spot_img
Tuesday, June 30, 2026
Home Blog Page 460

ചാത്തമംഗലത്ത് എസ്‍യുവി കാറിൽ യുവാവ്, സംശയം തോന്നി പരിശോധിച്ചപ്പോൾ 268 ഗ്രാം ന്യൂജൻ മയക്കുമരുന്ന്, പൊക്കി എക്സൈസ്…

0

ചാത്തമംഗലം: ചാത്തമംഗലം വെളളിലശ്ശേരിയില്‍ വന്‍ ലഹരിമരുന്നു വേട്ട. കാറില്‍ കടത്തുകയായിരുന്ന 268 ഗ്രാം ന്യൂജൻ മയക്കുമരുന്നുമായി യുവാവ് പിടിയിലായി. കുന്ദമംഗലം സ്വദേശി മലയില്‍ വീട്ടില്‍ ശറഫുദ്ധീനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ക്രിസ്മസ്- പുതുവര്‍ഷാഘോഷങ്ങള്‍ക്കായി ലഹരി മരുന്ന് കോഴിക്കോട് നഗരത്തിലെത്തിക്കുന്നത് തടയാനായി എക്സൈസ് നടത്തിയ നീക്കത്തിലാണ് ന്യൂ ജനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിലാകുന്നത്. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡ്,എക്സൈസ് ഐബി, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ ശറഫുദ്ദീന്‍റെ കാറില്‍ നിന്നുമാണ് എംഡിഎംഎ കണ്ടെടുത്തത്. ബംഗളൂരുവില്‍ നിന്നും വില്‍പ്പനക്കായി എത്തിച്ചതാണ് ലഹരി മരുന്നെന്ന് എക്സൈസ് പറഞ്ഞു. ഇയാളുടെ കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.ബംഗളൂരുവില്‍ നിന്നും ലഹരി മരുന്ന് എത്തിച്ച് മലപ്പുറം കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്യുന്നതാണ് ശറഫുദ്ദീന്‍റെ രീതി. എന്‍ ഐ ടി ക്യാമ്പസ് പരിസരത്ത് കാറില്‍ കറങ്ങി നടന്നും ഇയാള്‍ ലഹരി മരുന്ന് വില്‍ക്കാറുണ്ടെന്നും എക്സൈസ് പറഞ്ഞു. പുതുവത്സരാഘോഷം കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ കോഴിക്കോട് ജില്ലയിൽ കര്‍ശന പരിശോധന തുടരാനാണ് എക്സൈസിന്‍റെ തീരുമാനം

വയനാട്ടില്‍ യുവാവിനെ കടുവ കടിച്ചു കൊന്നു ; പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി

0

കല്‍പ്പറ്റ:വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു.സുല്‍ത്താന്‍ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവ ആക്രമിച്ചശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് സൂചന. വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തില്‍ പ്രജീഷ് (36) ആണ് മരിച്ചത്. പാടത്തിന് സമീപത്തായിരുന്നു മൃതദേഹം. ഇവിടെ കടുവയെ കണ്ടതായാണ് നാട്ടുകാര്‍ പറയുന്നത്. കാലിന്‍റെ ഭാഗം പൂര്‍ണമായും ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചിട്ടുണ്ട്. ജനവാസ മേഖലയിലാണ് സംഭവം. പാടത്ത് പുല്ലരിയാന്‍ പോയതായിരുന്നു പ്രജീഷ്. ഏറെ വൈകിയിട്ടും വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. തുടര്‍ന്ന് സഹോദരന്‍ അന്വേഷിച്ചുപോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.വനാതിര്‍ത്തി മേഖലയാണ് മൂടക്കൊല്ലി. ഇവിടങ്ങളില്‍ പലപ്പോഴായി കടുവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ട്. രണ്ടുമാസം മുമ്പ് തോട്ടം തൊഴിലാളികള്‍ക്കുനേരെ കടുവയുടെ ആക്രമണ ശ്രമം ഉണ്ടായ സ്ഥലത്ത് തന്നെയാണ് ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.മാസങ്ങള്‍ക്ക് മുമ്പ് ജനുവരിയില്‍ വയനാട്ടിലെ മാനന്തവാടി പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു. കര്‍ഷകനായ തോമസ് ആണ് അന്ന് മരിച്ചത്. തോമസിനെ ആക്രമിച്ച കടുവയെ പിന്നീട് പിടികൂടുകയായിരുന്നു. കടുവ ആക്രമണത്തില്‍ പരിക്കേറ്റ തോമസിനെ ചികിത്സക്കായി കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെയായിരുന്നു മരണം.വയനാട്ടില്‍ ഒരിടവേളക്കുശേഷമാണിപ്പോള്‍ വീണ്ടും കടുവ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട ദാരുണ സംഭവമുണ്ടായത്. നേരത്തെ പലപ്പോഴായി ജനവാസ കേന്ദ്രങ്ങളില്‍ കടുവയിറങ്ങുന്നത് ജനങ്ങളെ ഭീഷണിയാലാക്കിയിരുന്നു. അമ്പലവയലില്‍ ഉള്‍പ്പെടെ കടുവയിറങ്ങിയ സംഭവത്തില്‍ നേരത്തെ വലിയ പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. ഇതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. തോമസിനെയും കടുവ ആക്രമിച്ച കൊലപ്പെടുത്തിയ സംഭവത്തിനുശേഷം ഈ വര്‍ഷം വയനാട്ടില്‍ കടുവ ആക്രമണത്തില്‍ മനുഷ്യജീവന്‍ നഷ്ടമായ രണ്ടാമത്തെ സംഭവമാണ് മൂടക്കൊല്ലിയിലെ യുവാവിന്‍റെ മരണം

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു

0

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രൻ.1950 നവംബർ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്‍റെ ജനനം. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സിൽ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബർദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവർത്തിച്ചു. 1982-ലും 87-ലും വാഴൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതോടെ പൂർണമായും സംഘടനാരംഗത്തേക്ക് മാറിയ കാനം 2015-ൽ സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2018-ൽ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2022 ഒക്ടോബറിൽ മൂന്നാംവട്ടവും സിപിഐ സംസ്ഥാന സെക്രട്ടറിയായി. ഭാര്യ – വനജ. മക്കൾ – സ്മിത, സന്ദീപ്.

യുവനടി ലക്ഷ്മിക സജീവൻ അന്തരിച്ചു

0

യുവനടി ലക്ഷ്മിക സജീവൻ (27) അന്തരിച്ചു. ഷാർജയിൽവച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരം . ഏറെ ജനപ്രീതി നേടിയ കാക്ക എന്ന ഷോർട് ഫിലിമിലൂടെ ശ്രദ്ധനേടി. പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളായ ലക്ഷ്മിക ഷാർജയില്‍ ജോലി ചെയ്തു വരികയായിരുന്നു.

ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടൻ ബ്ലോ​ഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക വേഷമിട്ടു.

17 ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ

0

ഉപയോക്തൃ ഡാറ്റ ചോർത്തുന്നതായി കണ്ടെത്തിയ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. 17 ‘സ്പൈ ലോൺ’ ആപ്പുകളാണ് പ്ലേ സ്റ്റോറിൽ നിന്ന് നീക്കിയത്. മൊബൈൽ ഫോണുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഉപയോക്താക്കളെ നിരീക്ഷിക്കാനും ഭീഷണിപ്പെടുത്താനുമാണ് ഈ ആപ്പുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ട്.

ESET ഗവേഷകർ ഉപയോക്താക്കളെ കബളിപ്പിക്കാൻ രൂപകൽപ്പന ചെയ്ത ആപ്പുകളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. വായ്പയെടുത്തവരെ ബ്ലാക്ക് മെയിൽ ചെയ്യാനും ഉയർന്ന പലിശയ്ക്ക് തുക തിരിച്ചുപിടിക്കാനും ഈ വിവരങ്ങൾ ഉപയോഗിക്കുന്നു. ആഫ്രിക്ക, ലാറ്റിനമേരിക്ക, തെക്ക് കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ താമസിക്കുന്നവരെയാണ് ഈ ആപ്പുകൾ ലക്ഷ്യമിടുന്നതെന്നാണ് വിവരം.

18 ആപ്പുകളിൽ നിന്ന് 17 മൊബൈൽ ആപ്പുകൾ ഗൂഗിൾ നീക്കം ചെയ്തു. അവസാന ആപ്പ് ഇപ്പോഴും ആപ്പ് സ്റ്റോറിൽ ലഭ്യമാണ്. ഈ ആപ്പിന്റെ പുതിയ പതിപ്പ് അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ആൻഡ്രോയിഡ് ഉപയോക്താക്കൾ ഈ ആപ്പുകൾ ഫോണുകളിൽ നിന്ന് സ്വമേധയാ നീക്കം ചെയ്യണം. ഫോണിൽ നിന്ന് ഉടൻ ഡിലീറ്റ് ചെയ്യാനുള്ള ആപ്പുകൾ; AA Kredit, Amor Cash, GuayabaCash, EasyCredit, Cashwow5, CrediBus6, FlashLoan, PrstamosCrdito, Préstamos De Crédito-YumiCash, Go Crédito, Instantáneo Préstamo, Cartera grande, Rápido Crédito, Finupp Lending, 4S Cash, TrueNaira16, EasyCash.

കേരളത്തിൽ വീണ്ടും മഴ കനക്കുന്നു? ഇന്ന് 3 ഉം നാളെ 6 ഉം ജില്ലകളിൽ യെല്ലോ അലർട്ട്

0

അറബിക്കടലിൽ പുതിയ ചക്രവാതചുഴി രൂപപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ടും നാളെ 6 ജില്ലകളിൽ യെല്ലോ അലർട്ടുമായിരിക്കും. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് യെല്ലോ ജാഗ്രതയെങ്കിൽ നാളെ എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ ജാഗ്രത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ചക്രവാതചുഴി അറിയിപ്പ് തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ഡിസംബർ 8,9 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയുക്കുന്നു.ഉയർന്ന തിരമാല ജാഗ്രത നിർദേശംകേരള തീരത്ത് 08-12-2023 (ഇന്ന്) രാത്രി 11.30 വരെ 0.6 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.തെക്കൻ തമിഴ്‌നാട് തീരത്ത് 08-12-2023 (ഇന്ന്) 11.30 വരെ 0.3 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലില്‍ ഒഴുക്കില്‍പെട്ട വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു, മൂന്നു കുട്ടികളെ രക്ഷപ്പെടുത്തി

0

കോഴിക്കോട്: കടലിൽ അപകടത്തിൽ പെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് ചാമുണ്ടിവളപ്പ് സ്വദേശി സുലൈമാൻ്റെ മകൻ മുഹമ്മദ് സെയ്ദ് (14) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഇന്നലെ കളിക്കുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. കോഴിക്കോട് കോതിപാലത്ത് ഇന്നലെയാണ് അപകടമുണ്ടായത്. അപകടം നടന്നയുടനെ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. തുടര്‍ന്നാണ് നാലുപേരെയും രക്ഷപ്പെടുത്തിയത്. എന്നാല്‍, മുഹമ്മദ് സെയ്ദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഡോ. ഷഹ്നയുടെ ആത്മഹത്യ; ഡോ. റുവൈസ് അറസ്റ്റിൽ

0

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തായ ഡോ. റുവൈസ് അറസ്റ്റിൽ. മെഡി. കോളേജ് പൊലീസാണ് റുവൈസിനെ അറസ്റ്റ് ചെയ്തത്. റുവൈസിനെ ഇന്ന് വൈകുന്നേരം കോടതിയിൽ ഹാജരാക്കും. ഇന്ന് പുലർച്ചെ കൊല്ലം കരുനാ​ഗപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നായിരുന്നു റുവൈസിനെ കസ്റ്റിഡിയിലെടുത്തത്. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ റുവൈസിനായി ഹോസ്റ്റലിലും ബന്ധു വീടുകളിലും അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നലെയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. ഡോ. ഷഹ്നയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തിൽ നിന്ന് ഡോ. റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹ്ന ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്. കസ്റ്റഡിയിലെടുക്കാന്‍ വൈകിയാല്‍ ഇന്ന് റുവൈസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ നീക്കം നടത്തുമെന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു.

ഡോ. റുവൈസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഷഹ്നയുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. സ്ത്രീധനത്തിനായി സമ്മര്‍ദം ചെലുത്തിയത് റുവൈസ് ആണെന്ന് ഡോ. ഷഹ്നയുടെ സഹോദരന്‍ ജാസിം നാസ് ആരോപിച്ചു. റുവൈസാണ് സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയത്. കഴിയുന്നത്ര നൽകാമെന്ന് സമ്മതിച്ചെങ്കിലും റുവൈസ് എന്നിട്ടും വഴങ്ങിയില്ലെന്നും ജാസിം നാസ് പറഞ്ഞു. സ്ത്രീധനം കൂടുതൽ ചോദിച്ചത് പിതാവാണെന്നും പിതാവിനെ ധിക്കരിക്കാൻ ആവില്ലെന്ന് റുവൈസ് പറഞ്ഞിരുന്നതായും ജാസിം നാസ് പറഞ്ഞു. പണമാണ് തനിക്ക് വലുതെന്നാണ് റുവൈസ് ഷഹ്നയോട് പറഞ്ഞത്. ഷഹ്നക്ക് റുവൈസിനെ അത്രത്തോളം ഇഷ്ടമായിരുന്നു. റുവൈസ് തയാറായിരുന്നെങ്കിൽ രജിസ്റ്റർ വിവാഹം നടത്തി കൊടുക്കുമായിരുന്നു. പക്ഷെ അതിനും റുവൈസ് തയാറായില്ലെന്നും സഹോദരന്‍ ജാസിം നാസ് പറഞ്ഞു.

ക്യൂ നില്‍ക്കാതെ ആശുപത്രി അപ്പോയ്‌മെന്റെടുക്കാം; 600 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായി

0

സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 393 ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം സജ്ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണ്. 16 മെഡിക്കൽ കോളേജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 18 ജില്ല, ജനറൽ ആശുപത്രികൾ, 22 താലൂക്ക് ആശുപത്രികൾ, 27 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 453 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 49 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 10 സ്‌പെഷ്യാലിറ്റി ആശുപത്രികൾ, 2 പബ്ലിക് ഹെൽത്ത് ലാബ്, 3 മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇ ഹെൽത്ത് നടപ്പിലാക്കിയത്. 130 ആരോഗ്യ കേന്ദ്രങ്ങളിൽ കൂടി ഇ ഹെൽത്ത് പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ മേഖലയിൽ ഡിജിറ്റൽ ഹെൽത്ത് നടപ്പിലാക്കുന്നതിനായി വലിയ പ്രയത്‌നമാണ് നടത്തി വരുന്നത്. ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാൻ 7.85 കോടി രൂപയുടെ ഭരണാനുമതി അടുത്തിടെ നൽകിയിരുന്നു. ഇ ഹെൽത്തിലൂടെ ഓൺലൈൻ ഒപി ടിക്കറ്റും പേപ്പർ രഹിത ആശുപത്രി സേവനങ്ങളും യാഥാർത്ഥ്യമാക്കി. ജീവിതശൈലീ രോഗനിർണയത്തിന് ശൈലീ ആപ്പ് ആവിഷ്‌ക്കരിച്ചു. ആർദ്രം ജനകീയ കാമ്പയിനിലൂടെ ഒന്നര കോടിയിലധികം പേരെ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. കാൻസർ രോഗനിർണയത്തിനും കാൻസർ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാൻസർ ഗ്രിഡ്, കാൻസർ കെയർ സ്യൂട്ട് നടപ്പിലാക്കി വരുന്നു. വിപുലമായ ഇ സഞ്ജീവനി സേവനങ്ങൾ ലഭ്യമാക്കി. ലാബ് റിസൾട്ട് എസ്എംഎസ് ആയി ലഭിക്കുന്ന സംവിധാനം ലഭ്യമാക്കി. ഹൃദ്യം, ആശാധാര പദ്ധതികളുടെ സേവനം ഓൺലൈൻ വഴിയാക്കി. ആശാധാര പദ്ധതിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് അടുത്തിടെ ദേശീയ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ അവാർഡ് ലഭിച്ചിരുന്നു.

എങ്ങനെ യുണിക്ക് ഹെൽത്ത് ഐഡി സൃഷ്ടിക്കും?

ഇ ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാൻ ആദ്യമായി തിരിച്ചറിയിൽ നമ്പർ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നൽകുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത നമ്പരിൽ ഒടിപി വരും. ഈ ഒടിപി നൽകുമ്പോൾ ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ഇത് പോർട്ടൽ വഴി ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ് വേർഡും മൊബൈലിൽ മെസേജായി ലഭിക്കും. ഈ തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയ്‌മെന്റ് എടുക്കാൻ സാധിക്കും.

എങ്ങനെ അപ്പോയ്‌മെന്റെടുക്കാം?

ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയൽ നമ്പരും പാസ് വേർഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ന്യൂ അപ്പോയ്‌മെന്റ് ക്ലിക്ക് ചെയ്യുക. റെഫറൽ ആണെങ്കിൽ ആ വിവരം രേഖപെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്ട്‌മെന്റും തെരഞ്ഞെടുക്കുക. തുടർന്ന് അപ്പോയ്‌മെന്റ് വേണ്ട തീയതി തെരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തിൽ ലഭ്യമായ ടോക്കണുകൾ ദൃശ്യമാകും. രോഗികൾ അവർക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കൺ എടുക്കാവുന്നതാണ്. തുടർന്ന് ടോക്കൺ പ്രിന്റും എടുക്കാവുന്നതാണ്. 

ടോക്കൺ വിവരങ്ങൾ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും. പോർട്ടൽ വഴി അവരുടെ ചികിത്സാവിവരങ്ങൾ, ലാബ്‌ റിസൾട്ട്‌, പ്രിസ്ക്രിപ്ഷൻ എന്നിവ ലഭ്യമാവുന്നതാണ്. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്

നവകേരള സദസ്: പരാതികളിൽ ജില്ലാതലത്തിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നു നിർദേശം

0

*സർക്കാർ തലത്തിൽ തീരുമാനമെടുക്കേണ്ടവ 45 ദിവസത്തിനകം തീർപ്പാക്കണം

          നവകേരള സദസിൽ തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ടു ലഭിക്കുന്ന പരാതികളിൽ രണ്ടാഴ്ച മുതൽ 45 ദിവസത്തിനകം തീർപ്പുകൽപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.

          നവകേരള സദസിൽ ലഭിക്കുന്ന പരാതികളിൽ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതൽ നടപടിക്രമം ആവശ്യമുണ്ടെങ്കിൽ പരമാവധി നാല് ആഴ്ചയ്ക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥർ തീരുമാനമെടുക്കണം. സംസ്ഥാനതലത്തിൽ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ ജില്ലാ ജോയിന്റ് ഡയറക്ടർമാർ പ്രിൻസിപ്പൽ ഡയറക്ടർക്ക് ആവശ്യമായ രേഖകൾ സഹിതം പ്രൊപ്പോസൽ അയക്കണം. പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ലഭിക്കുന്ന അപേക്ഷകൾ വിഷയത്തിന്റെ സ്വഭാവമനുസരിച്ച് വിവിധ സെക്ഷനുകൾക്കു കൈമാറി അടിയന്തരമായി തീർപ്പുകൽപ്പിക്കുകയും സർക്കാർ തലത്തിൽ നടപടി ആവശ്യമായ വിഷയങ്ങൾ ആവശ്യമായ രേഖകൾ സഹിതം സർക്കാരിനു സമർപ്പിക്കുകയും ചെയ്യണം. 45 ദിവസത്തിനകം പരാതികളിൽ തീർപ്പുകൽപ്പിക്കണം.

          നവകേരള സദസിൽ തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ടു ലഭിക്കുന്ന അപേക്ഷകൾ, പരാതികൾ തുടങ്ങിയവ നിയമസഭാ നിയോജക മണ്ഡലാടിസ്ഥാനത്തിൽ ജില്ലാതലത്തിൽ ക്രോഡീകരിച്ച് ക്രമ നമ്പറിട്ട് നവകേരള സദസിന്റെ കൈപ്പറ്റ് രസീതിലെ നമ്പർ സഹിതം രജിസ്റ്ററിൽ ചേർക്കണം. ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടർ, പരാതികളിലും അപേക്ഷകളിലും സ്വീകരിക്കുന്ന നടപടികളുടെ പുരോഗതി ദിനംപ്രതി പരിശോധിക്കുകയും വീഴ്ച കണ്ടെത്തിയാൽ ജില്ലാ ജോയിന്റ് ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയും വേണം.

          തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്ഥിരം അദാലത്ത് സംവിധാനത്തിന്റെ പരിധിയിൽ വരുന്ന കെട്ടിട നിർമാണം, ലൈസൻസ്, സിവിൽ രജിസ്ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ സിറ്റിസൺ അസിസ്റ്റന്റ് പോർട്ടലിൽ അപ്ലോഡ് ചെയ്തു പരാതികളിൽ ബന്ധപ്പെട്ട ഇന്റേണൽ വിജിലൻസ് ഓഫിസർമാർ അടിയന്തര പ്രാധാന്യത്തോടെ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. നവകേരള സദസിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ലഭിക്കുന്ന നിവേദനങ്ങളും പരാതികളും സംബന്ധിച്ച പുരോഗതി ദിനംപ്രതി പരിധോധിക്കുന്നതിനും സെക്ഷനുകൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനും ഡിപിഎൽഎ സെക്ഷൻ സീനിയർ സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയതായും ഇതു സംബന്ധിച്ച സർക്കുലറിൽ പറയുന്നു.