spot_img
Wednesday, July 8, 2026
Home Blog Page 329

രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ ഗാന്ധിയും വയനാട്ടിലെത്തി

0

പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും വയനാട്ടിലെത്തി. കെ സി വേണുഗോപാലും വി ‍ഡി സതീശനും ഒപ്പമുണ്ട്. ഉരുൾ പൊട്ടൽ നാശം വിതച്ച മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും രാഹുല്‍ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും സന്ദർശിക്കും. ജൂലൈ 31 ബുധനാഴ്ച രാഹുലും പ്രിയങ്കയും വയനാട്ടിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പ്രതികൂലമായ കാലാവസ്ഥ കാരണം വയനാട്ടിൽ ഹെലികോപ്റ്റർ ഇറക്കാൻ സാധിക്കില്ല എന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

അതിനിടെ, കേരളത്തിന്റെ നെഞ്ച് തകർത്ത മുണ്ടക്കൈ ദുരന്തത്തിൽ മരണ സംഖ്യ 281 ആയി ഉയർന്നു. 240 പേരെ ഇനിയും കണ്ടെത്തനായില്ല. കനത്ത മഴ രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയെങ്കിലും രാവിലെ കാലാവസ്ഥ തെളിഞ്ഞതോടെ രക്ഷാപ്രവർത്തനം ഊർജിതമാക്കി. ബെയ്‌ലി പാലം നിർമാണം എത്രയും വേഗം പൂർത്തിയാക്കാന്‍ ശ്രമിക്കുകയാണ് സൈന്യം. നിലവിൽ പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. ഇന്ന് ഉച്ചയ്ക്ക് പാലത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് സൈന്യത്തിന്‍റെ പ്രതീക്ഷ. ജില്ലയിൽ അതിതീവ്ര മഴ പെയ്യാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്‍റെ സാഹചര്യത്തിൽ വീണ്ടും ഉരുൾപൊട്ടൽ സാധ്യയുണ്ടെന്ന ജാഗ്രതാ നിർദ്ദേശവുമുണ്ട്

രക്ഷാപ്രവ‍ർത്തനം തുടരും, ക്യാംപുകളിൽ കുടുംബങ്ങളുടെ സ്വകാര്യത ഉറപ്പാക്കും, 4 മന്ത്രിമാർക്ക് ചുമതല: മുഖ്യമന്ത്രി

0

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ബെയ്‌ലി പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ സ‍ർവകക്ഷി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാലിയാർ പുഴയിലും മൃതദേഹങ്ങൾക്കായി പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പുനരധിവാസം ഫലപ്രദമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന ശ്രദ്ധ രക്ഷാപ്രവ‍ർത്തനത്തിലാണ്. തത്കാലം ആളുകളെ ക്യാംപിൽ താമസിപ്പിക്കും. പുനരധിവാസ പ്രക്രിയക്ക് ഫലപ്രദമായി നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാംപുകൾ തുടരും. വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ളവരുടെ സ്വകാര്യത സൂക്ഷിക്കാനാവും വിധം ക്യാംപുകളിൽ ക്രമീകരണം ഏർപ്പെടുത്തും. ക്യാംപിനകത്ത് കുടുംബാംഗങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. ക്യാംപിനകത്ത് താമസിക്കുന്നവരെ കാണാൻ പോകുന്നവർക്ക് സംസാരിക്കാൻ ഒരു പൊതു സൗകര്യം ഒരുക്കും. ക്യാംപിനകത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നല്ല നിലയിൽ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുതെന്നും അത് സ്വീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസമുണ്ടാകില്ല. കുട്ടി എവിടെയാണോ അവിടെ ഇരുന്ന് കൊണ്ട് തന്നെ വിദ്യ നൽകാനാവും. പെട്ടെന്ന് സ്കൂളിലേക്ക് പോകാനാവില്ല. മാനസികാഘാതം പ്രതീക്ഷിക്കാവുന്നതിന് അപ്പുറമാണ്. എല്ലാവ‍ർക്കും കൗൺസിലിങ് നൽകും.

കൂടുതൽ പേരെ ദൗത്യത്തിൻ്റെ ഭാഗമാക്കും. ആദിവാസി കുടുംബങ്ങളെ വനത്തിൽ നിന്ന് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. അവർ അതിന് തയ്യാറല്ല. അവർക്ക് ഭക്ഷണം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.വയനാട്ടിലേത് മഹാ ദുരന്തമാണ്. പകർച്ചവ്യാധി തടയാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. ആരോഗ്യ വകുപ്പ് മുന്നറിയിപ്പുകൾ അംഗീകരിക്കണം. മൃതദേഹം തിരിച്ചറിയാനുള്ള സ്ഥലത്ത് ആളുകൾ തള്ളിക്കയറരുത്. ചത്ത മൃഗങ്ങളെയും കൃത്യമായി സംസ്കരിക്കും. 12 മന്ത്രിമാർ വയനാട്ടിലുണ്ട്. എല്ലാവരും ഇവിടെ തുടരുന്നത് പ്രായോഗികമല്ല. റവന്യൂ-വനം-ടൂറിസം-എസ്‌സി എസ്ടി മന്ത്രിമാർ അടങ്ങുന്ന മന്ത്രിസഭാ ഉപസമിതി ഇവിടെ ക്യാംപ് ചെയ്ത് പ്രവ‍ർത്തിക്കും. ശ്രീറാം സാംബശിവ റാവു പ്രത്യേക ഉദ്യോഗസ്ഥനായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ധീരജും സഹോദരിമാരും സുരക്ഷിതർ, തെറ്റായ വിവരത്തോടെ ഈ ചിത്രം ഇനിയും പ്രചരിപ്പിക്കരുതേ…

0

മുണ്ടക്കൈ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിന്റെ വിവിധ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചെളിയിൽ പുതഞ്ഞ് നിൽക്കുന്ന സഹോദരങ്ങളുടെ ഫ്രെയിം ചെയ്ത ഫോട്ടോയായിരുന്നു ദേശീയമാധ്യമങ്ങളിൽ അടക്കം മുണ്ടെക്കൈ ഉരുൾപൊട്ടലിന്റേതായി വൈറലായത്. മലവെള്ളം ഈ സഹോദരങ്ങളേയും കവർന്നെടുത്തുവെന്ന നിലയിലാണ് ചിത്രം വൈറലായത്. എന്നാൽ ചിത്രത്തിലുള്ള മൂന്ന് സഹോദരങ്ങളും സുരക്ഷിതരാണ്. 

സുജിഷ നിവാസിൽ ധീരജിന്റേയും സഹോദരിമാരുടേയും ചിത്രമാണ് ഇത്തരത്തിൽ വ്യാപകമായി പ്രചരിക്കപ്പെട്ടത്. എന്നാൽ ദുരന്തത്തിൽ ധീരജും സഹോദരിമാരും സുരക്ഷിതരെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ധീരജും അമ്മ സുമിഷയും മേപ്പാടിയിലെ ദുരിതാശ്വാസ ക്യാപിലാണുള്ളത്. ധീരജിന്റെ സഹോദരിയുടെ വിവാഹത്തിന് എടുത്ത ചിത്രമാണ് മലവെള്ളപ്പാച്ചിലിൽ ചെളിയിൽ പുതഞ്ഞ നിലയിൽ ഇവരുടെ വീടിരുന്ന ഭാഗത്ത് കണ്ടെത്തിയത്.  പ്രദേശത്ത് മലവെള്ളം കൊണ്ടുപോകാത്ത ചുരുക്കം ചില വീടുകളിലൊന്നാണ് ധീരജിന്റേത്. വീടിനകത്തുള്ളതെല്ലാം വെള്ളം കൊണ്ടുപോയി, പൂർണമായും ചെളിയും മണ്ണും കയറിയെങ്കിലും വീട് നശിച്ച് പോയിട്ടില്ല.  

സുമിഷയുടെ മൂത്തമകൾ ഭർതൃവീട്ടിലും ഇളയ മകൾ തിരുവനന്തപുരത്ത് പഠിക്കുകയുമാണ്. ഉരുൾപൊട്ടുന്ന വലിയ ശബ്ദം കേട്ട് ജീവനും കൊണ്ട് ഓടുന്നതിനിടയിൽ ധീരജിന്റെ ഫോൺ നിലത്ത് വീണ് കേടായിരുന്നു. ഇതോടെ ഇവരും ദുരന്തത്തിൽ ഉൾപ്പെട്ട് പോയോയെന്ന ആശങ്കയിലായിരുന്നു ബന്ധുക്കൾ. രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിലാണ് ഇവരുടെ വീട്ടിൽ ചെളിയിൽ പുതഞ്ഞ നിലയിലുള്ള ചിത്രം വൈറലായത്. 

വിലങ്ങാട് ഉരുൾപൊട്ടൽ: കാണാതായ അധ്യാപകൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

0

കോഴിക്കോട്: വിലങ്ങാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ കാണാതായ റിട്ടയേ‍ർഡ് അധ്യാപകൻ മാത്യു എന്ന മത്തായി (60) മരിച്ചു. മൃതദേഹം അപകട സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെ പുഴയിൽ നിന്ന് കണ്ടെത്തി. ലോഡിംഗ് തൊഴിലാളികളും റസ്‌ക്യൂ ടീം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രാത്രിയാണ് കോഴിക്കോടിൻ്റെ വടക്കൻ മേഖലയിൽ ഉരുൾ പൊട്ടൽ ഉണ്ടായത്. വാണിമേൽ പഞ്ചായത്തിലെ വിലങ്ങാടും സമീപ സ്ഥലങ്ങളായ അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂർ, പന്നിയേരി മേഖലകളിൽ തുടർച്ചായി 9 തവണ ഉരുൾപൊട്ടി. മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴയിലൂടെ മലവെള്ള പാച്ചിലിൽ വലിയ പാറകല്ലുകളും മരങ്ങളും ഒഴുകി വന്നു.  തീരത്തെ 12 വീടുകൾ ഒലിച്ചു പോയി. നിരവധി വാഹനങ്ങളും തക‍ർന്നിരുന്നു.

ഉരുൾപൊട്ടുന്ന ശബ്ദം കേട്ട് നാട്ടുകാരെ സഹായിക്കാൻ ഇറങ്ങിയതായിരുന്നു കുളത്തിങ്കൽ മാത്യു എന്ന മത്തായി. അപകടത്തിൽ പുഴ കടന്നു പോകുന്ന അഞ്ച് കിലോമീറ്റർ നീളത്തിൽ വ്യാപക നാശനഷ്ടം ഉണ്ടായി. വിലങ്ങാട് ടൗണിൽ കടകളിൽ വെള്ളം കയറി. നിരവധി കടകളും രണ്ട് പാലങ്ങളും തകർന്നു. ഇതോടെ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായി. ദേശീയ ദുരന്ത നിവാരണ സേനയും ഫയർ ഫോഴ്സും സ്ഥലത്തെത്തി തുടർ നടപടികൾക്ക് നേതൃത്വം നൽകി. 

തുടർച്ചയായ ദിവസങ്ങളിലെ ഉരുൾ പൊട്ടലിൽ ആശങ്കയിലാണ് കോഴിക്കോട് വിലങ്ങാട് പ്രദേശം. രണ്ട് ദിവസത്തിനിടെ 10 തവണ ഇവിടെ ഉരുൾ പൊട്ടി. ഇന്നലെ വൈകീട്ട് അടിച്ചി പാറയിലാണ് വീണ്ടും ഉരുൾ പൊട്ടിയത്. പ്രദേശവാസികൾ വിലങ്ങാട് മേഖലയിൽ വാട്സാപ്പിലൂടെ മുന്നറിയിപ്പ് നൽകിയതിനാൽ ആളപായം ഒഴിവായി. സന്ദർശനത്തിന് എത്തിയ കലക്ടർ സ്നേഹിൽ കുമാർ അടക്കമുള്ളവർ പ്രദേശത്ത് അര മണിക്കൂറോളം കുടുങ്ങി. രക്ഷാ പ്രവർത്തകർ എത്തി ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തകർന്ന റോഡുകളും പാലങ്ങളും അറ്റകുറ്റ പണി നടത്തി നന്നാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

വിലങ്ങാട് ഉരുൾപൊട്ടലിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം

0

നാദാപുരം :ഉരുൾപൊട്ടലിൽ വിലങ്ങാട് മലയോരത്ത് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം. 15 വീടുകൾ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. 25ഓളം വീടുകൾക്ക് നാശനഷ്ടമുണ്ടായി. 50 ഏക്കർ കൃഷിഭൂമിയിലെ കാർഷികവിളകൾ നശിച്ചു. 185 കുടുംബങ്ങളിൽനിന്നായി 900ത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഉരുൾപൊട്ടലിൽ കാണാതായ മഞ്ഞച്ചീളി സ്വദേശി മാത്യുവിനെ (60) കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. ബുധനാഴ്‌ച എൻഡിആർഎഫ്, അഗ്നിരക്ഷാസേന, സ്കൂബ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 

പഞ്ചായത്ത് വായനശാല, അങ്കണവാടി, മാതാവിന്റെ സ്തൂപം തുടങ്ങിയവയും നശിച്ചു. 4.18 ഏക്കർ കൃഷിഭൂമിയും കാർഷിക വിളകളും പൂർണമായി ഉരുൾപൊട്ടൽ വിഴുങ്ങി. വാഹനങ്ങൾ, വീട്ടുസാധനങ്ങൾ, കാർഷികവിളകൾ ഉൾപ്പെടെയുള്ളവയുടെ നാശനഷ്ടം തിട്ടപ്പെടുത്തി വരികയാണ്. 

ഒറ്റപ്പെട്ട് കിടക്കുന്ന പാനോം പ്രദേശത്തുള്ളവരെ പുറംലോകവുമായി ബന്ധപ്പെടുത്താൻ താൽക്കാലിക പാലം നിർമിച്ചു. മഞ്ഞച്ചീളിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് ഒലിച്ചുപോയ റോഡ് താൽക്കാലികമായി പുനഃസ്ഥാപിച്ച് വരികയാണ്. ഇരുകരകളെയും ബന്ധിപ്പിക്കുന്ന റോഡിന്റെ ഭാഗങ്ങൾ കൂട്ടിച്ചേർക്കുന്ന പ്രവൃത്തി ദുർഘടം പിടിച്ചതാണ്. മഴ ശക്തമായതിനാൽ ഉരുൾപൊട്ടിയ ഭാഗത്തുകൂടി വെള്ളത്തിന്റെ ഒഴുക്ക് വർധിക്കുന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമായിട്ടുണ്ട്. മഞ്ഞച്ചീളിയിലും പാനോത്തും താൽക്കാലിക കമ്പിപ്പാലം പണിതാലേ ചെറിയ രീതിയിലെങ്കിലും യാത്ര സുഗമമാവുകയുള്ളൂ.

പാനോത്ത് വനമേഖലയിൽനിന്ന്‌ ഒലിച്ചിറങ്ങിയ മലവെള്ളമാണ് നാശം വിതച്ചത്. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം തിരിച്ചറിഞ്ഞിട്ടില്ല. റവന്യൂ അധികൃതരുടെയും വാണിമേൽ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാണ്. മഞ്ഞക്കുന്ന് പാരിഷ് ഹാളിൽ 65, വിലങ്ങാട് സെന്റ്‌ ജോർജ് എച്ച്എസിൽ 30, അടുപ്പിൽ ദുരിതാശ്വാസ വീടുകളിൽ 75, പാലൂർ എൽപി, സേവാകേന്ദ്രം, സാംസ്കാരികകേന്ദ്രം എന്നിവിടങ്ങളിലാണ് കുടുബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. വൈദ്യുതിബന്ധം താറുമാറായി കിടക്കുകയാണ്. വൈദ്യുതി പുനഃസ്ഥാപിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഉരുൾപൊട്ടലിൽ മണ്ണും ചെളിയും അടിഞ്ഞുകൂടി വ്യാപാരികൾക്ക് കനത്ത നഷ്ടമാണ് ഉണ്ടായത്.

മലയങ്ങാട്ട് 
5 വീടുകൾ 
തകർന്നു വിലങ്ങാട് പന്നിയേരിയിലും ഉൾവനത്തിലുമുണ്ടായ ഉരുൾപൊട്ടലിൽ മലയങ്ങാട്ട് അഞ്ച് വീടുകൾ തകർന്നു. ഓടയിൽ ബാലകൃഷ്ണൻ, ഓടയിൽ കമലഹാസൻ, ഷാജി ജോയ് മഠത്തിൽ, കൊച്ചുപുരക്കൽ രാരിച്ചൻ എന്നിവരുടെ വീടുകൾ പൂർണമായും താജു കണ്ടത്തിലിന്റെ വീട് ഭാഗികമായും തകർന്നു. മലയങ്ങാട് പാലം തകർന്ന് പ്രദേശം ഒറ്റപ്പെട്ട നിലയിലായി. 

മുഖ്യമന്ത്രി കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് പുറപ്പെട്ടു; ചീഫ് സെക്രട്ടറിയും ഡിജിപിയും അനുഗമിക്കുന്നു

0

കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കാനും ഉദ്യോഗസ്ഥ, സർവകക്ഷി യോഗങ്ങളിൽ പങ്കെടുക്കാനും വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് യാത്ര തിരിച്ചു. വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി വയനാട്ടിൽ എത്തുക. ചീഫ് സെക്രട്ടറി ഡോ. വി വേണുവും സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേസ് സാഹിബും മുഖ്യമന്ത്രിയോടൊപ്പമുണ്ട്.നിലവിൽ അഞ്ച് മന്ത്രിമാരുടെ സംഘമാണ് മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. രാവിലെ മുണ്ടക്കൈയിൽ എത്തുന്ന മുഖ്യമന്ത്രി 10.30ന് എ.പി.ജെ ഹാജിൽ നടക്കുന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കും. തുടർന്ന് 11.30ന് കളക്ടറേറ്റിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാരും, രാഷ്ട്രീയ പാർട്ടി നേതാക്കളും ജില്ലയിലെ എംഎൽഎമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പെടെയുള്ളവർ സർവകക്ഷി യോഗത്തിൽ പങ്കെടുക്കും.ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തുന്നുണ്ട്. പ്രിയങ്ക ഗാന്ധിക്ക് ഒപ്പമാണ് രാഹുൽ എത്തുക. അതേസമയം മൂന്നാം ദിവസവും മുണ്ടക്കൈയിൽ കാണാതായവർക്കായി തെരച്ചിൽ തുടങ്ങി. കൂടുതൽ യന്ത്രങ്ങൾ എത്തിച്ചുള്ള തെരച്ചിലാണ് ഇന്ന് നടക്കുക. സൈന്യത്തിൽ നേതൃത്വത്തിൽ ബെയ്‍ലി പാലത്തിന്റെ നിർമാണം അന്തിമ ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. ഉച്ചയോടെ നിർമാണം പൂർത്തിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം:കേസ് രജിസ്റ്റർ ചെയ്തു

0

വയനാട് ജില്ലയിലെ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകൾ, ദുരന്തനിവാരണ നിയമത്തിലെ 51-ാം വകുപ്പ് എന്നിവ അനുസരിച്ചാണ് കേസ്.സാമൂഹ്യമാധ്യമമായ എക്സിൽ കോയിക്കോടൻസ് 2.0 എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്.തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ ഇത്തരം പോസ്റ്റുകൾ എഡിറ്റ് ചെയ്യുകയും നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നിയമനടപടി സ്വീകരിക്കുന്നതാണ്. ഇതിനായി സാമൂഹ്യമാധ്യമങ്ങളിൽ സൈബർ പോലീസിന്റെ നിരീക്ഷണം ശക്തമാക്കി.

#keralapolice #WayanadLandslide

വയനാട് ഉരുൾപൊട്ടൽ ദുരന്തം: ഇതുവരെ 1592 പേരെ രക്ഷപ്പെടുത്തി

0

* 82 ദുരിതാശ്വാസ ക്യാംപുകളിൽ 8017 പേരെ മാറ്റിപ്പാർപ്പിച്ചു

വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ വൻ ഉരുൾപൊട്ടലിനെത്തുടർന്നുള്ള ദുരന്ത നിവാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർണ തോതിൽ പുരോഗമിക്കുന്നു. വൈകിട്ട് നാലു മണി വരെയുള്ള കണക്കുകൾ പ്രകാരം 1592 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 191 പേരെ കാണാനില്ലെന്നാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്.

ദുരന്ത മേഖലയിൽനിന്നു പരമാവധിയാളുകളെ സുരക്ഷിതരാക്കുന്നതിനുള്ള ശ്രമങ്ങൾ നല്ല നിലയിൽ  പുരോഗമിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു. മാറാൻ തയ്യാറാവാത്തവർക്ക് ആവശ്യത്തിന് ഭക്ഷണം എത്തിക്കുന്നുണ്ട്. ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക് ആവശ്യമായ ചികിത്സയും പരിചരണവും ഒരുക്കുന്നുണ്ട്.

ദുരന്തമുണ്ടായി ചുരുങ്ങിയ സമയത്തിനുള്ളിൽ 1592 പേരെ രക്ഷിക്കാനായത് ഏകോപിതവും അതിവിപുലവുമായ ദൗത്യത്തിന്റെ നേട്ടമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തിൽ ദുരന്ത മുണ്ടായത്തിന്റെ സമീപസ്ഥലങ്ങളിലെ 68 കുടുംബങ്ങളിലെ 206 പേരെ മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റി. ഇതിൽ 75 പുരുഷന്മാർ 88 സ്ത്രീകൾ, 43 കുട്ടികൾ എന്നിവരാണ്. ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടു പോയവരും വീടുകളിൽ കുടുങ്ങിപ്പോയവരുമായ 1386 പേരെ തുടർന്നുള്ള രക്ഷാ ദൗത്യത്തിന്റെ ഫലമായി രക്ഷിച്ചു. ഇതിൽ 528 പുരുഷന്മാർ, 559 സ്ത്രീകൾ, 299 കുട്ടികൾ എന്നിവരെ ഏഴ് ക്യാമ്പുകളിലേക്ക് മാറ്റി. 201 പേരെ രക്ഷിച്ചു ആശുപത്രിയിലെത്തിച്ചു. ഇതിൽ 90 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. വയനാട് ജില്ലയിലാകെ നിലവിൽ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8017 ആളുകളാണുള്ളത്. അതിൽ 19 പേർ ഗർഭിണികളാണ്. മേപ്പാടിയിൽ 8 ക്യാമ്പുകളാണ് ഉള്ളത്. മൊത്തം 421 കുടുംബങ്ങളിലായി 1486 പേർ ഈ ക്യാമ്പുകളിൽ ഇപ്പോൾ കഴിയുകയാണ്.

മുണ്ടക്കൈ ചെറാട്ട്കുന്ന് കോളനിയിൽ 32 പേരിൽ 26 പേരെ കണ്ടെത്തി. ഇതിൽ 24 പേരെ അട്ടമല ക്യാമ്പിലേക്ക് മാറ്റി. മേപ്പാടി പോളിടെക്നിക്കിൽ താൽക്കാലിക ആശുപത്രി സജ്ജമാക്കി. ചൂരൽമലയിലെ മദ്രസയിലും പള്ളിയിലും താൽക്കാലിക ക്ലിനിക് തയാറാക്കി. പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

പോസ്റ്റ്മോർട്ടം നടത്താൻ കൂടുതൽ ഫോറൻസിക് സംഘങ്ങളെ നിയോഗിച്ചു. പോസ്റ്റ്മോർട്ടം ടേബിളുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഇന്നലെ രാത്രിയിലും പോസ്റ്റുമോർട്ടം നടത്തിയിരുന്നു. രാവിലെ കിട്ടിയ മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം നടത്തി. ഓരോ അര മണിക്കൂർ ഇടവിട്ട് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കി വരുന്നു. പുഴയിലൂടെ ഒഴുകി  മലപ്പുറം ജില്ലയിലെത്തുന്ന മൃതശരീരങ്ങൾ കണ്ടെത്തുന്നതിനുള്ള സജ്ജീകരണങ്ങളും പ്രവർത്തനനിരതമാണ്. മൃതദേഹങ്ങൾ തിരിച്ചറിയാനെത്തുന്ന ബന്ധുക്കൾ ഉൾപ്പെടെയുള്ളവർക്ക് സഹായമൊരുക്കി. ശരീര ഭാഗങ്ങൾ മാത്രം ലഭിച്ചവയിൽ ജനിതക പരിശോധനയ്ക്കായി സാമ്പിളുകളെടുക്കുന്നുണ്ട്.

എല്ലാ ക്യാമ്പുകളിലും മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് മാനസികാരോഗ്യ വിദഗ്ധരുടേയും കൗൺസിലർമാരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. വീടുകളിൽ കഴിയുന്നവരെ നേരിട്ട് സന്ദർശിച്ച് മാനസിക പിന്തുണ ഉറപ്പാക്കും. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ ആരംഭിച്ച സ്റ്റേറ്റ് കൺട്രോൾ റൂം പ്രവർത്തനം 24 മണിക്കൂറാക്കി. കോഴിക്കോട്, കണ്ണൂർ, തൃശൂർ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള ടീം വയനാട്ടിലേക്ക് എത്തി. സർജറി, ഓർത്തോപീടിക്സ്, കാർഡിയോളജി, സൈക്കാട്രി, ഫോറെൻസിക് വിഭാഗങ്ങളിലെ ഡോക്ടമാരെയും നഴ്സുമാരെയും അധികം നിയോഗിച്ചു. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ സംഘത്തെയും നിയോഗിച്ചു.

രക്ഷപ്പെട്ടു വരുന്നവർക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാൻ ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഓക്സിജൻ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ പോയിന്റ് സൗകര്യമൊരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇവിടെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കും. ആവശ്യത്തിന് ഡോക്ടർമാരെയും  മറ്റ് ആരോഗ്യപ്രവർത്തകരെയും  നിയോഗിക്കും. കോഴിക്കോട്, തലശ്ശേരി ഉൾപ്പെടെ നാല് സഹകരണ ആശുപത്രിയിൽ നിന്നുള്ള  ഡോക്ടർമാരുടെ സംഘം വരാൻ തയ്യാറായിരിക്കുകയാണ്. 

കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി പാലത്തിലൂടെ കൊണ്ടുവരുന്ന പോയിൻറിൽ വെള്ളം വിതരണം ചെയ്യാൻ സജ്ജീകരണം ഏർപ്പെടുത്തും. ഇവിടെയും ആരോഗ്യ ടീമിനെ നിയോഗിക്കും. ചൂരൽമലയിൽ ജെസിബി നിൽക്കുന്ന സ്ഥലം മുതൽ കൺട്രോൾ റൂം വരെ ആവശ്യത്തിന് വെളിച്ചത്തിനുള്ള സംവിധാനം ഒരുക്കും.

കനത്ത മഴ:നാളെ ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ഏറ്റവുമൊടുവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ അടക്കം പ്രൊഫഷണൽ കോളേജുകൾക്ക് വരെ രണ്ട് ജില്ലകളിലും അവധി ബാധകമാണ്.

മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ലെന്ന് പാലക്കാട് കളക്ടര്‍ അറിയിച്ചു. ടർഫുകളിലും മറ്റു കളിക്കളങ്ങളിലും കളികളിൽ ഏർപ്പെടുന്നതിൽ നിന്നും  പാലത്തിനും ജലാശയങ്ങൾക്കും സമീപം സെൽഫി എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതിൽ നിന്നും സുരക്ഷാ കാരണങ്ങളാൽ ഏതാനും ദിവസം വിട്ടുനിൽക്കേണ്ടതാണ്.കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്. 

വയനാട്, തൃശൂര്‍, കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമായിരിക്കും. വയനാട്ടിലെ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. കണ്ണൂരിൽ മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കില്ലെന്ന് കളക്ടർ വ്യക്തമാക്കി. കാസര്‍കോട് ജില്ലയിൽ സിബിഎസ്ഇ, ഐസിഎസ്‌സി, കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. 

തൃശൂര്‍ ജില്ലയില്‍ ശക്തമായി മഴയും കാറ്റും തുടരുന്നതിനാലും പല സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലുമാണ് അവധി പ്രഖ്യാപിച്ചത്. നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുഴുവന്‍ വിദ്യാര്‍ഥികളും താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

ദുരന്തമുണ്ടായ നാടിനെ പുനർ നിർമിക്കേണ്ടത് നാം ഓരോരുത്തരുടേയും  ഉത്തരവാദിത്തം: മുഖ്യമന്ത്രി

0

‘ദുരിതാശ്വാസ നിധിയിലേക്കു കഴിയുന്നവരെല്ലാം സംഭാവന നൽകണം’

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ നാടിനെ പുനർ നിർമ്മിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തവും കടമയുമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാർ, അച്ഛനമ്മമാർ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ അങ്ങനെ ആരോരും ഇല്ലാതായി ഒരു രാത്രി കൊണ്ട് ഒറ്റപ്പെട്ടു പോയ മനുഷ്യർ. ഇനി എങ്ങനെ മുമ്പോട്ട് ജീവിതം എന്ന് വിറങ്ങലിച്ച് നിൽക്കുന്നവരാണ് ഏറെയും. അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാനും ആ നാടിനെ പുനർ നിർമ്മിക്കാനും നാം ഒന്നിച്ച് ഇറങ്ങേണ്ടതുണ്ട്. എല്ലാത്തരത്തിലും സർക്കാർ സംവിധാനങ്ങൾ ആ നാടിനൊപ്പം ആണ്. എങ്കിലും ഒരു ആയുസ്സിലെ മുഴുവനും നഷ്ടപ്പെട്ടവർക്ക് പുനരധിവാസം അടക്കമുള്ള കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

ഇതിനോടകം സഹായഹസ്തങ്ങളുമായി എല്ലാ മേഖലയിൽ നിന്നും സുമനസ്സുകൾ മുന്നോട്ടു വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തമിഴ്നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ച 5 കോടി രൂപ തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ.വി വേലു മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി കൈമാറി.

ലുലു ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ എം എ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാൺ ജ്വല്ലേഴ്സ് ഉടമ കല്ല്യാണ രാമൻ എന്നിവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ വീതം  ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞം പോർട്ട് അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപ സഹായ വാഗ്ദാനം നൽകിയിട്ടുണ്ട്. കൂടാതെ കെഎസ്എഫ്ഇ അഞ്ചു കോടി രൂപയും കനറാ ബാങ്ക് ഒരുകോടി രൂപയും കെ എം എം എൽ 50 ലക്ഷം രൂപയും വനിത വികസന കോർപ്പറേഷൻ 30 ലക്ഷം രൂപയും, ഔഷധി ചെയർ പേഴ്സൺ ശോഭന ജോർജ്ജ് 10 ലക്ഷം രൂപയും നൽകി. തമിഴ് ചലച്ചിത്ര നടൻ വിക്രം 20 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  കഴിയുന്നവരെല്ലാം സംഭാവന നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉരുൾപൊട്ടൽ ഉണ്ടായ മേഖലയിലേക്ക് വയനാട് ജില്ല ഭരണസംവിധാനത്തിന്റെ മേൽനോട്ടത്തിൽ വസ്ത്രവും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ശേഖരിക്കുന്നുണ്ട്. അത് കൃത്യമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും എത്തിച്ചു നൽകുകയും ചെയ്യുന്നു. എന്നാൽ ദുരിതബാധിതരെ സഹായിക്കാൻ എന്ന പേരിൽ നടക്കുന്ന ചില പ്രവർത്തനങ്ങൾ ഈ ഘട്ടത്തിൽ ഒഴിവാക്കേണ്ടതാണ്. സന്നദ്ധ സംഘടനകളുടെ പേരിൽ അടക്കം  ഒറ്റയ്ക്കും കൂട്ടായും പല സ്ഥലങ്ങളായി നടക്കുന്ന പണപ്പിരിവും ഭക്ഷണവും വസ്ത്രവും അടക്കമുള്ള വസ്തുക്കളുടെ ശേഖരണം നിർത്തിവെക്കണം. ഈ ഘട്ടത്തിൽ അത്  ഉപകാരപ്പെടുന്ന ഒരു പ്രക്രിയയല്ല. അതുകൊണ്ട് അതിൽ പങ്കാളികൾ ആയിരിക്കുന്നവർ അതിൽ നിന്ന് പിന്മാറണം. ശേഖരിച്ച വസ്തുക്കൾ അതത് ജില്ലകളിലെ കളക്ടറേറ്റുകളിലേക്ക് കൈമാറണം. ഇനി എന്തെങ്കിലും ആവശ്യങ്ങൾ വന്നാൽ ദുരന്തനിവാരണ അതോറിറ്റി അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.