വ്യാജ ഓൺലൈൻ ലോൺ ആപ്പിനെതിരേ ജാഗ്രതപാലിക്കണം എന്ന സന്ദേശവുമായി കോഴിക്കോട് റൂറൽ പോലീസ് രംഗത്ത്. കോഴിക്കോട് റൂറലിലെ വിവിധ സ്ഥലങ്ങളിൽ സൈബർ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. ലോൺ ആപ്പ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ ഇതിനെതിരേ ആളുകളെ ബോധവത്‌കരിക്കുക എന്ന ഉദ്ദേശ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.ഓരോമാസവും കാമ്പയിൻ നടത്തും. ലോൺ ആപ്പുമായി ബന്ധപ്പെട്ട പരാതികൾ കൂടിവരുന്ന സാഹചര്യത്തിൽ ഇതിനെതിരേ ആളുകളെ ബോധവത്‌കരിക്കുക എന്ന ഉദ്ദേശ്യത്തിലാണ് റൂറൽ പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിൽ ഇത്തരം ഒരു ബോധവത്കരണ കാമ്പയിൻ ആരംഭിച്ചത്.വ്യാജലോൺ ആപ്പിലൂടെ പണം എടുക്കരുത്, ഫോണുകൾ സുരക്ഷിതമായി ഉപയോഗിക്കുക, ലിങ്കുകൾ ക്ലിക്ക് ചെയ്യാതിരിക്കുക, പണമയയ്ക്കുമ്പോൾ കൂടുതൽ ജാഗ്രതകാണിക്കുക, ഓൺലൈൻ ജോലിക്കായി പണം ആവശ്യപ്പെടുന്നുവെങ്കിൽ ശ്രദ്ധിക്കുക തുടങ്ങിയ സന്ദേശങ്ങളാണ് പോലീസ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. സ്കൂളുകൾ, കാമ്പസുകൾ, ബസ്‌സ്റ്റാൻഡുകൾ, ആളുകൾകൂടുന്ന മറ്റിടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പൊതുജനങ്ങളെ ബോധവത്കരിക്കുകയാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.ഓൺലൈൻ ചതികളെക്കുറിച്ച് ജനങ്ങളോട് വിവരിക്കുന്ന പരിപാടിയാണിത്. ചൊവ്വാഴ്ച വടകരയിലെ വിവിധ സ്ഥലങ്ങളിൽ കാമ്പയിൻ നടത്തി. ബുധനാഴ്ച നാദാപുരം മേഖലയിൽ ബോധവത്കരണപരിപാടി നടത്തും
അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം :മോട്ടോർ വാഹന വകുപ്പ്
വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്.പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം.വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്.അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ,മദ്യപിച്ച് വാഹനം ഓടിക്കുന്നവർ , മയക്കു മരുന്ന് ഉപയോഗിക്കുന്നവർ / കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റു ക്രിമിനൽ പശ്ചാത്തലം ഉള്ളവർ, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ നിങൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ്…
അതിനാൽ കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക.അപരിചതരായ വ്യക്തികൾ അവരുടെ വാഹനത്തിൽ ലിഫ്റ്റ് തന്നാലും,നിങ്ങളോട് കയറാൻ നിർബന്ധിച്ചാലും അത്തരം അവസരങ്ങൾ ഒഴിവാക്കുക….
സ്കൂൾ ബസുകൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവ പരമാവധി ഉപയോഗിക്കുക.നടന്നു പോകാവുന്ന ദൂരം, റോഡിൻ്റെ വലതു വശം ചേർന്ന്, കരുതലോടെ നടക്കുക.നടത്തം ആരോഗ്യത്തിനും നല്ലതാണ്.സ്കൂൾ യാത്രകൾക്ക് മാത്രമല്ല, എല്ലാ യാത്രകൾക്കും ഇത് ബാധകമാണ്….യാത്രകൾ അപകട രഹിതമാക്കാൻ നമുക്ക് ശ്രദ്ധയോടും കരുതലോടും കൂടി മുന്നോട്ട് പോകാം…
ഷൊർണുർ- നിലമ്പൂർ പാതയിലെ ട്രെയിനിൽ നിന്ന് വ്യാജ ടിടിഇ പിടിയിൽ
ഷൊർണുർ- നിലമ്പൂർ ട്രെയിനുകളിൽ ടിക്കറ്റ് പരിശോധിച്ചിരുന്ന വ്യാജ ടിടിഇ ആർപിഎഫിന്റെ പിടിയിലായി. റെയിൽവേയുടെ വ്യാജ ഐഡി കാർഡ് കാണിച്ച് കുറച്ചു ദിവസങ്ങളായി ഇയാൾ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചിരുന്നു. നിലമ്പൂർ ആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അരവിന്ദാക്ഷന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ ചെറുകരക്കും അങ്ങാടിപ്പുറത്തിനും ഇടക്ക് എഎസ്ഐ അരവിന്ദാക്ഷനും ഹെഡ് കോൺസ്റ്റബിൾ മുജീബ് റഹ്മാനും നടത്തിയ പരിശോധനയിലാണ് മങ്കട വേരുമ്പുലാക്കൽ സുൽഫിക്കർ (28) എന്നയാളെ പിടികൂടിയത്. പ്രതിയെ പിന്നീട് പാലക്കാട് ഡിവിഷൻ ആർപിഎഫ് അസിസ്റ്റന്റ് കമ്മീഷണർമാരുടെ നിർദേശ പ്രകാരം ഷൊർണൂർ ആർപിഎഫ് പോസ്റ്റ് കമാൻഡർ ശ്രീമതി ക്ലാരി വത്സ ഷൊർണൂർ റെയിൽവേ പോലീസിന് തുടർ നടപടികൾക്കായി കൈമാറി. ഷൊർണുർ റെയിൽവേ പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ അനിൽ മാത്യു തുടരന്വേഷണം ആരംഭിച്ചു.
ബസ്സിടിച്ച് പരിക്കേറ്റ കൊമ്പൻ അവശൻ, തകർന്ന ബസ് വനം വകുപ്പിന്‍റ കസ്റ്റഡിയിൽ
സുൽത്താൻ ബത്തേരി കല്ലൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഇടിച്ചു പരിക്കേറ്റ ആനയുടെ ആരോഗ്യനില മോശമായി തുടരുന്നു. നിലവിൽ വനംവകുപ്പ് ആര്‍ആര്‍ടി, വെറ്ററിനറി ടീം എന്നിവരുടെ നിരീക്ഷണത്തിലാണ് ആന. ആനയുടെ വലതു കാലിനും ചുമലിനുമാണ് പരിക്കേറ്റിട്ടുള്ളത്. ആനയെ നിരീക്ഷിക്കുന്നതിനായി കൂടുതല്‍ വനം വകുപ്പ് വാച്ചര്‍മാരെ ഏർപ്പാടിക്കിയിട്ടുണ്ട്. ആന അവശനായതിനാൽ, മയക്കുവെടിവച്ച് ചികിത്സ പ്രായോഗികമല്ല.
പതിവായി കല്ലൂർ മേഖലയിൽ എത്തുന്ന 35 വയസ്സുള്ള കൊമ്പനാണ് പരിക്കേറ്റത്. ആനയെ ഇടിച്ച കർണാടക സ്വദേശികൾ സഞ്ചരിച്ച ബസ് വനം വകുപ്പിന്‍റെ കസ്റ്റഡിയിലാണ്. ബസിന്‍റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. ബസ്സിലുണ്ടായിരുന്ന അയ്യപ്പ ഭക്തര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ യാത്രക്കാർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം നാട്ടിലേക്കു മടങ്ങി. സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട്.
കനത്ത മഴയിൽ ചെന്നൈ; വിമാന സർവീസ് നിർത്തിവെച്ചു
ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റ് നാളെ തീരം തൊടാനിരിക്കെ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും അതിതീവ്രമഴ. താഴ്ന്ന പ്രദേശങ്ങളും വീടുകളും വെള്ളത്തിനടിയിലായി. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. വെള്ളക്കെട്ടില്‍ പാര്‍ക്ക് ചെയ്ത കാറുകള്‍ ഒലിച്ചുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അതിനിടെ കനത്ത മഴയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. പുതിയതായി നിര്‍മിച്ച കെട്ടിടം തകര്‍ന്നാണ് ചെന്നൈയിലെ കാണത്തൂരില്‍ രണ്ട് പേര്‍ മരിച്ചത്. ജാര്‍ഖണ്ഡ് സ്വദേശികളാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.
റണ്‍വേയില്‍ വെള്ളം കയറിയതോടെ രാത്രി 11 മണി വരെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ വിവിധ മെട്രോ സ്‌റ്റേഷനുകൾക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടു. സെന്റ് തോമസ് മെട്രോ സ്‌റ്റേഷനിൽ നാലടിയോളം വെള്ളം കെട്ടിനിന്ന് സ്‌റ്റേഷനിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടു.
തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം നടപ്പാക്കാൻ നിർദേശിച്ചിട്ടുണ്ട്. അതേസമയം മദ്രാസ് ഹൈക്കോടതിയും ചെന്നൈയിലെ കോടതികളും പ്രവർത്തിക്കും. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു.
ചെന്നൈയിലും സമീപ ജില്ലകളിലും ഒറ്റരാത്രികൊണ്ട് പെയ്ത കനത്ത മഴയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ 5,000 ദുരിതാശ്വാസ കേന്ദ്രങ്ങൾ അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്നലെ രാത്രി സുരക്ഷാ നടപടികൾ അവലോകനം ചെയ്യുകയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തു.ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി വില്ലുപുരം, മയിലാടുതുറൈ, നാഗപട്ടണം, തിരുവള്ളൂർ, കടലൂർ, ചെങ്കൽപട്ട് എന്നീ ജില്ലകളിൽ എട്ട് എൻഡിആർഎഫ്, ഒമ്പത് എസ്ഡിആർഎഫ് ടീമുകള്‍ നിലയുറപ്പിച്ചിട്ടുണ്ട്.
അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയില്‍ മുന്നറിയിപ്പ്. വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള ആറ് ട്രെയിനുകൾ കൂടി റദ്ദാക്കിയിട്ടുണ്ട്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മിഗ്ജാമ് ചുഴലിക്കാറ്റ് വടക്ക് ദിശ മാറി തെക്കു ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ച് തെക്കൻ ആന്ധ്രാ പ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിൽ ഡിസംബർ അഞ്ചിന് രാവിലെ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ / ഇടത്തരം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
കുഞ്ഞുങ്ങളെ റോഡിൽ സുരക്ഷിതരാക്കാം; നിർദ്ദേശവുമായി മോട്ടർ വാഹന വകുപ്പ്
കുഞ്ഞുങ്ങളുടെ സുരക്ഷാ എല്ലാ മാതാപിതാക്കൾക്കും വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളെ വളരെ ശ്രദ്ധയോടെയാണ് എല്ലാവരും വളര്‍ത്തുന്നതും. കുഞ്ഞുങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മോട്ടർ വാഹന വകുപ്പ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് വയറലാവുകയാണ്. കുഞ്ഞുങ്ങളെ റോഡുകളില്‍ എങ്ങനെ സുരക്ഷിതരാക്കാം എന്ന വിഷയത്തെ കുറിച്ചാണ് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :
വഴിയിൽ അപ്രത്യക്ഷമാവുന്ന കുഞ്ഞുങ്ങൾ
*******************
ഏറ്റവും വിലപ്പെട്ട നിധിയാണ് നമ്മുടെ കുഞ്ഞുങ്ങൾ. അവരെ തികഞ്ഞ ശ്രദ്ധയോടെ തന്നെയാണ് നാമെല്ലാവരും വളർത്തുന്നതും. എന്നിരുന്നാലും ഈ കണ്ണിലുണ്ണികളെ നമ്മിൽ നിന്നും അടർത്തിയെടുക്കാൻ തക്കം പാർത്തിരിക്കുന്ന ചില ദുഷ്ടശക്തികളെങ്കിലും നമുക്ക് ചുറ്റുമുണ്ടെന്ന തിരിച്ചറിവ് മാതാപിതാക്കൾക്കും കുഞ്ഞുങ്ങളെ പരിപാലിക്കുന്നവർക്കും അത്യാവശ്യമാണ്.
നമ്മുടെ കുഞ്ഞുങ്ങളെ റോഡുകളിൽ എങ്ങനെ സുരക്ഷിതരാക്കാം എന്നതിന് ചില മാർഗ്ഗ നിർദ്ദേശങ്ങൾ ഇവിടെ കുറിക്കുന്നു.
1.ചുറ്റുപാടുകളെ നിരീക്ഷിക്കാനും മറ്റുള്ളവരെയും അവനവനെത്തന്നെയും അപകടങ്ങളിൽ നിന്നും രക്ഷിക്കാനും നമ്മുടെ കുട്ടികളെ ബാല്യത്തിൽ തന്നെ പഠിപ്പിക്കാം.
2. ഒറ്റയ്ക്ക് വീടിനു പുറത്തേക്ക് പോകുന്ന കുട്ടിക്ക് അച്ഛന്റെയോ അമ്മയുടെയോ ഫോൺ നമ്പർ മനപ്പാഠമാക്കി കൊടുക്കുക.
3. ഏതു വശം ചേർന്നാണ് റോഡിലൂടെ നടക്കേണ്ടതെന്ന് വ്യക്തമായി പറഞ്ഞു മനസ്സിലാക്കുക. എതിരെ വരുന്ന വാഹനം വ്യക്തമായി കാണാൻ കഴിയുന്ന രീതിയിൽ നടക്കാൻ പഠിപ്പിക്കുക. റോഡിന്റെ അരികു ചേർന്ന് നടക്കാനും ഉപദേശിക്കാം.
4. ഏതെങ്കിലും വാഹനം അടുത്തേയ്ക്ക് വന്ന് നിർത്തിയാൽ കഴിവതും അതിനടുത്തേക്ക് പോകാതിരിക്കാൻ കുട്ടികളോട് പറഞ്ഞു കൊടുക്കുക.
5. വാഹനത്തിൽ കളിപ്പാട്ടം അല്ലെങ്കിൽ മിഠായി ഉണ്ടെന്നും അതു നൽകാമെന്നുമൊക്കെ പറഞ്ഞാലും പറയുന്നവർ അപരിചിതരാണെങ്കിൽ പ്രത്യേകിച്ചും ആ വാഹനത്തിൽ കയറരുതെന്നും അടുത്തേക്ക് പോവുക പോലും ചെയ്യരുതെന്നും കുഞ്ഞിനെ ഉപദേശിക്കുക.
6. അഥവാ അപകടം തോന്നിയാൽ സുരക്ഷിതമായ ഇടങ്ങൾ ഏതൊക്കെയാണെന്ന് കുട്ടിക്ക് പറഞ്ഞു കൊടുക്കുക. അച്ഛൻ, അമ്മ എന്നിവരെ കൂടാതെ ആരൊക്കെയാണ് അത്യാവശ്യ ഘട്ടങ്ങളിൽ ആശ്രയിക്കാവുന്ന ആളുകൾ എന്ന് കുട്ടിക്ക് സ്ഥിരമായി പറഞ്ഞു കൊടുക്കുക. ഏതെങ്കിലും വാഹനം പിന്തുടരുന്നു എന്ന് തോന്നിയാൽ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാനും അതിനു ശേഷം അച്ഛനോ അമ്മയോ എത്തുംവരെ അവിടെ കാത്ത് നിൽക്കാനും നിർദ്ദേശിക്കുക.
7. കുട്ടികൾ എപ്പോഴും എല്ലാ കാര്യങ്ങളും അച്ഛനമ്മമാരോട് പറയണമെന്നില്ല. പേടി തോന്നിയ അവസരങ്ങളുണ്ടോ? എന്ന് ചോദിച്ചു മനസിലാക്കുന്നതാണ് നല്ലത്.
8. റോഡിൽ ഏതെങ്കിലും ആളുകളോ വാഹനമോ സംശയം ജനിപ്പിക്കുന്നതായി കുട്ടി നിങ്ങളോട് പറഞ്ഞാൽ അതിനെ നിസ്സാരമായി തള്ളിക്കളയരുത്. കുഞ്ഞുങ്ങൾ പറയുന്ന കാര്യങ്ങൾ കേൾക്കാനുള്ള സമയം കണ്ടെത്തുക.
9. ആരെങ്കിലും ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റിയാൽ ഉറക്കെ കരയാൻ പഠിപ്പിക്കുക. ആവശ്യമെങ്കിൽ ഇത് ചെയ്യാൻ പ്രാക്ടീസ് നൽകുക.
10. പൊതുവെ സ്വന്തം അഡ്രസ്സും ഫോൺ നമ്പറും പറയാനറിയാത്ത ദുർബലരെന്ന് തോന്നുന്ന കുട്ടികളെയാണ് ഇത്തരം ക്രിമിനൽ സംഘങ്ങൾ നോട്ടമിടാറുള്ളത്. അതിനാൽ കുട്ടികളെ ആത്മവിശ്വാസത്തോടെ റോഡ് ഉപയോഗിക്കാൻ പഠിപ്പിക്കുക.
11.അപകടസാഹചര്യങ്ങളിൽ ശ്രദ്ധയാകർഷിക്കാൻ വിസിൽമുഴക്കാൻ കുട്ടിയെ ഉപദേശിക്കുകയും, സ്ക്കൂൾ ബാഗിന്റെ വലതുവശത്ത് ഒരു നാടയിൽ വിസിൽ കോർത്തിടാവുന്നതും ആണ്.
12.പരിചയമില്ലാത്ത വാഹനങ്ങളിൽ ലിഫ്റ്റ് ആവശ്യപ്പെടുന്ന ശീലം പൂർണ്ണമായും ഉപേക്ഷിക്കാൻ പറയുക.
ഇനി ഒരു കുരുന്നു പോലും റോഡുകളിൽ അപ്രത്യക്ഷമാവാതിരിക്കട്ടെ!!!!
വിജയകാന്തിന്‍റെ ആരോഗ്യ നില എങ്ങനെ?; വിജയകാന്തിന്‍റ ഭാര്യ പ്രേമലതയുടെ പ്രതികരണം
ചെന്നൈ: ആരോഗ്യ നില മോശമായതിനാല്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്‍റെ ആരോഗ്യ നില സംബന്ധിച്ച് വിശദീകരണവുമായി ഭാര്യ പ്രേമലത. വിജയകാന്തിന്‍റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത് എന്നാണ് പ്രേമലത ആവശ്യപ്പെടുന്നത്. ക്യാപ്റ്റനൊപ്പമുള്ള ചിത്രങ്ങളുടെ പ്രേമലത പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 18ാം തീയതിയാണ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടന്ന് വിജയകാന്തിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു വിജയകാന്ത്.
പൊതുവേദികളില്‍ അദ്ദേഹം ഇപ്പോള്‍ പ്രത്യക്ഷപ്പെടാറില്ല. അവസാനമായി പൊതുവേദിയില്‍ വന്നത് അദ്ദേഹത്തിന്‍റെ ജന്മദിനത്തിനായിരുന്നു. അതും വീല്‍ചെയറിലായിരുന്നു വിജയകാന്ത്. നേരത്തെ നടനും സംവിധായകനുമായ നാസർ വിജയകാന്തിനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. വിജയകാന്തിന്റെ ആരോഗ്യം മെച്ചപ്പെട്ടുവരികയാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് നാസര്‍ ആവശ്യപ്പെട്ടു. നേരത്തെ വിജയകാന്ത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത് എന്ന റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ തള്ളിയിരുന്നു.ഇനിക്കും ഇളമൈ എന്ന സിനിമയിലൂടെ ആണ് വിജയകാന്ത് വെള്ളിത്തിരയില്‍ എത്തുന്നത്. വില്ലനായി വേഷമിട്ട അദ്ദേഹം സട്ടം ഒരു ഇരുട്ടറൈ എന്ന സിനിമയിലൂടെ നടനായി. ഒടുവില്‍ ക്യാപ്റ്റന്‍ എന്ന പേരിലും വിജയകാന്ത് സിനിമാ ലോകത്ത് അറിയപ്പട്ടു. ഹിന്ദിയിലും മലയാളത്തിലുമടക്കം വിജയകാന്ത് നായകനായ സിനിമകള്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഹോണസ്റ്റ് രാജ്, തമിഴ്‍ സെല്‍വൻ, വല്ലരശ്, ത്യാഗം, പേരരശ്, വിശ്വനാഥൻ രാമമൂര്‍ത്തി, സിമ്മസനം, രാജ്യം, ദേവൻ, രാമണ, തെന്നവൻ, സുദേശി,ധര്‍മപുരി, ശബരി, അരശങ്കം, എങ്കള്‍ അണ്ണ തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ഡിഎംഡികെയുടെ സ്ഥാപകനായ വിജയകാന്ത്, 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പാര്‍ട്ടിക്ക് ഒരു സീറ്റേ നേടാനായുള്ളൂ. 2011ല്‍ ഡിഎംകെയുമായി സംഖ്യം ചേര്‍ന്നാണ് താരം തെരഞ്ഞെടുപ്പിനെ നേരിട്ടത്. വിജയകാന്ത് പിന്നീട് പ്രതിപക്ഷനേതാവാകുകയും ചെയ്‍തിരുന്നു
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പത്മകുമാറിന്റെയും ഭാര്യയുടെയും മകളുടെയും അറസ്റ്റ് രേഖപ്പെടുത്തി
കൊല്ലം ഓയൂരിൽനിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ ആർ.പത്മകുമാർ (52), ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി അനുപമ (20) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 10 മണിക്കൂറാണ് പത്മകുമാറിനെയും കുടുംബത്തെയും അടൂർ കെഎപി ക്യാംപിൽ ചോദ്യംചെയ്തത്. പുലർച്ചെ 3 മണിയോടെയാണ് ചോദ്യം ചെയ്യൽ പൂർത്തിയായത്.
കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ സഹോദരന്റെ കൈയിൽ കൊടുക്കാൻ ശ്രമിച്ചത് ഭീഷണിക്കത്താണെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞതായാണു വിവരം. പണം തന്നാൽ കുട്ടിയെ വിട്ടുതരാമെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. ഇതിനിടെ, പത്മകുമാർ മൊഴികൾ അടിക്കടി മാറ്റുന്നത് പൊലീസിന് കുഴപ്പിക്കുന്നുണ്ട്. ആറുവയസ്സുകാരിയുടെ അച്ഛനു പണം നൽകിയിരുന്നുവെന്നായിരുന്നു ഇയാളുടെ ആദ്യ മൊഴി. എന്നാൽ തട്ടിക്കൊണ്ടുപോകൽ കടം വീട്ടാൻ പണം കണ്ടെത്താനെന്നായിരുന്നു രണ്ടാമത്തെ മൊഴി. പെൺകുട്ടിയുടെ പിതാവിൽനിന്നും പത്തുലക്ഷം വാങ്ങിയെടുക്കുകയായിരുന്നു ഉദ്ദേശ്യം.
ദമ്പതികൾ വരച്ച രേഖാചിത്രം കിറുകൃത്യം, അഭിനന്ദനപ്രവാഹം; സന്തോഷം പങ്കുവച്ച് കുറിപ്പ്
കൊല്ലം ഓയൂരില്‍നിന്നും ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ പ്രതികളുടെ രേഖാ ചിത്രം കൃത്യമായി വരച്ചു പ്രതികളെ കണ്ടെത്തുന്നതിൽ നിർണായകമായത് സി-ഡിറ്റ് ജീവനക്കാരാനായ ആർ.ബി.ഷജിത്തും ഭാര്യ സ്മിത എം.ബാബുവുമാണ്. തങ്ങൾ വരച്ച രേഖാചിത്രങ്ങൾ അന്വേഷണത്തിൽ നിർണായകമായതിൽ സന്തോഷം പങ്കുവച്ചു ഷജിത്ത് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ നിരവധിപേരാണ് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്.
കുട്ടിയെ കാണാതായ ദിവസം രാത്രി 12 മണിയോടെ പ്രതികളുടെ രേഖാചിത്രം വരയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസിപി പ്രദീപ് ഫോൺ വിളിച്ചെന്നാണു ഷജിത്ത് പറയുന്നത്. രേഖാചിത്രങ്ങൾ വെളുപ്പിനു നാലുമണിയോടെ തയാറാക്കി നൽകിയെന്നും കുട്ടിയെ കണ്ടെത്തിയ ശേഷം കുട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിക്ടോറിയ ആശുപത്രിയിൽവച്ചു മൂന്നുരേഖാ ചിത്രം കൂടി വരച്ചുനൽകുകയായിരുന്നെന്നും ഷജിത്ത് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
പൊതുസ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് ഉപയോഗിച്ച് പണമിടപാടുകൾ നടത്തുമ്പോൾ പരമാവധി ശ്രദ്ധ പുലർത്തണം:പോലീസ്
പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്സ്പോട്ടുകൾ സൗകര്യപ്രദമാണെങ്കിലും പലപ്പോഴും അവ സുരക്ഷിതമല്ലെന്നതാണ് യാഥാർത്ഥ്യം. സൗജന്യ ഹോട്ട്സ്പോട്ടുകളിലേക്ക് മൊബൈൽ ഫോൺ ബന്ധിപ്പിച്ച് യു.പി.ഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കാതിരിക്കുക. പാസ് വേഡും യു.പി.ഐ ഐഡിയും ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ പബ്ലിക് വൈ ഫൈ മുഖേന ചോരാൻ സാദ്ധ്യതയേറെയാണ്. ഫോണിൽ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ രേഖകൾ, ഫോട്ടോകൾ, ഫോൺ നമ്പരുകൾ, ലോഗിൻ വിവരങ്ങൾ എന്നിവയും ചോർത്തിയെടുക്കാൻ ഹാക്കർമാർക്ക് ഇതിലൂടെ കഴിയും. പൊതു ഹോട്ട്സ്പോട്ടുകൾ ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ അക്കൗണ്ടുകൾ എടുക്കുകയോ പണമിടപാടുകൾ നടത്തുകയോ ചെയ്യരുത്.
ഇത്തരത്തിൽ ഓണലൈൻ വഴി പണം നഷ്ടപ്പെടുകയോ മറ്റ് സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാവുകയോ ചെയ്താൽ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റിലോ പരാതി റജിസ്റ്റർ ചെയ്യാം. ഓർമ്മിക്കുക, ഒരു മണിക്കൂറിനകം വിവരം 1930 ൽ അറിയിച്ചാൽ പൊലീസിന് പണം തിരിച്ചുപിടിക്കാൻ എളുപ്പത്തിൽ കഴിയും.



