിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപ്പെട്ടത്.
പഴയ വീടിന്റെ കോൺക്രീറ്റ് കട്ട് ചെയ്ത്
ഒഴിവാക്കുന്നതിനിടെ സ്ലാബ് നിലം
പതിക്കുകയും തൊഴിലാളി
അതിനടിയിൽ കുടുങ്ങുകയുമായിരുന്നു.
കൊടുവള്ളി
പോലീസ് സ്ഥലത്തെത്തി തുടർ
നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കോഴിക്കോട് കല്ലുത്താംകടവിൽ വാഹനാപകടം:ഇരുചക്ര വാഹന യാത്രികൻ മരിച്ചു.
കോഴിക്കോട്: കോഴിക്കോട് കല്ലുത്താംകടവിൽ വാഹനാപകടം. കല്ലുത്താംകടവ് പാലത്തിനു മുകളിൽ ആണ് അപകടത്തിൽ കെഎസ്ആർടിസി ബസ് ബൈക്ക് യാത്രികന്റെ ദേഹത്ത്കൂടി കയറി ഇറങ്ങി. അപകടത്തിൽ ഇരുചക്ര വാഹന യാത്രികൻ തൽക്ഷണം മരിച്ചു. ഗോവിന്ദപുരം സ്വദേശി റോഷൻ ആണ് മരിച്ചത്. കല്ലുത്താൻ കടവ് പാലത്തിൻ്റെ ഫുട്ട് പാത്തിൽ ഇടിച്ച ബൈക്കിൽ നിന്ന് തെറിച്ച് വീണ റോഷൻ്റെ ദേഹത്തുകൂടി ബസ് കയറി ഇറങ്ങുകയായിരുന്നു.
മാനന്തവാടിയിൽ നിന്ന് പത്തനംതിട്ടയ്ക്ക് പോവുകയായിരുന്ന ബസാണ് യുവാവിന്റെ ദേഹത്ത് കൂടി കയറിയറങ്ങിയത്. റോഷൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.



