spot_img
Monday, November 23, 2026
Home Blog Page 373

വീണ്ടും മഴ, 30ന് രണ്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്; യെല്ലോ അലർട്ട്

0

തിരുവനന്തപുരം: ഈ മാസം 30ന് രണ്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് 10 ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്.

ഇന്നും നാളെയും ഒരു ജില്ലയിലും മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. 28ന് തിരുവനന്തപുരത്തും കൊല്ലത്തും നേരിയതോ മിതമായതോ ആയ അളവിൽ മഴയ്ക്ക് സാധ്യതയുണ്ട്. ജനുവരി 29ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മിതമായ മഴ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.ഇന്ന് തെക്കൻ ആൻഡമാൻ കടൽ, അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും അറിയിപ്പുണ്ട്. എന്നാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.

പഞ്ചാരക്കൊല്ലിയിലെ കടുവ നരഭോജി; സുപ്രധാന ഉത്തരവിറക്കി സർക്കാർ

0

മാനന്തവാടി: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ ഒടുവിൽ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.

കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ തീരുമാനമാണിത്. കടുവാ ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് നിര്‍ണായക തീരുമാനം. അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. തുടര്‍ച്ചയായ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചതെന്നും ഇതിനാൽ ആളുകളടെ ജീവന് ഭീഷണിയായി മാറിയ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്നും നിയമ തടസമുണ്ടാകില്ലെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.കടുവയെ പിടികൂടാൻ നല്ല പ്രവർത്തനമാണ് നടക്കുന്നത്. എന്നാൽ, അത് ജനങ്ങളെ തൃപ്തിപ്പെടുത്തുന്നില്ല എന്ന് വന്നപ്പോഴാണ് ഉന്നതതല യോഗം വിളിച്ചത്. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഉന്നതതല യോഗത്തിൽ പങ്കെടുത്തു. പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവ തന്നെയാണ് ഇന്ന് തെരച്ചിലിനിടെ ആര്‍ആര്‍ടി ഉദ്യോഗസ്ഥനായ ജയസൂര്യയെയും ആക്രമിച്ചത്.

തുടർച്ചയായി ആക്രമണം വന്നതിനാൽ ആണ് നരഭോജി എന്ന പ്രഖ്യാപനം. കാടിനോട് ചേർന്നുള്ള മേഖലകളിലെ അടിക്കാടുകൾ വെട്ടാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. മേഖലയിൽ നിരീക്ഷണം ശക്തിപ്പെടുത്തും. അഡ്വക്കറ്റ് ജനറൽ ഉള്‍പ്പെടെയുള്ളവരിൽ നിന്ന് നിയമോപദേശം തേടിയശേഷമാണ് തീരുമാനം. മുഖ്യമന്ത്രിയും തീരുമാനത്തെ പിന്തുണച്ചു. വന്യജീവി ആക്രമണത്തിൽ കേന്ദ്ര സർക്കാരിനെതിരെയും വനം മന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വനവുമായി ബന്ധപ്പെട്ട് ഒരു പിന്തുണയും സർക്കാരിൽ നിന്ന് ലഭിക്കുന്നില്ല.പുതിയ സംഭവ വികാസങ്ങൾ കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്നും അറിയിച്ചിട്ടും വലിയ കാര്യമില്ലെന്നും എകെ ശശീന്ദ്രൻ കുറ്റപ്പെടുത്തി. വിളിച്ചാൽ ഒരു ഫോൺ കോൾ നഷടം എന്നത് മാത്രമാണ്. എങ്കിലും കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. 100 ക്യാമറകൾ വയനാട്ടിൽ പുതിയതായി സ്ഥാപിക്കും. വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാനും നിരീക്ഷണം ശക്തമാക്കാനും സംസ്ഥാനത്ത് 400 ക്യാമറകൾ സ്ഥാപിക്കുമെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.വിഡി സതീശന്‍റെ യാത്രയെയും വനം മന്ത്രി വിമര്‍ശിച്ചു. കേന്ദ്ര നിയമങ്ങളെ കുറിച്ച് വിഡി സതീശൻ ഒരു അക്ഷരം പറയുന്നില്ലെന്നും ബോധ പൂർവം ആണോ അല്ലയോ എന്ന് അറിയില്ലെന്നും എകെ ശശീന്ദ്രൻ കുറ്റപ്പെടുത്തി. കേരളത്തെ എട്ടോളം കേന്ദ്ര നിയമങ്ങൾ കൊണ്ട് വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. പുരാണത്തിലേത് പോലെ മാംസം അറുത്ത് എടുത്തോളു ഒരു തുള്ളി ചോര പൊടിയരുത് എന്നതാണ് കേന്ദ്ര നയം. കൽപ്പറ്റ പെരുന്തട്ടയിൽ ഒരു തള്ളക്കടുവയും മൂന്ന് കുഞ്ഞു കടുവകളും ഉണ്ട്. കുഞ്ഞു കടുവകൾ സ്വന്തമായി ടെറിട്ടറി ഉണ്ടാക്കുകയാണെന്നും വനം മന്ത്രി പറഞ്ഞു.

സ്‍മാർട്ട്‌ഫോണുകൾ അങ്ങനെയൊന്നും എളുപ്പം പൊട്ടിത്തെറിക്കില്ല; അപകടം എങ്ങനെ തടയാം?

0

നിലവിൽ സ്മാർട്ട്‌ഫോൺ നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാണ്. സ്‌മാർട്ട്‌ഫോണുകൾ നമ്മളെ പല ദൈനംദിന ജോലികൾക്കും സഹായിക്കുന്നു. സ്‌മാർട്ട്‌ഫോൺ പൊട്ടിത്തെറിക്കുന്ന സംഭവങ്ങൾ നമ്മള്‍ കേട്ടിട്ടുണ്ട്. ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നതിനുള്ള ചില കാരണങ്ങളും അവ ഒഴിവാക്കാനുള്ള വഴികളും അറിയാം.

വ്യാജ ബാറ്ററികളുടെ ഉപയോഗം

സ്മാർട്ട്ഫോണിൽ യഥാർഥ ബാറ്ററി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. വ്യാജ ബാറ്ററികൾ ശരിയായ വോൾട്ടേജ് ഫോണിന് നൽകുന്നില്ല. ഇക്കാരണത്താൽ ഫോൺ പൊട്ടിത്തെറിക്കാനുള്ള സാധ്യത വർധിക്കും.

ബാറ്ററി അമിതമായി ചൂടാകുന്നത്

സ്മാർട്ട്‌ഫോൺ ബാറ്ററികളിൽ ലിഥിയം അയൺ ഉപയോഗിക്കുന്നു. ലിഥിയം-അയോണിന് ഉയർന്ന ചൂട് താങ്ങാനാവില്ല. ഫോൺ ദീർഘനേരം ചാർജ് നിലനിൽക്കുകയോ ഗെയിമിംഗിനോ മറ്റ് ആവശ്യങ്ങൾക്കോ ഫോൺ അമിതമായി ഉപയോഗിക്കുകയോ ചെയ്താൽ, ഒരുപക്ഷേ ബാറ്ററി പൊട്ടിത്തെറിക്കാൻ കാരണമാകും.

അമിത ചാർജിംഗ് അല്ലെങ്കിൽ ഡിസ്ചാർജ്

ഫോൺ അമിതമായി ചാർജ് ചെയ്യുന്നതുമൂലം ബാറ്ററി തകരാര്‍ സംഭവിക്കാം. ഇതുകൂടാതെ, ഫോണിന്‍റെ ബാറ്ററി ആവർത്തിച്ച് ചാർജ് ചെയ്യുന്നതും ഒഴിവാക്കണം. അമിത ചാർജ്ജിംഗ് കാരണം, ബാറ്ററിയിൽ അധിക ചൂട് ഉത്പാദിപ്പിക്കാൻ തുടങ്ങും. അങ്ങനെ ബാറ്ററി പൊട്ടിത്തെറിക്കുന്നതിന് കാരണമായേക്കാം.

ബാറ്ററി നിലവാരം

ഫോണിൽ സ്ഥാപിച്ചിരിക്കുന്ന ബാറ്ററിയുടെ ഗുണനിലവാരവും ഇത്തരം സംഭവങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നു. ഗുണനിലവാരം കുറഞ്ഞതോ വ്യാജമോ ആയ ബാറ്ററികൾ പലപ്പോഴും സുരക്ഷിതമല്ല. ബാറ്ററിക്ക് മോശം നിർമ്മാണ സാമഗ്രികളോ രൂപകൽപ്പനയോ ഉണ്ടെങ്കിൽ, അത് അമിതമായി ചൂടാകുകയും ഒടുവിൽ പൊട്ടിത്തെറിക്കുകയും ചെയ്യും.

നിങ്ങളുടെ ഫോൺ എവിടെ സൂക്ഷിക്കുന്നു എന്നതും ശ്രദ്ധിക്കുക

ദീർഘനേരം ഫോൺ ചാർജ് ചെയ്യുമ്പോൾ ഫോൺ ചൂടാകാൻ തുടങ്ങും. അത്തരമൊരു സാഹചര്യത്തിൽ, ഒരു പുതപ്പിനടിയിലോ മെത്തയിലോ വച്ച് ഫോൺ ചാർജ് ചെയ്യുകയാണെങ്കിൽ, വായുസഞ്ചാരത്തിന്‍റെ അഭാവം കാരണം ഫോണിന്‍റെ താപനില അതിവേഗം വർധിക്കാൻ തുടങ്ങും. ഈ അധിക ചൂട് ബാറ്ററിക്ക് ഹാനികരമാകുകയും പൊട്ടിത്തെറിക്ക് കാരണമാവുകയും ചെയ്യും.

മോശം ചാർജർ

ബാറ്ററിയുടെ ഗുണനിലവാരം കൂടാതെ, ചാർജറിന്‍റെ ഗുണനിലവാരവും ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നു. നിങ്ങൾ ഒരു നോൺ-സ്റ്റാൻഡേർഡ് ചാർജർ ഉപയോഗിക്കുമ്പോൾ അത് ബാറ്ററിക്ക് കൂടുതൽ കറന്‍റോ വോൾട്ടേജോ നൽകാം. ഇത് ബാറ്ററിയിൽ കൂടുതൽ താപം സൃഷ്ടിക്കും. ഇതുമൂലം ബാറ്ററി പൊട്ടിത്തെറിയുടെ സാധ്യത വർധിക്കുന്നു. അതുകൊണ്ടാണ് ഫോൺ ചാർജ് ചെയ്യാൻ എപ്പോഴും ഒറിജിനൽ ചാർജർ ഉപയോഗിക്കണമെന്ന് പറയുന്നത്.

ഫോൺ പൊട്ടിത്തെറിക്കുന്നത് തടയാൻ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടത്?

ഒറിജിനൽ ചാർജറും ബാറ്ററിയും ഉപയോഗിക്കുക.
ദീർഘനേരം ഫോൺ ചാർജ് ചെയ്യുന്നത് ഒഴിവാക്കുക.
ബാറ്ററി വീർക്കുകയാണെങ്കിൽ റിസ്‍ക് എടുക്കരുത്, ഉടൻ തന്നെ അത് മാറ്റുക.

വയനാട്ടിൽ തെരച്ചിലിനിറങ്ങിയ ദൗത്യ സംഘത്തെ കടുവ ആക്രമിച്ചു; ആർആർടി സംഘാംഗത്തിന് പരിക്ക് 

0

മാനന്തവാടി : പഞ്ചാരകൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെ കടുവാ ആക്രമണം. ഒരു ആർആർടി സംഘാംഗത്തിന് പരിക്കേറ്റു. മാനന്തവാടി ആർആർടി അംഗം ജയസൂര്യക്കാണ് പരിക്കേറ്റത്. ഉൾക്കാട്ടിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തെ കാടിന് പുറത്തേക്ക് കൊണ്ടുവരാൻ ശ്രമം തുടരുകയാണ്. തറാട്ട് ഭാഗത്ത്‌ കടുവാ തെരച്ചിലിന് ഇറങ്ങിയ സംഘാംഗത്തിനാണ് പരിക്കേറ്റത്. സ്ഥലത്ത് കടുവയെ കണ്ടുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘമിവിടെയെത്തിയത്. വന്യജീവി ആക്രമണമുണ്ടായതായി മന്ത്രി എ കെ ശശീന്ദ്രൻ സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 3 വെറ്റിനറി ഡോക്ടർമാരുടെ കീഴിലുളള മയക്കുവെടി സംഘമടക്കം 7 ടീമുകളാണ് കടുവയുടെ കൽപ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ തേടിയാണ് തെരച്ചിൽ നടക്കുന്നത്. എട്ടു പേരടങ്ങുന്ന സംഘമായി തിരിഞ്ഞായിരുന്നു പരിശോധന. അതിനിടയിലാണ് ആക്രമണം ഉണ്ടായത്.

‘എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി’; ആശുപത്രിയിൽ നിന്ന് ഓൺലൈനായി പൊതുപരിപാടിയിൽ പങ്കെടുത്ത് ഉമ തോമസ്

0

കൊച്ചി: കലൂരിലെ അപകടത്തിന് ശേഷം ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്ത് ഉമ തോമസ് എംഎൽഎ. ആശുപത്രിയിൽ നിന്ന് ഓൺലൈനായാണ് പരിപാടിയിൽ പങ്കെടുത്തത്. കാക്കനാട് എം എ അബൂബക്കർ മെമ്മോറിയൽ സ്കൂൾ വികസനത്തിന്‍റെ ഭാഗമായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായാണ് എംഎൽഎ പങ്കെടുത്തത്. “വലിയൊരു അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ചികിത്സയിലാണ്. ഈ തിരിച്ചുവരവിന് നിങ്ങളുടെയെല്ലാം പ്രാർത്ഥനയുണ്ടായിരുന്നുവെന്ന് ഞാൻ വളരെ നന്ദിയോടെ ഓർക്കുന്നു. ആ പ്രാർത്ഥന തന്നെയാണ് എന്നെ തിരിച്ചുകൊണ്ടുവന്നത്. അപകടത്തിന് ശേഷം ആദ്യമായാണ് പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. സ്കൂളിന് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച ബസ് ഏതാനും ദിവസത്തിനുള്ളിൽ കൈമാറാൻ സാധിക്കുമെന്ന സന്തോഷ വാർത്ത കൂടി ഈ അവസരത്തിൽ പങ്കുവയ്ക്കുന്നു”- എംഎൽഎ പറഞ്ഞു. കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ വിഐപി​ ​ഗ്യാലറിയിൽ നിന്ന് വീണ് ഉമ തോമസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തലച്ചോറിനും ശ്വാസകോശത്തിനും ഉൾപ്പെടെ പരിക്കേറ്റു. എംഎൽഎയുടെ മനോധൈര്യം പ്രശംസനീയമാണെന്ന് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. വെന്‍റിലേറ്ററിൽ നിന്ന് മാറ്റി രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ ‘ഐ ആം ഓകെ’ എന്ന് ഉമ തോമസ് പറഞ്ഞു. മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമ തോമസ് തന്നെ സന്ദർശിച്ച മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. ഇത് തന്‍റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എല്ലാവരും ഒപ്പമുണ്ടായിരുന്നുവെന്ന് ഉമാ തോമസ് പറഞ്ഞു. നാട് ഒന്നാകെ തന്നെ ഉണ്ടായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി

സംസ്ഥാനത്ത് മദ്യത്തിന് നാളെ മുതൽ വില കൂടും

0

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടും. സ്പിരിറ്റ് വില വർദ്ധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ബെവ്കോയാണ് തീരുമാനമെടുത്തത്. ചില ബ്രാൻ്റ് മദ്യത്തിന് മാത്രമാണ് വില വർധന. 10 രൂപ മുതൽ 50 രൂപ വരെയാണ് വില വർധിക്കുക. പുതുക്കിയ മദ്യ വില വിവരപ്പട്ടിക ബെവ്കോ പുറത്തിറക്കി. 62 കമ്പനികളുടെ 341 ബ്രാൻ്റുകൾക്ക് വില വർധിക്കും. അതേസമയം വില കുറയ്ക്കാനും തീരുമാനമുണ്ട്. 45 കമ്പനികളുടെ 107 ബ്രാന്റുകൾക്കാണ് വില കുറയുക. സംസ്ഥാനത്ത് 15 മാസത്തിന് ശേഷമാണ് മദ്യത്തിൻ്റെ വില വർധിപ്പിച്ച് കൊണ്ടുള്ള തീരുമാനം വരുന്നത്.

നിയമപരമായ മുന്നറിയിപ്പ്:മദ്യപാനം ആരോഗ്യത്തിന് ഹാനികരം

സംവിധായകൻ ഷാഫി അന്തരിച്ചു

0

ജനപ്രിയ സിനിമകളിലൂടെ മലയാളിയുടെ മനം കവര്‍ന്ന കലാകാരന് വിട

കൊച്ചി: ജനപ്രിയ സിനിമകളിലൂടെ മലയാളിയെ ചിരിപ്പിച്ച സംവിധായകൻ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം. മൃതദേഹം പുലർച്ചയോടെ കൊച്ചിയിലെ വീട്ടിൽ എത്തിക്കും. രാവിലെ 10 മുതൽ കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് നാല് മണിക്ക് കലൂർ കറുകപ്പള്ളി ജുമ മസ്ജിദ് ഖബരിസ്ഥാനിൽ നടക്കും. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ 7 ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം.

കല്യാണരാമൻ, ചട്ടമ്പിനാട്, മായാവി, തൊമ്മനും മക്കളും തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കലാകാരനാണ് വിടവാങ്ങുന്നത്. വൺ മാൻ ഷോ ആണ് ആദ്യ ചിത്രം. ഷാഫി, റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ പിറന്നത് ഹിറ്റ്‌ ചിത്രങ്ങളായിരുന്നു. ദശമൂലം ദാമു, മണവാളൻ, സ്രാങ്ക് തുടങ്ങി മലയാളികൾ എന്നും ഓര്‍മിക്കുന്ന ഹാസ്യ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു.

നടനും നർത്തകനുമായ അവ്വൈയ് സന്തോഷ് ബൈക്കപകടത്തിൽ മരിച്ചു

0

കിഴക്കമ്പലം: അവ്വൈയ് സന്തോഷ് എന്ന പേരിൽ അറിയപ്പെടുന്ന നർത്തകൻ പള്ളിക്കര മലേക്കുരിശ് കണ്ടത്തിൽ സന്തോഷ് ജോൺ (43) ആലുവ ദേശത്തുണ്ടായ ബൈക്കപകടത്തിൽ മരിച്ചു. പട്ടാമ്പിയിൽ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് രാത്രി 1-ന് അപകടത്തിൽ പെട്ടത്.അവ്വൈ ഷണ്മുഖി’ എന്ന സിനിയിലെ കമലഹാസന്റെ കഥാപാത്രത്തിന്റെ വേഷത്തിൽ ഡാൻസ് ചെയ്ത് ശ്രദ്ധേയനായിരുന്നു സന്തോഷ്. മികച്ച രീതിയിൽ നൃത്തം ചെയ്തതിന്‌ കമലഹാസൻ സന്തോഷിനെ നേരിൽ കണ്ട് അഭിനന്ദിച്ചു. പിന്നീട് അവ്വൈയ് സന്തോഷ് എന്ന പേരിൽ അറിയപ്പെടുകയായിരുന്നു. ചെറുപ്പം മുതൽ പ്രത്യേകതരം ഡാൻസ്, മാജിക് എന്നിവയിൽ മികവുതെളിയിച്ച് സന്തോഷ് ഇരുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.മൈഡിയർ കുട്ടിച്ചാത്തൻ, സകലകലാ വല്ലഭൻ, കുട്ടിയും കോലും, സത്യം ശിവം സുന്ദരം, അപരന്മാർ നഗരത്തിൽ, സ്പാനിഷ് മസാല തുടങ്ങിയവ അതിൽ ചിലതാണ്. ജയറാം, നാദിർഷാ, കലാഭവൻ മണി എന്നിവരോടൊപ്പം ഒട്ടേറെ രാജ്യങ്ങളിൽ സന്തോഷ് സ്റ്റേജ് പ്രോഗ്രമുകളിൽ പങ്കെടുത്തിട്ടുണ്ട്. പരേതനായ കെ. ജോണിന്റെയും ലീലാമ്മയുടെയും മകനാണ് സന്തോഷ്.

അമ്മ ലീലാമ്മയുടെ നൃത്തം പലപ്പോഴും സാമൂഹിക മാധ്യമത്തിൽ വൈറലായിട്ടുണ്ട്. സ്റ്റേജ് പരിപാടികളിൽ പങ്കെടുക്കാറുമുണ്ട്. ഭാര്യ: ഷീന. മക്കൾ: അലീന, ജോണൽ. സംസ്‌കാരം ശനിയാഴ്ച 2-ന് കിഴക്കമ്പലം സെയ്ന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

ടി.പിയുടെയും കെ.കെ. രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി; വധു റിയ ഹരീന്ദ്രൻ

0

വടകര: കൊല്ലപ്പെട്ട ആർ.എം.പി.ഐ സ്ഥാപകൻ ടി.പി. ചന്ദ്രശേഖരന്‍റെയും വടകര എം.എൽ.എ കെ.കെ. രമയുടെയും മകൻ ആർ.സി. അഭിനന്ദ് വിവാഹിതനായി. റിയ ഹരീന്ദ്രന് ആണ് വധു. ചാത്തമംഗലം വട്ടോളി പരേതനായ പി.സി. ഹരീന്ദ്രൻ-കെ.വി. പ്രസന്ന ദമ്പതികളുടെ മകളാണ് റിയ.

മുംബൈയിൽ ജെ.എസ്.ഡബ്ല്യു കമ്പനിയിലെ ജീവനക്കാരനാണ് അഭിനന്ദ്. 2012 മെയ് നാലിന് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെടുമ്പോള്‍ 17 വയസായിരുന്നു മകൻ അഭിനന്ദിന്. ഒഞ്ചിയത്തെ സംഘർഷ കാലത്ത് വീട്ടിൽ നിന്ന് മാറിനിന്നാണ് അഭിനന്ദ് പഠനം പൂർത്തിയാക്കിയത്.

ഇന്നലെ രാവിലെ 11.30ന് വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിലെ മണ്ഡപത്തിൽ നടന്ന വിവാഹ ചടങ്ങിൽ രാഷ്ട്രീയ നേതാക്കളടക്കമുള്ളവർ പങ്കെടുത്തു. സ്പീക്കർ എ.എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരൻ, ഷാഫി പറമ്പിൽ, വി.ടി. ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ ആശംസകൾ നേർന്നു.

ബൈക്കിൽ സാരി കുടുങ്ങി റോഡിൽ തലയിടിച്ച് വീണ് വീട്ടമ്മ മരിച്ചു.

0

കോട്ടക്കൽ: മകനോടൊപ്പം യാത്ര ചെയ്യവെ ബൈക്കിൽ സാരി കുടുങ്ങി റോഡിൽ തലയിടിച്ച് വീണ അമ്മ മരിച്ചു. മലപ്പുറം കോട്ടക്കൽ തോക്കാമ്പാറ സ്വദേശി പരേതനായ കോടിയേരി ഗോപാലൻ്റെ ഭാര്യ ബേബിയാണ് (65) മരിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച വീട്ടമ്മരാവിലെ പത്തുമണിയോടെയാണ് മരണം.ദേശീയപാത ചങ്കുവെട്ടി ജങ്ഷന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. മകൻ എബിനൊപ്പം ബൈക്കിൽ പോകുകയായിരുന്നു ബേബി. ഇവരുടെ സാരി ബൈക്കിന്‍റെ ചങ്ങലയിൽ കുടുങ്ങുകയും പിന്നാലെ ബേബി റോഡിൽ തെറിച്ചു വീഴുകയായിരുന്നു. ബൈക്ക് മറിഞ്ഞ് മകനും റോഡിൽ വീണു. തലയിടിച്ച് വീണ ബേബിക്ക് സാരമായി പരിക്കേൽക്കുകയായിരുന്നു