spot_img
Tuesday, June 30, 2026
Home Blog Page 459

ലോക്സഭയിൽ വൻ സുരക്ഷാവീഴ്ച; കണ്ണീർവാതക ക്യാനുമായി രണ്ടുപേർ നടുത്തളത്തിലേക്ക് ചാടി

0

ന്യൂഡൽഹി: ലോക്സഭയിൽ വൻ സുരക്ഷാ വീഴ്ച. സന്ദർശക ഗാലറിയിൽ നിന്ന് പ്രതിഷേധവുമായി രണ്ടുപേർ നടുത്തളത്തിലേക്ക് ചാടി.ഉച്ചയ്ക്ക് 1.02 ന് ലോക്സഭയിലെ ശൂന്യവേളയ്ക്കിടെയാണ് സംഭവമുണ്ടായത്. രണ്ടുപേർ മഞ്ഞപ്പുക വമിക്കുന്ന ക്യാനുകളുമായി സന്ദർശക ഗാലറിയിൽ നിന്ന് ചാടുകയായിരുന്നു. സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലേക്ക് ചാടിയവർ എംപിമാരുടെ ഇരിപ്പിടങ്ങൾക്കു മുകളിലൂടെ ചാടി പുകപടർത്തി. സ്പീക്കറുടെ ചേംബർ ലക്ഷ്യമാക്കി ഓടിയ ഇരുവരെയും എംപിമാരും സുരക്ഷാ ജീവനക്കാരും ചേർന്നാണ് കീഴടക്കിയത്.

ഇരുവരെയുംകൂടാതെ ഒരു പുരുഷനെയും സ്ത്രീയെയും പാർലമെന്‍റിനു പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു. ഇരുവരുടെയും കൈയിൽ നിന്നും പുക വമിക്കുന്ന ക്യാൻ കണ്ടെടുത്തു.പാർലമെന്‍റ് ആക്രമണത്തിന്‍റെ വാര്‍ഷിക ദിനത്തിലാണ് പുതിയ പാര്‍ലമെന്‍റിൽ വലിയ സുരക്ഷാ വീഴ്ചയുണ്ടായത്. സംഘർഷത്തെ തുടർന്ന് രണ്ടുമണിവരെ സഭ നിർത്തിവച്ചു.സംഘർഷത്തിന് ശേഷം സന്ദർശക പാസ് കണ്ടെടുത്തതായും അത് നൽകിയത് ബിജെപി എംപി പ്രതാപ് സിംഹയുടെ ഓഫീസാണെന്നും ബിഎസ്പി എംപി ഡാനിഷ് അലി പറഞ്ഞു

വയനാട്ടിലെ നരഭോജി കടുവയെ വെടിവയ്ക്കാനുള്ള ഉത്തരവിനെതിരായ ഹർജി തള്ളി

0

വയനാട്ടിലെ നരഭോജി കടുവയെ വെടിവയ്ക്കാനുള്ള ഉത്തരിനെതിരായുള്ള ഹർജി ഹൈക്കോടതി തള്ളി. ഒരു മനുഷ്യ ജീവനാണ് നഷ്ടമായത്, അതെങ്ങനെ കുറച്ചു കാണും എന്നും പ്രശസ്തിക്ക് വേണ്ടിയാണോ ഇത്തരം ഹർജി നൽകുന്നതെന്നും കോടതി ചോദിച്ചു. ഹർജിക്കാരന് 25,000 രൂപ പിഴയിട്ടാണ് ഹർജി തള്ളിയത്.

കഴിഞ്ഞ ദിവസമായിരുന്നു കൂടല്ലൂർ സ്വദേശിയായ പ്രജീഷ് പാടത്ത് പുല്ലരിയാന്‍ പോയത്. തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് കടുവയെ പിടികൂടണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.

ഇതിനെ തുടർന്ന് കടുവയെ മയക്കു വെടിവെക്കാനും ആവശ്യമെങ്കില്‍ വെടിവെച്ചു കൊല്ലാനും ചീഫ് വൈല്‍ഡ് ലൈഫ്’ വാര്‍ഡന്‍ ഉത്തരവിട്ടിരുന്നു. കടുവയെ പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് അനുമതി തേടി. കടുവയ്ക്കായി കെണിവയ്ക്കാനാണ് സാധ്യത. കടുവയുടെ കാൽപ്പാടുകൾ നോക്കി, വനംവകുപ്പിന്‍റെ തെരച്ചിലും ഉണ്ടാകും. പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയതിനാല്‍ തന്നെ പ്രദേശത്ത് ജനങ്ങള്‍ വലിയ ഭീതിയിലാണ്.

തിരക്കുകൂട്ടേണ്ട, ആധാർ സൗജന്യമായി പുതുക്കാൻ ഇനിയും സമയമുണ്ട്

0

ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. 2024 മാര്‍ച്ച് 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. 

ഡിസംബര്‍ 14 ആയിരുന്നു നേരത്തെ പറഞ്ഞിരുന്ന സമയ പരിധി. സമയ പരിധി അവസാനിക്കാറായതോടെ അക്ഷയ കേന്ദ്രങ്ങളിലും മറ്റും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. തിയ്യതി നീട്ടിയ സാഹചര്യത്തില്‍ തിരക്കു കൂട്ടേണ്ടതില്ല. 

സൗജന്യമായി ആധാര്‍ പുതുക്കാന്‍ കഴിയുക  myAadhaar പോർട്ടൽ വഴി മാത്രമാണ്. ആധാർ കേന്ദ്രത്തിൽ എത്തി പുതുക്കാൻ 50 രൂപ ഫീസ് നല്‍കണം. പേര്, ജനന തിയ്യതി, വിലാസം മുതലായ വിവരങ്ങളാണ് ഓൺലൈൻ ആയി തിരുത്താൻ സാധിക്കുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ആധാർ കേന്ദ്രങ്ങളിൽ പോകണം.

10 വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം എന്നാണ് യുണീക്ക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റിയുടെ നിര്‍ദേശം. ആധാര്‍ പുതുക്കാനുള്ള അവസാന തിയ്യതി ആദ്യം ജൂണ്‍ 14 എന്നാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് നീട്ടുകയായിരുന്നു. 

സ്വയം പുതുക്കാന്‍…

https://myaadhaar.uidai.gov.in/ ലോഗിൻ ചെയ്യുക

‘ഡോക്യുമെന്റ് അപ്ഡേറ്റ്’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ നിലവിലുള്ള വിശദാംശങ്ങൾ കാണാന്‍ കഴിയും

വിശദാംശങ്ങൾ പരിശോധിച്ച് അടുത്ത ഹൈപ്പർ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് ഡോക്യുമെന്റുകളുടെ തെളിവ് എന്നിവ തെരഞ്ഞെടുക്കുക.

സ്‌കാൻ ചെയ്‌ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക

നമ്പർ‌ പ്ലേറ്റ് മറച്ചുപിടിച്ചവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

0

കോഴിക്കോട് :നിയമങ്ങൾ കാറ്റിൽപറത്തി എഐ ക്യാമറയ്ക്കു മുന്നിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ചു പിടിച്ചു പറ പറക്കുന്നവരെ പിടികൂടാൻ ആർടിഒ എൻഫോഴ്സ്മെന്റ് പരിശോധന തുടരുന്നു. ഹെൽമറ്റ് ധരിക്കാതെ അതിവേഗത്തിൽ അശ്രദ്ധമായി ഇരുചക്രവാഹനം ഓടിക്കുന്നവരാണ് എഐ ക്യാമറയെ വെട്ടിക്കാൻ നമ്പർ പ്ലേറ്റ് മറയ്ക്കുന്നത്. എഐ ക്യാമറയ്ക്കു സമീപം എത്തുമ്പോൾ ഒരു കൈ കൊണ്ടു നമ്പർ പ്ലേറ്റ് മറയ്ക്കും.

അതിവേഗത്തിൽ വണ്ടി ഓടിക്കുന്നതോടൊപ്പമാണ് ഈ അഭ്യാസം കാണിക്കുന്നത്. ഇത് അപകടത്തിനും വഴി വയ്ക്കും. ഈ വാഹനം നിയന്ത്രണം വിട്ടു മറ്റു വാഹനത്തിൽ ഇടിക്കാനും കാൽനടയാത്രക്കാരനെ ഇടിച്ചു വീഴ്ത്താനും സാധ്യതയേറെ. ഇന്നലെ നടത്തിയ ക്യാമറ പരിശോധനയിൽ 4 പേർക്കെതിരെ നടപടി സ്വീകരിച്ചു. നമ്പർ പ്ലേറ്റ് കൈ കൊണ്ടു പൊത്തിപ്പിടിച്ചു വാഹനം ഓടിച്ചവരുടെ ലൈസൻസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇരുചക്രവാഹനത്തിൽ 3 പേർ സഞ്ചരിച്ച സംഭവത്തിൽ ഒരാളുടെ പേരിൽ നടപടി സ്വീകരിച്ചു. ഇത്തരക്കാരെ കണ്ടെത്തി കർശന നടപടി തുടരുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ ബി.ഷഫീഖ് പറ‍ഞ്ഞു. എംവിഐ.കെ.എം.ധനീഷിന്റെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്

‘ഷബ്നയുടെ ബന്ധുക്കൾ തെളിവുകൾ നിരത്തി’, ശക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കണമെന്ന് വനിതാ കമ്മിഷന്‍

0

കോഴിക്കോട്: ഷബ്നയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന വിരുദ്ധനിയമവും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാൻ വനിതാ കമ്മീഷൻ നിര്‍ദേശം.  വടകര ഓര്‍ക്കാട്ടേരിയിലെ മരണപ്പെട്ട ഷബ്‌നയുടെ ഭര്‍ത്താവിന്റെയും ഭര്‍ത്തൃമാതാവിന്റെയും സഹോദരിയുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് വടകര ഡിവൈഎസ്പിയ്ക്ക് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി നിര്‍ദേശം നല്‍കിയത്.

വടകര ഓര്‍ക്കാട്ടേരിയിലെ ഭര്‍തൃ ഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ഷബ്നയുടെ ഉമ്മയെയും ബന്ധുക്കളെയും വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. ഭര്‍തൃഗൃഹത്തില്‍വച്ചു നിരന്തരമായി പീഡനത്തിനിരയാക്കി മരണത്തിലേക്ക് ഷബ്‌നയെ തള്ളിവിട്ടുവെന്നതിനു വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്കു മുന്‍പാകെ ബന്ധുക്കള്‍ തെളിവുകള്‍ നിരത്തി. ഷബ്‌നയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന്‍ അധ്യക്ഷ വീട് സന്ദര്‍ശിച്ചത്.

അതേസമയം, കോഴിക്കോട് ഓർക്കാട്ടേരിയിലെ ഷബ്നയുടെ ആത്മഹത്യയിൽ ദിവസങ്ങൾക്കു ശേഷമാണ് ഭർത്താവിെൻറ ബന്ധുക്കളെ പൊലീസ് പ്രതി ചേർത്തത്. ഷബ്നയുടെ ഭർത്താവിെൻറ മാതാപിതാക്കൾ, സഹോദരി എന്നിവരെയാണ് പ്രതി ചേർത്തത്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് ഇവരെ പ്രതി ചേർത്തിരിക്കുന്നത്. ഇവർ നിലവിൽ ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.പ്രതി ചേർക്കുന്നതിൽ ഷബ്നയുടെ മകളുടെ മൊഴിയാണ് നിർണായകമായത്. ഡിവൈഎസ്പി ഷബ്നയുടെ ബന്ധുക്കളുടെ മൊഴി എടുത്തു. തുടർന്ന് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബന്ധുക്കൾക്ക് പൊലീസ് ഉറപ്പു നൽകി.

കേസ് ഇഴഞ്ഞുനീങ്ങുകയാണെന്നും പ്രതികളെ സംരക്ഷിക്കുകയാണെന്നും നേരത്തെ ബന്ധുക്കൾ ആരോപിച്ചിരുന്നു. കേസിെൻറ പുരോഗതിയുമായി ബന്ധപ്പെട്ട് സർവകക്ഷി സംഘം എസ്പിയെ കണ്ടു. നിലവിൽ കേസിൽ ഷബ്നയുടെ ഭർത്താവിെൻറ അമ്മാവൻ ഹനീഫ നിലവിൽ റിമാൻഡിലാണ്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ബന്ധുക്കൾ വിമർശിച്ചതിന് പിന്നാലെയാണ് ഡിവൈഎസ്പി ഷബ്നയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തത്. 

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

0

HT പോസ്റ്റ് ഷിഫ്റ്റിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ 13/ 12/ 23 ന് 8 AM മുതൽ 5PM വരെ എലന്ത്കടവ്, പുല്ലൂരാംപാറ മിൽ, മാവാതുക്കൽ, മലബാർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു

വൈദ്യുത നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം:ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ

0

          ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടനുബന്ധിച്ച് വീടുകളിലും മറ്റു വൈദ്യുത നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും ചെയ്യുമ്പോൾ വൈദ്യുതി സുരക്ഷാ നടപടികൾ കൈക്കൊള്ളുകയും ജാഗ്രത പാലിക്കുകയും വേണമെന്ന് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു.

          നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും താത്കാലിക വയറിംഗ് നിയമപ്രകാരം ലൈസൻസുള്ള വ്യക്തികളെക്കൊണ്ടു മാത്രം ചെയ്യിക്കണം. വൈദ്യുത പ്രതിഷ്ഠാപനത്തിൽ 30 മില്ലി ആമ്പിയറിന്റെ എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ സ്ഥാപിച്ചിട്ടുണ്ടെന്നും അത് പ്രവർത്തന ക്ഷമമാണെന്നും ഉറപ്പാക്കണം. നക്ഷത്രദീപാലങ്കാരങ്ങളുടെ വയറുകൾ കൈയെത്താത്ത (പ്രത്യേകിച്ച് കുട്ടികളുടെ)  ദൂരത്ത് സ്ഥാപിക്കണം. ഇൻസുലേഷൻ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, കൂട്ടി യോജിപ്പിച്ചതോ, കാലഹരണപ്പെട്ടതോ ആയതും നിലവാരം കുറഞ്ഞതുമായ വയറുകൾ ദീപാലങ്കാരങ്ങൾക്ക് ഉപയോഗിക്കരുത്. ഐ.എസ്.ഐ ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രമേ ഉപയോഗിക്കാവൂ. കണക്ടറുകൾ ഉപയോഗിച്ചു മാത്രമേ വയറുകൾ കൂട്ടി യോജിപ്പിക്കാൻ പാടുള്ളൂ. ജോയിന്റുകൾ പൂർണ്ണമായും ഇൻസുലേറ്റ് ചെയ്തിരിക്കണം. ഗ്രില്ലുകൾ ഇരുമ്പു കൊണ്ടുള്ള  വസ്തുക്കൾ, ലോഹനിർമ്മിത ഷീറ്റുകൾ എന്നിവയിലൂടെ ദീപാലങ്കാരങ്ങൾ വലിക്കാതിരിക്കുക. വീടുകളിലെ എർത്തിംഗ് സംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും അറിയിപ്പിൽ പറയുന്നു.

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ

0

ഡ്യൂട്ടിക്കിടയിൽ അത്യാഹിതങ്ങൾക്ക് ഇരയാകുന്ന ജീവനക്കാർക്ക് പ്രത്യേക സഹായ പദ്ധതി

ഡ്യൂട്ടിക്കിടയിൽ അത്യാഹിതങ്ങൾക്ക് ഇരയാകുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക സഹായ പദ്ധതി നടപ്പാക്കുന്നതിനുള്ള പൊതു മാനദണ്ഡങ്ങൾ അംഗീകരിച്ചു.

വസ്തുനികുതിയിൽ നിന്ന് ഒഴിവാക്കിയ നടപടി സാധൂകരിച്ചുഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും 60 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളെ വസ്തുനികുതിയിൽ നിന്ന് ഒഴിവാക്കിയ നടപടി സാധൂകരിച്ചു.സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളെയാണ് വസ്തു നികുതിയിൽ നിന്ന് ഒഴിവാക്കിയത്.

കൊല്ലം ആസ്ഥാനമായി പ്രത്യേക വിജിലൻസ് കോടതികൊല്ലം ആസ്ഥാനമായി പ്രത്യേക വിജിലൻസ് കോടതി സ്ഥാപിക്കാൻ തീരുമാനിച്ചു.നിലവിൽ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ അധികാരപരിധിയിൽ വരുന്ന കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അധികാരപരിധി നൽകികൊണ്ടാണ് പുതിയ കോടതി സ്ഥാപിക്കുന്നത്. കോടതിക്കും പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിനുമായി 13 പുതിയ തസ്തികകൾ സൃഷ്ടിക്കും.

നിയമനംകേരള റോഡ് ഫണ്ട് ബോർഡിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ ഉദ്യോഗസ്ഥരെ നിയമിച്ചതിന്റെ ഫലമായി പൊതുമരാമത്ത് വകുപ്പിൽ ഉണ്ടായ 71 ഒഴിവുകളിലേക്ക് പി.എസ്. സി മുഖേന നിയമനം നടത്തും.

ഭൂമി ഏറ്റെടുക്കുംകണ്ണൂർ വിമാനത്താവള കാറ്റഗറി ഒന്ന് ലൈറ്റിങ്ങിനായി ഏറ്റെടുത്ത ഭൂമിക്ക് തൊട്ടുകിടക്കുന്നതും ഏറ്റെടുത്തതിൽ ബാക്കിനിൽക്കുന്നതുമായ 5 കുടുംബങ്ങളുടെ 71.85 സെന്റ് ഭൂമി സുരക്ഷ മുൻനിർത്തി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നൽകി.

ഇതിനാവശ്യമായ ഫണ്ടിന് വിശദമായ ശുപാർശ സമർപ്പിക്കാൻ കണ്ണൂർ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. ധനകാര്യ വകുപ്പ് പരാമർശിക്കുന്ന 14 കുടുംബങ്ങളുടെ വസ്തു ഏറ്റെടുക്കുന്നതിന് തത്വത്തിൽ തീരുമാനിച്ച് ആവശ്യമായ ഫണ്ട് അടിയന്തരമായി ലഭ്യമാക്കുന്നതിന് വിശദമായ ശുപാർശ സമർപ്പിക്കുവാനും കലക്ടറെ ചുമതലപ്പെടുത്തി.

സേവന കാലാവധി ദീർഘിപ്പിച്ചുട്രാവൻകൂർ കൊച്ചിൻ കെമിക്കൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കെ ഹരികുമാറിന്റെ സേവന കാലാവധി ദീർഘിപ്പിച്ചു.

ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജോർജി നൈനാന് പുനർനിയമനം നൽകാനും തീരുമാനിച്ചു.

ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, ജാ​ഗ്രത വേണം; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

0

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഒരു ജില്ലയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, ജാ​ഗ്രത വേണം; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
പ്രതിപക്ഷത്തിന്റെ ബഹിഷ്കരണം എന്തിനാണെന്ന് അവർക്ക് പോലും അറിയില്ല: മുഖ്യമന്ത്രി
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്രവചനം

11-12-2023 : തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

2023 ഡിസംബർ 11,12 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, ജാ​ഗ്രത വേണം; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
ഷൂ ഏറ്; വധശ്രമം എങ്ങനെ നിലനില്‍ക്കും, മര്‍ദിച്ചവര്‍ എവിടെ?; പൊലീസിനെ വിമര്‍ശിച്ച് കോടതി
ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും കുട്ടികൾ ഉൾപ്പെടെ കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം

33 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നാളെ

0

സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിൽ നാളെ (ഡിസംബർ 12) ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ   എ ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് നാളെ രാവിലെ 7 മുതൽ വൈകുന്നേരം 6  വരെയാണ്. സമ്മതിദായകർക്ക് വോട്ടു ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള SSLC ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ  ഉപയോഗിക്കാം. വോട്ടെണ്ണൽ ഡിസംബർ 13 ന് രാവിലെ 10 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും.

14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക്  പഞ്ചായത്ത്, 24  ഗ്രാമ പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 114 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അതിൽ 47 പേർ സ്ത്രീകളാണ്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ അന്തിമ വോട്ടർ പട്ടികയിൽ ആകെ 143345 വോട്ടർമാരാണുള്ളത്. 67764 പുരുഷന്മാരും 75581 സ്ത്രീകളും. വോട്ടർ പട്ടിക www.sec.kerala.gov.in എന്ന സൈറ്റിൽ ലഭ്യമാണ്. 

         വോട്ടെടുപ്പിന് 192 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം പൂർത്തിയായി. ബാലറ്റ് പേപ്പറുകൾ അച്ചടിച്ച് വരണാധികാരികൾക്ക് കൈമാറി. വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് സാധനങ്ങൾ തിങ്കളാഴ്ച ഉച്ചക്ക് 12ന് മുൻപ് സെക്ടറൽ ഓഫീസർമാർ അതാതു പോളിംഗ് ബൂത്തുകളിൽ എത്തിക്കും, ഉദ്യോഗസ്ഥർ പോളിംഗ് ബൂത്തിൽ ഹാജരായി  അവ കൈപ്പറ്റണം. മോക്ക് പോൾ വോട്ടെടുപ്പ് ദിവസം രാവിലെ 6 മണിക്ക് നടത്തും.

ക്രമ സമാധാനപാലനത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌ന ബാധിത ബൂത്തുകളിൽ  വീഡിയോഗ്രഫിയും പ്രത്യേക പോലീസ് സുരക്ഷയും ഏർപ്പെടുത്തും.

വോട്ടെണ്ണൽ ഫലം  www.sec.kerala.gov.in  സൈറ്റിലെ TREND ൽ ലഭ്യമാകും.

സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകണക്ക് അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിക്കാണ് നൽകേണ്ടത്. അവ www.sec.kerala.gov.in സൈറ്റിൽ ഓൺലൈനിലൂടെ സമർപ്പിക്കാം. ഫല പ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് ഈ അവസരമുള്ളത്.

* ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ ജില്ലാടിസ്ഥാനത്തിൽ

തിരുവനന്തപുരം              – അരുവിക്കര ഗ്രാമ പഞ്ചായത്തിലെ  09 മണമ്പൂർ

കൊല്ലം                         – തഴവ ഗ്രാമ പഞ്ചായത്തിലെ 18 കടത്തൂർ കിഴക്ക്

                                 – പോരുവഴി ഗ്രാമ പഞ്ചായത്തിലെ 15 മയ്യത്തും കര

                                 – ഉമ്മന്നൂർ ഗ്രാമ പഞ്ചായത്തിലെ 20 വിലങ്ങറ

                                 – കൊറ്റങ്കര ഗ്രാമ പഞ്ചായത്തിലെ  08വായനശാല

പത്തനംതിട്ട                   – മലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ 12കാഞ്ഞിരവേലി

                                 – റാന്നി ഗ്രാമ പഞ്ചായത്തിലെ 07പുതുശ്ശേരിമല കിഴക്ക്

ആലപ്പുഴ                       –  കായംകുളം നഗരസഭയിലെ 32 ഫാക്ടറി

                                 – ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ 01 തിരുവൻ വണ്ടൂർ

കോട്ടയം                        – ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 11 കുറ്റിമരം പറമ്പ്

                                 – കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ 01ആനക്കല്ല്

                                 – കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ 04 കൂട്ടിക്കൽ

                                 – വെളിയന്നൂർ ഗ്രാമ പഞ്ചായത്തിലെ 10 അരീക്കര

                                 – തലനാട് ഗ്രാമ പഞ്ചായത്തിലെ 04 മേലടുക്കം

ഇടുക്കി                         – ഉടുമ്പൻചോല ഗ്രാമ പഞ്ചായത്തിലെ10 മാവടി

                                 – കരിങ്കുന്നം ഗ്രാമ പഞ്ചായത്തിലെ 07 നെടിയ കാട്

എറണാകുളം                   – വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്തിലെ 10 വരിക്കോലി

                                 – രാമമംഗലം ഗ്രാമ പഞ്ചായത്തിലെ  13 കോരങ്കടവ്

തൃശൂർ                          – മാള  ഗ്രാമ പഞ്ചായത്തിലെ  14 കാവനാട്

പാലക്കാട്                     – പാലക്കാട് ജില്ലാ പഞ്ചായത്തിലെ  24 വാണിയംകുളം

                                 – ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ 07 പാലാട്ട്  റോഡ്

                                 – മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ 06 കണ്ണോട്

                                 – പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ 14 തലക്കശ്ശേരി

                                 – തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിലെ  11 പള്ളിപ്പാടം

                                 – വടക്കഞ്ചേരി  ഗ്രാമപഞ്ചായത്തിലെ 06 അഞ്ചു മൂർത്തി

മലപ്പുറം                        – ഒഴൂർ ഗ്രാമ പഞ്ചായത്തിലെ 16 ഒഴൂർ

കോഴിക്കോട്                   – വാണിമേൽ ഗ്രാമ പഞ്ചായത്തിലെ 14 കോടിയൂറ

                                 – വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 16 ചല്ലിവയൽ

                                 – മടവൂർ ഗ്രാമ പഞ്ചായത്തിലെ 05 പുല്ലാളൂർ

                                 – മാവൂർ ഗ്രാമ പഞ്ചായത്തിലെ 13 പാറമ്മൽ

വയനാട്                        – മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ 03 പരിയാരം

കണ്ണൂർ                         – പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ 10 ചൊക്ലി

കാസർഗോഡ്                  – പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ 22 കോട്ടക്കുന്ന്