spot_img
Wednesday, July 8, 2026
Home Blog Page 293

തദ്ദേശവാർഡ് വിഭജനം : കരട് റിപ്പോർട്ട് നവംബർ 16ന്

0

        തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പകുതിയോളം വാർഡുകളുടെ ഡിജിറ്റൽ ഭൂപടം ഇതിനകം തയ്യാറാക്കി കഴിഞ്ഞതായി ഡീലിമിറ്റേഷൻ കമ്മീഷൻ വിളിച്ചു ചേർത്ത യോഗത്തിൽ ജില്ലാ കളക്ടർമാർ  അറിയിച്ചു.

        പുനർവിഭജനപ്രക്രിയയ്ക്കായി ഡീലിമിറ്റേഷൻ കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള സമയക്രമം പാലിക്കാൻ യോഗം തീരുമാനിച്ചു. തദ്ദേശസ്ഥാപന സെക്രട്ടറിമാർ വാർഡ് വിഭജനത്തിന്റെ കരട് നിർദ്ദേശങ്ങൾ ജില്ലാ കളക്ടർക്ക് സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 25 ആണ്.

        ജില്ലാ കളക്ടർമാർ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ ഡീലിമിറ്റേഷൻ കമ്മീഷന് നവംബർ അഞ്ചിനകം സമർപ്പിക്കേണ്ടതുണ്ട്. നവംബർ 16 ന് കരട് വാർഡ് വിഭജന റിപ്പോർട്ട് കമ്മീഷൻ പ്രസിദ്ധീകരിക്കും.

        നിലവിലുള്ള വാർഡുകൾ 2001 ലെ സെൻസസ് ജനസംഖ്യ പ്രകാരം നിർണയിച്ചിട്ടുള്ളവയാണ്. 2011 ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ വാർഡ് പുനർവിഭജനം നടത്തുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം 2024 ൽ പുതുക്കി നിശ്ചയിച്ചിട്ടുള്ളതിനാൽ ജില്ലകളിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും വാർഡുകൾ പുനർവിഭജിക്കേണ്ടത് അനിവാര്യമാണ്.   

        സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാർഡുകളുടെയും, 87 മുനിസിപ്പാലിറ്റികളിലെ 3241 വാർഡുകളുടെയും, ആറ് കോർപ്പറേഷനുകളിലെ 421 വാർഡുകളുടെയും പുനർവിഭജനപ്രക്രിയയാണ് ആദ്യഘട്ടത്തിൽ നടന്നു വരുന്നത്.

        വാർഡ് വിഭജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്നത്. തിരഞ്ഞെടുപ്പ് ആവശ്യത്തിന് പുറമെ സർക്കാരിനും തദ്ദേശസ്ഥാപനങ്ങൾക്കും വിവിധ ഏജനസികൾക്കും വികസന ആവശ്യങ്ങൾക്കും മറ്റ് പ്രവർത്തനങ്ങൾക്കും ഡിജിറ്റൽ ഭൂപടം ഉപയോഗിക്കാനാകും.

        ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ എ.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ കമ്മീഷൻ അംഗം കൂടിയായ ഐടി, പരിസ്ഥിതി വകുപ്പ് സെക്രട്ടറി ഡോ.രത്തൻ.യു.ഖേൽക്കർ, കമ്മീഷൻ സെക്രട്ടറി എസ്.ജോസ്‌നമോൾ , ജില്ലാ കളക്ടർമാർ എന്നിവർ പങ്കെടുത്തു.

കാറിനുളളിൽ കെട്ടിയിട്ട നിലയിൽ യുവാവ്, ചുറ്റും മുളക് പൊടി, 25 ലക്ഷം തട്ടിയെന്ന് യുവാവ്

0

കോഴിക്കോട് : എലത്തൂർ കാട്ടിൽ പീടികയിൽ യുവാവിനെ കാറിനകത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുളളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറിയ നിലയിലാണ്. കയ്യിലുണ്ടായിരുന്ന 25 ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തെന്ന് യുവാവ് പറഞ്ഞു. കാറിൽ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചെന്നും ഇവരാണ് പണം കവർന്നതെന്നുമാണ് യുവാവ് പറയുന്നത്. സ്വകാര്യ എടിഎമ്മിൽ പണം നിറക്കാനുള്ള പണമാണ് നഷ്ടമായതെന്നാണ് യുവാവ് പറയുന്നത്. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

ആറു വയസ്സുകാരിയെ അമ്മയുടെ കൺമുന്നിൽ നിന്ന് പുള്ളിപ്പുലി വലിച്ചിഴച്ചു കൊണ്ടുപോയി; ദാരുണാന്ത്യം

0

തമിഴ്നാട് വാൽപ്പാറയ്ക്ക് സമീപം 6 വയസ്സുള്ള കുട്ടിയെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നു. അപ്സര ഖാത്തൂൻ എന്ന കുട്ടിയാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മയുടെ കൺമുന്നിൽ വെച്ചാണ് പുലി ആക്രമിച്ചത്. ഉഴേമല എസ്റ്റേറ്റിൽ ജോലിയ്ക്ക് വന്ന ജാർഖണ്ഡ് സ്വദേശികളുടെ കുട്ടിയാണ് കൊല്ലപ്പെട്ടത്.

അതുൽ അൻസാരിയും കുടുംബവും വാൽപ്പാറയ്ക്ക് സമീപമുള്ള ഉഴേമല എസ്റ്റേറ്റിൽ ജോലിക്ക് വന്നതാണ്. മാതാപിതാക്കൾക്കൊപ്പം കുഞ്ഞുമായി തേയിലത്തോട്ടത്തിൽ നിൽക്കുമ്പോഴായിരുന്നു പുള്ളിപ്പുലിയുടെ ആക്രമണം. പുള്ളിപ്പുലി കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. മാതാപിതാക്കൾ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുള്ളിപ്പുലിയെ കണ്ടെത്താനായില്ല. പൊലീസും വനംവകുപ്പും സ്ഥലത്തെത്തി കുട്ടിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

പരിശീലനത്തിനിടെ അസ്വസ്ഥത വനിതാ ഫുട്ബോൾ താരം മരിച്ചു

0

ചേവായൂർ :∙ ഫുട്ബോൾ പരിശീലനത്തിനിടെ അസ്വസ്ഥത ആശുപത്രിയിൽ എത്തിച്ച ഗോകുലം എഫ്‌സി ഫുട്ബോൾ താരം ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഗൗരി (19) മരിച്ചു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്.

മണ്ണഞ്ചേരി പഞ്ചായത്ത് മുൻ അംഗം സിന്ധുക്കുട്ടിയുടെയും പരേതനായ ബാബുവിന്റെയും മകളാണ് ഗൗരി. വ്യാഴാഴ്ച വൈകിട്ടു ക്ലാസ് കഴിഞ്ഞു പരിശീലനത്തിനിറങ്ങിയിരുന്നു. കുട്ടികളോടൊപ്പം പരിശീലനം നടത്തുമ്പോൾ അസ്വാസ്ഥ്യമുണ്ടായതിനാൽ മൈതാനത്തിനു പുറത്തിരുന്നു. അൽപം കഴിഞ്ഞപ്പോൾ കാഴ്ച കുറയുന്നതായി ഗൗരി സഹപാഠികളോടു പറഞ്ഞു. ക്ഷീണം കൂടിയതോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. സഹോദരൻ: നിരഞ്ജൻ.

വടകര റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ ലഹരി വേട്ട

0

കോഴിക്കോട്: വടകര റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ ലഹരി വേട്ട. 9.92 കിലോഗ്രാം കഞ്ചാവാണ് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നായി വടകര പൊലീസ് പിടികൂടിയത്. സംഘത്തിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശി റോഷന്‍ മെഹര്‍(29), ജാര്‍ഖണ്ഡ് സ്വദേശി ജയസറാഫ്(33) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാവിലെ 6.30ഓടെ വടകര റെയില്‍വേ സ്റ്റേഷനിലാണ് സംഘം ട്രെയിന്‍ ഇറങ്ങിയത്. ഒരു ട്രോളി ബാഗും രണ്ട് ബാഗുകളും ഇവരുടെ പക്കലുണ്ടായിരുന്നത്. ഇവരുടെ പെരുമാറ്റത്തിലെ അസ്വഭാവികതയിൽ സംശയം തോന്നിയ പൊലീസ് തടഞ്ഞുവെച്ച് ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. 

വടകരയിലും പരിസര പ്രദേശങ്ങളിലും വില്‍പനക്കായി എത്തിച്ചതാണ് ഇതെന്നാണ് പൊലീസ് വിശദമാക്കിയത്. ചെന്നൈയില്‍ നിന്നുമാണ് സംഘം വടകരയില്‍ എത്തിയത്. വടകര പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാറിന്റെ നിര്‍ദേശ പ്രകാരം എസ്‌ഐമാരായ ബിജു വിജയന്‍, രഞ്ജിത്ത് ഡാന്‍സാഫ് അംഗങ്ങളായ എസ്‌ഐ മനോജ് രാമത്ത്, എഎസ്‌ഐമാരായ ഷാജി, ബിനീഷ്, സിപിഒമാരായ ടികെ ശോബിത്ത്, അഖിലേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

സീരിയൽ നടി മയക്കുമരുന്നുമായി പിടിയിൽ

0

കൊല്ലം: പരവൂരിൽ മയക്കുമരുന്നുമായി സീരിയൽ നടി പിടിയിൽ. ചിറക്കര ഒഴുകുപാറ ശ്രീനന്ദനത്തിൽ ഷംനത്ത് (പാർവതി-36 ) ആണ് അറസ്റ്റിലായത്. പരവൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി നടിയുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു.

1.4 ഗ്രാം എംഡിഎംഎയാണ് നടിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത്. കടയ്ക്കൽ ഭാഗത്തു നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് നടി മൊഴി നൽകി. ഇവർ മൂന്ന് മാസമായി ലഹരിമരുന്ന് വാങ്ങാറുണ്ടെന്ന് പൊലീസ് പറയുന്നു. എംഡിഎംഎ വിൽപന നടത്തിയവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങി. ഷംനത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

ശബരിമല തീർഥാടനം ; റോഡുകൾ നവംബർ 5നുമുമ്പ് സഞ്ചാരയോഗ്യമാക്കും : മന്ത്രി റിയാസ്

0

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ  റോഡുകൾ നവംബർ അഞ്ചിന് മുമ്പ്‌ സഞ്ചാരയോഗ്യമാക്കുമെന്ന്  മന്ത്രി  പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. ശബരിമല മണ്ഡല -മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ  നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനതലത്തിൽ ശബരിമല മണ്ഡലകാലത്തെ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്  സ്‌പെഷ്യൽ കോർ ടീമിന് രൂപം നൽകി. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കൺവീനറായുള്ള  ടീം സംസ്ഥാനത്തെ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തും. കോർ ടീം അംഗങ്ങൾ ചുമതലയുള്ള ജില്ലകളിലെ ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗത്തിന്റെയും പ്രവൃത്തികൾ പരിശോധിക്കും.

ചീഫ് എൻജിനിയർമാർ അടങ്ങുന്ന കോർ ടീം, ബന്ധപ്പെട്ട ജില്ലകളിൽ  പരിശോധന നടത്തി നവംബർ  ഒന്നിന് റിപ്പോർട്ട് സമർപ്പിക്കണം. ജില്ലകളിലെ റോഡ് പ്രവൃത്തികളുടെ കൺവീനർമാർ അതാത് ജില്ലകളിലെ നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർമാർ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.  ആശുപത്രികളിലും ഡിസ്പെൻസറികളിലും തടസ്സമില്ലാതെ വൈദ്യുതി വിതരണം ഇലക്ട്രിക്കൽ വിഭാഗം ഉറപ്പാക്കും. സിവിൽ, ഇലക്ട്രിക്കൽ പരാതികൾ അടിയന്തരമായി പരിഹരിക്കുന്നതിന് കെട്ടിട വിഭാഗം ചീഫ് എൻജിനിയർ നേതൃത്വം നൽകും.

പാലം വിഭാഗം ചീഫ് എൻജിനിയറുടെ നേതൃത്വത്തിൽ പാലങ്ങളുടെ കൈവരികൾ അടക്കമുള്ള  സുരക്ഷാപ്രവൃത്തികൾ പരിശോധിക്കും. ശബരിമല തീർഥാടകർ കാൽനടയായി യാത്ര ചെയ്യുന്ന സാഹചര്യമുള്ളതിനാൽ റണ്ണിങ് കോൺട്രാക്ട് പ്രവൃത്തിയിൽ ഉൾപ്പെടുത്തി റോഡരികുകൾ വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ചീഫ് വിപ്പ് എൻ ജയരാജ്, എംഎൽഎമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

യഥാര്‍ത്ഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന വ്യാജവെബ്സൈറ്റിലൂടെ പണം അടച്ച് വാഹനം ബുക്ക് ചെയ്യുന്നതോടെ തുക നഷ്ടപ്പെടും;ഇലക്ട്രിക് സ്കൂട്ടറിന്റെ വിൽപ്പനയിലും വ്യാജം

0

പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിർമ്മാതാക്കളുടെ പേരിൽ വ്യാജ വെബ് സൈറ്റ് നിർമ്മിച്ച് തട്ടിപ്പ് നടക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വ്യാജ വെബ്സൈറ്റുകള്‍ വഴി ഈ വെബ്സൈറ്റ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് വാഹനങ്ങള്‍ നൽകാമെന്ന് പ്രചരിപ്പിക്കുന്നത്.

ഒറ്റനോട്ടത്തില്‍ യഥാര്‍ത്ഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന വ്യാജവെബ്സൈറ്റിലൂടെ പണം അടച്ച് വാഹനം ബുക്ക് ചെയ്യുന്നതോടെ തുക നഷ്ടപ്പെടും. ഇത്തരം വ്യാജ വെബ്സൈറ്റുകള്‍ തിരിച്ചറിയുന്നതിന് അവയുടെ വിലാസം സൂക്ഷ്മമായി പരിശോധിക്കണം എന്നും  വിലകുറഞ്ഞ വിലയ്ക്ക് വാഹന ബുക്കിങ് വാഗ്ദാനം ചെയ്യുന്ന വെബ്സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ച് മാത്രമേ ബുക്കിങ് നടപടികളുമായി മുന്നോട്ട് പോകാവൂ എന്നും തട്ടിപ്പ് ശ്രദ്ധയിപ്പെട്ടാല്‍ ഉടന്‍ തന്നെ സൈബര്‍ പൊലീസിനെ അറിയിക്കുക എന്നും വ്യക്തമാക്കി.

കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റ്

പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിർമ്മാതാക്കളുടെ പേരിൽ വ്യാജ വെബ് സൈറ്റ് നിർമ്മിച്ച് തട്ടിപ്പ് നടക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം.

പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളുടേത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന തരത്തിലാണ് തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകള്‍ നിർമ്മിക്കുന്നത്. ഈ വെബ്സൈറ്റ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് വാഹനങ്ങള്‍ നല്കാമെന്ന് പ്രചരിപ്പിക്കുന്നത്.

വ്യാജ ബുക്കിങ് ഓഫറുകള്‍ അടങ്ങിയ പരസ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് അടുത്ത പടി. ഒറ്റനോട്ടത്തില്‍ യഥാര്‍ത്ഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന വ്യാജവെബ്സൈറ്റിലൂടെ പണം അടച്ച് വാഹനം ബുക്ക് ചെയ്യുന്നതോടെ തുക നഷ്ടപ്പെടും.

ഇത്തരം വ്യാജ വെബ്സൈറ്റുകള്‍ തിരിച്ചറിയുന്നതിന് അവയുടെ വിലാസം സൂക്ഷ്മമായി പരിശോധിക്കണം. യഥാർഥ വെബ്സൈറ്റിൽനിന്ന് ഒന്നോ രണ്ടോ അക്ഷരങ്ങൾ തെറ്റിച്ചാകും വ്യാജ വെബ്സൈറ്റുകളുടെ വിലാസം.

വളരെ വിലകുറഞ്ഞ വിലയ്ക്ക് വാഹന ബുക്കിങ് വാഗ്ദാനം ചെയ്യുന്ന വെബ്സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ചുമാത്രമേ ബുക്കിങ് നടപടികളുമായി മുന്നോട്ട് പോകാവൂ. ഇത്തരം തട്ടിപ്പ് ശ്രദ്ധയിപ്പെട്ടാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസിനെ അറിയിക്കുക.

ഹരിതപടക്കങ്ങൾ മാത്രമേ വിൽക്കാവൂ:ദേശീയ ഹരിത ട്രിബ്യൂണൽ

0

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30യുമാക്കി നിയന്ത്രിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കത്തിന്റെയും അടിസ്ഥാനത്തിലാണു നിർദേശം. ദീപാവലി ആഘോഷങ്ങൾക്കു രാത്രി എട്ടു മുതൽ പത്തു വരെയും ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കു രാത്രി 11.55 മുതൽ 12.30 വരെയും മാത്രമായി പടക്കം പൊട്ടിക്കാൻ സമയം പരിമിതപ്പെടുത്തിയാണ് ട്രിബ്യൂണലിന്റെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ആഘോഷങ്ങളിൽ ഹരിത പടക്കം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പടക്കം പൊട്ടിക്കുന്നതിനുള്ള സമയ നിയന്ത്രണം ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനും ജില്ലാ കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകി ആഭ്യന്തര വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു.

24 ന്യൂസിലെ മാധ്യമപ്രവർത്തകർ സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

0

പാലക്കാട്: വടക്കാഞ്ചേരിയിൽ 24 ന്യൂസിലെ മാധ്യമപ്രവർത്തകർ സഞ്ചരിച്ച കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികൾ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാൽ (15), മുഹമ്മദ് റോഷൻ (15) എന്നിവരാണ് മരിച്ചത്. മേരി മാതാ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്തു നിന്നും പാലക്കാട്‌ പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ മാറ്റി. 24 ന്യൂസിൻ്റെ കാർ മുമ്പും അപകടത്തിൽ പെട്ടിട്ടുണ്ട് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. അപകടത്തിൽ നടനും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധി മരണപ്പെട്ടിരുന്നു. വളവ് തിരിഞ്ഞെത്തിയ പിക്കപ്പ് വാനിലാണ് സുധി സഞ്ചരിച്ച വാഹനമിടിച്ചത്. കാറിന്‍റെ മുൻഭാഗം പാടെ തകർന്നു.