spot_img
Tuesday, June 30, 2026
Home Blog Page 464

‘ഹെൽമെറ്റിനോട് വേണം കാതൽ’ : കുറിപ്പുമായി കേരള പൊലീസ്

0

ഇരുചക്ര വാഹനയാത്രക്കാരെ ഹെൽമറ്റ് ഉപയോ​ഗത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ച് കേരള പൊലീസ്. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് പൊലീസിന്റെ ഓർമപ്പെടുത്തൽ. ഹെൽമെറ്റ് നിർബന്ധമാണെങ്കിലും എങ്ങനെ ഒഴിവാക്കാം എന്ന് ചിന്തിക്കുന്നവരും ഉണ്ടെന്നും പൊലീസിന്റെ കയ്യിൽനിന്നു  രക്ഷപ്പെടാൻ വേണ്ടിയല്ല, സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടിയാണ്  ഹെൽമെറ്റ് ധരിക്കേണ്ടതെന്നും പൊലീസ് കുറിപ്പിൽ പറയുന്നു. ഹെൽമെറ്റ് വാങ്ങുമ്പോഴും ഉപയോ​ഗിക്കുമ്പോഴും ശ്ര​ദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയും കുറിപ്പിലുണ്ട്. 

കുറിപ്പിന്റെ പൂർണരൂപം

ഇരുചക്രവാഹന യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാണെങ്കിലും എങ്ങനെ ഒഴിവാക്കാം എന്ന് ചിന്തിക്കുന്നവരും ഉണ്ട്. 

  • ഇരുചക്രവാഹനാപകടങ്ങളിൽ പൊതുവെ തലയ്ക്കാണു  ക്ഷതമേൽക്കുക.  തലയോട്ടിക്ക് പൊട്ടൽ സംഭവിക്കുക, തലച്ചോറിനു പരിക്ക് പറ്റുക തുടങ്ങി ഇടിയുടെ ആഘാതത്തിന്റെ തോത്  കുറയ്ക്കാൻ ഹെൽമെറ്റ് കൃത്യമായി ധരിക്കുന്നത് എന്തുകൊണ്ടും സഹായകമാണ്. 
  • ഹെൽമെറ്റിന്റെ പുറംചട്ടയ്ക്കു താഴെയുളള Shock Absorbing Lining അപകടം നടക്കുമ്പോൾ തലയോട്ടിയിലേൽക്കുന്ന ശക്തമായ ക്ഷതം കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല, മസ്തിഷ്കത്തിന് ഗുരുതരമായ പരുക്കു പറ്റാതെയും സംരക്ഷിക്കുന്നു. 
  • ഗുണനിലവാരമുള്ളതും ശിരസ്സിന് അനുയോജ്യമായ വലുപ്പത്തിലുളളതുമായ ഹെൽമെറ്റ് വാങ്ങുക. ഫേസ് ഷീൽഡ് ഉളളതുതന്നെ വാങ്ങാൻ ശ്രമിക്കുക. വില കുറഞ്ഞ  ഹെൽമെറ്റ്  സുരക്ഷിതമല്ല.  
  • ഓർക്കുക. പൊലീസിന്റെ കയ്യിൽനിന്നു  രക്ഷപ്പെടാൻ വേണ്ടിയല്ല, സ്വന്തം ജീവൻ രക്ഷിക്കാനും നിങ്ങളുടെ കുടുംബത്തിന് നിങ്ങളെ നഷ്ടപ്പെടാതിരിക്കാനുമാണ് ഹെൽമെറ്റ് ധരിക്കുന്നത്.  
  • ഒന്നുകൂടി… ചിൻസ്ട്രാപ്പ് ഉപയോഗിച്ച് ഹെൽമെറ്റ് ശിരസ്സിൽ മുറുക്കി ഉറപ്പിക്കാൻ മറക്കണ്ട. ചിൻ സ്ട്രാപ്പ് മുറുക്കിയില്ലെങ്കിൽ അപകടം ഉണ്ടാകുമ്പോൾ ഹെൽമെറ്റ് ആദ്യംതന്നെ തെറിച്ചുപോകാൻ സാധ്യതയുണ്ട്.

കുസാറ്റ്; വിദ്യാർഥികളുടെ മൃതദേഹം പൊതുദർശനത്തിനുവച്ചു; പൊട്ടിക്കരഞ്ഞ് സഹപാഠികൾ

0

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ ടെക്ഫെസ്റ്റിലെ ഗാനമേളയ്‌ക്കെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ടു മരിച്ച മൂന്നു വിദ്യാർഥികളുടെ മൃതദേഹം ക്യാംപസിൽ പൊതുദർശനത്തിനുവച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷമാണ് മൃതദേഹം ക്യാംപസിലേക്ക് കൊണ്ടുവന്നത്.

സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർഥികളായ കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ കെ.എം.തമ്പിയുടെ മകൻ അതുൽ തമ്പി (21), പറവൂർ കുറുമ്പത്തുരുത്ത് കോണത്ത് വീട്ടിൽ കെ.ജി.റോയിയുടെ മകൾ ആൻ റിഫ്ത റോയി (21), കോഴിക്കോട് താമരശേരി കോരങ്ങാട് തുവ്വക്കുന്നിൽ താമസിക്കുന്ന വയലപ്പള്ളിൽ തോമസ് സ്കറിയയുടെ മകൾ സാറ തോമസ് (20) എന്നിവരുടെ മൃതദേഹമാണ് ക്യാംപസിൽ പൊതുദർശനത്തിനു വച്ചത്. ഇന്നലെവരെ ഒപ്പം നടന്നവരുടെ ചേതനയറ്റ ശരീരം കണ്ടപ്പോൾ ദുഃഖം താങ്ങാനാകാതെ അധ്യാപകരും സഹപാഠികളും പൊട്ടിക്കരഞ്ഞു.

ദുരന്തത്തിൽ മരിച്ച ഇലക്ട്രിഷ്യനായ പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പിൽ ജോസഫിന്റെ മകൻ ആൽബിൻ ജോസഫിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കു ശേഷം നാട്ടിലേക്കു കൊണ്ടുപോയി.

സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ വൈസ് ചാൻസലറോടും (വിസി) ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയോടും റിപ്പോർട്ട് തേടി. സർവകലാശാലയുടെ സിൻഡിക്കേറ്റ് സബ് കമ്മറ്റിയുടെ അന്വേഷണം വൈസ് ചാൻസലർ പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റ് ചികിത്സയിലുള്ള വിദ്യാർഥികളുടെ ചികിത്സാ ചെലവ് സർവകലാശാല വഹിക്കും. അസ്വഭാവിക മരണത്തിനു പൊലീസും കേസെടുത്തിട്ടുണ്ട്.

അപകടത്തിൽ 66 പേർക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റ 4 പേരുടെ നില ഗുരുതരമാണ്. ഗുരുതരനിലയിലുള്ളവരിൽ 2 പേർ മെഡിക്കൽ കോളജ് ആശുപത്രിയിലും കായംകുളം സ്വദേശി ഗീതാഞ്ജലി, മലപ്പുറം സ്വദേശി ശ്വേത എന്നിവർ ആസ്റ്റർ മെഡ്സിറ്റിയിലുമാണ്. 46 പേരെ കളമശേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും 16 പേരെ പത്തടിപ്പാലം കിൻഡർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്കേറ്റവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

കുസാറ്റിൽ മരിച്ച നാല് വിദ്യാർഥികളെയും തിരിച്ചറിഞ്ഞു.മരിച്ചവരിൽ താമരശ്ശേരി സ്വദേശിനിയും

0

കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിനോടനുബന്ധിച്ച ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് വിദ്യാർഥികളെയും തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശി ആൻ റിഫ്റ്റ (രണ്ടാം വർഷ ഇലക്ട്രോണിക് എൻജിനീയറിങ്), താമരശ്ശേരി കോരങ്ങാട്സ്വദേശിനി സാറ തോമസ് (രണ്ടാം വർഷ എൻജിനീയറിങ്), ഇതരസംസ്ഥാനക്കാരനായ ജിതേന്ദ്ര ദാമു എന്നീ വിദ്യാർഥികളാണ് മരിച്ചത്. നാലുപേരെയും മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.’ധിഷ്ണ’ എന്ന പേരിൽ നടത്തിയ ടെക് ഫെസ്റ്റിന്‍റെ ഭാഗമായി പ്രശസ്ത ഗായിക നിഖിത ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗാനസന്ധ്യയായിരുന്നു ഇന്ന് വൈകീട്ട് ക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്നുവന്നിരുന്നത്. ഇതിനിടെയിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് വിദ്യാർഥികൾ മരിച്ചത്. 72 വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ നാല് വിദ്യാർഥിനികളുടെ നില ഗുരുതരമാണ്. എൻജിനീയറിങ് വിദ്യാർഥികളാണ് പരിപാടിക്കായി ഓഡിറ്റോറിയത്തിനകത്ത് ആദ്യം കയറിയത്. മറ്റ് ഡിപ്പാർട്മെന്‍റുകളിലെ വിദ്യാർഥികൾക്ക് കയറാൻ ഗേറ്റിനടുത്ത് വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. പുറത്ത് മഴ പെയ്തതും കൂടുതൽ കുട്ടികൾ ഓഡിറ്റോറിയത്തിലേക്ക് വരാൻ കാരണമായി. ഗേറ്റ് തുറന്നതോടെ വിദ്യാർഥികൾ കൂട്ടമായി തിക്കിത്തിരക്കി ഉള്ളിലേക്ക് കടന്നു. ഗേറ്റ് കടക്കുന്നയുടൻ താഴേക്ക് സ്റ്റെപ്പുകളാണ്. ഈ സ്റ്റെപ്പിലാണ് ആദ്യം കുട്ടികൾ വീണത്. പിന്നാലെയെത്തിയവർ ഇവർക്ക് മേലെ വീണു. പിറകിൽ നിന്ന് വീണ്ടും വീണ്ടും തിരക്കുണ്ടായതോടെ വീണവർ അടിയിൽ കുടുങ്ങുകയായിരുന്നു.

കുസാറ്റില്‍ ഗാനമേള ക്കിടെ അപകടം; തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാര്‍ഥികള്‍ മരിച്ചു

0

കളമശേരി :കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾ മരിച്ചു. നിരവധിപ്പേർക്ക് പരുക്കേറ്റു. ശനിയാഴ്ച വൈകിട്ട് ഓഡിറ്റോറിയത്തിൽ നടന്ന ഗാനമേളയ്ക്കിടെയാണ് അപകടം. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഉൾപ്പെടെ നിരവധി ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയതാണ് അപകടകാരണം എന്നാണ് വിവരം. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്, പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം. പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ നിരവധി വിദ്യാർഥിളുണ്ടായിരുന്നു. നൃത്തം ചെയ്ത് ആഘോഷമായി വിദ്യാർഥികളടക്കമുള്ളവർ പരിപാടി ആസ്വദിക്കുന്നതിനിടെ മഴ പെയ്തു. ഇതോടെ ഓഡിറ്റോറിയത്തിന് പുറത്തുണ്ടായിരുന്നവർ അകത്തേക്ക് ഇരച്ചുകയറുകയും അനിയന്ത്രിതമായി തിക്കും തിരക്കും അനുഭവപ്പെടുകയായിരുന്നു.നിരവധി വിദ്യാർഥികൾ ശ്വാസം കിട്ടാതെ കുഴഞ്ഞുവീഴുകയും ചെയ്തു.

ഷവര്‍മ വില്‍പന കേന്ദ്രങ്ങളിൽ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ഇവയാണ്.

0

ഷവര്‍മ വില്‍പന കേന്ദ്രങ്ങളെല്ലാം കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നയിടവും പാകം ചെയ്യുന്ന ഇടവും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. കാറ്റും പൊടിയും കയറുന്ന രീതിയില്‍ തുറന്ന സ്ഥലങ്ങളില്‍ ഷവര്‍മ കോണുകള്‍ വയ്ക്കാന്‍ പാടില്ല. ഷവര്‍മ തയാറാക്കാന്‍ ഉപയോഗിക്കുന്ന ഫ്രീസറുകള്‍ (18 ഡിഗ്രി സെല്‍ഷ്യസ്) ചില്ലറുകള്‍ (4 ഡിഗ്രി സെല്‍ഷ്യസ്) എന്നിവ കൃത്യമായ ഊഷ്മാവില്‍ വേണം പ്രവര്‍ത്തിക്കാന്‍. ഇതിനായി ടെമ്പറേച്ചര്‍ മോണിറ്ററിംഗ് റെക്കോര്‍ഡ്‌സ് കടകളില്‍ സൂക്ഷിക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ കൃത്യമായും വ്യക്തിശുചിത്വം പാലിക്കുകയും മെഡിക്കല്‍ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് നേടുകയും വേണം.ഷവര്‍മക്കുപയോഗിക്കുന്ന ബ്രഡ്, കുബ്ബൂസ് എന്നിവ വാങ്ങുമ്പോള്‍ ലേബലില്‍ പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കണം. ഷവര്‍മ കോണുകള്‍ തയാറാക്കുന്ന മാംസം പഴകിയതാകാന്‍ പാടില്ല. കോണില്‍ നിന്നും സ്‌ളൈസ് ചെയ്‌തെടുത്ത മാംസം, കൃത്യമായും മുഴുവനായും വേവുന്നതിനായി രണ്ടാമതൊന്നു കൂടി ഗ്രില്ലിംഗോ ഓവനിലെ ബേക്കിംഗോ ചെയ്യണം.മയണൈസിനായി പാസ്ച്വറൈസ് ചെയ്ത മുട്ടകളോ അല്ലെങ്കില്‍ പാസ്ച്വറൈസ്ഡ് മയണൈസോ മാത്രം ഉപയോഗിക്കുക. മയണൈസുകള്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ സാധാരണ ഊഷ്മാവില്‍ വയ്ക്കരുത്. പാസ്ച്വറൈസ് ചെയ്ത മയണൈസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍, ഒരിക്കല്‍ കവര്‍ തുറന്ന് ഉപയോഗിച്ചതിന് ശേഷം ബാക്കി വന്നത് നാല് ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവില്‍ സൂക്ഷിക്കണം. രണ്ട് ദിവസങ്ങളില്‍ കൂടുതല്‍ ഉപയോഗിക്കുകയും ചെയ്യരുത്.

പാക്ക് ചെയ്ത് നല്‍കുന്ന ഷവര്‍മയുടെ ലേബലില്‍ പാകം ചെയ്തതു മുതല്‍ ഒരു മണിക്കൂര്‍ വരെ ഉപയോഗിക്കാം എന്ന് വ്യക്തമായി ചേര്‍ക്കണം. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് നിയമ പ്രകാരം ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ എല്ലാം തന്നെ ലൈസന്‍സ് അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ എടുത്തു മാത്രമേ പ്രവര്‍ത്തിക്കാവൂ. ഇത് ലംഘിക്കുന്ന വര്‍ക്കെതിരെ പത്ത് ലക്ഷം രൂപ വരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

വയർ കേടാക്കും ‘ഷവർമ’ വിൽപ്പന’; പൂട്ടിച്ചത് 148 ഹോട്ടലുകൾ, പരിശോധന നടന്നത് 1287 കേന്ദ്രങ്ങളില്‍

0

കടയുടമകള്‍ ഷവര്‍മ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന വ്യാപകമായി ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന. 88 സ്‌ക്വാഡുകള്‍ 1287 ഷവര്‍മ വില്‍പന കേന്ദ്രങ്ങളിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. മാനദണ്ഡങ്ങൾ ലംഘിച്ച 148 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വില്‍പന നിര്‍ത്തിവയ്പ്പിച്ചു. 178 സ്ഥാപനങ്ങള്‍ക്ക് റക്ടിഫിക്കേഷന്‍ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കിയതായും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.മയണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയ146 സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുത്തതായി വീണാ ജോർജ്ജ് അറിയിച്ചു. കേന്ദ്രങ്ങളിൽ ഇനിയും പരിശോധനകള്‍ തുടരും. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ജോയിന്റ് കമ്മീഷണര്‍ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷ്ണര്‍മാരായ എസ്. അജി, ജി. രഘുനാഥ കുറുപ്പ്, വി.കെ. പ്രദീപ് കുമാര്‍ എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.

‘തൊട്രാ പാക്കലാം..’; റോബിൻ ബസ് ഇനി ബി​ഗ് സ്ക്രീനിലും കുതിക്കും, പ്രഖ്യാപനം

0

കേരളത്തിൽ അടുത്തകാലത്ത് വൻ ചാർച്ചാ വിഷയം ആയ റോബിൻ ബസിന്റെ കഥ ഇനി വെള്ളിത്തിരയിലും. ചിത്രത്തിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം നടന്നു.  പ്രശാന്ത് ബി മോളിക്കൽ ആണ് ചിത്രം സംവിധാനം ചെയ്യുക. റോബിൻ: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എന്നാണ് ചിത്രത്തിന്റെ പേര്. സെന്റ് മേരീസ് അസോസിയേറ്റ് പ്രൈവറ്റ് ലിമിറ്റഡ് സിനിമ നിർമിക്കും.  റോബിൻ സിനിമ ഔദ്യോ​ഗികമായി പ്രഖ്യാപിച്ച് സംവിധായകൻ കുറിച്ചത് ഇങ്ങനെ, “സുഹൃത്തുക്കളെ..വർഷങ്ങൾക്ക് മുൻപ് നിർമ്മാതാക്കളോടും, അഭിനേതാക്കളോടും സിനിമാ കഥ പറയുവാനായി റാന്നിയിൽ നിന്നും എറണാകുളത്ത് എന്നെ എത്തിച്ചിരുന്നത് റോബിൻ ബസ് ആണ്.

പതിവായി മുന്നോട്ടുള്ള യാത്രകളിൽ എൻറെ ആദ്യ സിനിമ സംഭവിക്കുകയും, വരുന്ന ഫെബ്രുവരിയിൽ അതിന്റെ റിലീസ് എത്തി നിൽക്കുകയും ആണ്. ആദ്യ സിനിമയ്ക്ക് (KOON) ശേഷം സംഭവിക്കുന്ന യഥാർത്ഥ വിജയത്തിനായി മാസങ്ങൾക്ക്‌ മുൻപ് തന്നെ കഥകൾ അന്വേഷിച്ച് തുടങ്ങുകയും, അവയിൽ ഒരെണ്ണം ഷൂട്ടിങ്ങോളം എത്തി നിൽക്കുകയും, മറ്റ് ചില കഥകൾ ചർച്ചകളിൽ ഇരിക്കുകയും ചെയുന്നതിനിടയ്ക്കാണ് കേരളത്തെ പിടിച്ച് കുലുക്കിയ റോബിൻ ബസ് സംഭവം നമുക്ക് മുന്നിൽ കൂടി സംഭവിച്ചു കൊണ്ടിരിക്കുന്നത്. പ്രതികാര മനോഭാവം പൂണ്ട മനുഷ്യ നിർമ്മിതങ്ങളായ ടാർഗറ്റട് പ്രതിസന്ധികളെ സാധാരണക്കാരന്റെ അവസാന ആശ്രയമായ കോടതികളുടെയും നിയമത്തിന്റെയും പിൻബലത്തിൽ തച്ചുടച്ച് തകർത്തു കൊണ്ടുള്ള റോബിൻ ബേസിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഞങ്ങൾ ഇറങ്ങുകയാണ്. Based on a true story- ROBIN – All india tourist permit.കഥ പറഞ്ഞപ്പോൾ തന്നെ നമുക്കിത് ചെയാം എന്ന് പറഞ്ഞ് മുന്നോട്ട് വന്ന നിർമ്മാതാക്കളെ നന്ദിയോടെ ഓർക്കുന്നു. എല്ലാവരുടേയും സഹായ സഹകരണങ്ങളും, വിലയേറിയ പിന്തുണയും പ്രതീക്ഷിച്ച് കൊണ്ട് പ്രശാന്ത് മോളിക്കൽ”. 

സതീഷ് ആണ് റോബിന്റെ കഥയും തിരക്കഥയും രചിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും സിനിമ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഉടൻ തുടങ്ങുമെന്നാണ് വിവരം. അതേസമയം, സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരെയും അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. 

സെല്‍വിന്‍ ഇനിയും ജീവിക്കും ആറ് പേരിലൂടെ

0

തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്‌റ്റർ കൊച്ചിയിലെത്തി. ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16-കാരൻ ഹരിനാരായണനുവേണ്ടിയാണ് ഹൃദയമെത്തിച്ചത്. ശസ്ത്രക്രിയക്ക് നേതൃത്വം നൽകുന്നത് ഡോ ജോസ് ചാക്കോ പെരിയപുരമാണ്.

ആറു പേർക്കാണ് സെൽവിനിലൂടെ പുതുജീവിതത്തിലേക്ക് എത്തുന്നത്. ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലെ രോഗികൾക്കുമാണ് നൽകുന്നത്. കണ്ണുകൾ തിരുവനന്തപുരം കണ്ണ് ആശുപത്രിയിലെ രണ്ടു രോ​ഗികൾക്ക് നൽകും. കന്യാകുമാരി വിളവിൻകോട് സ്വദേശിയാണ് സെൽവിൻ. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഹെലികോപ്റ്റർ വഴി അവയവദാനത്തിനുള്ള ശ്രമം നടക്കുന്നത്.

കൊച്ചിയിലെ ഹെലിപാടിൽ നിന്ന് ലിസി ആശുപത്രിയിലേക്കും ആംസ്റ്റർ മെഡിസിറ്റിയിലേക്കും റോഡ് വഴിയാണ് അവയവങ്ങൾ എത്തിച്ചത്. ​ഗതാ​ഗത നിയന്ത്രണമുൾപ്പെടെ ഏർപ്പെടുത്തിയായിരുന്നു അവയവങ്ങൾ ആശുപത്രിയിൽ എത്തിച്ചത്. നവംബർ 24നാണ് സെൽവിൻ മരിച്ചത്. തുടർന്ന് ഭാര്യ അവയവ ദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു.

ഇടപാടുകള്‍ക്ക് പണം ഈടാക്കി തുടങ്ങി ഗൂഗിള്‍ പേ

0

മൊബൈല്‍ റീചാര്‍ജുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കി തുടങ്ങി ഗൂഗിള്‍ പേ. വര്‍ഷങ്ങളോളം ഉപയോക്താക്കളെ അവരുടെ പ്രീപെയ്ഡ് പ്ലാന്‍ റീചാര്‍ജ് ചെയ്യാനും അധിക ചെലവില്ലാതെ ബില്ലുകള്‍ അടയ്ക്കാനും അനുവദിച്ചതിന് ശേഷമാണ് ഗൂഗിള്‍ പേ പുതിയ മാറ്റം കൊണ്ടുവരുന്നത്. കഴിഞ്ഞദിവസം ഒരു ഉപയോക്താവാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ഉപയോക്താവ് പങ്കിട്ട സ്‌ക്രീന്‍ഷോട്ടില്‍ മൂന്ന് രൂപ കണ്‍വീനിയന്‍സ് ഫീസ് ഈടാക്കിയെന്ന വ്യക്തമാക്കുന്നു. ജിയോയില്‍ നിന്നുള്ള 749 പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനിനാണ് നിരക്ക് ഈടാക്കിയത്. കണ്‍വീനിയന്‍സ് ഫീസ് ജിഎസ്ടി ഉള്‍പ്പെടെയുള്ളതാണെന്ന് സ്‌ക്രീന്‍ഷോട്ടില്‍ വ്യക്തമാണ്.

കണ്‍വീനിയന്‍സ് ഫീസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ടിപ്സ്റ്റര്‍ മുകുള്‍ ശര്‍മ്മ എക്സ് വഴി വെളിപ്പെടുത്തിയിട്ടുണ്ട്. 100 രൂപയില്‍ താഴെ വിലയുള്ള മൊബൈല്‍ റീചാര്‍ജ് പ്ലാനുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കില്ല. 200 മുതല്‍ രൂപ വരെ 300 രൂപ വരെയുള്ള റീചാര്‍ജിന് രണ്ടു രൂപ ഈടാക്കും. അതില്‍ കൂടുതലുള്ളതിന് മൂന്ന് രൂപയാണ് ഈടാക്കുന്നതെന്ന് മുകുള്‍ ശര്‍മ്മ പറഞ്ഞു. 

ഈ മാസമാദ്യം ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ സേവന നിബന്ധനകള്‍ അപ്ഡേറ്റ് ചെയ്തതായി മൈസ്മാര്‍ട്ട്‌പ്രൈസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനിയുടെ സ്വന്തം വിവേചനാധികാരത്തില്‍ ഫീസ് നിശ്ചയിച്ചേക്കാമെന്നും പുതുക്കിയ സേവന നിബന്ധനകള്‍ പറയുന്നുണ്ട്. ഓപ്പറേറ്ററുടെ വെബ്സൈറ്റ് വഴി റീചാര്‍ജ് പ്ലാനുകള്‍ വാങ്ങുന്നത് കണ്‍വീനിയന്‍സ് ഫീസ് ഒഴിവാക്കാനുള്ള ഏക മാര്‍ഗമാണെന്ന സൂചനയുണ്ട്. ഇടപാടുകള്‍ക്ക് അധിക ഫീസ് ഈടാക്കുന്ന ആദ്യത്തെ പേയ്മെന്റ് സേവന ദാതാവ് ഗൂഗിള്‍ പേയല്ല. പേടിഎം, ഫോണ്‍പേ എന്നിവയും തുക ഈടാക്കി തുടങ്ങിയിരുന്നു.

കരിപ്പൂർ വിമാനത്താവളത്തിലെ പഴം , പച്ചക്കറി കയറ്റുമതിക്കുള്ള നിയന്ത്രണം നീക്കി

0

കരിപ്പൂര്‍: നിപ പശ്ചാത്തലത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ പഴം, പച്ചക്കറി കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണം എടുത്തു മാറ്റി. കരിപ്പൂരിൽ നിന്നും കയറ്റുമതി ചെയ്യുന്ന വസ്തുക്കൾക്കും നിപ ഫ്രീ സർട്ടിഫിക്കറ്റ് നൽകും.

കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പഴം, പച്ചക്കറി കയറ്റുമതിക്ക് നിയന്ത്രണം വന്നത്. നിപ റിപ്പോർട്ട് ചെയ്ത പ്രദേശത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന കണ്ണൂർ വിമാനത്താവളത്തിനു പോലും ഇളവ് നൽകി. നിപ ഭീതി ഒഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും കരിപ്പൂരിൽ നിയന്ത്രണം തുടരുകയായിരുന്നു.

മറ്റ് വിമാന താവളങ്ങളിൽ നിന്നുള്ള നിപ ഫ്രീ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് കയറ്റുമതി നടത്തിയിരുന്നത്. കരിപ്പൂരിലെ ഈ കയറ്റുമതി പ്രതിസന്ധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ഇറക്കിയ ഉത്തരവ് പ്രകാരം കരിപ്പൂർ വിമാനത്തിൽ നിന്നും ഇനി മുതൽ കയറ്റുമതിക്കായി നിപ ഫ്രീ സർട്ടിഫിക്കറ്റ് നൽകും.