കാസര്‍കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാസർകോട് പള്ളിക്കരയിൽ വച്ചാണ് സംഭവം. എസ്കോർട്ട് വാഹനത്തിൽ ഇടിച്ചാണ് അപകടം. ആപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. മംഗലാപുരത്തേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്.
റേഷൻ വ്യാപാരികൾ പണിമുടക്കിൽ നിന്നും പിൻമാറണം: മന്ത്രി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 8, 9 തീയതികളിൽ സംസ്ഥാന വ്യാപകമായി റേഷൻകടകൾ അടച്ചിട്ട് നടത്തുമെന്ന് അറിയിച്ചിട്ടുള്ള സമരത്തിൽ നിന്ന് പിൻമാറണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ആവശ്യപ്പെട്ടു. സമരത്തിന് ആധാരമായി റേഷൻ വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങളിൽ ജൂലൈ 4ന് റേഷൻ വ്യാപാരി കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളുമായി ഭക്ഷ്യ- ധന വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നു. വേതന പാക്കേജ് പരിഷ്കരിക്കുക, കെ.ടി.പി.ഡി.എസ് ഓർഡറിൽ കാലോചിതമായ മാറ്റം വരുത്തുക എന്നീ ആവശ്യങ്ങൾ സർക്കാർ അനുഭാവപൂർവ്വം പരിഗണിച്ച് വരികയാണ്. ഇതിനായി നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച് പ്രായോഗികമായി നടപ്പിലാക്കാൻ കഴിയുന്ന കാര്യങ്ങളിൽ അടിയന്തിര നടപടി ഉണ്ടാകുമെന്ന് ഭക്ഷ്യ മന്ത്രി യോഗത്തിൽ അറിയിച്ചിരുന്നു.
റേഷൻ വ്യാപാരി ക്ഷേമനിധി ശക്തിപ്പെടുത്തണമെന്ന കമ്മിറ്റിയുടെ ആവശ്യത്തോട് പൂർണ്ണമായും യോജിക്കുന്നതായും ക്ഷേമനിധി ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രിമാർ യോഗത്തെ അറിയിച്ചു. കോവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റിന്റെ കമ്മീഷൻ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് പൂർണ്ണമായും കൊടുത്തു തീർക്കുമെന്നും മന്ത്രിമാർ അറിയിച്ചു.ഈ സാഹചര്യത്തിലാണ് ജനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ വാങ്ങാനുള്ള അവസരം നിഷേധിക്കുന്ന കട അടച്ചിട്ടുള്ള സമര പരിപാടികളിൽ നിന്നും റേഷൻ വ്യാപാരികൾ പിന്മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്
കൊല്ലം സുധിയുടെ അവസാന മണം; അത്തറാക്കി രേണുവിനെ ഏല്പിച്ച് ലക്ഷ്മി നക്ഷത്ര, പിന്നാലെ വിമർശനവും
അന്തരിച്ച കൊല്ലം സുധിയുടെ ഓര്‍മയില്‍ ജീവിയ്ക്കുന്ന ഭാര്യയുടെയും മക്കളുടെയും വിശേഷം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ സ്ഥിരം അറിയുന്നുണ്ട്. സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ഒരാളാണ് ലക്ഷ്മി നക്ഷത്ര. തന്റെ യൂട്യൂബ് വീഡിയോയിലൂടെ സുധിയുടെ കുടുംബത്തിന്റെ നിലവിലെ സാഹചര്യത്തെ കുറിച്ചെല്ലാം ലക്ഷ്മി നക്ഷത്ര സംസാരിക്കാറുണ്ട്. അതിന്റെ പേരില്‍ പല വിമര്‍ശനങ്ങളും ലക്ഷ്മി നക്ഷത്രയ്ക്ക് കേള്‍ക്കേണ്ടതായും വന്നു.
എന്നാല്‍ അതൊന്നും വകവയ്ക്കാതെ, തന്നെ കൊണ്ട് കഴിയുന്ന സഹായം രേണുവിനും മക്കള്‍ക്കും വേണ്ടി ചെയ്യുന്നതില്‍ സന്തോഷിക്കുകയാണ് ലക്ഷ്മി. ഏറ്റവുമൊടുവില്‍ രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം പങ്കുവച്ച് ലക്ഷ്മി നക്ഷത്ര യൂട്യൂബില്‍ എത്തി. സുധിയുടെ മണം എന്നും തനിക്കൊപ്പം വേണം എന്നാഗ്രഹിച്ച് രേണു ഒരിക്കല്‍ ലക്ഷ്മിയോട് ഒരു കാര്യം പറഞ്ഞിരുന്നു. ആ ആഗ്രഹമാണ് ഇപ്പോള്‍ സാക്ഷാത്കരിച്ചിരിക്കുന്നത്.
ഒരു ഉദ്ഘാടന ചടങ്ങിന് വേണ്ടി ദുബായില്‍ എത്തിയ ലക്ഷ്മി, കൈയ്യില്‍ മറ്റൊരു സാധനം കൂടെ കരുതിയിരുന്നു. അപകടം സംഭവിക്കുമ്പോള്‍ കൊല്ലം സുധി ധരിച്ചിരുന്ന ഷര്‍ട്ട്. കൈ മടക്ക് പോലും നിവര്‍ത്താത്ത ആ ഷര്‍ട്ടിന് സുധിയുടെ മണമുണ്ട്. അലക്കാതെ,ആ മണം അങ്ങനെ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു രേണു. ഈ മണം അത്തറാക്കി തരണം എന്ന് പറഞ്ഞാണ് ലക്ഷ്മിയെ ഏല്‍പിച്ചത്. അത് അങ്ങനെ എടുത്ത് ലക്ഷ്മി ദുബായില്‍ എത്തുകയും ചെയ്തു.
ദുബായല്‍ പ്രശസ്തനായ യൂസഫ് ഭായിയാണ് ലക്ഷ്മി നക്ഷത്രയ്ക്ക് വേണ്ടി ഇത് ചെയ്തു കൊടുത്തത്. ഇങ്ങനെ ഒരാവശ്യം രേണു പറഞ്ഞപ്പോള്‍ പലരും സജസ്റ്റ് ചെയ്ത പേരായിരുന്നു യൂസഫ് ഭായിയുടേത്. എന്തിന് ഇത് വീഡിയോ ആക്കി നാട്ടുകാരെ കാണിക്കണം, രഹസ്യമായി ചെയ്ത് രേണുവിനെ ഏല്‍പിച്ചാല്‍ പോരെ എന്ന് ചോദിക്കുന്നവരോട്, നിങ്ങള്‍ പറഞ്ഞ ആളുടെ അടുത്ത് ഞാന്‍ എത്തി എന്ന് പറയാന്‍ വേണ്ടി കൂടെയാണ് എന്ന് ലക്ഷ്മി നക്ഷത്ര പറയുന്നു. മാത്രമല്ല, ഇത് പോലെ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആള്‍ക്ക് ഈ വീഡിയോ ഒരു പ്രചോദനം ആയിക്കോട്ടെ എന്നും താരം പറഞ്ഞു. അതേസമയം, വലിയ തോതിൽ വിമർശനവും ലക്ഷ്മിയ്ക്ക് എതിരെ നടക്കുന്നുണ്ട്. കണ്ടന്റിനും ലൈക്കിനും വേണ്ടിയുള്ള പ്രഹസനമാണിതെന്ന തരത്തിലാണ് വിമർശനങ്ങൾ.
അറേഞ്ചിഡ് മാരേജ്, വിവാഹ തിയതി അറിയിച്ച് അനുമോൾ.
കുട്ടിക്കാലം മുതൽ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരമാണ് അനുമോൾ. അനുമോളുടെ സംസാര രീതിയും പെരുമാറ്റവുമൊക്കെയാണ് ഇത്രയേറെ ആരാധകരെ ലഭിക്കാൻ കാരണമായത്. അനുമോളുടെ കല്യാണം എപ്പോഴാണ് ഉണ്ടാവുക എന്ന് ആരാധകർ നിന്തരം ചോദിക്കാറുണ്ട്. സ്റ്റാർ മാജിക്കിലെ തങ്കച്ചനും അനുവും പ്രണയത്തിലാണെന്ന തരത്തിൽ സംസാരം ഉണ്ടായിരുന്നുവെങ്കിലും തങ്കച്ചൻ തന്റെ ചേട്ടനെ പോലെയാണെന്ന് അനു പറഞ്ഞിരുന്നു.
ഇപ്പോൾ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് അനുമോൾ. നടി ഐശ്വര്യയുടെ വിവാഹത്തിന് എത്തിയപ്പോഴാണ് അനു പ്രതികരണം നടത്തിയത്. നവംബർ 24, 25 ആണ് തന്റെ വിവാഹം എന്നാണ് താരം പറഞ്ഞത്. നമുക്കെല്ലാവർക്കും അന്ന് കാണാമെന്നും അനു പറയുന്നുണ്ട്. വരനാരാണ് എന്ന ചോദ്യത്തിന് അതൊക്കെ വഴിയെ പറയാം. ഐശ്വര്യ പറഞ്ഞില്ലല്ലോ വരന്റെ പേര്. അത് പോലെ എന്റേതും വഴിയേ പറയാം എന്നാണ് അനു പറഞ്ഞത്.
അറേഞ്ചിഡ് ആണ് മാട്രിമോണി വഴിയാണ് എന്നൊക്കെയാണ് അനു പറയുന്നുണ്ട്. എന്നാൽ ഇത് അനു മോൾ തമാശയായി പറഞ്ഞത് ആണോ എന്ന സംശയം ആരാധകർക്കുണ്ട്. അനുമോൾ പറയുന്നത് ശരിയാണെങ്കിൽ വളരെ സന്തോഷമാണെന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്. അനു തങ്ങളുടെ വീട്ടിലെ അംഗത്തെ പോലെയാണെന്നും വിവാഹം ആഘോഷമാക്കും എന്ന് പറയുന്നവരും ഉണ്ട്.
അതേസമയം അനുവും തങ്കച്ചനും പ്രണയത്തിലാണെന്ന ചർച്ച വ്യാപകമായി നടന്നിരുന്നു. അപ്പോഴൊക്കെ തമാശയായിട്ടാണ് അനു ഇക്കാര്യം എടുത്തിരുന്നതെങ്കിലും ഒരിക്കൽ വളരെ ഗൗരവത്തോടെ അനു മറുപടി പറഞ്ഞിരുന്നു. അനിയത്തി എന്ന സീരിയലിലൂടെയാണ് അനു പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്. ഒരിടത്തൊരു രാജകുമാരി, സീത, പാടാത്ത പൈങ്കിളി എന്നീ പരമ്പരകളിലും അനു അഭിനയിച്ചിരുന്നു. സുരഭിയും സുഹാസിനിയും എന്ന സീരിയലും അനു അഭിനയിച്ചിരുന്നു.
മുസ്‌ലിം ലീഗ് നേതാവ് എ.പി ഉണ്ണികൃഷ്ണൻ അന്തരിച്ചു
മലപ്പുറം: മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ട്രറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എ.പി ഉണ്ണികൃഷ്ണൻ നിര്യാതനായി. വേങ്ങര കണ്ണമംഗലം സ്വദേശിയാണ്.
നിലവില്‍ ജില്ലാ പഞ്ചായത്ത് മെമ്പറായ അദ്ദേഹം ദലിത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. പാലത്തിങ്ങൽ കരുണ കാൻസർ സെന്ററിലായിരുന്നു അന്ത്യം. പട്ടികജാതി സംസ്ഥാനതല ഉപദേശക സമിതി, ഖാദി ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു
മൃതദേഹം ഇന്ന് ഉച്ച കഴിഞ്ഞ് 3 മണി മുതൽ 4 മണി വരെ മലപ്പുറം ജില്ലാ പഞ്ചായത്തിൽ പൊതു ദർശനത്തിന് വെക്കും. തുടർന്ന് വൈകീട്ട് 5 മണി മുതൽ 6 മണി വരെ കണ്ണമംഗലം എരഞ്ഞിപ്പടി നാലുകണ്ടം മദ്റസയിൽ പൊതു ദർശനം. ശനിയാഴ്ച രാവിലെ 10 മണിക്ക് പരപ്പൻചിന കുടുംബ ശ്മാശനത്തിൽ സംസ്കാരം.
2015-2020 കാലയളവിലായിരുന്നു ഉണ്ണികൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. 2000-05 കാലയളവില്‍ ജില്ലാ പഞ്ചായത്തംഗവും പഴയ ജില്ല കൗണ്‍സില്‍ അംഗവുമായിരുന്നു.
ഭാര്യ: സുഷമ, മക്കള്‍: സുധീഷ്, സജിത്ത്, സ്മിജി, ശരത്ത്.
സംസ്ഥാനത്തെ ഞെട്ടിച്ച ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുകേസില്‍ ഹൈറിച്ച് ഉടമ കെ ഡി പ്രതാപന്‍ അറസ്റ്റില്‍
സാമ്പത്തിക തട്ടിപ്പുകേസില്‍ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ കെ ഡി പ്രതാപന്‍ അറസ്റ്റില്‍. നിരവധി തവണ ചോദ്യം ചെയ്ത ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെ ഡി പ്രതാപന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൃത്യമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ഇ ഡി അറസ്റ്റിലേക്ക് കടന്നിരിക്കുന്നത്.
സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളില്‍ ഒന്നാണ് ഹൈറിച്ച് തട്ടിപ്പ്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം കെ ഡി പ്രതാപനും ഭാര്യയും വിദേശത്തേക്ക് കടത്തിയതായി സൂചനയുണ്ടായിരുന്നു. ഇതില്‍ വിശദമായ അന്വേഷണം നടത്തിയ ഇ ഡി ഒരേ സമയം വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ മുതല്‍ പ്രതാപനെ കൊച്ചിയിലെ ഇ ഡി ഓഫിസില്‍ ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അറസ്റ്റിലേക്ക് ഇ ഡി കടന്നിരിക്കുന്നത്.
നിക്ഷേപരില്‍ നിന്നും ഹൈ റിച്ച് ഉടമകളായ കെ.ഡി പ്രതാപനും ഭാര്യ ശ്രീനയും ചേര്‍ന്ന് തട്ടിയെടുത്ത കോടികള്‍ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇ.ഡി അന്വേഷണം. ഇതിന് പിന്നാലെയാണ് കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് ഹൈ റിച്ച് തട്ടിപ്പെന്ന് ഇ.ഡി കോടതിയോട് പറഞ്ഞത്. മെമ്പര്‍ഷിപ്പ് ഫീ എന്ന പേരില്‍ പ്രതികള്‍ തട്ടിയത് 1157 കോടി രൂപയാണ്. വലിയ പലിശ വാഗ്ദാനം ചെയ്തു ആളുകളില്‍നിന്ന് കോടികള്‍ സമാഹരിച്ചു. ഹൈ റിച്ച് ഉടമകളുടെ ഓഫീസുകളിലും വീടുകളുമായി നടത്തിയ റെയ്ഡിന് പിന്നാലെ പ്രതികളുടെ സ്വത്തുക്കള്‍ ഇ ഡി മരവിപ്പിച്ചിരുന്നു.
ബേപ്പൂരിന്റെ സുല്‍ത്താന്‍; മലയാളത്തിന്റെയും- ഓര്‍മകളില്‍ വീണ്ടും ജ്വലിച്ച് ബഷീര്‍
ഈ അണ്ഡകടാഹത്തിലെ സകല ജീവികളും ഭൂമിയുടെ അവകാശികളാണെന്നു നമ്മെ പഠിപ്പിച്ച വിശ്വ സാഹിത്യകാരന്റെ ഓര്‍മ ദിനമാണിന്ന്. ലളിത സുന്ദരമായ ഭാഷയിലൂടെ ഒരു കാലഘട്ടത്തെയാകെ അടയാളപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീര്‍ പകരക്കാരനില്ലാത്ത ഒരൊറ്റ മരമായി മലയാള സാഹിത്യത്തില്‍ ഇന്നും നിലനില്‍ക്കുമ്പോള്‍ നീണ്ട 30 വര്‍ഷത്തിനു ശേഷവും അദ്ദേഹത്തിന്റെ ഓര്‍മകളാണ് മലയാളത്തിന്റെ തണലും തണുപ്പും. 1908 ജനുവരി 21ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള തലയോലപ്പറമ്പിലായിരുന്നു ബഷീറിന്റെ ജനനം.
സ്‌കൂള്‍ പഠനകാലത്ത് ഗാന്ധിജിയെ കാണാനായി വീട്ടില്‍ നിന്നും പോയതു മുതലാണ് അദ്ദേഹത്തിന്റെ ജീവിതം ഗതിമാറുന്നത്. കോഴിക്കോട്ടെത്തി ഗാന്ധിജിയെ കണ്ട ബഷീര്‍ പിന്നീട് സ്വാതന്ത്ര്യ സമരരംഗത്തേക്ക്് വന്നു. ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ 1930ല്‍ അദ്ദേഹം ജയിലിലായി. സമരത്തിനിടെ ഗാന്ധിയെ തൊട്ട കഥ പില്‍ക്കാലത്ത് അഭിമാനത്തോടെ പരാമര്‍ശിച്ച ബഷീര്‍ പതിയെ എഴുത്തിലേക്ക് തിരിഞ്ഞു. അക്കാര്യത്തെക്കുറിച്ചും അദ്ദേഹം രസകരമായി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതിങ്ങനെയാണ്. കുഴിമടിയന്മാരായ ബഡുക്കൂസുകള്‍ക്ക് ചെയ്യാന്‍ പറ്റിയൊരു പണിയെപ്പറ്റി തലപുകഞ്ഞാലോചിച്ചപ്പോള്‍ നിധി കിട്ടിയമാതിരി ഒരെണ്ണം കിട്ടി. സാഹിത്യം. എഴുത്തുകാരനാവുക. വലിയ ബുദ്ധിയൊന്നും വേണ്ട. ചുമ്മാ എവിടെയെങ്കിലും കുത്തിയിരുന്ന് എഴുതിയാല്‍ മതി. അനുഭവങ്ങള്‍ ഇച്ചിരിപ്പിടിയോളം ഉണ്ടല്ലോ. അവനെയൊക്കെ കാച്ചിയാല്‍ മതി. എഴുതി. അങ്ങനെ ഞാന്‍ എഴുത്തുകാരനായി.
പക്ഷേ, ആ എഴുത്തുകള്‍ മലയാളികള്‍ക്ക് പുതിയൊരു ഭാവപ്രപഞ്ചമാണ് പിന്നീട് തുറന്നു നല്‍കിയത്. മലയാള ഭാഷ അന്നുവരെ കണ്ടിട്ടില്ലാത്ത ആഖ്യാനവും പ്രയോഗങ്ങളും ആ തൂലികയിലൂടെ പ്രവഹിച്ചു.
വായനക്കാര്‍ ബഷീറിന്റെ നര്‍മ്മ രസങ്ങളിലൂടെ ഊറിച്ചിരിച്ചു. ചിലപ്പോഴൊക്കെ വിതുമ്പി. ബഷീറിയന്‍ സാഹിത്യം പില്‍ക്കാലത്ത്് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായിപ്പോലും മാറി. അദ്ദേഹം ബേപ്പൂര്‍ സുല്‍ത്താനായി. സാധാരണക്കാരുടെ ജീവിതമായിരുന്നു ബഷീര്‍ എപ്പോഴും എഴുതിയത്. ജയില്‍പ്പുള്ളികളും പട്ടിണി കിടക്കുന്നവരും സ്വവര്‍ഗാനുരാഗികളും ഭിക്ഷക്കാരും വേശ്യകളും എല്ലാം അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായി.
സ്‌നേഹമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. പ്രകൃതിയിലെ സകല ജീവജാലങ്ങളെയും ബഷീര്‍ സ്‌നേഹിച്ചു. മൂര്‍ഖനും ആടും പൂച്ചയും മൂക്കനും ആനയുമെല്ലാം അദ്ദേഹത്തിന്റെ വാല്‍സല്യമനുഭവിച്ചവരാണ്. അവരൊക്കെ തന്നെയായിരുന്നു ബഷീര്‍ കഥകളിലെ നായകന്‍മാരും. അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നും ബഷീര്‍ അന്നു കടലാസിലേക്ക് പകര്‍ത്തിയ ജീവിതങ്ങളൊക്കെ ഇന്ന് മലയാളത്തിന്റെ ക്ലാസിക്കുകളാണ്. ബാല്യകാല സഖി, പാത്തുമ്മയുടെ ആട്, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, മതിലുകള്‍, പ്രേമലേഖനം, അനര്‍ഘ നിമിഷം എന്നിവ സാഹിത്യപ്രേമികള്‍ ഇന്നും നെഞ്ചേറ്റുന്ന ബഷീറിയന്‍ ക്ലാസിക്കുകളാണ്.
1994 ജൂലായ് 5ന് ഇഹലോകത്ത് നിന്നും വിടവാങ്ങിയ ബഷീറെന്ന ആ മഹാപ്രതിഭയുടെ ഓര്‍മകള്‍ സാഹിത്യപ്രേമികള്‍ക്ക് ഇന്നും മനസ്സിലൊരു കുളിര്‍മയാണ്. മാങ്കോസ്റ്റീന്‍ മരച്ചുവട്ടിലെ ചാരുകസേരയിലിരുന്ന് തന്റെ ഗ്രാമഫോണില്‍ ‘സോജാ രാജകുമാരി’ പാട്ടും കേട്ടിരിക്കുന്ന ബഷീറിന്റെ ചിത്രം ഇന്ന് മലയാള സാഹിത്യത്തിന്റെ തന്നെ ഒരു ബ്രാന്‍ഡായിരിക്കുന്നു. പ്രിയ കഥാകാരന്റെ ഓര്‍മകള്‍ക്ക് പ്രണാമം.
ഓട്ടോയിൽ കയറിയ വയോധികയുടെ മാല കവര്‍ന്ന് റോഡിലേക്ക് തള്ളിയിട്ട് ഡ്രൈവര്‍,പരിക്ക്
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നും ഓട്ടോയില്‍ കയറിയ വയോധികയെ ആക്രമിച്ച് രണ്ടര പവന്‍ വരുന്ന സ്വര്‍ണമാല കവര്‍ന്നതായി പരാതി. വയനാട് പുല്‍പ്പള്ളി സ്വദേശിനിയായ ആണ്ടുകാലായില്‍ ജോസഫീന(68) ആണ് അജ്ഞാതനായ ഓട്ടോ ഡ്രൈവറുടെ ക്രൂരമായ ആക്രമണത്തിന് വിധേയയായത്. താടിയെല്ലിനുള്‍പ്പെടെ സാരമായി പരിക്കേറ്റ ജോസഫീനയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് ഇവര്‍ക്കുനേരെ ആക്രമണം ഉണ്ടായത്. കായംകുളത്തുള്ള മകനെ സന്ദര്‍ശിച്ച് മലബാര്‍ എക്‌സ്പ്രസ്സ് ട്രെയിനില്‍ തിരിച്ചു വന്നതായിരുന്നു ഇവര്‍. പുലര്‍ച്ചെയാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയത്. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലേക്ക് പോകാനായി റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങി നടന്നു. ഇതിനിടെ സമീപത്തെത്തിയ ഓട്ടോ ഡ്രൈവര്‍ എങ്ങോട്ടാണ് പോകേണ്ടതെന്ന് ചോദിച്ച് ഓട്ടോയില്‍ കയറാന്‍ പറയുകയായിരുന്നു.
എന്നാല്‍ ഇയാള്‍ ബസ് സ്റ്റാന്റിലേക്ക് പോകാതെ മറ്റ് വഴികളിലൂടെ കറങ്ങുകയും സംശയം തോന്നി കാര്യം അന്വേഷിച്ചപ്പോള്‍ പുറകിലൂടെ കൈയ്യിട്ട് കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുക്കുകയും ചെയ്തു എന്നാണ് ജോസഫീന പാലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. തുടര്‍ന്ന് ഇവരെ റോഡിലേക്ക് തള്ളിയിടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ജോസഫീനയുടെ താടിയെല്ല് പൊട്ടുകയും പല്ല് പൂര്‍ണമായും കൊഴിഞ്ഞ് പോവുകയും ചെയ്തു. മുഖത്തും കൈക്കും പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് ഇയാള്‍ ഓട്ടോ നിര്‍ത്തി അടുത്ത് വന്ന് നോക്കിയതായും പിന്നീട് ഇവിടെ നിന്നും കടന്നുകളഞ്ഞതായും ജോസഫീന മൊഴി നല്‍കി.
അതേസമയം ഓട്ടോക്കാരന്‍ പോയതിന് പിന്നാലെ ഇതുവഴി എത്തിയ ആളോട് സഹായം ആവശ്യപ്പെട്ടെങ്കിലും അയാള്‍ സഹായിക്കാതെ പോവുകയായിരുന്നുവെന്ന് ജോസഫീന പറഞ്ഞു. പിന്നീട് ഒരുവിധത്തില്‍ എഴുന്നേറ്റ് ബസ്റ്റാന്റില്‍ എത്തി കോഴിക്കോട് കൂടരഞ്ഞിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് പോവുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ഇവരാണ് പരിക്കേറ്റ ജോസഫീനയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുത്രിയില്‍ എത്തിച്ചത്. രണ്ട് താടിയെല്ലിനും പൊട്ടലേറ്റ ജോസഫീനയെ ഇന്നലെ ശസ്ത്രക്രിയക്ക് വിധേയയാക്കി. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു കിലോയോളം വരുന്ന ലഹരി മരുന്നുമായി യുവാവ് പിടിയിൽ;വിപണിയിൽ 50 ലക്ഷത്തിലധികം വില
കോഴിക്കോട്∙ റെയിൽവെ സ്റ്റേഷൻ പരിസരത്ത് വൻ ലഹരിമരുന്ന് വേട്ട. ഒരു കിലോയോളം വരുന്ന ന്യൂജൻ ലഹരി മരുന്നുമായി വയനാട് സ്വദേശിയായ യുവാവിനെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സപെഷല്‍ സ്‌ക്വാഡ് പിടികൂടി. ഇന്ന് രാവിലെ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും 981 ഗ്രാം എംഡിഎംഎയുമായി വയനാട് വെള്ളമുണ്ട സ്വദേശി ഇസ്മായിൽ (27) ആണ് പിടിയിലായത്.പുലർച്ചെ മൂന്നരയ്ക്ക് എത്തുന്ന മംഗള–നിസാമുദ്ദീൻ ട്രെയിനിൽ ഡൽഹിയിൽ നിന്നാണ് ഇയാൾ എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. വിപണിയിൽ അരക്കോടിയിലധികം രൂപ വില വരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തുകയാണെന്നും എക്സൈസ് അറിയിച്ചു.
ഉയര്‍ന്ന ടെലികോം നിരക്കുകള്‍ സര്‍ക്കാര്‍ ഇടപെട്ട് കുറയ്ക്കുമോ? ഇതാണ് മറുപടി
രാജ്യത്ത് അടുത്തിടെ പ്രധാന മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ റിലയന്‍സ് ജിയോയും എയര്‍ടെലും വോഡഫോണ്‍-ഐഡിയയും (വിഐ) താരിഫ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിരുന്നു. ഇരുട്ടടി കിട്ടിയ ആഘാതമാണ് ഇത് പല യൂസര്‍മാരിലുമുണ്ടാക്കിയത്. ടെലികോം കമ്പനികളുടെ താരിഫ് വര്‍ധനവിനെതിരെ ഒരുവിഭാഗം യൂസര്‍മാര്‍ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ നിരക്കുകള്‍ കുറയ്ക്കാന്‍ ഇടപെടുമോ കേന്ദ്ര സര്‍ക്കാര്‍?
മൊബൈല്‍ താരിഫ് നിരക്ക് വര്‍ധനവില്‍ അടിയന്തരമായി ഇടപെടേണ്ട എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) സ്വീകരിച്ചിരിക്കുന്നത് എന്നാണ് ഇക്കണോമിക് ടൈംസിന്‍റെ റിപ്പോര്‍ട്ട്. ‘ഇന്ത്യയിലെ ടെലികോം താരിഫുകള്‍ ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നായി തുടരുന്നു. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് കമ്പനികളെ പ്രോത്സാഹിപ്പിക്കാനേ സര്‍ക്കാരിന് കഴിയൂ. ടെലികോം രംഗത്ത് മതിയായ മത്സരം ഇപ്പോള്‍ തന്നെയുണ്ട്. എന്നാല്‍ അടിയന്തര സാഹചര്യമില്ല. താരിഫ് നിരക്ക് വര്‍ധിച്ചതില്‍ ഉപഭോക്താക്കള്‍ക്ക് കുറച്ച് പ്രയാസമുണ്ടാകാം. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷമാണ് നിരക്ക് ഉയര്‍ന്നിരിക്കുന്നത്’- എന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ഇക്കണോമിക് ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂലൈ മൂന്നിനാണ് ടെലികോം കമ്പനികളുടെ പുതിയ നിരക്ക് വര്‍ധന നിലവില്‍ വന്നത്. പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് നിരക്കുകളില്‍ 11 ശതമാനം മുതൽ 21 ശതമാനം വരെയാണ് നിരക്ക് വര്‍ധന. ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ ടെലികോം താരിഫ് നിരക്കുകള്‍ ഉയരുക ഉറപ്പായിരുന്നെങ്കിലും ജിയോയാണ് വില വര്‍ധനയ്ക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ എയര്‍ടെല്ലും വിഐയും സമാന പാത സ്വീകരിച്ചു. രാജ്യത്തെ ടെലികോം രംഗത്ത് ആരോഗ്യകരമായ ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിനും സ്‌പെക്ട്രം അടക്കമുള്ള സാങ്കേതികസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള നിക്ഷേപത്തിനും മാന്യമായ വരുമാനം സാധ്യമാക്കുന്നതിനും വേണ്ടിയാണ് താരിഫുകൾ ഉയർത്തിയത് എന്നാണ് ടെലികോം കമ്പനികളുടെ വാദം.



