spot_img
Monday, July 6, 2026
Home Blog Page 362

സ്‌ട്രോക്ക് ചികിത്സയക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നൂതന സംവിധാനം; രാജ്യത്ത് ആദ്യം

0

തിരുവനന്തപുരം: സ്ട്രോക്ക് ചികിത്സയ്ക്കായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂറോളജി വിഭാഗത്തിന് കീഴില്‍ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ സംവിധാനം സജ്ജമായി. രാജ്യത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് ന്യൂറോളജി വിഭാഗത്തിന് കീഴില്‍ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ സംവിധാനം സജ്ജമാക്കിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

തലച്ചോറ്, നട്ടെല്ല്, കഴുത്ത് എന്നീ ശരീര ഭാഗങ്ങളിലെ പ്രധാന രക്തക്കുഴലുകളിലെ രോഗാവസ്ഥ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന സംവിധാനമാണ് ന്യൂറോ ഇന്റര്‍വെന്‍ഷന്‍. ശസ്ത്രക്രിയയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒരു ചികിത്സാ സംവിധാനമാണിത്. ന്യൂറോ ഇന്റര്‍വെന്‍ഷന്റെ പരിശീലന കേന്ദ്രമായും മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ഭാഗമായി 2 വര്‍ഷത്തെ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ ഫെലോഷിപ്പ് പ്രോഗ്രാമും നടത്തുന്നു. ഇതിലൂടെ വിദഗ്ധ ഡോക്ടര്‍മാരെ സൃഷ്ടിക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി

സ്‌ട്രോക്ക് ബാധിച്ച് പ്രധാന രക്തക്കുഴലുകള്‍ അടയുമ്പോള്‍ കട്ടപിടിച്ച രക്തം എടുത്ത് മാറ്റുന്ന മെക്കാനിക്കല്‍ ത്രോമ്പക്ടമി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് മെഡിക്കല്‍ കോളേജിലെ സമഗ്ര സ്‌ട്രോക്ക് സെന്ററില്‍ സജ്ജമാക്കിവരുന്നത്. തലച്ചോറിലേക്കുള്ള വലിയ രക്തക്കുഴലിലെ ബ്ലോക്ക് മാറ്റുന്നതിനുള്ള മെക്കാനിക്കല്‍ ത്രോമ്പക്ടമി 24 മണിക്കൂറിനുള്ളില്‍ ചെയ്യേണ്ടതാണ്. ശരീരം തളരാനും മരണം സംഭവിക്കാനുമുള്ള സാധ്യത പരമാവധി കുറച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ഇതിലൂടെ കഴിയും. ന്യൂറോ ഇന്റന്‍വെന്‍ഷന്‍ സംവിധാനം വന്നതോടു കൂടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സമഗ്ര സ്‌ട്രോക്ക് സെന്ററായി പൂര്‍ണമായി മാറി.

സ്‌ട്രോക്ക് ബാധിച്ച് ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ തലച്ചോറിലെ സിടി ആന്‍ജിയോഗ്രാം എടുക്കുവാനുള്ള സംവിധാനവും ന്യൂറോളജി വിഭാഗത്തില്‍ ഈ കാലയളവില്‍ സജ്ജമാക്കി. സ്‌ട്രോക്കിന്റെ ചികിത്സയായ രക്തം അലിയിക്കുന്ന ത്രോംബോലൈസിസും മെക്കാനിക്കല്‍ ത്രോമ്പക്ടമിയും കഴിഞ്ഞ രോഗികള്‍ക്ക് തീവ്ര പരിചരണം നല്‍കുവാന്‍ 12 കിടക്കകളുള്ള സ്‌ട്രോക്ക് ഐസിയു സ്ഥാപിച്ചിട്ടുണ്ട്. തീവ്ര പരിചരണത്തിനിടയില്‍ തലച്ചോറില്‍ അമിതമായ നീര്‍ക്കെട്ടുണ്ടായാല്‍ ന്യൂറോസര്‍ജന്റെ സഹായത്തോടു കൂടി ഡികമ്പ്രസീവ് ക്രേനിയെക്ടമി ചെയ്യുവാനുള്ള സംവിധാനവുമുണ്ട്. ചെറിയ രീതിയില്‍ സ്‌ട്രോക്ക് വന്നാല്‍ അതിന്റെ കാരണം കഴുത്തിലെ രക്തക്കുഴലുകളിലെ അടവ് കൊണ്ടാണെങ്കില്‍ വാസ്‌ക്യുലര്‍ സര്‍ജന്റെ സഹായത്തോട് കൂടി എന്റാര്‍ട്ട്‌റെക്ടമി ചെയ്യുവാനുള്ള സംവിധാനവും മെഡിക്കല്‍ കോളേജിലുണ്ട്. നൂതന സംവിധാനങ്ങളായ ന്യൂറോ ഇന്റര്‍വെന്‍ഷന്‍, ഡി കമ്പ്രസീവ് ക്രയിനെക്ടമി, എന്റാര്‍ട്ട്‌റെക്ടമി, തീവ്ര പരിചരണം തുടങ്ങിയവയെല്ലാം സംയോജിപ്പിച്ച് സമഗ്ര സ്‌ട്രോക്ക് സെന്ററാണ് മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചിരിക്കുന്നത്.

ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ പരിശോധന

0

* 52 സ്ഥാപനങ്ങളിലെ ഷവർമ്മ വ്യാപാരം നിർത്തി വയ്പിച്ചു

കഴിഞ്ഞ മാസം നടത്തിയത് 4545 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 47 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 512 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തനം നടത്തിയ 52 സ്ഥാപനങ്ങളിലെ ഷവർമ്മ വ്യാപാരം നിർത്തി വയ്പിച്ചു. 108 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 56 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. പാർസലിൽ ലേബൽ കൃത്യമായി പതിക്കാതെ വിതരണം നടത്തിയ 40 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ശക്തമായ പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഷവർമ്മ നിർമ്മാണത്തിൽ കടയുടമകൾ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനായിരുന്നു പരിശോധന നടത്തിയത്. ഷവർമ്മ നിർമ്മാണവും വിൽപനയും നടത്തുന്ന സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. ഷവർമ്മ നിർമ്മിക്കുന്ന ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർ ശാസ്ത്രീയമായ ഷവർമ്മ പാചക രീതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും വകുപ്പിന്റെ ബോധവത്കരണ ക്ലാസുകളിൽ പങ്കെടുത്ത് മാർഗ നിർദ്ദേശങ്ങൾ സ്വന്തം സ്ഥാപനങ്ങളിൽ നടപ്പിൽ വരുത്തേണ്ടതുമാണ്.

ഷവർമ്മ പാർസൽ നൽകുമ്പോൾ ഉണ്ടാക്കിയ തീയതി, സമയം, ഒരു മണിക്കൂറിനുള്ളിൽ ഭക്ഷിക്കണം എന്ന നിർദ്ദേശം ഉൾപ്പെടുത്തി ലേബൽ ഒട്ടിച്ച ശേഷം മാത്രം ഉപഭോക്താവിന് നൽകുക. എല്ലാ ഹോട്ടലുകളും റെസ്റ്റാറന്റുകളും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഹൈജീൻ റേറ്റിംഗ് സ്വമേധയാ കരസ്ഥമാക്കേണ്ടതാണ്.

സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് 2024 ഏപ്രിൽ മാസം ആകെ 4545 പരിശോധനകൾ നടത്തി. സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനകളിൽ വിവിധയിനത്തിൽ 17,10,000 രൂപ പിഴ ഈടാക്കി. 716 സ്റ്റാറ്റിയൂട്ടറി സാമ്പിളുകൾ വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ ശേഖരിച്ചു. 3479 സർവൈലൻസ് സാമ്പിളുകളും പരിശോധനക്കെടുത്തു. കഴിഞ്ഞ മാസം 71 സാമ്പിളുകൾ അൺ സേഫും 53 സാമ്പിളുകൾ സബ് സ്റ്റാൻഡേർഡും റിപ്പോർട്ട് ചെയ്തു. മിസ് ബ്രാൻഡഡ് സാംപിളുകളുടെ ഇനത്തിൽ 32 അഡ്ജ്യൂഡിക്കേഷൻ കേസുകൾ ഫയൽ ചെയ്തു.

1605 ലൈസൻസുകളും 11343 രജിസ്ട്രേഷനുകളും കഴിഞ്ഞ മാസം നൽകി. 65 അഡ്ജ്യൂഡിക്കേഷൻ കേസുകളും 83 പ്രോസിക്യൂഷൻ കേസുകളും ഏപ്രിൽ മാസം ഫയൽ ചെയ്തു. പരിശോധനകളിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 477 റെക്ടിഫിക്കേഷൻ നോട്ടീസുകളാണ് സ്ഥാപനങ്ങൾക്ക് നൽകിയത്.

തോട്ടങ്ങളിൽ തൊഴിൽ വകുപ്പിന്റെ  പരിശോധന തുടരുന്നു; ലയങ്ങളുടെ ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ കർശന നടപടി

0

കാലവർഷത്തിനു മുന്നോടിയായി തന്നെ മഴ കനത്ത സാഹചര്യത്തിൽ ലയങ്ങളുടെ ശോച്യാവസ്ഥ അടയന്തിരമായി പരിഹരിക്കണമെന്നും വീഴ്ചവരുത്തുന്നവർക്കെതിരെ പ്രോസിക്യൂഷൻ അടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്നും ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. തോട്ടം തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് വകുപ്പ് നടത്തിവരുന്ന പരിശോധനകളുടെ അവലോകന യോഗത്തിലാണ് ലേബർ കമ്മിഷണർ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇതിനോടകം അമ്പത്തിയെട്ട് എസ്റ്റേറ്റുകളിൽ പരിശോധന പൂർത്തിയാക്കി. ഇതിൽ 55 എണ്ണത്തിലും ലയങ്ങളുടെ ശോച്യാവസ്ഥ, കുടിവെള്ള പ്രശ്നം, ചികിത്സാസൗകര്യങ്ങളുടെ കുറവ്, മറ്റു തൊഴിൽ നിയമലംഘനങ്ങൾ എന്നിവ കണ്ടെത്തിയതായി ലേബർ കമ്മിഷണർ. വീഴ്ചകൾ കണ്ടെത്തിയ സ്ഥലങ്ങളിൽ വിശദാംശങ്ങൾ തൊഴിലുടമകളെ വ്യക്തമായി ധരിപ്പിച്ച് ഉടനടി പരിഹാരം കണ്ടെത്തുന്നതിന് നോട്ടീസ് നൽകി. ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തിയ സ്ഥലങ്ങളിൽ അടിയന്തിരയോഗം ചേർന്ന് നടപടി സ്വീകരിക്കുന്നതിന് ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷനെ ചുമതലപ്പെടുത്തി. അടഞ്ഞു കിടക്കുന്ന തോട്ടങ്ങളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടെത്തിയാൽ പ്ലാന്റേഷൻ റിലീഫ് കമ്മിറ്റികൾ വഴി പ്രശ്ന പരിഹാരത്തിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

        ലയങ്ങളുടെ ശോച്യാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, റോഡ്, ചികിത്സാ സംവിധാനങ്ങൾ, അംഗൻവാടികൾ,കളിസ്ഥലം, കമ്മ്യൂണിറ്റി സെന്റർ മറ്റു തൊഴിൽ നിയമ ലംഘനങ്ങൾ എന്നിവ പ്രധാന പരിഗണനയാക്കിയാണ് പാന്റേഷൻ ഇൻസ്‌പെക്ടർമാരുടെ  നേതൃത്വത്തിൽ പരിശോധന നടത്തിവരുന്നത്. ഇതിനായി വകുപ്പ് പ്രത്യേകം മാർഗ നിർദേശങ്ങളും പുറത്തിറക്കിയിരുന്നു. ഓൺലൈനായി നടത്തിയ അവലോകനയോഗത്തിൽ അഡീ. ലേബർ കമ്മീഷണർമാരായ രഞ്ജിത് പി മനോഹർ, കെ ശ്രീലാൽ, കെ എം സുനിൽ, ചീഫ് പ്ലാന്റേഷൻ ഇൻസ്പെക്ടർ എം ജി സുരേഷ്, ഡി എൽ ഒ ഹെഡ്ക്വാർട്ടേഴ്സ് ബിജു എ എന്നിവരും സംസ്ഥാനത്തെ എല്ലാ പ്ലാന്റേഷൻ ഇൻസ്‌പെക്ടർമാരും പങ്കെടുത്തു.

കോട്ടയം സോമരാജ് അന്തരിച്ചു

0

കോട്ടയം: മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അറുപത്തി രണ്ട് വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മിമിക്രി രംഗത്ത് കാലങ്ങളായി തിളങ്ങിയ അദ്ദേഹത്തിന്റെ വിയോഗം സഹപ്രവർത്തകരെ കണ്ണീരിൽ ആഴ്ത്തിയിരിക്കുകയാണ്. മിമിക്രിയിലൂടെയാണ് സോമരാജ് കലാരംഗത്ത് എത്തുന്നത്.

ഫാന്റം, ബാംബൂ ബോയ്‌സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദഭൈരവി, അണ്ണന്‍തമ്പി, കിംഗ് ലയര്‍, കണ്ണകി തുടങ്ങി നൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സംസ്കാരം നാളെ കഞ്ഞികുഴിയിലെ ശ്മശാനത്തിൽ നടക്കും. മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കോട്ടയം സോമരാജ് ഒട്ടനവധി ടിവി ഷോകളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. പ്രമുഖരായ പല താരങ്ങൾക്ക് ഒപ്പവും അദ്ദേഹം സ്റ്റേജ് പങ്കിട്ടിട്ടുണ്ട്. അഭിനേതാവിന് പുറമെ ഒരു സിനിമയുടെ തിരക്കഥയും സംഭാഷണവും സോമരാജ് ഒരുക്കിയിട്ടുണ്ട്. കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം ആണ് ആ സിനിമ.

‘മില്‍മ ചോക്ലേറ്റ് വാങ്ങി പാക്കറ്റ് പൊളിച്ചപ്പോള്‍ നിറയെ പുഴു’; വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്ന് അധികൃതര്‍

0

താമരശ്ശേരി :മില്‍മയുടെ ഡാര്‍ക്ക് ചോക്ലേറ്റില്‍ നിന്നും നിറയെ പുഴുക്കളെ ലഭിച്ചതായി പരാതി. താമരശ്ശേരി സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇദ്ദേഹം താമരശ്ശേരി പഴയ സ്റ്റാന്‍ഡിന് സമീപത്തുള്ള ബേക്കറിയില്‍ നിന്ന് ചോക്ലേറ്റ് വാങ്ങിയത്. 40 രൂപയായിരുന്നു വില. പിന്നീട് കവര്‍ പൊളിച്ച് അകത്തെ അലൂമിനിയം ഫോയില്‍ കവറും പൊളിച്ചപ്പോഴാണ് നിറയെ പുഴുക്കളെ കണ്ടതെന്ന് പരാതിക്കാരന്‍ പറയുന്നു.

ചോക്ലേറ്റിന്റെ പാക്കിംഗ് ഡേറ്റ് 2023 ഒക്ടോബര്‍ 16 നാണ് കാണിച്ചിരിക്കുന്നത്. എക്‌സ്പയറി ഡേറ്റ് 2024 ഒക്ടോബര്‍ 15  വരെയാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മില്‍മാ അധികൃതര്‍ കടയിലെ സ്റ്റോക്ക് പിന്‍വലിക്കുകയും പുഴുക്കള്‍ നിറഞ്ഞ ചോക്ലേറ്റിന്റെ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. 

പരാതിയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കൊടുവള്ളി സര്‍ക്കിള്‍ ഉദ്യോഗസ്ഥരും പരിശോധന ആരംഭിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് മില്‍മ പുതിയ ഉല്‍പന്നമായി ചോക്ലേറ്റ് ഉദ്പാദനം ആരംഭിച്ചത്. സമാനമായ പരാതി മറ്റു ഭാഗങ്ങളില്‍ നിന്നും ഉണ്ടായതായും ഈ ബാച്ചിലെ ഉല്‍പ്പന്നം പൂര്‍ണമായും വിപണിയില്‍ നിന്നും പിന്‍വലിക്കുമെന്നും മില്‍മ അധികൃതര്‍ വ്യക്തമാക്കി.

കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി ഓണേഴ്സ് പ്രവേശനം

0

ഐഎച്ച്ആർഡിക്കു കീഴിൽ കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (0495-2765154, 2768320, 8547005044), ചേലക്കര  (0488-4227181, 8547005064), കുഴൽമന്ദം (04922-285577, 8547005061), മലമ്പുഴ (0491-2530010, 8547005062), നാദാപുരം (0496-25556300, 8547005056), നാട്ടിക  (0487-2395177, 8547005057), തിരുവമ്പാടി  (0495-2294264, 8547005063), വടക്കഞ്ചേരി  (0492-2255061, 8547005042), വട്ടംകുളം ( 0494-2689655, 8547006802), വാഴക്കാട്  (0483-2728070, 8547005055), അഗളി  (04924-254699, 9447159505), മുതുവല്ലൂർ (0483-2963218, 8547005070), മീനങ്ങാടി (0493-6246446, 8547005077), അയലൂർ (04923-241766, 8547005029), താമരശ്ശേരി (0495-2223243,8547005025), കൊടുങ്ങല്ലൂർ (0480-2816270, 8547005078) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന  അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2024-25 അധ്യയന വർഷത്തിൽ ഡിഗ്രി ഓണേഴ്സ് പ്രോഗ്രാമുകളിൽ  കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50% സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. ഓൺലൈനായി SBI Collect മുഖേന ഫീസ് അടയ്ക്കാം. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ്.സി ,എസ്.റ്റി  250/- രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അഡ്മിഷൻ സമയത്ത് ഹാജരാക്കണം. വിശദ വിവരങ്ങൾക്ക്: www.ihrd.ac.in .

ഈ വർഷം മുതൽ അധ്യാപക സ്ഥലംമാറ്റം പൂർണമായും ‘പേപ്പർലെസ്’ ആക്കി കൈറ്റ്

0

        സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിലെ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകരുടെ സ്ഥലംമാറ്റവും നിയമനവും കൈറ്റിന്റെ പരിഷ്‌ക്കരിച്ച സോഫ്റ്റ്‌വെയർ വഴി ഈ വർഷം മുതൽ പൂർണമായും ‘പേപ്പർലെസ്’ ആയി മാറിക്കഴിഞ്ഞു. 2007-08 ൽ പ്രഥമാധ്യാപകരുടേയും എ.ഇ.ഒ. മാരുടേയും സ്ഥലംമാറ്റത്തിനും നിമനത്തിനും ആണ് ആദ്യമായി ഓൺലൈൻ സംവിധാനം ഐ.ടി.@സ്‌കൂൾ (കൈറ്റ്) ഏർപ്പെടുത്തിയത്. അടുത്ത വർഷം മുതൽ മുഴുവൻ അധ്യാപകരുടേയും സ്ഥലംമാറ്റം ഓൺലൈനായതോടെ ഈ മേഖലയിൽ ഇന്ത്യയിൽ ആദ്യത്തേതും ബൃഹത്തായതുമായ ഇ-ഗവേർണൻസ് സംവിധാനമായി ഇത് മാറിയിരുന്നു. ഇതോടെ പരാതികളും കോടതി വ്യവഹാരങ്ങളും പൂർണമായും ഒഴിവായി.    ഈ വർഷത്തെ സ്ഥലംമാറ്റവും നിയമനവുമായി ബന്ധപ്പെട്ട് പതിനാല് ജില്ലകളിലായി 277 പ്രൊവിഷണൽ ലിസ്റ്റുകൾ ഇതുവരെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.  ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് തന്നെ പെൻ നമ്പറും മൊബൈൽ നമ്പറും നൽകുമ്പോൾ അധ്യാപകരുടെ വിശദാംശങ്ങൾ ‘സമ്പൂർണ’യിൽ നിന്നും ലഭ്യമാകും (നേരത്തെ ഈ വിവരങ്ങൾ പ്രത്യേകം നൽകേണ്ടിയിരുന്നു). അധ്യാപകർക്ക് അനുബന്ധ രേഖകൾ ഓൺലൈനായി നല്കാം.  കഴിഞ്ഞ വർഷം വരെ ഹാർഡ് കോപ്പികൾ ഡി.ഡി. ഓഫീസിലെത്തിക്കണം.  സ്ഥലംമാറ്റം വേണ്ട ഓപ്ഷനുകളുടെ എണ്ണം 10-ൽ നിന്നും 20 ആക്കി.  സർവീസ് കാലയളവിൽ സീനിയോരിറ്റിക്ക് പരിഗണിക്കേണ്ടാത്ത കാലയളവും സിസ്റ്റം ഓൺലൈനായി ക്യാപ്ച്ചർ ചെയ്യും. അപേക്ഷയുടെ എല്ലാ ഘട്ടങ്ങളിലും അധ്യാപകർക്കുണ്ടാകുന്ന പരാതികൾ ഇനി ഓൺലൈ‌നായി നല്കാം.  നേരത്തെ ഇതും ഫിസിക്കൽ ആയി നൽകേണ്ടിയിരുന്നു. അതുപോലെ കഴിഞ്ഞ വർഷം വരെ ഡി.ഡി.ഇ തലത്തിലുണ്ടായിരുന്ന റീസെറ്റ് ഓപ്ഷൻ ഈ വർഷം മുതൽ പ്രഥമാധ്യാപകർക്ക് തന്നെ ലഭ്യമാക്കിയിട്ടുണ്ട്.

മുൻകാലങ്ങളിൽ ഏറെ സങ്കീർണവും പരാതികൾക്കിടവരുത്തിയിരുന്നതുമായ പ്രയോറിറ്റി റൊട്ടേഷനിൽ ഈ വർഷം മുതൽ മുൻഗണനയ്ക്കകത്ത് റൊട്ടേഷൻ ഏർപ്പെടുത്തി പ്രത്യേക പ്രയോറിറ്റി റാങ്കിംഗ് സംവിധാനം കൂടി ഏർപ്പെടുത്തി. കഴിഞ്ഞ വർഷം വരെ പ്രൊവിഷണൽ ലിസ്റ്റുകൾ ജനറേറ്റ് ചെയ്തിരുന്നത് കൈറ്റിന്റെ സംസ്ഥാന ഓഫീസിൽ നിന്നായിരുന്നെങ്കിൽ ഈ വർഷം അത് പൂർണമായും ജില്ലകളിൽ ഡി.ഡി.ഇ. ഓഫീസുകളിൽ നിന്നാക്കി.  ഡി.ഡി.ഇ.മാർ സ്ഥലംമാറ്റ ഉത്തരവ് ജനറേറ്റ് ചെയ്യുന്നതും ഈ വർഷം മുതൽ ഓൺലൈനായി. പതിനായിരത്തോളം അധ്യാപകരാണ് ഈ വർഷം സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിട്ടുള്ളത്

ആംബുലൻസ് ഡ്രൈവർമാർ ശ്രദ്ധിക്കുക; ജീവൻരക്ഷിക്കാനുള്ള ശ്രമം ജീവനെടുക്കൽ ആവരുതെന്ന് എംവിഡി

0

ഒരു ജീവൻ രക്ഷിക്കാനുള്ള മരണപ്പാച്ചലിൽ അനേകമാളുകളുടെ ജീവന് ഭീഷണിയാകാതിരിക്കാനുള്ള ഉത്തരവാദിത്തം എമർജൻസി വാഹനമോടിക്കുന്ന ഡ്രൈവർമാർക്കുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് (എംവിഡി). 2003ൽ ആബുലൻസ് അപകടത്തിൽ 29 പേർ മരിച്ചതിന് പിന്നാലെയാണ് എംവിഡിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ വർഷം 150 ആംബുലൻസുകളാണ് അപകടത്തിൽപ്പെട്ടത്. 

ഫെയ്സ്ബുക്ക് കുറിപ്പ്……

2023 വർഷത്തിൽ ഉണ്ടായ റോഡപകടങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ 150 ആംബുലൻസുകളാണ് അപകടത്തിൽ പ്പെട്ടത്.അതിൽ 29 പേർ മരണപ്പെടുകയും ,104 പേർക്ക് ഗുരുതരമായ പരിക്ക് ഉൾപെടെ 180 പേർക്ക് പരിക്കേറ്റതായും മനസിലാക്കാം. ഇത് ഭയപ്പെടുത്തുന്ന കണക്കാണ്. ജീവൻ രക്ഷാ വാഹനങ്ങൾ കാരണം ജീവൻ നഷ്ടപ്പെടുന്നത് അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്.

സാധാരണയായി താഴെ പറയുന്ന സമയങ്ങളിലാണ് നാം ആംബുലൻസിനെ ആശ്രയിക്കേണ്ടി വരുന്നത്.

1. കിടപ്പ് രോഗികളെ / പ്രായമായവരെ ആശുപത്രി കളിലെത്തിക്കാൻ
2. ചില രോഗികളെ സ്കാനിങ്ങ് പോലുള്ള പരിശോധനയ്ക്ക് കൊണ്ടുപോകാൻ
3. ഒരു ആശുപത്രിയിൽ നിന്ന് വിദഗ്ദ്ധ ചികിത്സക്കായി ഡിസ്ചാർജ് വാങ്ങി കൊണ്ടുപോകാൻ
4. ചെറിയ വാഹന അപകടങ്ങളിൽ ഗുരുതരമല്ലാത്ത പരിക്കുപറ്റിയവരെ ആശുപത്രിയിലെത്തിക്കാൻ
5. വളരെ വലിയ അപകടത്തിൽ ഗുരുതരമായ പരിക്കുപറ്റിയവരെ ആശുപത്രിയിലെത്തിക്കാൻ
6. അത്യാസന്ന നിലയിലുള്ള ഒരാളെ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു വലിയ ആശുപത്രിയിലേക്ക് പെട്ടെന്ന് എത്തിക്കാൻ.

ഇവയിൽ അവസാനം സൂചിപ്പിച്ച രണ്ടു കാര്യങ്ങൾക്കൊഴികെ വളരെ പെട്ടെന്ന് എത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ അവസാനം പറഞ്ഞ രണ്ടു അവസരത്തിൽ വളരെ ശ്രദ്ധയോടും, സൂക്ഷ്മതയോടും കൂടി മാത്രമേ വേഗപരിധി മറികടക്കാനും, വൺവേ തെറ്റിച്ചും, റെഡ് ലൈറ്റ് മറികടന്നുമെല്ലാം വാഹനമോടിക്കാവൂ.

കൂടാതെ മൊബൈൽ സംസാരിച്ചും, ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചും, നാവിഗേഷൻ സംവിധാനത്തിൽ കൂടെ കൂടെ നോക്കിയും, ഉറക്കക്ഷീണത്തോടെയും വാഹനമോടിച്ചാൽ വലിയ ദുരന്തത്തിലേക്ക് ചെന്നെത്തും എന്നു മനസ്സിലാക്കുക. ഒരു ജീവൻ രക്ഷിക്കാനുള്ള മരണപ്പാച്ചലിൽ അനേകമാളുകളുടെ ജീവന് ഭീഷണിയാകാതിരിക്കാനുള്ള ഉത്തരവാദിത്തം എമർജൻസി വാഹനമോടിക്കുന്ന ഡ്രൈവർമാർക്കുണ്ട്.

എന്താണ് എമർജൻസി വാഹനങ്ങൾ?

മനുഷ്യജീവൻ രക്ഷിക്കുന്നതോ, ഒരാളുടെ ആരോഗ്യത്തിന് ഗുരുതരമായ നാശമുണ്ടാക്കുന്നതിനെ തടയുന്നതോ ഒരു കുറ്റം നടക്കുന്നത് തടയുന്നതോ, തീ കെടുത്തുന്നതോ,ഒരു അവശ്യ സേവനത്തിന് നാശമുണ്ടാക്കുന്നത് തടയുന്നതോ പോലുള്ള
അത്യാവശ്യ ഘട്ടത്തിൽ റോഡിലോടേണ്ട പ്രത്യേകതരം പരിഗണനകൾ നിയമപരമായി നൽകേണ്ട വാഹനങ്ങളാണ് എമർജൻസി വാഹനങ്ങൾ .
മോട്ടോർ വാഹന ഡ്രൈവിംഗ് റെഗുലേഷൻ 2017 ൽ കൃത്യമായി ഇതിനു ലഭിക്കേണ്ട മുൻ ഗണനകളെപറ്റി പ്രതിപാദിക്കുന്നുണ്ട്.
ഇത്തരം വാഹനങ്ങളെ പെട്ടെന്ന് തിരിച്ചറിയുന്നതിന് ഫ്ലാഷറോടുകൂടിയുള്ള വിവിധ നിറത്തിലുള്ള ലൈറ്റ് പിടിപ്പിച്ചിട്ടുണ്ടാവും.
അതു കൂട്ടാതെ വ്യത്യസ്തമായ ശബ്ദമുണ്ടാക്കുന്ന ഹോൺ (സൈറൻ) ഇതിനുണ്ടാവും.

എമർജൻസിഡൂട്ടി സമയത്ത ഇവ രണ്ടും പ്രവർത്തിപ്പിച്ചിരിക്കണം. എന്തെങ്കിലും കാരണത്താൽ ഇവയെ മറ്റു വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കാണാൻ കഴിഞ്ഞില്ലെങ്കിലും ശ്രദ്ധിക്കപ്പെടാനാണ് സൈറൻ മുഴക്കണം എന്ന് പറയുന്നത്. ഇത്തരം വാഹനങ്ങളുടെ ശബ്ദമോ വെളിച്ചമോ ശ്രദ്ധയിൽപ്പെട്ടാൽ അവയെ സെക്കറ്ന്റുകൾക്കകം തടസം കൂട്ടാതെ കടത്തിവിടാനായി തന്റെ വാഹനം വശ ത്തിലേക്ക് മാറ്റേണ്ടത് നിയമപരമായി ഓരോ ഡ്രൈവർമാരുടെയും കടമയാണ്. ആവശ്യമെങ്കിൽ നിറുത്തുകയും അടിയന്തിര വാഹനം കടന്നു പോകും വരെ ആ നിറുത്തിയിട്ട സ്ഥലത്ത് തന്നെ തുടരുകയും ചെയ്യേണ്ടതാണ്.

ഇത്തരം വാഹനങ്ങൾക്ക് അങ്ങേയറ്റം സൂക്ഷ്മതയോടെയും ഉത്തരവാദിത്തത്തോ ടെ യും മുൻകരുതലോടെയും – ചുവന്ന ലൈറ്റ് മുറിച്ചുകടക്കാവുന്നതാണ്, പറഞ്ഞിരിക്കുന്ന വേഗത പരിധി മറികടക്കാവുന്നതാണ്., ഹൈവേ ഷോൾഡറിലൂടെ ഓടിക്കാവുന്നതാണ്, നോ എൻടി അല്ലെങ്കിൽ വൺവേ റോഡുകളിൽ ഇരു ദിശകളിലും ഓടിക്കാവുന്നതാണ്.  ഒരു കാരണവശാലും ഇവരുടെ യാത്ര മുതലെടുത്ത് കൊണ്ട് പിന്തുടർന്നു പോകരുത്. ഇവയുമായി ഏറ്റവും കുറഞ്ഞത് 50 മീറ്റർ അകലമെങ്കിലും പാലിക്കേണ്ടതാണ്.

താഴെ പറയുന്ന ക്രമത്തിലാണ് നിയമത്തിൽ മുൻഗണന നൽകിയിട്ടുള്ളത്.

1. ഫയർ ഫോർസ് വാഹനങ്ങൾ
2. ആംബുലൻസ്
3. പൊലീസ് വാഹനം
4. വെള്ളം വൈദ്യുതി പൊതുഗതാഗതം ഇതുപോലുള്ള പൊതുസേവനങ്ങളുടെ അറ്റകുറ്റപണികൾ പോലു ളള അടിയന്തിര ഘട്ടം തരണം ചെയ്യാനുള്ള വാഹനമായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള മറ്റേതെങ്കിലും വാഹനം (സാൽവേജ് വാഹനങ്ങൾ). 

ഇതിൽ നിയമപരമായി രണ്ടാമത് മുൻഗണന ഉള്ള വാഹനമാണ് ആംബുലൻസ്

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.

0

ഓറഞ്ച് അലർട്ട്

24-05-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

24-05-2024 : തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ്

25-05-2024 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

26-05-2024 : ആലപ്പുഴ, എറണാകുളം, തൃശ്ശൂർ

27-05-2024 : തിരുവനന്തപുരം, കൊല്ലം

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇത്തരം മുന്നറിയിപ്പുകളുടെ ഘട്ടത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും മറ്റ് സർക്കാർ സംവിധാനങ്ങളും ഏത് തരത്തിലാണ് പ്രവർത്തിക്കേണ്ടത് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിശദമായ മാർഗരേഖ ‘ഓറഞ്ച് ബുക്ക് 2023’ ലൂടെ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത മാർഗ്ഗരേഖയ്ക്ക് അനുസൃതമായി ജില്ലയിൽ ദുരന്ത പ്രതിരോധ-പ്രതികരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ്.

നിലവിലെ മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ ഓറഞ്ച് ബുക്ക് 2023 ൽ വൾനറബിൾ ഗ്രൂപ്പ് (Vulnerable Group) എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങൾക്കായി ക്യാമ്പുകൾ തയാറാക്കി ആവശ്യമായ ഘട്ടങ്ങളിൽ ആളുകളെ മുൻകൂട്ടി തന്നെ മാറ്റി താമസിപ്പിക്കേണ്ടതാണ്.

താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും 24*7 മണിക്കൂറും പ്രവർത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

അതിശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. ആയതിനാൽ ജില്ലയിലെ ദുരന്ത സാധ്യത മേഖലകളിലെ ദുരന്ത പ്രതികരണ സംവിധാനങ്ങളെ മഴ തുടരുന്ന സാഹചര്യത്തിൽ അലർട്ട് ആക്കി നിർത്തേണ്ടതാണ്.

മലയോര മേഖലയിൽ മഴ തുടരുന്ന സാഹചര്യം പരിശോധിച്ച് അതിനനുസൃതമായ നടപടികൾ സ്വീകരിക്കേണ്ടതും തദ്ദേശസ്ഥാപന തലത്തിലും വില്ലേജ് തലത്തിലും ജാഗ്രത നിർദേശം നൽകുകയും ശക്തമായ മഴ തുടരുന്ന സാഹചര്യമുണ്ടെങ്കിൽ മലയോര മേഖലയിലേക്കുള്ള ഗതാഗതം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുകയും അപകടാവസ്ഥയിൽ (മുകളിൽ സൂചിപ്പിച്ച വൾനറബിൾ ഗ്രൂപ്പിൽ ഉൾപ്പെട്ടവരെ) മാറ്റി താമസിപ്പിക്കുകയും ചെയ്യാവുന്നതാണ്. ഇത്തരം സാഹചര്യം അന്വേഷിച്ച് ഉറപ്പാക്കി പോലീസ്, വനംവകുപ്പ്, ഫയർ ഫോഴ്‌സ്, തദ്ദേശ സ്ഥാപനങ്ങൾ, റവന്യു ഉദ്യോഗസ്ഥർ, ഡാം ഓപ്പറേറ്റർമാർ എന്നിവർക്ക് ജാഗ്രത നിർദേശം നൽകുകയും ഇവരുടെയെല്ലാം ഏകോപനം ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.

ഡാമുകളുടെ റൂൾ curve കൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെറിയ ഡാമുകളിൽ നേരത്തെ തന്നെ തയ്യാറെടുപ്പുകൾ നടത്താനും കെ.എസ്.ഇ.ബി, ഇറിഗേഷൻ, KWA വകുപ്പുകൾക്ക് നിർദേശം നൽകേണ്ടതാണ്. നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്.

കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പുകൾ അപ്‌ഡേറ്റ് ചെയ്യുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റങ്ങൾ വരുന്നതാണ്. അവ യഥാസമയം അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

ഓറഞ്ച് ബുക്ക് 2023, https://sdma.kerala.gov.in/wp-content/uploads/2023/06/Orange-Book-of-Disaster-Management-2023-2.pdf ഈ ലിങ്കിൽ കാണാവുന്നതാണ്.

പുറപ്പെടുവിച്ച സമയം: 01:00 PM, 24-05-2024

IMD-KSDMA-KSEOC

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു:മേയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

0

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 720  രൂപയാണ് കുറഞ്ഞത്. ഇന്നലെ 800  രൂപയുടെ ഇടിവുണ്ടായിരുന്നു. ഇതോടെ സ്വർണവില 54000  ത്തിന് താഴേക്ക് എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,120 രൂപയാണ്.

തിങ്കളാഴ്ച റെക്കോർഡ് വിലയിലെത്തിയ സ്വർണവില പിന്നീട് കുത്തനെ ഇടിയുകയായിരുന്നു. മൂന്ന് ദിവസംകൊണ്ട് 2020 രൂപയാണ് പവന് കുറഞ്ഞത്. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ സ്വർണത്തെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം, നോർവേ,അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങൾ പലസ്തീനെ അംഗീകരിച്ചത് സ്വർണ്ണവില കുറയുന്നതിന് ഒരു കാരണമായിരുന്നു. 

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 90 രൂപ കുറഞ്ഞു. 6640 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വില 5520 രൂപയായി. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഇന്നലെ മൂന്ന് രൂപ കുറഞ്ഞു, ഇന്ന് ഒരു രൂപയും. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 96 രൂപയാണ്. 


മേയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

മെയ് 1 – ഒരു പവന് സ്വർണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 52440 രൂപ 
മെയ് 2 – ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53000 രൂപ 
മെയ് 3 – ഒരു പവന് സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 52600 രൂപ 
മെയ് 4 – ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 52680 രൂപ 
മെയ് 5 – സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. വിപണി വില 52680 രൂപ 
മെയ് 6 – ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 52840 രൂപ
മെയ് 7 – ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 53080 രൂപ
മെയ് 8 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53000 രൂപ
മെയ് 9 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 52920 രൂപ
മെയ് 10 – ഒരു പവന് സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില 53600 രൂപ
മെയ് 11 – ഒരു പവന് സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 53800 രൂപ
മെയ് 12 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53800 രൂപ
മെയ് 13 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53720 രൂപ
മെയ് 14 – ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 53400 രൂപ
മെയ് 15 – ഒരു പവന് സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 53720 രൂപ
മെയ് 16 – ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 54280 രൂപ
മെയ് 17 – ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 54080 രൂപ
മെയ് 18 – ഒരു പവന് സ്വർണത്തിന് 640 രൂപ ഉയർന്നു. വിപണി വില 54720 രൂപ
മെയ് 19 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 54720 രൂപ
മെയ് 20 – ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 55120 രൂപ
മെയ് 21 – ഒരു പവന് സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 54640 രൂപ
മെയ് 22 – സ്വർണവിലയിൽ മാറ്റമില്ല.. വിപണി വില 54640 രൂപ
മെയ് 23 – ഒരു പവന് സ്വർണത്തിന് 800 രൂപ കുറഞ്ഞു. .. വിപണി വില 53840 രൂപ
മെയ് 24 – ഒരു പവന് സ്വർണത്തിന് 720 രൂപ കുറഞ്ഞു. .. വിപണി വില 53120 രൂപ